നഴ്സിങ്: മികവിന്റെ മലയാളി ബ്രാൻഡ്; സൂക്ഷിക്കണം തട്ടിപ്പുകളെ

covid nurse
പ്രതീകാത്മക ചിത്രം
SHARE

‘പരീക്ഷയൊന്നുമില്ലാതെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു’ – കോവിഡ് കാലത്തെ പ്രചാരണങ്ങളിൽ ഒന്ന്. സമൂഹമാധ്യമങ്ങളിലൂടെ ജോലിക്കായുള്ള ലിങ്കുകൾ വരെ പാറിനടക്കുന്നു. ക്ലിക്ക് ചെയ്തു വെറുതെ തട്ടിപ്പിന് ഇരയാകരുതെന്നാണു കേരള സർക്കാർ ഏജൻസികളായ ഒഡെപെക്, നോർക്ക എന്നിവയുടെ മുന്നറിയിപ്പ്. നിലവിൽ യുഎസിലേക്കു നഴ്സുമാരെ ജോലിക്കെടുക്കുന്നതിന്റെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും ഒഡെപെക് (ഓവർസീസ് ഡവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ്) മാനേജിങ് ഡയറക്ടർ കെ.എ. അനൂപ് പറയുന്നു.

അവസരങ്ങളേറും, ഉറപ്പ്

യുകെയിൽനിന്നു പൊതുവേ നഴ്സുമാരെ ആവശ്യപ്പെടാത്ത പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളിലേക്കും ഇപ്പോൾ ഒഴിവുകൾ വന്നിട്ടുണ്ട്. 5 വർഷത്തിനിടെ 50,000 നഴ്സുമാരെ റിക്രൂട്ട് ചെയ്യും. ജർമനിക്കു 15,000 നഴ്സുമാരെ വേണം. ഗൾഫിലേക്ക് ആവശ്യമുണ്ടാകുമെങ്കിലും കൃത്യം ഒഴിവുകൾ അറിയിച്ചിട്ടില്ല. വയോജന കേന്ദ്രങ്ങളിൽ ഉൾപ്പെടെ ജപ്പാനും നഴ്സുമാരെ ആവശ്യപ്പെടുന്നു. അയർലൻഡ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലും ഒഴിവ്. കൂടുതൽ രാജ്യങ്ങൾ രംഗത്തെത്താനും സാധ്യതയുണ്ട്. ഡോക്ടർമാർക്കായി നിലവിൽ കൂടുതൽ അവസരങ്ങൾ ഗൾഫിലാണ്. എന്നാൽ, നാട്ടിലെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവിടെ ശമ്പളം കുറവാണ്.

ഇളവില്ല, യോഗ്യതയിൽ

ഓർക്കുക, രാജ്യാന്തര ഭാഷാ പരീക്ഷകളായ ഐഇഎൽടിഎസ്, ഒഇടി, യോഗ്യതാ പരീക്ഷയായ സിബിടി എന്നിവയൊന്നും ഒഴിവാക്കിയതായി ഒരു രാജ്യവും അറിയിച്ചിട്ടില്ല. അയർലൻഡ് ആകട്ടെ, നിലവിലുണ്ടായിരുന്ന ഒഇടി സ്കോർ ഇളവ്, ഐഇഎൽടിഎസ് ക്ലബിങ് സൗകര്യം എന്നിവ പിൻവലിക്കുകയും ചെയ്തു. യുകെയിൽ ക്ലബിങ് സൗകര്യം (റീഡിങ്, റൈറ്റിങ്, സ്പീക്കിങ്, ലിസണിങ് എന്നിവ ഒരുമിച്ചല്ലാതെ, രണ്ടെണ്ണം വീതം രണ്ടു ഘട്ടമായി പാസാകാനുള്ള അവസരം) തുടരുന്നുണ്ട്.

അതേസമയം, കോവിഡ് രോഗികൾ ഏറിയതോടെ, രാജ്യത്ത് എത്തിയശേഷമുള്ള പരീക്ഷയിൽ യുകെ തൽക്കാലം ചില ഇളവുകൾ നൽകിയിട്ടുണ്ട്. എത്തി 6 മാസത്തിനകം പാസാകേണ്ട ഓസ്കി (OSCE- ഒബ്ജക്ടീവ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ) യോഗ്യതാപരീക്ഷ ഒഴിവാക്കിത്തന്നെ സ്ഥിരനിയമനം നൽകുന്നു. നിലവിൽ ഭാഷാ പരീക്ഷയും സിബിടിയും ഉൾപ്പെടെ നിശ്ചിത സ്കോറിൽ പാസായി യുകെയിലെത്തി ജോലിക്കു കയറിയവർക്കാണിത്.

