ADVERTISEMENT

പിഎസ്‌സി ഓൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈയിൽ ആരംഭിക്കാൻ കമ്മിഷൻ യോഗം തീരുമാനിച്ചു. ലോക്ഡൗണിനെത്തുടർന്നു മാറ്റിവച്ച പരീക്ഷകൾ സ്കൂൾ അധികൃതരുമായുള്ള ചർച്ചയ്ക്കു ശേഷം ഓഗസ്റ്റിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡയറ്റുകളിൽ അധ്യാപക നിയമനത്തിനുള്ള വിശേഷാൽ ചട്ടവും കമ്മിഷൻ അംഗീകരിച്ചു. 

കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തായ സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. പരീക്ഷയുടെ ഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിക്കും. 

രഹസ്യവിവരങ്ങൾ പുറത്താകുന്നത് ഒഴിവാക്കാൻ കർശനനടപടി വേണമെന്ന് യോഗം പിഎസ്‌സി സെക്രട്ടറിക്കു നിർദേശം നൽകി. മൂല്യനിർണയം നടത്താൻ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥർക്കു പുറമേ പരീക്ഷാ കൺട്രോളർക്കും വിവിധ ജോയിന്റ്  സെക്രട്ടിമാർക്കും ഡപ്യൂട്ടി സെക്രട്ടറിമാർക്കും അണ്ടർ സെക്രട്ടറിമാർക്കും വിവിധ സെക്‌ഷനുകളിലെ തലവൻമാർക്കും ഉത്തരവിന്റെ കോപ്പി ഡപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. അതിനാൽ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന പിഎസ്‌സി സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മിഷൻ അംഗീകരിച്ചു.  

സിപിഎം അനുഭാവികളെ തിരുകിക്കയറ്റുന്നതിനാണ് മാന്വൽ പരിശോധനയെന്ന ആരോപണങ്ങൾ യുക്തിക്കു നിരക്കാത്തതാണെന്ന് ചെയർമാൻ എം.കെ. സക്കീർ യോഗത്തിൽ പറഞ്ഞു. ഉത്തരക്കടലാസിന്റെ വേർപെടുത്തിയ 'ബി' ഭാഗം മാത്രമാണ് ജീവനക്കാരെ ഏൽപിക്കുന്നത്. മാർക്കിട്ട ശേഷമാണ് 'എ' ഭാഗവുമായി സംയോജിപ്പിച്ച് ഫലം പ്രസിദ്ധീകരിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

English summary: PSC online exam in July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com