ADVERTISEMENT

ഒരു പഴയ കഥ കേൾക്കുക. അഞ്ചാം ക്ലാസിലെ ടീച്ചർ മിസിസ‌് തോംപ്സനു മുൻനിരയിലിരിക്കാറുള്ള ടെഡിയോട് തീരെ താല്പര്യമില്ല. എന്നും മുഷിഞ്ഞ വേഷം. പലപ്പോഴും കുളിക്കാതെ വരും. വിഷയങ്ങൾക്കെല്ലാം തീരെക്കുറഞ്ഞ മാർക്ക്. ടീച്ചർക്ക് അവനോട് വെറുപ്പ്.

 

പക്ഷേ ഒരുനാൾ ടീച്ചർ അവന്റെ പഴയ റിക്കോർഡുകൾ പരിശോധിച്ചപ്പോൾ വിസ്മയിച്ചുപോയി. ‘ബൂദ്ധിയും പ്രസന്നതയുമുള്ള കുട്ടി. ഒന്നാന്തരം പെരുമാറ്റം’   എന്നായിരുന്നു ഒന്നാം ക്ലാസിലെ ടീച്ചറുടെ കമന്റ്. രണ്ടാം ക്ലാസിലേത് :‘ഏറ്റവും മികച്ച കുട്ടി. പക്ഷേ മരിക്കാറായ അമ്മയെയോർത്ത് എപ്പോഴും വിഷമം’. മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചിരിക്കുന്നതിങ്ങനെ : ‘അമ്മയുടെ മരണം അവനെ വലച്ചു. അച്ഛൻ ശ്രദ്ധിക്കുന്നില്ല’. നാലിലെ ടീച്ചറുടെ കുറ‌ിപ്പ് : ‘ടെഡി ആരുമായി ഇടപെടുന്നില്ല. പഠിത്തത്തിൽ താല്പര്യം കുറഞ്ഞു. ക്ലാസിൽ പലപ്പോഴും ഉറക്കം.’

 

ഇത്രയും വായിച്ച ടീച്ചർ ലജ്ജിച്ചുപോയി. നിസ്സഹായനായ കുട്ടിയോട് തന്റെ സമീപനം എത്ര മോശമായിപ്പോയി. ക്രിസ്മസിന് കുട്ടികളെല്ലാം ടീച്ചർക്ക് മനോഹരമായ സമ്മാനങ്ങൾ കൊടുത്തു. മുക്കാലും ഒഴിഞ്ഞ പെർഫ്യൂംകുപ്പിയും കല്ലുകൾ കൊഴിഞ്ഞ ബ്രേസ്‌ലെറ്റും മുഷിഞ്ഞ പത്രക്കടലാസിൽ പൊതിഞ്ഞതായിരുന്നു ടെഡിയുടെ സമ്മാനം. ടീച്ചർ സന്തോഷത്തോടെ ബ്രേസ്‌ലെറ്റെടുത്തു കെട്ടി, പെർഫ്യൂം കൈയിൽ വീഴ്ത്തി സന്തോഷിച്ച് അവനെ ചേർത്തുപിടിച്ചു. അവൻ പറഞ്ഞു, ടീച്ചർക്ക് അമ്മയുടെ മണം.

 

അന്നുമുതൽ ടീച്ചർ പഠിപ്പിച്ചത് വായനയോ കണക്കോ എഴുത്തോ ആയിരുന്നില്ല, കുട്ടികളെയാണ്. ടെഡിയെ പ്രത്യേകിച്ചു ശ്രദ്ധിച്ച് അതീവ സ്നേഹത്തോടെ പെരുമാറി. അവനിൽ വലിയ മാറ്റം വന്നു. ക്രമേണ ക്ലാസിലെ ഒന്നാമനായി. ഉയർന്ന ക്ലാസുകളിലെത്തിയപ്പോഴും ഈ ടീച്ചറെ മറന്നില്ല. വലിയ പരീക്ഷായോഗ്യത നേടി, ജോലിയിൽ ചേർന്നു. വിവാഹമായപ്പോൾ ടീച്ചറെ ക്ഷണിച്ചു. വൃദ്ധയായിക്കഴിഞ്ഞ ടീച്ചർ പഴയ ബ്രേസ്‌ലെറ്റ് ധരിച്ച്, കളയാതെ വച്ചിരുന്ന പഴയ പെർഫ്യൂമും പുരട്ടിച്ചെന്ന് അമ്മയുടെ സ്ഥാനത്തു നിന്ന് ടെഡിയുടെ വിവാഹത്തിൽ പങ്കെടുത്തു.