ദുബായിൽ ഡിഎച്ച്എ പരീക്ഷ (ദുബായ് ഹെൽത്ത് അതോറിറ്റി) പാസാകാതെ തന്നെ നിലവിൽ നിയമനം നൽകുന്നുണ്ട്. സന്ദർശക, ആശ്രിത വീസകളിൽ ഇപ്പോൾ ദുബായിലുള്ളവർക്കാണ് അവസരം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്മെന്റ് നടപടികൾ ആകുന്നതേ ഉള്ളൂ.

ജർമനി, ജപ്പാൻ എന്നിവിടങ്ങളിലേക്കുള്ള നഴ്സ് നിയമനത്തിനു വേണ്ട ജർമൻ, ജാപ്പനീസ് ഭാഷാ പരിജ്ഞാന വ്യവസ്ഥകളിലും ഇളവില്ല.

സുരക്ഷിത ജോലി, നേട്ടങ്ങളേറെ

നോർക്ക, ഒഡെപെക് വഴിയുള്ള നഴ്സ് നിയമനങ്ങളിൽ ജോലി സുരക്ഷിതത്വം ഉറപ്പാണെന്ന് ഒഡെപെക് എംഡി അടിവരയിടുന്നു. മിക്ക രാജ്യങ്ങളിലെയും അതതു സർക്കാരുകളുമായാണ് തൊഴിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. സ്വകാര്യമേഖലയിൽ റിക്രൂട്മെന്റ് കരാർ ഉള്ളത് അത്രയ്ക്കു വിശ്വാസ്യതയുള്ള ആശുപത്രികളുമായി മാത്രം. ഈയിടെ മാലദ്വീപിൽ ജോലിക്കു കയറിയ നഴ്സുമാർക്ക് ഒരു ദിവസം ശമ്പളം വൈകിയപ്പോൾ തന്നെ ആ വിവരം ഒഡെപെക് മാലദ്വീപ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും ഉടൻ ശമ്പളം ലഭിക്കുകയും ചെയ്തു.

കോവിഡ് പോരാട്ടനിരയിലുള്ള നഴ്സുമാരിൽ ഒട്ടേറെ മലയാളികളുണ്ടെന്നും അവരുടെ സേവനം പ്രശംസനീയമാണെന്നും വിദേശത്തെ ആശുപത്രികൾ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുകെയിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ആദരമർപ്പിച്ച നഴ്സുമാരിൽ മലയാളികളുമുണ്ട്.

നഴ്സ് @ യുകെ

യുകെയിൽ എൻഎച്ച്എസിന്റെ അനുബന്ധ സ്ഥാപനമായ ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലിഷുമായി (എച്ച്ഇഇ) ചേർന്നാണു കേരള സർക്കാരിന്റെ തൊഴിൽ കരാർ. അതിനാൽ സൗകര്യങ്ങളും സേവനങ്ങളും ഒട്ടേറെ.

റിക്രൂട്മെന്റ് സൗജന്യം

∙യുകെയിൽ എത്തുമ്പോൾ ആശുപത്രി പ്രതിനിധികൾ സ്വീകരിക്കാനെത്തും. 7 ദിവസം ഹോട്ടലിൽ സൗജന്യ താമസവും ഭക്ഷണവും. സിറ്റി ടൂറിലൂടെ നഗരത്തെ പരിചയപ്പെടുത്തും.

∙ആദ്യ 3 മാസം താമസത്തിനു പണം കൊടുക്കേണ്ട. ചില ആശുപത്രികൾ ഇതിനു പകരം നിശ്ചിത തുക ചെലവിനായി കൈമാറും. മറ്റു ചിലവ യാത്രാ പാസും ഫുഡ് വൗച്ചറും നൽകും.

∙ഐഇഎൽടിഎസ്, ഒഇടി, സിബിടി എന്നിവ പഠിക്കുന്നതിനും പരീക്ഷയെഴുതുന്നതിനും ഉണ്ടായ ചെലവും ഒഡെപെക് നഴ്സുമാർക്കു നൽകും.

