ADVERTISEMENT

സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി ജൂലൈയിൽ റദ്ദാകാൻ പോകുന്നത് അൻപതോളം റാങ്ക് ലിസ്റ്റുകൾ.  കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇംഗ്ലിഷ്, സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ഐസിഡിഎസ് സൂപ്പർവൈസർ, അഗ്രികൾചറൽ ഒാഫിസർ തുടങ്ങിയ പ്രധാന റാങ്ക് ലിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്.

റദ്ദാകുന്ന പല റാങ്ക് ലിസ്റ്റുകളിലും ധാരാളം ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കുന്നുണ്ട്. പ്രായപരിധി അവസാനിച്ചതിനാൽ ഇനിയൊരു പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പോലും കഴിയാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. കാലാവധി നീട്ടാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ജൂണിൽ റദ്ദായത് നൂറിലധികം പിഎസ്‌സി ലിസ്റ്റുകളാണ്.   

അസി.സർജൻ: 131 ഒഴിവുകൂടി

kerala_PSC_Ranklist

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയുടെ 131 ഒഴിവുകൾകൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. ജൂൺ 27നു റദ്ദായ റാങ്ക് ലിസ്റ്റിൽ നിന്ന് ഇത്രയും പേർക്കുകൂടി നിയമന ശുപാർശ ലഭിക്കും.  28–06–2017 ൽ ആണ്  റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 1971,  സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 751, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 5 എന്നിങ്ങനെ 2727 പേരായിരുന്നു റാങ്ക് ലിസ്റ്റിൽ. ഇതിൽ 1610 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചു. 131 പേർക്കുകൂടി നിയമനമാകുന്നതോടെ ആകെ ശുപാർശ 1741 ആകും.   റാങ്ക് ലിസ്റ്റിലെ ഇപ്പോഴത്തെ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 1439 വരെ, ഈഴവ– 1600 വരെ, എസ്‌സി– സപ്ലിമെന്ററി 32 വരെ, എസ്ടി– എല്ലാവരും, മുസ്‌ലിം– 1449 വരെ, ലത്തീൻ കത്തോലിക്കർ– എല്ലാവരും, വിശ്വകർമ– സപ്ലിമെന്ററി 19 വരെ, എസ്ഐയുസി നാടാർ– 1562 വരെ, ഹിന്ദു നാടാർ– എല്ലാവരും, എസ്‌സിസിസി– എല്ലാവരും, ധീവര– 1970 വരെ. ഒബിസി വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

ഒരു നിയമനം പോലുമില്ലാത്ത റാങ്ക് ലിസ്റ്റും

ജൂലൈയിൽ റദ്ദാകുന്ന റാങ്ക് ലിസ്റ്റുകളുടെ കൂട്ടത്തിൽ ഒരാൾക്കു പോലും നിയമനം നൽകാത്ത ലിസ്റ്റും. വിഎച്ച്എസ്ഇയിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്– ഫിഷറീസ് (ഫിഷ് പ്രോസസിങ് ടെക്നോളജി) റാങ്ക് ലിസ്റ്റിൽ നിന്നാണ് 3 വർഷ കാലാവധിക്കുള്ളിൽ ഒരാൾക്കു പോലും നിയമനം ലഭിക്കാത്തത്. ഈ തസ്തികയുടെ ഒരൊഴിവാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ഒഴിവ് ഭിന്നശേഷി (ബ്ലൈൻഡ്) വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥിക്ക് അവകാശപ്പെട്ടതാണ്.  ബ്ലൈൻഡ് വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥി ലിസ്റ്റിൽ ഉൾപ്പെടാതിരുന്നതിനാൽ നിയമനം നടക്കാതെ പോയി.  ബന്ധപ്പെട്ട വിഭാഗത്തിലുള്ള ഉദ്യോഗാർഥി ലിസ്റ്റിൽ ഇല്ലെങ്കിൽ ഭിന്നശേഷി വിഭാഗത്തിൽ തന്നെ അടുത്ത വിഭാഗത്തിലുള്ള ആളിനും ഒഴിവ് നൽകാൻ വ്യവസ്ഥയില്ല. മെയിൻ ലിസ്റ്റിൽ 28, സപ്ലിമെന്ററി ലിസ്റ്റിൽ 75,  ഭിന്നശേഷി (ഒാർത്തോ) ലിസ്റ്റിൽ 3 എന്നിങ്ങനെ 106 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.  

റാങ്ക് ലിസ്റ്റിന്റെ 3 വർഷ കാലാവധിക്കുള്ളിൽ ഒരാളെ പോലും നിയമിച്ചില്ലെങ്കിൽ,  ലിസ്റ്റുകൾക്ക് ഒരു വർഷമോ, ഒരാളെയെങ്കിലും നിയമന ശുപാർശ ചെയ്യുന്നതു വരെയോ (ഏതാണോ ആദ്യം) അതുവരെ കാലാവധി നീട്ടി നൽകാൻ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഈ ലിസ്റ്റിനും ബാധകമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com