ADVERTISEMENT

പലതരം പരീക്ഷകളുടെ കാലമായിരുന്നു ഇത്. നിർത്തിവച്ചതും നടക്കാനിരിക്കുന്നതുമായ പല പരീക്ഷകളും ഇനിയുമുണ്ട്. പരീക്ഷ പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണല്ലോ. ഉറക്കമൊഴിച്ചു പഠിക്കുന്നവരുണ്ട്, നേരത്തേ ഉറങ്ങി പുലർച്ചെ എഴുന്നേറ്റു പഠിക്കുന്നവരുണ്ട്, ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തി പരീക്ഷകൾക്കു തയാറെടുക്കുന്നവരുണ്ട്, പഠിച്ചുകൊണ്ടിരിക്കെ ഉറക്കം വരുന്നവരുമുണ്ട്. ജോലിഭാരം കൊണ്ടും ബിസിനസ് സമ്മർദങ്ങൾ കൊണ്ടും ഉറക്കം നഷ്ടപ്പെടുന്നവരും കുറവല്ല. ഇങ്ങനെ ഉറക്കം വല്ലാത്തൊരു പ്രശ്നമായതിനാൽ ഇന്ന് ഉറക്കത്തെക്കുറിച്ചു സംസാരിക്കാം.

ന്യൂറോസയന്റിസ്റ്റ് മാത്യു വോക്കർ എഴുതിയ ‘വൈ വി സ്‌ലീപ്’ എന്ന പുസ്തകം അടുത്തിടെ വായിച്ചു. ശരാശരി 7 മുതൽ 8 വരെ മണിക്കൂർ ഗാഢനിദ്ര (deep sleep) മനുഷ്യനു വേണമന്നാണ് അദ്ദേഹം പറയുന്നത്. സുഖമായി ഉറങ്ങാൻ ഉറക്കഗുളികയോ ലഹരിയോ തേടുന്നവർ അറിയുക, ആ വഴിയിലൂടെ കിട്ടുന്ന ഉറക്കം ഗാഢനിദ്രയേയല്ല. അതു സെഡേഷൻ മാത്രമാണ്. ഉറക്കക്കുറവ് കൂടുതൽ ബാധിക്കുന്നതു നമ്മുടെ പ്രതിരോധശേഷിയെയാണ്. ക്യാൻസർ, ഹൃദയാഘാതം, പ്രമേഹം തുടങ്ങി അൽസ്ഹൈമേഴ്‌സ് വരെ ഉറക്കമില്ലായ്മ കാരണം സംഭവിക്കുന്നതായി മാത്യു വോക്കർ സൂചിപ്പിക്കുന്നു. 

നമ്മുടെ തലച്ചോറിനു പകലും രാത്രിയും തിരിച്ചറിയാൻ കഴിവുണ്ട്. മെലാടോൺ, സെറാടോൺ എന്നീ ഹോർമാണുകളുടെ പ്രവർത്തനം കൊണ്ടാണ് ഇതു സാധ്യമാകുന്നത്. ‘സ്‌ലീപ് ഹോർമോൺ’ ആയ മെലാടോൺ ആണ് വിശ്രമത്തിനുള്ള സമയമാണെന്നു ശരീരത്തെ അറിയിക്കുന്നത്. ‘വേക്കപ് ഹോർമോൺ’ ആയ സെറാടോൺ പകലായെന്നു തലച്ചോറിനെ അറിയിക്കുകയും അതനുസരിച്ചു നാം ഉണരുകയും ചെയ്യുന്നു. 

എന്നാൽ, ആധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങൾ നമ്മുടെ തലച്ചോറിനെ പകലേത്, രാത്രിയേത് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം മാറ്റിയിരിക്കുന്നു. പകലിനു സമാനമായ രാത്രികളാണിന്ന്. മൊബൈൽ ഫോണിന്റെയോ ടാബ്‍ലറ്റിന്റെയോ കംപ്യൂട്ടറിന്റെയോ സ്‌ക്രീനിൽ നോക്കിക്കിടക്കുമ്പോൾ ‌കണ്ണുകളിലേക്കു പതിക്കുന്ന നീലവെളിച്ചം തലച്ചോറിനെ അസ്വസ്ഥമാക്കുകയും ഇത് ഉറക്കം കെടുത്തുകയും ചെയ്യുന്നു. 

നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ തലച്ചോറ് ഒപ്പം ഉറങ്ങുകയാണെന്നു കരുതരുത്. അന്നത്തെ കാര്യങ്ങൾ കൃത്യമായി അടുക്കിവയ്ക്കുന്നതും ആവശ്യമില്ലാത്തത് ഒഴിവാക്കുന്നതും ഈ വേളയിലാണ്. ഈ ഉറക്കമാണു നമ്മളെ റീചാർജ് ചെയ്യുന്നത്. ഫോൺ ഓഫ് ചെയ്ത് ഓണാക്കുമ്പോൾ, സ്‌ലീപ് മോഡിലേക്കു പോവുകയും റീബൂട്ട് ആവുമ്പോൾ അനാവശ്യ ഫയലുകളൊക്കെ പോയി റിഫ്രഷ് ആവുകയും ചെയ്യുന്നില്ലേ? ഇതുതന്നെയാണു മനുഷ്യന്റെ തലച്ചോറിന്റെ രീതിയും. അമിതമായ ഫയലുകൾ ഫോണിന്റെ വേഗം കുറയ്ക്കുംപോലെ, ഉറക്കം നഷ്ടപ്പെടുമ്പോൾ തലച്ചോറിന്റെ അടുക്കിവയ്ക്കൽ, വൃത്തിയാക്കൽ പ്രക്രിയ കൃത്യമായി നടക്കാതെ വരും. ഇതാണു ക്രമേണ ഓർമക്കുറവിനും അൽസ്ഹൈമേഴ്‌സിനും വഴിയൊരുക്കുന്നത്. 

വോക്കറിന്റെ ചില നിർദേശങ്ങൾ ഇങ്ങനെയാണ്: 

∙ദിവസേന കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും പഠിക്കുക. 7 മണിക്കൂറെങ്കിലും ഉറങ്ങിയെന്ന് ഉറപ്പുവരുത്തുക. 

∙ഇരുട്ടത്തുതന്നെ ഉറങ്ങാൻ ശ്രമിക്കുക. അധികനേരം മൊബൈൽ ഉപയോഗിക്കുക, ടിവി കണ്ടിരിക്കുക, കംപ്യൂട്ടർ ഉപയോഗിക്കുക ഇതൊക്കെ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കും. 

∙വളരെ താമസിച്ചു ഭക്ഷണം കഴിക്കുക, കഴിച്ചയുടനെ ഉറങ്ങാൻ ശ്രമിക്കുക ഇതൊക്കെ ഗാഢനിദ്രയ്ക്ക് ഏറെ ദോഷം ചെയ്യും. 

ഇനി, വാരാന്ത്യങ്ങളിൽ നന്നായി ഉറങ്ങി ക്വോട്ട തീർക്കുന്നവരെ മാത്യു വോക്കർ ഓർമപ്പെടുത്തുന്നു: ബാങ്കിൽ പണം ഡെപ്പോസിറ്റ് ചെയ്ത് ആവശ്യത്തിന് ഉപയോഗിക്കുന്നതു പോലെയല്ല ഉറക്കം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com