ADVERTISEMENT

ദുഃഖമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഒരിക്കലുമുണ്ടാവില്ല. നമ്മൾ കാണുന്ന, ചിരിച്ചുനടക്കുന്ന ആളുകൾക്കൊക്കെയുമുണ്ടാവും ദുഃഖം. ഉള്ളിലെ ഏതെങ്കിലും നിമിഷങ്ങളിൽ ആരിലും ദുഃഖം കടന്നുവരാതിരിക്കില്ല. അപ്പോൾ ദുഃഖമില്ലാതെ നമുക്കു ജീവിക്കാനാവില്ല. പിന്നെന്താണു ദുഃഖത്തെ മറികടക്കാനുള്ള വഴി? 

 

ദുഃഖത്തെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണു പ്രധാനം. പ്രശ്നം വരുമ്പോൾ അതിനെ അതിജീവിക്കുന്നതിലാണു നമ്മുടെ കരുത്ത്. അല്ലാതെ ഏതു സമയത്തും ദുഃഖമാണെന്നു കൂടുതൽ പറയുംതോറും നമ്മുടെ മനസ്സിലേക്കു ദുഃഖത്തിന്റെ കറുപ്പുനിറം പടരുകയാണു ചെയ്യുന്നതെന്നു മനസ്സിലാക്കണം. 

കറുപ്പിനെക്കുറിച്ചു പറഞ്ഞപ്പോൾ അനുബന്ധമായി പറയട്ടെ. കറുപ്പുള്ളതുകൊണ്ടാണു വെളുപ്പിനിത്ര സൗന്ദര്യമുണ്ടാകുന്നത്. ഇരുട്ടുള്ളതുകൊണ്ടാണു പകലിനു സൗന്ദര്യമുണ്ടാകുന്നത്. ചെളിവെള്ളമുള്ളതുകൊണ്ടാണു തെളിഞ്ഞ വെള്ളത്തിനിത്ര സൗന്ദര്യം തോന്നുന്നത്. വാടിക്കൊഴിഞ്ഞ പൂക്കൾ ഉണ്ടാവുന്നതിന്റെ പേരിലാണ് വിരിയുന്ന പൂക്കൾക്ക് കൂടുതൽ സൗന്ദര്യമുണ്ടാകുന്നത്. 

 

ഒരു ചെറിയ കഥ പറയാം. പൂക്കളെയും പൂമ്പാറ്റകളെയും പൂത്തുമ്പികളെയുമൊക്കെക്കുറിച്ചു നന്നായി സംസാരിക്കുന്ന ഒരു ഗുരു ഉണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച് ആഴത്തിൽ കാഴ്ചപ്പാടുണ്ടായിരുന്നു, ആ ഗുരുവിന്. ആ നാട്ടിലെ രാജാവിന് ഒരു ആഗ്രഹം തോന്നി, ഈ ഗുരുവിനെ തന്റെ പൂന്തോട്ടത്തിലേക്കൊന്നു കൊണ്ടുവരണമെന്ന്. ഒരുപാടായി ക്ഷണിക്കുന്നു. ഒടുവിൽ ഗുരു ഒരു ദിവസം വരാമെന്നു സമ്മതിച്ചു. 

 

ഗുരു വരുന്ന ദിവസം രാജാവ് ഭൃത്യരോടു പറഞ്ഞു: ‘ഈ പൂന്തോട്ടത്തിലെ വാടിക്കൊഴിഞ്ഞ പൂക്കളെല്ലാം തൂത്തുകളയുക. ഒരു കരിയിലപോലും അവിടെ കിടക്കരുത്’. 

ഭൃത്യരെല്ലാം ചേർന്നു കരിയിലകളെല്ലാം വാരിക്കളഞ്ഞു. കൊഴിഞ്ഞതോ വാടിത്തളർന്നതോ ആയ ഒരു പൂപോലുമില്ലാതെ പൂന്തോട്ടം പ്രസന്നമാക്കിത്തീർത്തു. 

ഗുരു പൂന്തോട്ടത്തിലേക്കു കടന്നുവന്നു. അദ്ദേഹം ചിരിക്കുന്നേയില്ല. വല്ലാത്തൊരു ഭാവത്തോടെയാണ് അദ്ദേഹം പൂന്തോട്ടം നടന്നുകണ്ടത്. 

രാജാവ് ചോദിച്ചു: ‘ഇത്രമാത്രം മനോഹരമായ ഉദ്യാനം കണ്ടിട്ടും എന്തുകൊണ്ടാണ് അങ്ങ് സന്തോഷിക്കാത്തത്?’ 

 

ഗുരു പറഞ്ഞു: ‘ഈ പൂന്തോട്ടം ഒരു പൂന്തോട്ടമല്ല. ഒരു ഉദ്യാനം പൂർണമാകണമെങ്കിൽ അവിടെ കരിയിലകൾ വേണം, തളർന്ന പൂക്കൾ വേണം, വാടിക്കൊഴിയാറായ പൂക്കൾ വേണം, വാടിക്കൊഴിഞ്ഞ ദളങ്ങൾ വേണം. അപ്പോൾ മാത്രമാണ് ഒരു ഉദ്യാനം പൂർണമാകുന്നത്. അതുകൊണ്ട് ആ കരിയിലകളും കൊഴിഞ്ഞ പൂക്കളുമെല്ലാം ഇങ്ങോട്ടു തിരികെക്കൊണ്ടിടൂ’. 

 

നമ്മുടെ ജീവിതത്തെയും ഇതുപോലൊരു ഉദ്യാനമായി നമുക്കു കാണാം. അതിനകത്തു സൗരഭ്യവും സൗന്ദര്യവും മാത്രമല്ല, ദുഃഖവും കടന്നുവരുമെന്നതിൽ സംശയമില്ല. ഉദ്യാനത്തിൽ വാടിയ പൂക്കളുണ്ടാകും എന്നതുപോലെ, ജീവിതത്തിൽ മനസ്സു വാടിയവരും എല്ലായ്പോഴും ഉണ്ടാകുമെന്നുറപ്പ്. എല്ലാവർക്കും ദുഃഖവും വേദനകളുമുണ്ട്. അതു വരുമ്പോൾ ആ പ്രശ്നങ്ങളെ എങ്ങനെ നമ്മൾ കൈകാര്യം ചെയ്യുന്നു, മാറ്റിമറിക്കുന്നു എന്നതാണു മനക്കരുത്തിന്റെ അളവുകോൽ. ഇത്രയും അടിസ്ഥാനപരമായി മനസ്സിലാക്കിയാൽ, ഇന്നു കൊഴിഞ്ഞ് നാളെ വിടരുന്ന പുതിയ പൂക്കളായി മാത്രം ദുഃഖത്തെയും സന്തോഷത്തെയും നമുക്ക് അനായാസം കൈകാര്യം ചെയ്യാനും കഴിയും. 

English Summary : How To Overcome Difficult Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com