നഴ്സ് @ ഗൾഫ്

സൗദിയിലേക്കുള്ള റിക്രൂട്മെന്റുകൾക്ക് 30,000 രൂപയും നികുതിയും ഈടാക്കുന്നുണ്ട്. അവിടത്തെ ആശുപത്രികൾ യുകെയിലേതു പോലെ നഴ്സ് റിക്രൂട്മെന്റ് ചെലവുകൾ വഹിക്കാത്തതു കൊണ്ടാണിത്. എന്നാൽ, മറ്റു ചില ഗൾഫ് രാജ്യങ്ങളിലെ ആശുപത്രികൾ ചെലവ് വഹിക്കുന്നതിനാൽ അവിടേക്കുള്ള നിയമനം സൗജന്യമായി നടത്തുന്നു.

ഐഇഎൽടിഎസ്, ഒഇടി: ജയിക്കുമ്പോൾ പണം തിരികെ

ഒഡെപെക് തിരുവനന്തപുരത്തു 3 സെന്ററുകളിലും എറണാകുളം ജില്ലയിൽ 2 ഇടങ്ങളിലും ഡൽഹിയിലും ഐഇഎൽടിഎസ്, ഒഇടി പരിശീലനം നൽകുന്നു. 

കോഴിക്കോട്ടും ഉടൻ പരിശീലനകേന്ദ്രം തുടങ്ങും. 2 മാസത്തെ മുഴുവൻ സമയ കോഴ്സിനു 10,000 രൂപ ഡെപോസിറ്റ്. പരീക്ഷ ജയിക്കുന്നതോടെ തുക തിരികെ നൽകും. ജയിക്കാത്തവർക്കു പരീക്ഷ പാസാകുന്നതു വരെ (എത്ര നാൾ വേണമെങ്കിലും) കൂടുതൽ തുക നൽകാതെ പഠനം തുടരാം. വ്യക്തിപരമായ ശ്രദ്ധ നൽകാനായി ഓരോ ക്ലാസിലും 12–14 പേർക്കു മാത്രമാണു പ്രവേശനം.

ഒഡെപെക് വെബ്സൈറ്റ്:www.odepc.kerala.gov.in

മലയാളി നഴ്സുമാരുടെ മിടുക്കിൽ വിദേശത്തുള്ള മതിപ്പ് കോവിഡ് കാലത്തു ഗുണകരമാകും. എന്നാൽ, റിക്രൂട്മെന്റ് തട്ടിപ്പുകളിൽ കുടുങ്ങരുത്. മാനദണ്ഡങ്ങൾ പാലിക്കേണ്ടെന്നും കുറുക്കുവഴിയിലൂടെ നിയമനം കിട്ടുമെന്നും ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുത്.

Anoop

കെ.എ. അനൂപ്,

മാനേജിങ് ഡയറക്ടർ,ഒഡെപെക്

നഴ്സ് ദിനത്തിൽ പറയട്ടെ, ഭയം കൂടാതെ നമ്മുടെ കഴിവും അറിവും വിനിയോഗിക്കുക. കോവിഡ് യുദ്ധത്തിൽ നാമും ഭയക്കേണ്ടതില്ല.  നാടിന്റെ സുരക്ഷിതത്വത്തിലുള്ള വീട്ടുകാരെക്കുറിച്ചോ എന്റെ ആരോഗ്യത്തെക്കുറിച്ചോ ആശങ്കയില്ല. അഭിനന്ദനത്തെക്കാൾ അഭിമാനം രോഗികൾ സുഖപ്പെട്ട് ആശുപത്രി വിടുമ്പോഴാണ്. യുകെയിലുള്ളവർക്കു മലയാളി നഴ്സുമാരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. 

Anupama

അനുപമ സുരേഷ്,


യുകെയിലെ ടെൽഫോഡ് ആശുപത്രിയിൽ നഴ്സ്

* പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ അനുപമ ഉൾപ്പെടെയുള്ള യുകെയിലെ കോവിഡ് ഹീറോകളെ എൻഎച്ച്എസ് അഭിനന്ദിച്ചത് വാർത്തയായിരുന്നു. ഭർത്താവ് ജി.ആർ. ഗോപകുമാർ നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സ്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA