ADVERTISEMENT

പിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിനെ  കോവിഡ്–19 താളം തെറ്റിച്ചു. എണ്ണയിട്ട യന്ത്രം പോലെ  പ്രവർത്തിച്ചിരുന്ന പരീക്ഷാ കൺട്രോളറുടെ ഒാഫിസ് കോവിഡ് ബാധയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. എൽഡിസി ഉൾപ്പെടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതുന്ന പരീക്ഷകൾ ഈ വർഷം നടത്താനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. മേയ് 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‌സി ഇതിനകം മാറ്റിവച്ചു കഴിഞ്ഞു. ഇനി സർക്കാർ നിർദേശത്തോടെ മാത്രമേ വലിയ പരീക്ഷകൾ തുടങ്ങാൻ കഴിയൂ. 

 

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന 62 തസ്തികകളുടെ പരീക്ഷയാണ്  മാറ്റിയിരിക്കുന്നത്. ഇവയിൽ അപേക്ഷകരുടെ എണ്ണം വളരെ കൂടുതലുള്ള പരീക്ഷകൾ  ഉടനെയൊന്നും നടത്താൻ സാധ്യതയില്ല. ബാക്കി പരീക്ഷകളെങ്കിലും നിബന്ധനകളോടെ നടത്താൻ കഴിയുമോ എന്ന ആലോചനയിലാണ് പിഎസ്‌സി. 

 

അരക്കോടിയിലധികം അപേക്ഷകർ 

കഴിഞ്ഞ വർഷം അപേക്ഷ ക്ഷണിച്ച വിവിധ തസ്തികകളിലായി പരീക്ഷ കാത്തിരിക്കുന്നത് അരക്കോടിയിലധികം  പേരാണ്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലാണ്. 14 ജില്ലകളിലുമായി 17,58,338 പേർ ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വർഷംതന്നെ  എൽഡി ക്ലാർക്ക് പരീക്ഷ നടത്താനായിരുന്നു പിഎസ്‌സിയുടെ തീരുമാനം. ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങളും ആരംഭിച്ചതാണ്. എന്നാൽ കോവിഡ്–19 രോഗബാധ യുടെ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ മാറും.  10 ലക്ഷത്തിലധികം പേർ അപേക്ഷിച്ച സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ളതാണ് ഈ വർഷം നടത്താനിരുന്ന  മറ്റൊരു പ്രധാന പരീക്ഷ.  6,98,797 അപേക്ഷകരുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്, 5,60,471 പേർ അപേക്ഷിച്ച എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയും ഈ വർഷം നടക്കേണ്ടതാണ്.

 

മേയ് 7നു നടത്താൻ തീരുമാനിച്ച ശേഷം മാറ്റിവച്ച ഫയർമാൻ (ട്രെയിനി) പരീക്ഷയ്ക്ക് 2,50,495 പേരാണ് അപേക്ഷ നൽകിയിരുന്നത്. മേയ് 5നു നടത്താനിരുന്ന അസിസ്റ്റന്റ് സർജന്റെ പരീക്ഷയും മേയ് 20നു നടത്താനിരുന്ന ഫുഡ് സേഫ്റ്റി ഒാഫിസർ പരീക്ഷയും മാറ്റിവച്ചവയുടെ പട്ടികയിലുണ്ട്.  ചോദ്യപേപ്പർ, പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം തയാറാക്കിയ ശേഷമാണ്  പരീക്ഷകൾ മാറ്റിയത്. ഇനി പുതിയ പരീക്ഷാ കേന്ദ്രങ്ങൾ  കണ്ടെത്തിയ ശേഷം മാത്രമേ ഈ പരീക്ഷകൾ നടത്താൻ കഴിയൂ.   

 

പ്രതിസന്ധികൾ പലത്

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതുന്ന എൽഡിസി പോലെയുള്ള പരീക്ഷകൾ നടത്താൻ പിഎസ്‌സിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികൾ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയാണ് ഇതിൽ പ്രധാനം. പിഎസ്‌സിയുടെ പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നതിൽ സർക്കാർ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെങ്കിലും കോവിഡ്–19 വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധികൾ കാര്യങ്ങൾ മുൻപത്തെപോലെ അത്ര എളുപ്പമാക്കില്ല. 

