ADVERTISEMENT

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചതിനു േശഷം മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. മൂന്നു മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ 48 എണ്ണവും സെപ്റ്റംബറിൽ നടത്തും. ബാക്കിയുള്ളവ തുടർ മാസങ്ങളിലായി പൂർത്തിയാക്കും. മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന  7 പരീക്ഷകളും സെപ്റ്റംബറിൽ നടത്തും. ഏപ്രിലിൽ നടത്താനിരുന്ന 12 പരീക്ഷകളിൽ 10 എണ്ണവും, മേയിൽ നടത്താൻ തീരുമാനിച്ചിരുന്ന 43 പരീക്ഷകളിൽ 31 എണ്ണവും സെപ്റ്റംബറിൽ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഒാഫിസർ തുടങ്ങിയ പ്രധാന പരീക്ഷകളും ഇതിൽ ഉൾപ്പെടും.  

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ), ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ തുടങ്ങി 14 പരീക്ഷകളാണ് സെപ്റ്റംബറിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടാതെ പോയത്.

കൺഫർമേഷൻ നൽകിയവർക്ക് മാത്രം പരീക്ഷ

‌നേരത്തെ കൺഫർമേഷൻ നൽകിയവർക്കു മാത്രമേ പരീക്ഷ എഴുതാൻ അനുവാദമുള്ളൂ. ഏപ്രിലിലെ പരീക്ഷകൾക്ക് ഫെബ്രുവരി 10 വരെയും മേയിലെ പരീക്ഷകൾക്ക് മാർച്ച് 11 വരെയുമാണ് കൺഫർമേഷൻ നൽകാൻ അവസരം നൽകിയിരുന്നത്. അന്ന് കൺഫർമേഷൻ നൽകിയവർക്കു മാത്രമേ പരീക്ഷ എഴുതാനാവൂ. ലോക്ഡൗണിനെ തുടർന്ന് ഇതിലേക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഉദ്യോഗാർഥികൾ പിഎസ്‌സിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ലോക് ഡൗൺ പ്രഖ്യാപനത്തിനു മുൻപാണ് കൺഫർമേഷൻ തീയതി അവസാനിച്ചത്. മാർച്ചിലെ പരീക്ഷകൾക്ക് കൺഫർമേഷൻ തീയതി ബാധകമല്ലായിരുന്നു.

വീണ്ടും അവസരം നൽകില്ല

കണ്ടെയ്ന്റ്മെന്റ് സോണിൽ താമസിക്കുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പിഎസ്‌സി വീണ്ടും അവസരം നൽകുന്നുണ്ടെങ്കിലും പരീക്ഷയ്ക്ക് ഇതു ബാധകമല്ല.  നേരത്തെ ഹാൾടിക്കറ്റ് എടുത്തവർ പുതിയ ഹാൾടിക്കറ്റ് ഡൗൺലോ‍ഡ് ചെയ്തെടുത്തു വേണം  പരീക്ഷയ്ക്ക് ഹാജരാകാൻ. 

പരീക്ഷ സ്വന്തം ജില്ലയിൽ

ജില്ലാതല നിയമനങ്ങൾക്കു പുറമേ സംസ്ഥാനതല തിരഞ്ഞെടുപ്പുകളിലും  ഉദ്യോഗാർഥികൾക്ക് സ്വന്തം ജില്ലയിൽ പരമാവധി പരീക്ഷാകേന്ദ്രം അനുവദിക്കും. പിഎസ്‌സിയുടെ ജില്ലാ ഒാഫിസിലും സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലുമായിരിക്കും ഒഎംആർ പരീക്ഷ. സ്കൂളുകൾ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് പിഎസ്‌സി കത്തു നൽകും.  ഒാൺലൈൻ പരീക്ഷകൾ പരമാവധി പിഎസ്‌സിയുടെ സ്വന്തം പരീക്ഷാ കേന്ദ്രത്തിലായിരിക്കും നടത്തുക.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com