 

സ്നേഹവും കാരുണ്യവും

സ്നേഹവാത്സല്യങ്ങളോടെയുള്ള പെരുമാറ്റവും കാരുണ്യത്തോടെയുള്ള സമീപനവും  അന്യരിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നത് നാം മിക്കപ്പോഴും മറന്നുപോകുന്നു. എല്ലാം എനിക്കു മാത്രം വേണമെന്നും അന്യരെയൊക്കെ എങ്ങനെയും തള്ളിപ്പിന്നിലാക്കി, എനിക്ക് എന്നും ഒന്നാം സ്ഥാനത്തുതന്നെ നില്ക്കണം എന്നുമുള്ള ചിന്ത നമ്മെ ഒറ്റപ്പെടുത്തുകയാവും ചെയ്യുക. സമൂഹജീവിയായ മനുഷ്യൻ സഹകരണത്തിലും പരസ്പര പരിഗണനയിലും വിശ്വസിച്ചു മുന്നേറുകയല്ലേ വേണ്ടത്?

 

മറ്റുള്ളവരുടെ വികാരം കൂടി പരിഗണിച്ചാണ് നമ്മുടെ വാക്കും പ്രവൃത്തിയുമെങ്കിൽ നമ്മുടെ സ്വീകാര്യത വർദ്ധിക്കും. ചിലരോട് എത്ര നേരം സംസാരിച്ചിരുന്നാലും നമുക്കു മുഷിയില്ല. നേരേമറിച്ച് മറ്റു ചിലരെക്കണ്ടാൽ  അവരിൽ നിന്ന് എങ്ങനെയും രക്ഷ പെട്ടുപോകണമെന്നു നമുക്കു തോന്നും. എന്താണ് ഇതിന്റെ രഹസ്യം? സ്വന്തം കാര്യങ്ങളിൽ മാത്രം താല്പര്യം കാട്ടി സ്വന്തം നേട്ടങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുക, അന്യരുടെ ദുഃഖങ്ങളിൽ അനുകമ്പ കാട്ടാതിരിക്കുക എന്ന മട്ടുകാരെ അകറ്റിനിറുത്താനാവും ആർക്കും തോന്നുക.

 

നമ്മുടെ സുഹൃത്തിന് വലിയ വിജയം കൈവന്നാൽ  അതിൽ അസൂയ തോന്നാതെ, അത് നമ്മുടെ കൂടെ വിജയമാണെന്ന് കരുതി ആഹ്ലാദിക്കാൻ കഴിയുമോയെന്ന് സ്വയം ചോദിച്ചുനോക്കുക. അർഹിക്കുന്നവരെ ബഹുമാനിക്കുമ്പോൾ നാം സ്വയം ബഹുമാനിക്കുകയുമല്ലേ?

 

മത്സരബുദ്ധി എത്ര വരെ?

ജീവിതവിജയം കൈവരിച്ചു മുന്നേറാൻ ആരോഗ്യകരമായ മത്സരം നല്ലതാണ്. പക്ഷേ മിക്കപ്പോഴും നാം കഴുത്തറുപ്പൻ കിടമത്സരത്തിൽ താല്പര്യം കാട്ടിപ്പോകുന്നു. ചുറ്റും അത് കാണുമ്പോൾ, ആ ചതിക്കുഴിയിൽ വീഴാതിരിക്കാൻ നാം മനസ്സു വയ്ക്കേണ്ടതുണ്ട്. കുട്ടികളിൽ അതിരുകവിഞ്ഞ മത്സരബുദ്ധി വളർത്തുന്ന രക്ഷിതാക്കൾ നല്ല പരിശീലനമല്ല കുട്ടികൾക്കു നല്കുന്നത്.

