ഉപയോഗിച്ചു കഴിഞ്ഞു വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ വരുമാനത്തിനുള്ള നല്ലൊരു മാർഗമാണെന്നു ചിന്തിച്ചിട്ടുണ്ടോ? ഈ ബോട്ടിലുകൾ ശേഖരിച്ചു പൊടിച്ച് ചിപ്സ് ആക്കി വിറ്റാൽ നല്ല ആദായത്തിനു മാത്രമല്ല, പ്രകൃതിസംരക്ഷണത്തിനുള്ള വഴികൂടിയാണു തുറക്കുന്നത്.
വിപണി
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ആഘോഷങ്ങൾ നടക്കുന്നയിടങ്ങൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകൾ ശേഖരിക്കാൻ സാധ്യതയുണ്ട്. ഇവ ശേഖരിച്ചു വിൽക്കുന്നവരിൽനിന്നു നേരിട്ടു വാങ്ങുകയോ സ്വന്തം നിലയിൽ കളക്‌ഷൻ സംവിധാനങ്ങൾ ഉണ്ടാക്കി ശേഖരിക്കുകയോ ചെയ്യാം. 22 രൂപ വരെയാണ് കിലോഗ്രാമിനു വില.
പഴയ പ്ലാസ്റ്റിക് ബോട്ടിൽ പൊടിച്ചു ചിപ്സ് ആക്കി വിൽക്കുന്നത് ഓപ്പൺ മാർക്കറ്റിലല്ല, വൻകിട സ്ഥാപനങ്ങൾക്കാണ്. അത്തരം ഏജൻസികളുമായി ബന്ധപ്പെട്ടു വിപണി ഉറപ്പാക്കിയിട്ടുവേണം ഉൽപാദനത്തിലേക്കു കടക്കാൻ. എത്ര വേണമെങ്കിലും എടുക്കാൻ ഇപ്പോൾ ഏജൻസികളുണ്ട് എന്നതാണു സാഹചര്യം.
നിർമാണരീതി
ശേഖരിക്കുന്ന ബോട്ടിലുകൾ കളർ അനുസരിച്ചു തരംതിരിക്കുന്നു, ക്യാപ്പും ലേബലും നീക്കം ചെയ്യുന്നു, ബെയ്‍ലിങ് മെഷിന്റെ സഹായത്തോടെ പരത്തുന്നു, പരത്തിയ ബോട്ടിലുകൾ ചിപ്സ് ഉണ്ടാക്കുന്ന മെഷിനിൽ കയറ്റി ചിപ്സ് ആക്കി മാറ്റുന്നു, ചാക്കുകളാക്കി വിൽക്കുന്നു–ഇതാണു നിർമാണ ഘട്ടങ്ങൾ. ദിവസേന 1,000 കിലോഗ്രാം പെറ്റ് ബോട്ടിലുകളെങ്കിലും ലഭിക്കുമോയെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം സംരംഭം ആരംഭിക്കാൻ.
ആവശ്യമായ സ്ഥിര നിക്ഷേപം
- കെട്ടിടം: 1000 ചതുരശ്ര അടിയുള്ളത് (ഷീറ്റ് മേഞ്ഞതു മതിയാകും). ബോട്ടിൽ സ്റ്റോക്ക് ചെയ്യാൻ 3000 ചതുരശ്ര അടി ഓപ്പൺ ഏരിയയും വേണ്ടിവരും.
- മെഷിനറികൾ (ബെയ്‌ലിങ് മെഷിൻ, പ്ലാസ്റ്റിക് ചിപ്സ് ഉണ്ടാക്കുന്ന മെഷിൻ): 7,00,000.00
ആവർത്തന നിക്ഷേപം (മാസം 25 ദിവസം കണക്കിൽ)
- 20,000 കിലോഗ്രാം ബോട്ടിൽ 22 രൂപ നിരക്കിൽ: 4,40,000.00
- 6 പേർക്ക് ദിവസം 300 രൂപ അനുസരിച്ചു കൂലി: 45,000.00
- ഒരാൾക്ക് 500 രൂപ ക്രമത്തിൽ കൂലി: 12,500.00
- കറന്റ്, വാടക, തേയ്മാനം, ട്രാൻസ്പോർട്ടേഷൻ, മറ്റു ചെലവുകൾ തുടങ്ങിയവ: 25,500.00
- ആകെ: 5,23,000.00
ഒരു മാസത്തെ വരുമാനം (18,000 കിലോഗ്രാം 38 രൂപ നിരക്കിൽ വിൽക്കുമ്പോൾ): 6,84,000.00
പ്രതിമാസ അറ്റാദായം: 6,84,000 – 5,23,000 = 1,61,000/-
English Summary : Business Idea - Income from Plastic Waste