ADVERTISEMENT

കോവിഡ് കാലത്തു പിഎസ്‌സി നൂറ്റിഇരുപതോളം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും പതിമൂവായിരത്തിലധികം നിയമന ശുപാർശ നൽകുകയും ചെയ്തെന്നു ചെയർമാൻ എം.കെ.സക്കീർ.

എല്ലാ ആഴ്ചയിലും റാങ്ക് പട്ടികകളുടെ കാലാവധി കഴിയുന്നുണ്ട്.കാലാവധിക്കുള്ളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും നികത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലാണു നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അനുശാസിക്കുന്ന രീതിയിൽ മെയിൻ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ എണ്ണത്തിന്റെ അഞ്ചിരട്ടി പേരുള്ള സപ്ലിമെന്ററി പട്ടിക തയാറാക്കുന്നത്.

ഒരു ഉദ്യോഗാർഥി  വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പരിത്യാഗം ( വേറെ ജോലിയുള്ളതിനാൽ റാങ്ക് ലസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുക), എൻജെഡി ( ജോലിക്കു ചേരാതിരിക്കുക), പ്രതീക്ഷിത ഒഴിവ് എന്നിവ മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്തതിനാൽ, പിഎസ്‌സി രൂപീകരിച്ച കാലം മുതൽ മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലും കൂടുതൽ പേരെ ഉൾപ്പെടുത്താറുണ്ട്.

ഓരോ വർഷവും മൂന്നു ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണു റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.ഓരോ റാങ്ക് പട്ടികയുടെ കാലാവധിയിലും ഉണ്ടാകുന്ന അംഗീകൃത ഒഴിവുകൾക്കാണ് അവർക്ക് അർഹത.റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം ലഭിക്കില്ല.

ഈ വസ്തുത മനസ്സിലാക്കാതെ പലരും വിവാദം സൃഷ്ടിക്കുകയാണ്.സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിനുള്ള നിയമനത്തിൽ 50% ഓപ്പൺ വിഭാഗം ഉദ്യോഗാർഥികൾക്കും 50% പിന്നാക്ക എസ്‌സി/എസ്ടി ഉദ്യോഗാർഥികൾക്കും 4% അംഗപരിമിതർക്കുമാണ്. ചട്ട പ്രകാരം നിയമന ശുപാർശ നൽകുമ്പോൾ ആദ്യ റാങ്കുകാർക്ക് ആദ്യ നിയമന ശുപാർശ ലഭിക്കണമെന്നില്ല.

 ചില പ്രധാന തസ്തികകളിൽ ഭിന്നശേഷി സംവരണ ഊഴം മാറ്റിയെഴുതുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമപ്രകാരം ഒന്നാമത്തെ ഒഴിവ് ഭിന്നശേഷിക്കാ‍ർക്കു കൊടുക്കേണ്ടി വരുന്നു.ഇതു മറച്ചു വച്ച് ഉയർന്ന റാങ്കുകാർ നിയമിക്കപ്പെടുന്നില്ലെന്നു പറയുന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ്.

മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സികളെക്കാൾ ഭാരിച്ച ഉത്തരവാദിത്തമാണു ഇവിടെ നിർവഹിക്കുന്നത്. ഓരോ വർഷവും അപേക്ഷകരുടെയും പരീക്ഷകളുടെയും എണ്ണം വർധിക്കുകയാണ്.1762 തസ്തികകളിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നുണ്ട്.2011–12ൽ 17 ലക്ഷം അപേക്ഷകർ ആണ് ഉണ്ടായിരുന്നതെങ്കിൽ 2016–17ൽ ഇത് ഒരു കോടി കവിഞ്ഞു. 2018–19 ൽ 1.25 കോടിയിൽ എത്തി.വർഷം ശരാശരി 2000 റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നു.വർഷം 25,000–30,000 ഉദ്യോഗാർഥികളെ ചെയർമാനും അംഗങ്ങളും ഇന്റർവ്യൂ നടത്തുന്നു.ശരാശരി മൂന്നു ലക്ഷം മുതൽ മൂന്നര ലക്ഷം വരെ ഉദ്യോഗാർഥികളെയാണ് ഓരോ വർഷവും റാങ്ക്‌ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നത്.

മറ്റു പിഎസ്‌സികൾ ഉയർന്ന തസ്തികയിലേക്കു മാത്രമാണു തിരഞ്ഞെടുപ്പ് നടത്തുന്നത്.പിഎസ്‌സിയിൽ 17 അംഗങ്ങൾ ഉണ്ടായിരുന്നത് ജോലിഭാരം പരിഗണിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ 20 ആക്കിയത്.ഈ സാഹചര്യത്തിൽ പിഎസ്‌സിയെ തിരഞ്ഞു പിടിച്ചു വിചാരണ ചെയ്യുന്നത് ആശാസ്യമല്ലെന്നു ചെയർമാൻ ചൂണ്ടിക്കാട്ടി.

English summary: PSC appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com