 

ഒരു നഴ്സറി ടീച്ചറുടെ കഥ കേൾക്കുക. ആഴ്ചതോറും ക്ലാസിൽ ടെസ്റ്റ് നടത്തി കുട്ടികൾക്കു റാങ്ക് നല്കും. പക്ഷേ എല്ലാ കുട്ടികൾക്കും ഉയർന്ന റാങ്കുതന്നെ വേണം. റാങ്ക്  കുറഞ്ഞവരുടെ രക്ഷിതാക്കൾ പരാതിയുമായി വന്നുതുടങ്ങി. നഴ്സറി ക്ലാസിലെ ഉയർന്ന റാങ്കുകൊണ്ട് എന്തു ഗുണമാണെന്നു നമുക്കു ചോദിക്കാതിരിക്കാം. ഏതായാലും, വിഷമത്തിലായ ടീച്ചർക്ക് ഒരു ഉപായം തോന്നി. 30 കുട്ടികളുണ്ടായിരുന്ന ക്ലാസിലെ 15 പേർക്ക്  ഒന്നാം റാങ്കും ബാക്കി 15 പേർക്ക് രണ്ടാം റാങ്കും ഇട്ടുകൊടുക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം. പക്ഷേ, തുടക്കത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കു നല്കിയ സന്ദേശം എത്ര മോശമായിരുന്നുവെന്ന് ഓർക്കുക.

 

ബുദ്ധിയും നന്മയും

ബുദ്ധിശക്തി ഏറ്റവും കൂടിയവരെയാവില്ല നാം ഇഷ്ടപ്പെടുന്നത്. ബുദ്ധിശക്തിയേറിയവരിൽ നന്മയേറണമെന്നില്ല. ബുദ്ധിശക്തിയളക്കുന്ന തോതിന് ഇന്റലിജൻസ് ക്വോഷ്യന്റ് അഥവാ ഐക്യൂ എന്നു പറയുമല്ലോ. സാധാരണക്കാരുടെ ഐക്യൂ 85നും 115നും ഇടയിലായിരിക്കും. പക്ഷേ  ഐക്യൂ 140ൽ കൂടുതലുണ്ടായിരുന്ന ഹിറ്റ്ലർ 60 ലക്ഷത്തോളം യഹൂദരെ നിഷ്കരുണം കൊന്നൊടുക്കിയതു ചരിത്രം.

 

അന്യരുടെ വികാരത്തെ മാനിച്ചു പെരുമാറുന്നവരുടെ ഇക്യൂ കൂടുതലാണെന്നു മനഃശാസ്ത്രജ്ഞരും മാനേജ്മെന്റ് വിദഗ്ധരും പറയും. ഇക്യൂ എന്നാൽ ഇമോഷനൽ ക്വോഷ്യന്റ് അഥവാ വൈകാരികബുദ്ധിശക്തി. ഇക്യൂ കൂടിയവരുടെ പെരുമാറ്റം ആകർഷകമായിരിക്കും. പക്ഷേ ഐക്യൂ കൂടുതലും ഇക്യൂ കുറവുമാണെങ്കിൽ, എന്നെക്കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന്  അഹങ്കാരത്തോടെ ചിന്തിച്ച് സമൂഹത്തിൽ ഒറ്റപ്പെടും. 

