ADVERTISEMENT

ലോക്ഡൗൺ കാലത്തു വീട്ടിലൊക്കെ കുടുംബം മുഴുവൻ കൂട്ടുകൂടിയിരുന്നപ്പോൾ, നഷ്ടപ്പെട്ട ആ പഴയകാലത്തിന്റെ സൗന്ദര്യം നമ്മൾ അയവിറക്കിയിട്ടുണ്ടാവും. നമ്മുടെ കുട്ടികൾക്കു നമ്മളെ എപ്പോഴും കിട്ടുന്നതിന്റെ സുഖം നമ്മളും അവരും അറിഞ്ഞിട്ടുണ്ടാവും. കൊല്ലത്തെ ദേവനന്ദ എന്ന കൊച്ചു പെൺകുട്ടിയുടെ മരണമറിഞ്ഞപ്പോഴും നമ്മളൊക്കെ വീടുകളിലെ സാഹചര്യങ്ങളെക്കുറിച്ചോർത്തിട്ടുണ്ടാകാം. ഞാനും ചിന്തിച്ചുപോയി ആ പഴയ നാട്ടിൻപുറക്കാലം. 

 

മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തു കവളമുക്കട്ട എന്ന കുഗ്രാമത്തിലാണു ഞാൻ ജനിച്ചത്. ആ നാട്ടിലെ എല്ലാവരെയും എല്ലാവർക്കും അറിയാം. പരസ്പരം കണ്ടാൽ ഒരു വാക്കെങ്കിലും സംസാരിക്കാതെ, ചിരിക്കാതെ അവർ കടന്നുപോവില്ല. നാട്ടിൽ ഒരപരിചിതനെക്കണ്ടാൽ അയാളുടെ വിശദാംശങ്ങൾ ചോദിച്ചെടുക്കാൻ കവലകളിലുള്ളവർ ശ്രദ്ധിക്കുമായിരുന്നു. ഒാരോ കുട്ടിയെയും അവരുടെ ബന്ധുക്കളുടെ/മാതാപിതാക്കളുടെ കൂടെയല്ലാതെ കണ്ടാൽ അതു തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്ന രീതിയുമുണ്ടായിരുന്നു. 

 

പക്ഷേ, ഇന്ന് തൊട്ടയൽപക്കത്തു താമസിക്കുന്നവരെ നമുക്കറിയില്ല. ഓരോ വീടുകളിലും ആരൊക്കെ വരുന്നു, പോകുന്നു എന്നുപോലുമറിയില്ല.  പരസ്പരം കണ്ടാൽ ഒരു ചിരിപോലും മറക്കുന്നവരാണു നമ്മളിലധികവും. ഇതെല്ലാം ചെന്നവസാനിക്കുന്നത് ദേവനന്ദയുടേതുപോലുള്ള ദുരന്തങ്ങളിലാണെന്ന് നാം അറിയാതെ പോകുന്നു. 

 

പണ്ടുകാലങ്ങളിൽ വീടുകളിൽ എപ്പോഴും ആളുണ്ടാവും. മുത്തശ്ശനും മുത്തശ്ശിയുമൊക്കെയായി വീടുനിറയെ കുടുംബാംഗങ്ങൾ നിറഞ്ഞിരുന്ന കാലം.  അക്കാലങ്ങളിൽ ഒരു കുട്ടിയും വീടുകളിൽ തനിച്ചായിരുന്നില്ല. അവർക്കു നല്ല രീതിയിൽ അന്നു സുരക്ഷിതത്വം ലഭിച്ചിരുന്നു. അയൽക്കാരുമായും നാട്ടുകാരുമായും എല്ലാവർക്കും നല്ല ബന്ധമുണ്ടായിരുന്നു. എല്ലാവർക്കും എല്ലാവരെയും അറിയുമായിരുന്നു. 

 

ഒറ്റപ്പെട്ട സാഹചര്യങ്ങളിൽ, അപരിചിതമായ സന്ദർഭങ്ങളിൽ കുട്ടികളെ കണ്ടാൽ അവരോടു കാര്യങ്ങൾ അന്വേഷിച്ച് സുരക്ഷിതമായ കരങ്ങളിൽ ഏൽപിക്കുവാൻ നമുക്കിപ്പോഴും ശ്രദ്ധിച്ചുകൂടേ? സദാ ജാഗരൂകമായ സർക്കാർ സംവിധാനങ്ങൾ ഇന്നുണ്ട്. അവരുടെ ശ്രദ്ധയിലും പെടുത്താം. ചെറിയ പ്രശ്നങ്ങളുടെ പേരിൽ വീട്ടിൽനിന്ന് ഇറങ്ങിനടക്കുന്ന കുട്ടികളുണ്ട്. കുട്ടികൾ മാറിപ്പോയി എന്നു വിലപിക്കുമ്പോൾ, വീടുകളിൽ കുട്ടികൾക്കു കിട്ടുന്ന സ്നേഹമോ സമാധാനമോ എവിടെയോ നഷ്ടപ്പെടുന്നു എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അപരിചിതരോടുള്ള ഇടപെടലുകൾ എങ്ങനെയായിരിക്കണമെന്നു നാം കുട്ടികളോടു പറഞ്ഞുകൊടുക്കണം. സദാ ജാഗ്രത പുലർത്തുവാൻ അവരെ സജ്ജരാക്കണം. ഒപ്പം സൗഹൃദപരമായ കുടുംബാന്തരീക്ഷവും സൃഷ്ടിക്കണം. 

 

അസുഖം പോലെ, അപകടം പോലെ, ഇത്തരം സംഭവങ്ങളും നമ്മളെയൊന്നും ബാധിക്കില്ലെന്നാകും നമ്മളൊക്കെ ചിന്തിക്കുന്നുണ്ടാവുക. പക്ഷേ,  നമ്മുടെ വീടുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്ന ജാഗ്രതയോടെ വേണം ഇത്തരം കാര്യങ്ങളെ സമീപിക്കാൻ. അണുകുടുംബ വീടുകളിൽ അച്ഛനും അമ്മയും ജോലിസ്ഥലങ്ങളിലാകുമ്പോൾ സ്‌കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾ വീടുകളിൽ തനിച്ചായിരിക്കും. കുഞ്ഞുമനസ്സിനെ പ്രലോഭനങ്ങൾക്കു വിധേയമാക്കി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങൾ കുറവല്ല. ഓർക്കുക, ജാഗ്രതയുടെ കണ്ണുകൾ ഇന്നു മുൻപത്തേക്കാൾ തുറന്നുപിടിക്കണം. കാരണം, പണ്ടു നമ്മുടെ വീടുകളിൽ അത്തരം ഒരുപാടു കണ്ണുകൾ അവർക്കു പിറകെയുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com