ADVERTISEMENT

വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് വൈകുന്നതു സംബന്ധിച്ച് തൊഴിൽവീഥി പ്രസിദ്ധീകരിച്ച വാർത്ത  ഫലം കണ്ടു. റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ട്രൈബ്യൂണൽ വിധിയെ തുടർന്ന് കായികക്ഷമതാ പരീക്ഷയ്ക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്കു പിന്നീടു പരീക്ഷ നടത്തും. വിജയിച്ചാൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഇവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. 

കുറച്ചുപേർക്കു വേണ്ടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതു സംബന്ധിച്ച ഉദ്യോഗാർഥികളുടെ കത്തും തൊഴിൽവീഥി  പ്രസിദ്ധീകരിച്ചു. ഇതോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിക്കുകയായിരുന്നു. 

രണ്ടു പേരുടെ പരാതി; ലിസ്റ്റ് വൈകി

പുരുഷ, വനിത സിവിൽ പൊലീസ് ഒാഫിസർ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഒരുമിച്ചാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പരീക്ഷയും ഒരുമിച്ചായിരുന്നു. പുരുഷൻമാരുടെ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ നടത്തി ട്രെയിനിങ് ആരംഭിച്ചിട്ടും  വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയായിരുന്നു. ഗർഭിണികളായ 2 ഉദ്യോഗാർഥികൾ  അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനൂകൂല വിധി നേടിയതാണ്  ലിസ്റ്റ് പ്രസിദ്ധീകരണം വൈകാൻ കാരണം. കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുന്നതിനു സമയം നീട്ടിനൽകണമെന്ന ഇവരുടെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിക്കുകയും ഇവരെക്കൂടി പരിഗണിക്കാൻ പിഎസ്‌സിക്കു  നിർദേശം നൽകുകയും ചെയ്തു. എന്നാൽ 2 ഉദ്യോഗാർഥികൾക്കു വേണ്ടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം നീട്ടിവയ്ക്കരുതെന്ന ആവശ്യമായി പരീക്ഷ വിജയിച്ച ഉദ്യോഗാർഥികൾ രംഗത്തുവന്നു. തുടർന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിക്കുകയായിരുന്നു. 

ട്രൈബ്യൂണൽ വിധിയെ തുടർന്ന് കായികക്ഷമതാ പരീക്ഷയ്ക്ക് അർഹത നേടിയവർക്കു മാർച്ചിൽ പരീക്ഷ നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്–19 വ്യാപനത്തെ തുടർന്നു മാറ്റി.  ഇവർക്ക് ഏപ്രില‌ോ മേയിലോ കായികക്ഷമതാ പരീക്ഷ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയിൽ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com