sections
MORE

മറവിയിൽ പോലുമുണ്ട് ഒരു സ്റ്റാർട്ടപ് സാധ്യത

startup
SHARE

‘‘അയ്യോ, മരുന്നു കഴിക്കാൻ മറന്നു.’’ എന്നാണ് ഏറ്റവുമൊടുവിൽ ഇങ്ങനെ പറഞ്ഞത് ? ഇന്ന്, ഇന്നലെ... അതോ കഴിഞ്ഞയാഴ്ചയോ ? 

ഇതിനു പരിഹാരമായി, മരുന്ന് കൃത്യസമയത്ത് എത്തിക്കാൻ രോഗികളുടെ കയ്യിൽ‌ ഘടിപ്പിക്കുന്ന ഇംപ്ലാന്റ് – ഇതായിരുന്നു കൊല്ലം പത്തനാപുരം സ്വദേശി ഇടിക്കുള മാത്യുവിന്റെ (25) സ്റ്റാർട്ടപ് ആശയം. മൂന്നു വർഷത്തിനിടെ, ഇടിക്കുളയുടെ ഹീര ഹെൽത്ത് സൊല്യൂഷ്യൻസ് നേടിയത് 12.5 ലക്ഷം ഡോളർ (9 കോടിയോളം രൂപ) നിക്ഷേപം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടിക്കുള മാത്യു പറയുന്നു, തന്റെ സ്റ്റാർട്ടപ് വിജയകഥ.

സ്റ്റാർട്ടപ്പിലേക്കുള്ള വഴി

യുഎസിലെ അറ്റ്‌ലാന്റയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദത്തിനു പഠിക്കുന്ന സമയത്താണ് ഇടിക്കുള ഈ സാങ്കേതികവിദ്യയെക്കുറിച്ചു ചിന്തിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ചെയ്ത പ്രോജക്ടിൽ നിന്നായിരുന്നു തുടക്കം. 

ഇതിലൊരു സ്റ്റാർട്ടപ് സാധ്യത മണത്തെങ്കിലും കമ്പനിയിലേക്കും ഉൽപന്നത്തിലേക്കുമുള്ള യാത്ര എളുപ്പമായിരുന്നില്ല. ഡോക്ടർമാരും മെഡിക്കൽ രംഗത്തു ജോലി ചെയ്യുന്നവരുമായി ആശയം പങ്കുവച്ചപ്പോൾ ലഭിച്ചതു വൻ സ്വീകാര്യത. ഇരുനൂറ്റൻപതിലേറെ ഡോക്ടർമാരുമായും ഇത് ഉപയോഗിക്കാൻ സാധ്യതയുള്ള നൂറിലേറെ ഉപഭോക്താക്കളുമായും സംസാരിച്ചു. ഇത്തരമൊരു ഇംപ്ലാന്റ് അധികമാരുടെയും ആശയത്തിൽ പിറന്നിട്ടില്ലായിരുന്നു എന്നത് ഇടിക്കുള തന്റെ സാധ്യതയായി കണ്ടു. വീട്ടിൽനിന്നും സുഹൃത്തുക്കളിൽനിന്നും ലഭിച്ചത് കട്ട സപ്പോർട്ട്. 

ഫണ്ടിങ്ങിലേക്കുള്ള വഴി

2018ൽ മെംഫിസ് ഇൻവെസ്റ്റമെന്റ് ആൻഡ് അഡ്വൈസറി ക്ലബ് (എംഐഎസി) സംഘടിപ്പിച്ച രാജ്യാന്തര മെഡിക്കൽ ഇന്നവേഷൻ കോൺഫറൻസിൽ ഇടിക്കുള തന്റെ പ്രോജക്ട് അവതരിപ്പിച്ചു. മെഡിക്കൽ ഇന്നവേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. 10 ലക്ഷം ഡോളർ നിക്ഷേപം ലഭിക്കാൻ ഈ കോൺഫറൻസ് സഹായിച്ചു. 

30 വയസ്സിനു താഴെയുള്ള സംരംഭകരെ അണിനിരത്തി സംഘടിപ്പിച്ച സോൾ സിറ്റിപ്രനർ അർബർ ഇന്നവേഷൻ ചാലഞ്ചിൽ ഗ്ലോബൽ സസ്റ്റെയ്നബിൾ ബിസിനസ് പട്ടികയിൽ ‘ടോപ് 30 അണ്ടർ 30’ വിഭാഗത്തിൽ‌ ഇടം നേടിയതും കമ്പനിക്കു സഹായകരമായി.

വിപണിയിലേക്കുള്ള വഴി

വിപണിയിലേക്ക് എത്തിക്കുന്നതിനു മുൻപുള്ള ടെസ്റ്റിങ്ങാണ് ഇപ്പോൾ നടക്കുന്നത്. പേറ്റന്റ് നേടായുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. 2021 –22ൽ ഇംപ്ലാന്റ് വിപണിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടിക്കുള. രാജ്യാന്തര ലോഞ്ച് കഴിഞ്ഞാലുടൻ തന്നെ ഇന്ത്യയിലും ഇതു ലോഞ്ച് ചെയ്ത് അവതരിപ്പിക്കും. കൊല്ലം പത്തനാപുരം കൊമ്പിക്കുന്നത്ത് ഷാജി കെ.മാത്യുവിന്റെയും ജെറ്റ്സിയുടെയും മകനാണ്. 

നവസംരംഭകർക്ക് ഇടിക്കുള ടിപ്സ്

∙ നമ്മുടെ സംരംഭത്തിന്റെ ഉപഭോക്താക്കളെ കണ്ടെത്തി അവരോടു സംസാരിക്കുക പ്രധാനം. അവർ ആവശ്യങ്ങൾ അറിയിക്കും. അതു സ്റ്റാർട്ടപ്പിനെ ഏറെ സഹായിക്കും.

∙ മറ്റുള്ളവരോട് ഉൽപന്നത്തെക്കുറിച്ചു വിശദീകരിക്കാൻ കഴിയുന്ന വിധത്തിൽ ഒരു ബിസിനസ് മോഡൽ രൂപകൽപന ചെയ്യുക.

∙ പരാജയങ്ങളും തടസ്സങ്ങളും സ്റ്റാർട്ടപ്പുകളിൽ പതിവാണ്. പിന്മാറരുത്. മുന്നോട്ടു തന്നെ പോവുക.

English Summary: Success story of Startup

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA