ADVERTISEMENT

സച്ചിൻ ടെൻഡുൽക്കറും ബ്രയൻ ലാറയും മറ്റും കളിമികവിന്റെ കൊടുമുടിയിൽ നിൽക്കുന്ന കാലത്ത്, അവരുടെ ബാറ്റിങ് കണ്ടിരിക്കുന്ന ചിലർ ‘ശ്ശെ, ബാറ്റ് അല്പംകൂടെ ഇടത്തോട്ടു ചരിച്ചുപിടിച്ച് അടിച്ചിരുന്നെങ്കിൽ ഇത് സിക്സാകുമായിരുന്നു’ എന്ന മട്ടിൽ കുറ്റപ്പെറുത്താറുണ്ട്. പറയുന്നയാൾ ജീവിതത്തിൽ ക്രിക്കറ്റ് ബാറ്റ് തൊട്ടുപോലും കാണില്ല. ടെൻഡുൽക്കറും ലാറയും ആയുസ്സു മുഴുവൻ ഈ കളിക്കുവേണ്ടി ഉഴിഞ്ഞുവച്ച് അതിന്റെ സങ്കീർണതകൾ അരച്ചുകലക്കിക്കുടിച്ചവരും.

അറിവില്ലാത്തവർക്ക് അവരുടെ അറിവില്ലായ്മയും പിടിപ്പുകേടും തിരിച്ചറിയാൻ വയ്യാതെ പോകുന്നതു സാധാരണം. ഇക്കാര്യം അമേരിക്കൻ സാമൂഹികമനഃശാസ്ത്രജ്ഞരായ ഡേവിഡ് ഡണ്ണിങ്ങും ജസ്റ്റിൻ ക്രൂഗറും ചേർന്ന് ധാരണാശക്തിയിലെ വൈകല്യമെന്ന നിലയിൽ സിദ്ധാന്തമായി അവതരിപ്പിച്ചിട്ടുണ്ട്. എനിക്കുള്ളതിനെക്കാൾ കൂടുതൽ അറിവും സാമർത്ഥ്യവും എനിക്കുണ്ടെന്ന് ഞാൻ കണ്ണടച്ചു വിശ്വസിക്കുന്ന രീതി.

‘ഡണ്ണിങ്–ക്രൂഗർ ഇഫക്റ്റ്’ പുതുതാകാമെങ്കിലും, ഈ ആശയത്തിന്റെ അടിത്തറ പണ്ടേയുണ്ടായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിൻ രസകരമായി പറഞ്ഞു, ‘വിജ്ഞാനത്തെ അപേക്ഷിച്ച് അജ്ഞതയാണ് ആത്മവിശ്വാസം വീണ്ടും വീണ്ടും ജനിപ്പിക്കുന്നത്’.

പാതിയറിവുകാരുടെ ഇടയിലെത്തി അറിവ് വിളമ്പാൻ ശ്രമിക്കുന്നത് ഭോഷത്തമാകും. എന്തെന്നാൽ എല്ലാം അറിയാമെന്ന് അവർ വിശ്വസിക്കുന്നു. ഇക്കാര്യം മനസ്സിൽ വച്ചാവണം ‘അ‍ജ്ഞത പരമാനന്ദമായേടത്ത് വിവേകം ബുദ്ധിശൂന്യം’ എന്ന് ഇംഗ്ലിഷ് കവി തോമസ് ഗ്രേ പറഞ്ഞത്.

എല്ലാം അറിയുന്നവരായി ആരുമില്ലെന്നതു ശരി. പക്ഷേ നന്നായി പരിശ്രമിച്ചാൽ സ്വന്തം വിഷയത്തിൽ പാണ്ഡിത്യം ആർജ്ജിക്കാൻ കഴിയും. എത്രയോ വിദഗ്ദ്ധർ ‍തങ്ങളുടെ വിശേഷമേഖലകളിൽ  ആഴത്തിലുള്ള അറിവു സമ്പാദിക്കുന്നു! ഈ സമീപനം ഏവർക്കും സ്വീകരിക്കാവുന്നതല്ലേ?

