ADVERTISEMENT

ലോക്ഡൗണിൽ ജനം വീട്ടിലിരിക്കുമ്പോൾ അതു പ്രാവർത്തികമാക്കാൻ വെയിലും കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മുടെ പൊലീസുകാർ. കഷ്ടപ്പാടിന്റെ ഈ കാലത്തും പൊലീസ് സേനയുടെ കരുതലിന്റെ ഒട്ടനവധി കഥകൾ നമ്മൾ കേട്ടു. സൂപ്പർ മാർക്കറ്റിൽനിന്ന് വീട്ടിലേക്ക് ഗ്യാസ് സ്റ്റൗ എത്തിക്കാൻ പൊലീസിന്റെ അനുമതി തേടിയ യുവതിക്ക് പന്നിയങ്കര ജനമൈത്രി പൊലീസ് സ്റ്റൗ വീട്ടിലെത്തിച്ചു കൊടുത്തു. സുഗിന ബിജു എന്ന വീട്ടമ്മയാണ് തന്റെ അനുഭവം ഫെയ്സ്ബുക്  പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കാം

ഒരു ലോക്ഡൗൺ അപാരത...

എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി.

ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്.

എങ്കിലും ഒന്നൂടൊന്ന് ഉന്തി തള്ളി നോക്കി, നോ രക്ഷ!

ഒടുവിൽ രണ്ടും കൽപ്പിച്ച് പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും 1 KM അപ്പുറത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയർ കെട്ട്യോൻസ്...നടത്തത്തിൽ ഉടനീളം ‘വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ’ എന്ന താങ്കളുടെ മഹത്‌ വചനം മനസ്സിൽ ഇടയ്ക്കിടെ വന്ന് ഹാജർ പറഞ്ഞു...)

കടയിൽ കയറി സ്റ്റൗ എടുക്കുന്നതിനു മുൻപേ,

ഹോം ഡെലിവറി ഉണ്ടെന്ന് ഉറപ്പ് വരുത്തി. കൊക്കിലൊതുങ്ങിയ ഒരെണ്ണം സെലക്ട് ചെയ്ത് ബില്ല് പേ ചെയ്തു. സാധനം കൊണ്ട് വരുന്നതിന് വേണ്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോൾ ദേ വരുന്നു അടുത്ത പണി... ഞങ്ങളുടെ പ്രദേശത്ത് കോവിഡ് - 19 റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ട് അവിടേക്ക് വരാൻ പൊലീസിന്റെ അനുമതി ഇല്ലെന്ന് സൂപ്പർ മാർക്കറ്റിലെ സെയിൽസ് മാനേജർ പറഞ്ഞു.

കയ്യിൽ പിടിച്ച് കൊണ്ടുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും പതുക്കെ പദ്ധതി വിട്ടു. മുഖത്തുള്ള ചമ്മല് മാസ്കിനുള്ളിൽ മറച്ച് പിടിച്ചു കൊണ്ട്,കുറച്ചു കഴിഞ്ഞ്

ആരെയെങ്കിലും വിടാമെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

ഇനിയെന്ത് എന്ന് ആലോചിച്ച് റോഡിൽ കുറ്റി അടിച്ച പോലെ നിൽക്കുമ്പോഴാണ് തൊട്ടു മുന്നിലുള്ള പന്നിയങ്കര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ കണ്ണുടക്കിയത്. 100 വോൾട്ടിന്റെ ചിരിയും ചിരിച്ചോണ്ട് (മാസ്ക് ഉള്ളത് കൊണ്ട് ചിരി അവർ കണ്ടില്ലാട്ടോ!) അങ്ങോട്ട് ചെന്ന് കയറി, വിഷയം അവതരിപ്പിച്ചു. കാര്യങ്ങൾ എല്ലാം കേട്ട ശേഷം അവർ റജിസ്റ്ററിൽ എന്റെ പേരും അഡ്രസ്സും എഴുതി എടുത്തു.

ഇതിനിടയ്ക്കാണ് പുറത്ത് പോയ സിഐ സർ തിരിച്ചു വന്നത്. അദ്ദേഹം എന്നോട് കാര്യങ്ങൾ എല്ലാം അന്വേഷിച്ചറിഞ്ഞു.

എന്നിട്ട് ഒരു ചെറു ചിരിയോടെ സ്റ്റൗ ഞങ്ങൾ എത്തിച്ചു തരാമെന്നും പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ പോയി അവരോട് കാര്യം ധരിപ്പിക്കാനും പറഞ്ഞു. അവിടെപ്പോയി ബില്ലിങ്ങിലുള്ള ആളോട് കാര്യം പറഞ്ഞപ്പോൾ അയാൾക്ക് അദ്ഭുതം! ‘ങേ, പൊലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?’ ചിരിച്ചുകൊണ്ട് തലയാട്ടി ഞാൻ അവിടെ നിന്ന് ഇറങ്ങി.

തിരിച്ച് ഞാൻ വീട്ടിൽ എത്തി സംഭവം വിവരിച്ചപ്പോൾ അമ്മയ്ക്കും വിശ്വാസമായില്ല,.... ഞാൻ പറ്റിക്കാൻ പറയാന്ന്..

അതിനിടയിൽ സിഐ സാറിന്റെ കോൾ വന്നു.അവർ വീടിന്റെ ഇടവഴിയോടു ചേർന്ന് റോഡിൽ ഉണ്ടെന്ന്. പെട്ടെന്നുതന്നെ ചെന്നു. വണ്ടിയിൽ നിന്ന് ഒരു സാർ സ്റ്റൗ എടുത്തു തന്നു.. ‘പോട്ടേ പരാതിക്കാരീ’ എന്നു കളിയായി പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കുമ്പോൾ, എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ എന്നും കൂടി പറഞ്ഞാണ് അവർ പോയത്.

സ്റ്റേഷനിൽ നിന്നും അവരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു. ഒപ്പം അവരെ കുറിച്ചോർത്ത് അഭിമാനവും.

കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നിയേക്കാം, പക്ഷേ ആ ചെറിയൊരു കാര്യത്തിന് അവർ നൽകിയ പ്രാധാന്യം ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.....

വീണ്ടും പറയട്ടെ, ജനങ്ങളുടെ പ്രശ്നങ്ങളിൽ അതിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ അത് പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു... സർ.. ഒപ്പം ഒരുപാട് സന്തോഷവും...


English Summary : Kerala Police help woman to deliver gas stove

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com