ADVERTISEMENT

കെഎഎസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാനുവൽ  മൂല്യനിർണയം നടത്തുന്നതിൽ  ആശങ്ക വേണ്ടെന്ന് പിഎസ്‌സി. എല്ലാ ഒഎംആർ പരീക്ഷയിലും 3 ശതമാനത്തോളം ഉത്തരക്കടലാസുകൾ മാനുവൽ രീതിയിൽ പരിശോധിക്കാറുണ്ട്. കെഎഎസിലും ഇത്രയും ഉത്തരക്കടലാസുകളേ മാനുവലായി പരിശോധിക്കേണ്ടി വരുന്നുള്ളൂ. 

മാനുവൽ മൂല്യനിർണയം നടത്തുമ്പോൾ ക്രമക്കേട് നടക്കാൻ സാധ്യതയുണ്ട് എന്ന ആരോപണവും പിഎസ്‌സി നിഷേധിച്ചു. ഉത്തരക്കടലാസിന്റെ ബി പാർട്ടാണ് ഈ രീതിയിൽ പരിശോധിക്കുന്നത്.  ഉത്തരങ്ങൾ ബബിൾ ചെയ്തു രേഖപ്പെടുത്തിയ ബി പാർട്ട് പരിശോധിച്ചാൽ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയില്ല. എ പാർട്ടിലാണ് ഉദ്യോഗാർഥിയുടെ റജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നത്. രണ്ടു പാർട്ടുകളും മെർജ് ചെയ്യുമ്പോൾ മാത്രമാണ് പരീക്ഷ എഴുതിയ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുക. 

മാനുവൽ മൂല്യനിർണയത്തിനു നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കും. വിവരങ്ങൾ ചോർത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനും കമ്മിഷൻ തീരുമാനിച്ചു.   

ചോർത്തിയത്  ‘അസംതൃപ്തർ’

കെഎഎസ് ഉത്തരക്കടലാസുകൾ മാനുവൽ മൂല്യനിർണയം നടത്തുന്നവരുടെ വിവരങ്ങൾ ചോർത്തിയത് പിഎസ്‌സിയിലെ  ചില 'അസംതൃപ്ത'രെന്നു സൂചന. തസ്തികമാറ്റം വഴി കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പിഎസ്‌സി ജീവനക്കാർക്ക് അവസരം നിഷേധിച്ചതിൽ ഇവിടത്തെ ധാരാളം ജീവനക്കാർക്ക് അസംതൃപ്തിയുണ്ട്. നേരിട്ടുള്ള നിയമനത്തിന് അപേക്ഷിച്ച് പരീക്ഷ എഴുതിയ ധാരാളം പേർക്ക് ചോദ്യപേപ്പർ നിലവാരം കൂടിപ്പോയതിനാൽ നന്നായി പരീക്ഷ എഴുതാനും കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ളവരിൽ ചിലരാണ് വിവരങ്ങൾ ചോർത്തി പുറത്തെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കേന്ദ്രീകരിച്ചാണ് പിഎസ്‌സി വിജിലൻസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. 

മൂല്യനിർണയം ഈ മാസം പൂർത്തിയാക്കും

കെഎഎസ് പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം ഈ മാസം പൂർത്തിയാക്കാൻ തീരുമാനം. രണ്ടു പരീക്ഷയിലുമായി പതിനയ്യായിരത്തിലധികം  ഉത്തരക്കടലാസുകൾ മാനുവലായി മൂല്യനിർണയം നടത്താനുള്ളതിനാൽ പരമാവധി ജീവനക്കാരെ ഇതിനായി നിയോഗിക്കും. രണ്ടു പരീക്ഷയുടെയും ബി പാർട്ടുകളുടെ ഒഎംആർ മൂല്യനിർണയം  പൂർത്തിയായി കഴിഞ്ഞു. ഇപ്പോൾ എ പാർട്ടുകൾ സ്കാൻ ചെയ്യുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം സ്കാൻ ചെയ്തു പരിശോധിക്കാൻ കഴിയാത്ത ഉത്തരക്കടലാസുകൾ പിഎസ്‌സി ജീവനക്കാർ മാനുവലായി മൂല്യനിർണയം നടത്തുന്നുണ്ട്. മൂല്യനിർണയം പൂർത്തിയാക്കിയ ശേഷം എ, ബി പാർട്ടുകൾ മെർജ് ചെയ്ത് തുടർപരിശോധനകൾകൂടി പൂർത്തിയാക്കി പരമാവധി വേഗത്തിൽ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കുള്ള മെയിൻ പരീക്ഷ ജൂലൈയിയിൽ നടത്താനായിരുന്നു തീരുമാനമെങ്കിലും ഇപ്പോൾ സെപ്റ്റംബറിലോ ഒക്ടോബറിലോ നടത്താനാണ് ശ്രമം. നവംബർ ഒന്നിന്  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ പിഎസ്‌സി അറിയിച്ചത്. എന്നാൽ ലോക്ഡൗണിനെ തുടർന്ന് നടപടിക്രമങ്ങൾ മുടങ്ങിയതിനാൽ 2021 മാർച്ചോടുകൂടിയേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. 

മാനുവൽ ‌മൂല്യനിർണയം 3 ഘട്ടമായി

മാനുവലായി നടത്തുന്ന ഉത്തരക്കടലാസ് മൂല്യനിർണയം 3 ഘട്ടമായി പൂർത്തിയാക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഒഎംആർ സ്കാനർ വഴി രണ്ടു ഘട്ടമായാണ് മൂല്യനിർണയം നടത്തുന്നതെങ്കിൽ മാനുവൽ മൂല്യനിർണയത്തിൽ ഒരു ഘട്ടം കൂടി പരിശോധന നടത്തും.  2 ഘട്ടം മാനുവലായി മൂല്യനിർണയം നടത്തിയ ശേഷം സെക്‌ഷൻ ഒാഫിസർ വീണ്ടും ഉത്തരക്കടലാസുകൾ പരിശോധിക്കും. ചെറിയ ന്യൂനതകൾപോലും കണ്ടെത്തി പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്  മൂന്നാമതും വിശദമായി പരിശോധിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com