ADVERTISEMENT

കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന പിഎസ്‌സിയുടെ മുന്നറിയിപ്പ് ഫലം കാണുന്നു. ഇക്കാരണത്താൽ സാധാരണത്തേതിൽ  നിന്നു കൂടുതലായി 35% ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ തുടങ്ങിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ തസ്തികകളിൽ അപേക്ഷ നൽകിയവരുടെ  35 മുതൽ 45 ശതമാനം വരെ ഉദ്യോഗാർഥികൾ മാത്രമേ മുൻപ് പരീക്ഷ എഴുതാറുണ്ടായിരുന്നുള്ളൂ. കൺഫർമേഷൻ പരിഷ്ക്കാരം ഏർപ്പെടുത്തിയ ശേഷവും മാറ്റമുണ്ടായില്ല. എന്നാൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന അറിയിപ്പു വന്നതോടെ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി.

ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ: 77% പേർ എഴുതി

കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പ് ആദ്യമായി നടപ്പാക്കിയത് ഫെബ്രുവരി ഒന്നിനു നടത്തിയ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയിലാണ്. സഹകരണ വകുപ്പിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്കൊപ്പം അപക്സ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റികളിൽ മാനേജർ ഗ്രേഡ് രണ്ട്, കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് രണ്ട് തസ്തികകളിലേക്കുള്ള പരീക്ഷയും ഇതോടൊപ്പം നടത്തിയിരുന്നു. എല്ലാ തസ്തികയിലുമായി 61,869 പേർ (ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ 59,115 പേർ)  പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകി. ഇവരിൽ 47,709 പേരും (77%) പരീക്ഷ എഴുതി. 14,160 പേർ മാത്രമാണ് വിട്ടു നിന്നത്. ഇതിനു ശേഷം ഫെബ്രുവരി 4, 6, 13, 19, 22, 26, 27 തീയതികളിൽ നടത്തിയ പരീക്ഷകളിലും  എഴുപത്തിയഞ്ചു ശതമാനത്തിൽ കൂടുതൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതി എന്നാണ് ലഭിക്കുന്ന വിവരം. 

ഫെബ്രുവരി 22നു നടന്ന കെഎഎസ് പരീക്ഷയ്ക്ക് മൂന്നു സ്ട്രീമുകളിലായി 4,00,014 പേർ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയിരുന്നു. ഇതിൽ 80%  പേരും പരീക്ഷ എഴുതി. 

ഇതുവരെ  ‘നോ ബ്ലോക്ക്’
പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്നു  പിഎസ്‌സി മുന്നറിയിപ്പുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും ബ്ലോക്ക് െചയ്തിട്ടില്ല. വിവിധ പരീക്ഷകളിൽ കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ ഹാജർ രേഖകൾ പരിശോധിച്ചു വരികയാണെന്നും ഇതു പൂർത്തിയായ ശേഷം തുടർനടപടികളിലേക്കു കടക്കുമെന്നുമാണ് പിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നത്.  

പരീക്ഷ എഴുതാത്ത ധാരാളം ഉദ്യോഗാർഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യക്തമായ രേഖകൾ സഹിതം  പിഎസ്‌സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കും. പ്രൊഫൈൽ ബ്ലോക്ക് ചെയ്യപ്പെടുന്നവർ നൽകുന്ന അപേക്ഷകൾ പരിഗണിച്ച് ശിക്ഷാ നടപടികൾ ഒഴിവാക്കി കൊടുക്കുകയും ചെയ്യും.  പ്രൊഫൈൽ ബ്ലോക്ക് പരിഷ്ക്കാരവുമായി മുന്നോട്ടു പോകാൻ  തന്നെയാണ് പിഎസ്‌സിയുടെ തീരുമാനം. 

‘മതിയായ കാരണമുണ്ടെങ്കിൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യില്ല’

‘‘മതിയായ കാരണങ്ങളാൽ കെഎഎസ് പരീക്ഷയിൽനിന്നു വിട്ടുനിന്നവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യില്ല. കൺഫർമേഷൻ നൽകിയ ശേഷം അനധികൃതമായി പരീക്ഷയിൽ നിന്നു വിട്ടുനിൽക്കുന്നവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഉദ്യോഗാർഥികൾ അതിനോടു ക്രിയാത്മകമായി പ്രതികരിച്ചു. മൂന്നര ലക്ഷത്തോളം പേർ പരീക്ഷ എഴുതിയിട്ടുണ്ട്. പങ്കെടുക്കാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള േരഖകളുമായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കും. കെഎഎസ് പരീക്ഷയുടെ അന്നുതന്നെയാണ് എസ്ബിഐയുടെ ക്ലറിക്കൽ പരീക്ഷ നടന്നത്. കൺഫർമേഷൻ നൽകിയ ശേഷം ഈ പരീക്ഷ എഴുതാൻ പോയവർക്കും ഇളവ് അനുവദിക്കും’’. 

എം.കെ.സക്കീർ, 

പിഎസ്‍സി ചെയർമാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com