 

ജീവനക്കാരുടെ ശമ്പളംപോലും പൂർണമായി നൽകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സർക്കാർ പിഎസ്‌സി പരീക്ഷകൾക്ക് കോടിക്കണക്കിനു രൂപ കണ്ടെത്തി നൽകേണ്ടിവരും. ഒരു ഉദ്യോഗാർഥിക്ക് പരീക്ഷ നടത്താൻ നൂറിലധികം രൂപയാണ് പിഎസ്‌സിക്കു ചെലവ്. എൽഡി ക്ലാർക്ക് തസ്തികയിൽ 15 ലക്ഷം പേരെങ്കിലും കൺഫർമേഷൻ നൽകും.  അങ്ങനെ വരുമ്പോൾ  എൽഡിസി പരീക്ഷ നടത്താൻ മാത്രം 15 കോടിയിലധികം രൂപ വേണ്ടിവരും. 

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളും കോളജുകളുമാണ് പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളാക്കുന്നതിലധികവും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവ എന്നു തുറക്കുമെന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ പ്രധാന പരീക്ഷകൾ എന്നു നടത്താൻ കഴിയുമെന്നതിൽ ഉടൻ തീരുമാനമെടുക്കാനും കഴിയില്ല. ഒരു ക്ലാസിൽ 20 പേരെ വീതമാണ് പരീക്ഷ എഴുതാൻ പിഎസ്‌സി അനുവദിക്കുന്നത്. കോവിഡ്– 19 വ്യാപന പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്നതു കൊണ്ട് ഇത്രയും പേരെ ഒരു ക്ലാസിൽ പരീക്ഷ എഴുതിക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തേണ്ടിവരും. 

അപേക്ഷകർ കുറവുള്ള തസ്തികകൾക്ക് ഒാൺലൈൻ പരീക്ഷ നടത്താനും കമ്മിഷൻ ആലോചിക്കുന്നുണ്ട്. രണ്ടായിരത്തോളം പേർക്ക് പിഎസ്‌സിയുടെ ഒാൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഒരു ഘട്ടത്തിൽ പരീക്ഷ എഴുതാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതും ഉടൻ തുടങ്ങാൻ കഴിയില്ല. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാത്തതും പിഎസ്‌സി പരീക്ഷകൾ നടത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. 

 

മാറ്റിവച്ച പരീക്ഷകൾക്കു -മുൻഗണന

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്താൻ തീരുമാനിച്ച ശേഷം മാറ്റിവച്ച പരീക്ഷകൾക്ക് തന്നെയായിരിക്കും പരീക്ഷകൾ പുനരാരംഭിക്കുമ്പോൾ മുൻഗണന. ചോദ്യപേപ്പർ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനാൽ തീയതി തീരുമാനിച്ച് നടത്തിയാൽ മാത്രം മതി.  ഫയർമാൻ ഉൾപ്പെടെ അപേക്ഷകർ ധാരാളമുള്ള പരീക്ഷകൾ ഉടൻ നടത്താൻ കഴിയില്ല. ബാക്കിയുള്ളവയ്ക്കായിരിക്കും പരിഗണന. എന്തായാലും സർക്കാർ നിർദേശങ്ങൾ പ്രകാരം കമ്മിഷൻ യോഗത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും നിർത്തിവച്ച പരീക്ഷാ നടപടികൾ പിഎസ്‌സി പുനരാരംഭിക്കുക.  

 

 

ഈ വർഷം നടത്താനിരുന്ന പ്രധാന പരീക്ഷകളും അപേക്ഷിച്ചവരുടെ എണ്ണവും തസ്തിക-അപേക്ഷകർ എന്ന ക്രമത്തിൽ

 

ഫയർമാൻ- 2,50,495

 

സിവിൽ എക്സൈസ് ഒാഫിസർ- 3,35,855

 

സിവിൽ പൊലീസ് ഒാഫിസർ- 3,59,456

 

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്-7467

 

സബ് ഇൻസ്പെക്ടർ -272535

 

അസിസ്റ്റന്റ് ജയിലർ-121567

 

എക്സൈസ് ഇൻസ്പെക്ടർ -560471

 

ഫുഡ് സേഫ്റ്റി ഒാഫിസർ-28737

 

എസ്പിഎസ്ടി-35455

 

യുപിഎസ്ടി-106785

 

സ്റ്റാഫ് നഴ്സ്-72872

 

ലാസ്റ്റ് ഗ്രേഡ് സർവന്റ്-6,98,797

 

എൽഡിസി-17,58,338

 

സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ്-10,59,000

 

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ-2973

 

ആകെ-56,70,803

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com