പക്ഷേ ഒന്നുണ്ട്. നല്ല അറിവുള്ളവയാൾക്ക് എനിക്കിത്രയേ അറിയാവൂ, എന്റെ അറിവിനപ്പുറത്ത് എത്രയോ കാര്യങ്ങൾ ഈ വിഷയത്തിൽത്തന്നെയുണ്ട് എന്ന ബോധമുണ്ടാവും. ബോധ്യവും ഉണ്ടാവും. അ‍റിയാത്തതു പഠിക്കാൻ ഇതു വഴിവയ്ക്കുകയും ചെയ്യും.

പ്രശസ്തകവി അലക്സാണ്ടർ പോപ്പിന്റെ വരികൾ ഓർത്തുനോക്കാം:

‘A little learning is a dangerous thing ;

Drink deep, or taste not the Pierian spring’

അല്പജ്ഞാനം ആപത്ത്. പിയേറിയൻ നീരുറവയിൽനിന്ന് ഒന്നുകിൽ നിറയെ കുടിക്കുക, അല്ലെങ്കിൽ രുചിക്കാതിരിക്കുക. (അറിവും ആവേശവും പകർന്നു തരുമെന്ന് വിശ്വസിച്ചുപോരുന്ന ഗ്രീസിലെ നീരുറവയാണത്.)

‘മുറിവൈദ്യൻ ആളെക്കൊല്ലും’ എന്ന നമ്മുടെ പഴമൊഴി വലിയ മുന്നറിയിപ്പാണ്. പാതിയറിവുകാരന്റെ വിദഗ്ദ്ധഭാവം വിശ്വസിച്ചുകൂടാ.   ഏതു വിഷയവും പൂർണമായും പഠിച്ചുതീർക്കുക അസാധ്യം. പക്ഷേ സ്ഥിരമായി ഏർപ്പെടേണ്ട വിഷയത്തിലെ പഴയതും ഏറ്റവും പുതിയതും ആയ കാര്യങ്ങൾ പഠിച്ചുറയ്ക്കാൻ നിരന്തരം ശ്രമിക്കുന്നത് ജോലിയിലെ മികവ് മെച്ചപ്പെടുത്തും. സഹപ്രവർത്തകരുടെ ആദരവുണ്ടാക്കുകയും ചെയ്യും. ഇത്തരം ശ്രമത്തിനു തടസ്സം ഒട്ടുമിക്കപ്പോഴും നമ്മുടെ മടിയായിരിക്കും. ക്ഷുദ്രവിനോദങ്ങൾക്കു നീക്കിവയ്ക്കുന്നതിൽ ചെറിയ പങ്കെങ്കിലും പ്രവർത്തനമേഖലയിലെ പ്രാവീണ്യം മെച്ചപ്പെടുത്താനായി വകയിരുത്താൻ നമുക്കു കഴിയണം.

തെറ്റായ അറിവ് അജ്ഞതയെക്കാളും അപകടകാരിയാകാം. അറിയില്ലെങ്കിൽ അത്രയേയുള്ളൂ. പക്ഷേ തെറ്റായ വിവരങ്ങൾ ശരിയെന്ന മട്ടിൽ അന്യർക്കു പകർന്നു കൊടുക്കുന്നത് അനർത്ഥങ്ങൾക്കു വഴിവയ്ക്കാം. ബഞ്ചമിൻ ഫ്രാങ്ക്ലിൻ അറിവിനെപ്പറ്റി വിലയേറിയ നിർദ്ദേശം നല്കി : ‘വിജ്ഞാനത്തിലെ നിക്ഷേപം ഏറ്റവും നല്ല പലിശ തരും’. വിദ്യയുള്ളവൻ സ്വത്തു സൂക്ഷിച്ചുവയ്ക്കണമെന്നില്ലെന്ന് ഉള്ളൂർ : ‘വിത്തമെന്തിനു മർത്ത്യന്നു വിദ്യ കൈവശമാകുകിൽ?’ സ്വന്തം അജ്ഞതയുടെ ആഴം  അറിയുന്നതാണ് യഥാർത്ഥ വിജ്ഞാനം എന്നു കൺഫ്യൂഷസ്. ഏർപ്പെടുന്ന കാര്യത്തിൽ പരമാവധി അറിവു നേടുകയെന്നത് നല്ല ലക്ഷ്യം. അറിവു ശക്തിയാണ്. അറിവു സുഖവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com