ADVERTISEMENT

Congrats, your mobile number has won for Rs. 1,00,000/- directly to your account. Register now to use it... ഇത്തരം മെസേജുകൾ നമ്മുടെയൊക്കെ മൊബൈലുകളിൽ സർവസാധാരണമായി വരാറുണ്ട്. ഈ മെസേജുകൾ വന്നാൽ സാധാരണ നമ്മൾ എന്തു ചെയ്യും? ഒന്നു വായിച്ചു നോക്കുകപോലും ചെയ്യാതെ ഡിലീറ്റ് ചെയ്യും. കാരണം അവർ വാഗ്ദാനം ചെയ്ത പണം ഒരിക്കലും നമുക്കവകാശപ്പെട്ടതല്ല. നമ്മുടെ അധ്വാനത്തിന്റെ പ്രതിഫലവുമല്ല. 

എങ്കിലും, ഇത്തരം മോഹവലയത്തിൽ അകപ്പെട്ടു പോകുന്ന ചിലരുണ്ട്. സന്ദേശം അയയ്ക്കുന്നവരുടെ വിശ്വാസ്യതയൊന്നും അവർക്കു പ്രധാനമേയല്ല. പണം ഇരട്ടിപ്പിക്കാൻ സാധിക്കണമെന്ന ചിന്ത മാത്രം. ഒടുവിൽ തട്ടിപ്പിനിരയായി, ആരോടും പരാതി പോലും പറയാനാവാതെ, നാണക്കേടായി..., ആധിയായി... ജീവിതം ഹോമിക്കേണ്ടിവരുന്നവർ. ‘പണം നേടിത്തരുന്ന യന്ത്രങ്ങൾ’ ലക്ഷക്കണക്കിനു വിറ്റുപോകുന്ന രാജ്യമാണിത്. ഇതൊക്കെ വിൽക്കുന്നവർ ധനികരാവുന്നു. വാങ്ങി വീട്ടിൽ വയ്ക്കുന്നവർ ക്ഷയിക്കുന്നു! എന്റെ ഒരു സുഹൃത്ത് ഇത്തരത്തിൽ ജീവനൊടുക്കിയിട്ടുണ്ട്. അവന്റെ കുടുംബത്തിനു ബാക്കിയായത് തീരാദുഃഖവും ദുരിതവും മാത്രം.  

 

നമ്മുടെ അതിമോഹത്തിനു വിലയിടുന്ന ഇത്തരം വഴികളിൽനിന്ന് എന്തുകൊണ്ടാണു നമ്മളിനിയും മാറിനടക്കാത്തത്. അറിവില്ലായ്മയാണെന്നു കരുതാനാവില്ല. അറിവിനുമപ്പുറം സാമാന്യബോധം കൂടി പ്രവർത്തിച്ചാലേ ഇത്തരം തട്ടിപ്പുകളിൽനിന്ന് അകന്നുനിൽക്കാൻ സാധിക്കൂ. പണം കിട്ടുമെന്നു കേൾക്കുമ്പോൾ നാം വഴിവിട്ടു ചിന്തിച്ചുപോകുന്നു. ഈ വീഴ്ച മുതലാക്കുന്നവരാണ് ഓൺലൈൻ തട്ടിപ്പുകാർ. അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്ന മലയാളികൾപോലും ഓൺലൈൻ തട്ടിപ്പുകാരുടെ ഇരകളാകുന്നു. ഓൺലൈനിൽ നമ്മുടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകുമ്പോൾ രണ്ടു വട്ടം ചിന്തിച്ചേ പറ്റൂ. തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ട നമ്പറുകൾ, പാസ്‌വേഡുകൾ ഇതൊന്നും ആർക്കും കൈമാറാതിരിക്കുക. ബാങ്കുകൾ പലവുരി ആവർത്തിച്ചുപറയുന്നുണ്ട്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന്.  ബാങ്കിന്റെ ഒരു ജീവനക്കാരനും നിങ്ങളെ ഫോണിൽ വിളിച്ച് നമ്പറുകൾ ആവശ്യപ്പെടില്ലെന്ന്. എന്നിട്ടും പണം ഇരട്ടിക്കുമെന്നു കേട്ടാൽ ആ മോഹവലയത്തിന്റെ പടുകുഴിയിൽ വീഴുന്നവരെത്ര? 

നമ്മുടെ വിയർപ്പിന്റെ ഫലമായുണ്ടാകുന്ന പണം നമുക്കുള്ളതാണ്. അതിനു മറ്റാർക്കും അവകാശമില്ല. നമ്മുടെ സന്തോഷങ്ങൾക്കും സമൂഹത്തിന്റെ നന്മയ്ക്കുമൊക്കെയാണ് ആ പണം വിനിയോഗിക്കേണ്ടത്. നമ്മുടെ അധ്വാനത്തിന്റെ ഫലം നമുക്ക് നൽകുന്ന സന്തോഷവും അനുഭൂതിയും സുഖവുമൊക്കെ മറ്റൊന്നിനും നൽകുവാനുമാവില്ല. നമ്മുടെ വീടുകളിൽ ധനവും ഐശ്വര്യവും നേടിത്തരുന്ന യന്ത്രങ്ങൾ നാമോരോരുത്തരുമാണ്. കഠിനമായ പരിശ്രമം കൊണ്ട് മാണിക്യം പോലെ തിളങ്ങാനും ലക്ഷ്മീവിളക്കുപോലെ പ്രകാശിക്കാനും നമുക്കു കഴിയും. അതാണു നമ്മുടെ ജീവിതത്തിന്റെ ഐശ്വര്യവും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com