ADVERTISEMENT

കോവിഡ് അനിശ്ചിതമായി നീളുമ്പോൾ, പ്ലേസ്മെന്റ് ഓഫർ വരെ കിട്ടിയ ഒട്ടേറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിലാകുന്നു. എന്നു ജോലിയിൽ ചേരാൻ കഴിയുമെന്ന് ആർക്കും ഉറപ്പില്ല. എന്നു കരുതി വെറുതെയിരിക്കേണ്ട; ഭാവിക്കായി ഒരുങ്ങാനുള്ള ഇടവേളയാണിത്.  

സ്വയം പരിശീലനം 

∙ ഭാഷാശേഷി, ഐടി സ്കിൽസ്, അടിസ്ഥാന ഗണിത നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതു തൊഴിൽ സാധ്യത കൂട്ടും. 

ഒരു വിദേശഭാഷയിലെങ്കിലും പ്രാവീണ്യം നേടാൻ ശ്രമിക്കാം.  ഓൺലൈൻ ആയോ കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് അലിയോൻസ് ഫ്രോൻസെ, ഗൊയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട്, റഷ്യൻ കൾച്ചറൽ സെന്റർ പോലുള്ള സ്ഥാപനങ്ങളിൽ ചേർന്നോ  ഫ്രഞ്ച്, ജർമൻ, റഷ്യൻ പോലുള്ള ഭാഷകൾ പഠിക്കാം.

∙ പിഎസ്‌സി, എസ്എസ്‌സി, ബാങ്ക് പിഒ, ആർആർബി തുടങ്ങി മത്സരപ്പരീക്ഷകൾക്കു റഫറൻസ് പുസ്തകങ്ങളും സൗജന്യമായും അല്ലാതെയും ലഭിക്കുന്ന ഓൺലൈൻ മെറ്റീരിയലും ഉപയോഗപ്പെടുത്താം.

∙ സന്നദ്ധപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താം. ഇതു നേതൃശേഷി കൂട്ടും. ബയോ‍ഡേറ്റയുടെ തിളക്കവും കൂടും.

∙ edX, Coursera, Udacity, യുജിസിയുടെ Swayam തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഓൺലൈൻ (MOOC) പഠനം അപ്സ്കില്ലിങ്ങിനുള്ള നല്ല വഴിയാണ്. സ്വന്തം അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള പ്രോഗ്രാമുകൾ തിരഞ്ഞെടുക്കണമെന്നു മാത്രം.

∙ ഓൺലൈൻ ലൈബ്രറികൾ പ്രയോജനപ്പെടുത്താം. ഐഐടി ഖരഗ്പുരിന്റെ നേതൃത്വത്തിലുള്ള നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യയിൽ (http://ndl.iitkgp.ac.in) മാത്രം 4 കോടിയിലേറെ റിസോഴ്സുകൾ ലഭ്യമാണ്. Open Library, Global Digital Library, JSTOR, Project Gutenberg തുടങ്ങിയവ ഉപയോഗപ്പെടുത്താവുന്ന മറ്റു ചില ഇ-ഗ്രന്ഥശാലകളാണ്. 

ജോലിക്കായി

∙ പ്ലേസ്മെന്റ് ടെസ്റ്റുകളും ഇന്റർവ്യൂവും ഓൺലൈനിലാകുന്നു. ഇതിനായി പ്രത്യേകം തയാറെടുപ്പു നടത്തണം. ഉപചാരമര്യാദകൾ പാലിക്കാനും ആശയവിനിമയം ഫലപ്രദമാക്കാനും ശ്രദ്ധിക്കണം.

∙ ‘വർക്ക് ഫ്രം ഹോം’ പുതിയ രീതിയായതോടെ ഉദ്യോഗാർഥിയുടെ അച്ചടക്കവും ഏകാഗ്രതയും അർപ്പണബുദ്ധിയും ഇന്റർവ്യൂവിൽ പരിശോധിക്കപ്പെടും. കോവിഡ് കാലത്ത് എങ്ങനെയെല്ലാം ‘അപ്സ്കില്ലിങ്’ നടത്തിയെന്നു വിശദീകരിക്കേണ്ടിവരും.

∙ പല തൊഴിൽ സ്ഥാപനങ്ങളിലും ഇന്റേൺഷിപ് / പാർട് ടൈം ജോലി അവസരങ്ങളുണ്ടാവും. അവ ഉപയോഗപ്പെടുത്തണം.

∙ പല സ്വകാര്യ കമ്പനികളും തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തണമെന്നില്ല. അവയുടെ എച്ച്ആർ വിഭാഗത്തിലേക്ക് അപേക്ഷ ഇമെയിൽ  ചെയ്യാം. മൗലികവും സ്വന്തം വ്യക്തിത്വവും ശേഷികളും പ്രതിഫലിപ്പിക്കുന്നതുമായ ബയോഡേറ്റയും വേണം. 

∙ സർക്കാർ, സ്വകാര്യ മേഖലകളിലെ എംപ്ലോയ്മെന്റ് ഏജൻസികളിൽ റജിസ്റ്റർ ചെയ്യാനും മറക്കരുത്.

ഉപരിപഠനത്തിനായി

∙ വിദേശ സർവകലാശാലകളിൽ അടുത്ത വർഷം പ്രവേശനം ലക്ഷ്യമാക്കി തയാറെടുപ്പു തുടങ്ങാം. ജിആർഇ, ജിമാറ്റ് പരീക്ഷകൾക്കുള്ള ഒരുക്കം, പോർട്‌ഫോളിയോ തയാറാക്കാൽ തുടങ്ങിയവയ്ക്ക് സമയം വിനിയോഗിക്കാം. 

∙ ഇന്ത്യയിൽ ജെഎൻയു, ഡൽഹി ഹൈദരാബാദ്, പോണ്ടിച്ചേരി തുടങ്ങി പല മുൻനിര സർവകലാശാലകളിലും പ്രവേശന നടപടികൾ പാതിവഴിയിലാണ്. ഇവിടങ്ങളിൽ പിജി പ്രവേശനപരീക്ഷകൾക്കൊരുങ്ങാം. അല്ലെങ്കിൽ ഗേറ്റ്, ജാം, ജെസ്റ്റ് തുടങ്ങിയവയ്ക്കുള്ള തയാറെടുപ്പാകാം.

∙ പിജി കഴിഞ്ഞവർക്ക് യുജിസി നെറ്റ്, ഗേറ്റ്, ജെസ്റ്റ്, ഐഇഎസ് തുടങ്ങിയ പരീക്ഷകൾക്കും എംഫിൽ, പിഎച്ച്ഡി പ്രവേശനപരീക്ഷകൾക്കും തയാറെടുക്കാം.

പ്രക്ഷുബ്ധമായ സമുദ്രമാണ് സമർഥനായ നാവികനെ സൃഷ്ടിക്കുക എന്നാണു ചൊല്ല്. പ്രതിസന്ധികളിലും അവസരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പകച്ചുനിൽക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com