 

എന്നാൽ ഇക്യൂ ഉയർന്നിരുന്നാലോ? നമുക്ക് സഹകരണത്തിനും ടീംവർക്കിനും താല്പര്യം കൂടും. അന്യരോട് സ്നേഹവും കാരുണ്യവും കാട്ടണമെന്നു തോന്നും. ബുദ്ധിശക്തിയളക്കുന്ന ഐക്യൂ ജന്മസിദ്ധമാണ്; നമുക്കത് കൂട്ടാൻ കഴിയില്ല, പക്ഷേ ബോധപൂർവം പ്രവർത്തിച്ച് ഇക്യൂ വളർത്താൻ കഴിയും. അതോടെ പെരുമാറ്റരീതി മെച്ചപ്പെടും. അഹങ്കാരവും പരപുച്ഛവുമല്ല, വിനയവും സ്നേഹവുമാണ് വേണ്ടതെന്ന് തോന്നും. നാം ആ വഴിക്കു നീങ്ങുകയും ചെയ്യും. ഓരോ ദിവസവും നാം എന്തു നന്മ ചെയ്തു, അന്യരെ എങ്ങനെ സഹായിക്കാൻ കഴിഞ്ഞു എന്ന് സ്വയം വിലയിരുത്തി, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമുക്കു കഴിയും.

 

നല്ലതും അല്ലാത്തതും

നല്ലതേത്, അല്ലാത്തതേത് എന്നു തിരിച്ചറിയുന്നതിലുമുണ്ട് ചില സമീപനങ്ങൾ. ഒരു സംഭവകഥ കേൾക്കുക. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൻ ഒരു ദിവസം സ്കൂളിൽ നിന്നു വന്ന് അമ്മയോട് ചോദിച്ചു, ‘ഞാൻ ഗൂഡ് അല്ലേ?’ 

 

‘അതെന്താ നീ അങ്ങനെ ചോദിച്ചത്? നീ നല്ല കുട്ടിയാണല്ലോ’ എന്നായി അമ്മ. പക്ഷേ അവനു സംശയം തോന്നാൻ കാരണമുണ്ട്. അന്ന് കണക്കുപരീക്ഷയുടെ പേപ്പർ നോക്കി ടീച്ചർ തിരികെക്കൊടുത്തിരുന്നു. അവന് 50ൽ 49 മാർക്ക്. ടീച്ചർ 49ന് അടുത്ത് ‘ഗൂഡ്’ എന്നും എഴുതിയിരുന്നു. പക്ഷേ  അവൻ മാർക്കു കൂട്ടി നോക്കിയപ്പോൾ 49 ശരിയല്ല. നാല്പത്തിയേഴേയുള്ളൂ. പേപ്പറുമായി ടീച്ചറെ സമീപിച്ച് മാർക്ക് കൂട്ടിയതിൽ പിശകുണ്ടെന്നു പറഞ്ഞു. 50 മാർക്കുമുണ്ടെന്നു പറയാനാണ് കുട്ടി വന്നതെന്നു കരുതിയ ടീച്ചർ അവനെ ശകാരിച്ചു. അവൻ പറഞ്ഞു, ‘ടീച്ചർ എനിക്ക് 49 ഇല്ല, നാല്പത്തിയേഴേയുള്ളൂ.’ അവർ കൂട്ടിനോക്കി. കുട്ടി പറഞ്ഞത് ശരിയാണ്. 49 വെട്ടി, 47 ആക്കി.‌ കൂട്ടത്തിൽ ഗൂഡ്  എന്ന് എഴുതിയതും വ‌െട്ടി. ഇതാണ് കുട്ടിയെ വിഷമിപ്പിച്ചത്. പിറ്റേന്ന് അമ്മ ടീച്ചറെക്കണ്ടു. ടീച്ചർക്കു ന്യായമുണ്ടായിരുന്നു. 50ന് വെരി ഗൂഡ്, 49ന് ഗൂഡ്. ഇവനു 47 മാത്രം. പിന്നെങ്ങനെ ഗുഡ് കൊടുക്കും? പക്ഷേ തനിക്ക് 49 മാർക്കില്ല, നാല്പത്തിയേഴേയുള്ളൂ എന്നു പറഞ്ഞു ചെന്ന കുട്ടിക്ക് ‘വെരി വെരി ഗൂഡ്’ കൊടുക്കേണ്ടേ എന്നു നാം സംശയിച്ചുപോകും.

 

മുഖത്തടിച്ചപോലെ പറയണോ?

തെറ്റു പറഞ്ഞയാളുടെ മുഖത്തുനോക്കി, നിങ്ങൾ പറഞ്ഞതു മണ്ടത്തരമാണെന്ന് ആക്ഷേപിക്കാൻ ആർക്കും കഴിയും. തെറ്റുപറഞ്ഞയാളെ  തിരുത്തേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രം അതിനു തുനിഞ്ഞാൽ മതിയെന്നത് ഒരു കാര്യം, ഇനി, അങ്ങനെ തിരുത്തേണ്ടതുണ്ടെങ്കിൽ മൃദുസമീപനം മതി. ‘നിങ്ങളുടെ ഈ അഭിപ്രായം മുഴുവൻ ശരിതന്നെയോ? നമുക്ക് ഇത് മറ്റൊരു കോണിലൂടെ നോക്കാൻ കഴിയില്ലേ?’ എന്ന മട്ടിൽ മയപ്പെടുത്തി ചില സൂചനകൾ നല്കാം.  തെറ്റ് സ്വയംതിരിച്ചറിയാൻ അയാൾക്കു സാഹചര്യം ഒരുക്കാം.

 

ഏതു സാഹചര്യത്തിലും അന്യരെ ദുഃഖിപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുന്നതല്ലേ നല്ലത്? തെറ്റുകാരന്റെ മേൽ കുതിരകയറുന്നതുകൊണ്ട് നമുക്കു ഒരു ഗുണവും കിട്ടുന്നില്ല. ഒരുപക്ഷേ നാളെ നാം അതിലും വലിയ തെറ്റു ചെയ്തപോയെന്നും വരാമല്ലോ.

 

ഒരു പുഞ്ചിരി, തെല്ലു സ്നേഹം. ഇതൊന്നും വലിയ പ്രയാസമുള്ള കാര്യമല്ല, പക്ഷേ നാം മിക്കപ്പോഴും അനാവശ്യമായി ബലംപിടിക്കുകയും അന്യരെ കുറ്റപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യാറില്ലേ? അത് അന്യർക്കു  വേദനയുണ്ടാക്കുമെന്നല്ലാതെ നമുക്കു യാതൊരു ഗുണവും ചെയ്യുന്നേയില്ല.

 

ജോലി കഠിനമെന്നു കരുതേണ്ട

താൻ ഹാർഡ് വർക്ക് ചെയ്യുകയാണെന്നു പലരും പറയാറുണ്ട്. ശരിക്കും കഠിനജോലി തന്നെയായിരിക്കുമോ അവർ ചെയ്യുന്നത്? അവർ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമല്ലേ ചെയ്യാറുള്ളത്? ജോലി രസകരമെന്നു ചിന്തിച്ചാൽ, ഒരു ജോലിയും കഠിനമെന്നു തോന്നില്ല. ജോലിയെപ്പറ്റി  പരാതി പറയേണ്ടി വരുകയുമില്ല. പ്രയാസമുള്ള ജോലികൾ ആഹ്ലാദകരമെന്നു കരുതി മുന്നേറിയാൽ സംതൃപ്തിയടക്കം പല നേട്ടങ്ങളും കൈവരും. 

 

ഒരു ഉദാഹരണം. 22 വയസ്സായ മകൻ ഒരു നാൾ വീട്ടിൽ വന്നുകയറി അമ്മയെ വിളിച്ചു പറയുന്നു, ‘പരീക്ഷാഫലം വന്നു. അമ്മേ, ഞാൻ മെക്കാനിക്കൽ എൻജിനീയറിങ്  ബിടെക് പാസ്സായി. 75% മാർക്കുണ്ട്’. ഇതു കേൾക്കുന്ന അമ്മയ്ക്കു ലഭിക്കുന്ന സന്തോഷം വെറുതേ കൈവരുമോ? എത്രയോ വർഷം എന്തെല്ലാം ക്ലേശങ്ങൾ ആ അമ്മ മകനുവേണ്ടി സഹിച്ചിരിക്കണം? ശൈശവം മുതൽ അവന്റെ ആരോഗ്യവും പഠനവും സ്കൂൾ–കോളജ് പ്രവേശനവും സംബന്ധിച്ച് എത്ര പിരിമുറുക്കം പലപ്പോഴായി അനുഭവിച്ചിരിക്കണം? അതെല്ലാം ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്നല്ല, സന്തോഷകരമായ കൃത്യങ്ങളാണെന്നാണ് അച്ഛനമ്മമാർ ചിന്തിക്കാറുള്ളത്.

 

ഏതു കാര്യം ചെയ്യേണ്ടപ്പോഴും ‘പിന്നെയാവട്ടെ, പിന്നെയാവട്ടെ’ എന്ന്് മടിയന്മാരുടെ രീതിയിൽ ചിന്തിക്കുന്നവർക്ക് ഏറെ  വിജയങ്ങൾ നേടാനാവില്ല. ഉത്സാഹവും ഉന്മേഷവും കാട്ടി ചെയ്യേണ്ടതെല്ലാം ചുറുചുറുക്കോടെ അപ്പപ്പോൾ സന്തോഷത്തോടെ ചെയ്തുതീർക്കുന്നവർ ഏറെക്കാര്യങ്ങൾ നേടുന്നു.

 

ചില കാര്യങ്ങൾ നാം ചെയ്തേ മതിയാവൂ. അവ നേരത്തും കാലത്തും  ചെയ്യാതെ വീഴ്ചവരുത്തി, പിന്നീട് പരാതിപ്പെടുകയും അന്യരെ പഴിക്കുകയും ചെയ്യുന്നതുകൊണ്ട് നമുക്കു യാതൊരു ഗുണവുമില്ല. സ്വന്തം വീഴ്ച മറച്ചുവച്ച് അന്യരെ കുറ്റപ്പെടുത്തുന്നവരെ ആരും ഇഷ്ടപ്പെടുന്നുമില്ല. 

 

‘എന്നെ എല്ലാവരും ഇഷ്ടപ്പെടണം’ എന്ന് ഏവരും ആഗ്രഹിക്കും. പക്ഷേ അങ്ങനെ ഇഷ്ടപ്പെടണമെങ്കിൽ, നാം അതിനനുസരിച്ച് നിരന്തരം പ്രവർത്തിക്കേണ്ടതുണ്ട്. കൂടുതൽ ചെയ്യുന്നതുകൊണ്ട് ആർക്കും ദോഷമുണ്ടാകാറില്ല. വിയർപ്പിൽ മുങ്ങി മരിച്ചവരില്ലെന്നും ഓർക്കാം.

 

ഏതെങ്കിലും കാര്യം ചെയ്യേണ്ടപ്പോൾ ‘എനിക്കിപ്പോൾ മൂഡില്ല’ എന്നുപറഞ്ഞു മാറുന്നവരുണ്ട്. മിക്കപ്പോഴും ഇത് മടിയുടെ ലക്ഷണമായിരിക്കും. കവിതയെഴുതാനോ ചിത്രം വരയ്ക്കാനോ നല്ല മൂഡ് വേണമായിരിക്കാം. ക്ലാസിലെ പാഠം പഠിക്കാനോ സാധാരണ ജോലി ചെയ്യാനോ മൂഡ് നന്നാവണമെന്നു വാശി  പിടിക്കുന്നവർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരായിരിക്കും. ഉത്സാഹശീലരെ ഐശ്വര്യം തുണയ്ക്കുമെന്ന ചൊല്ല് ഓർക്കാം. പ്രകൃതിയിൽ നിന്ന് നമുക്ക് എത്രയോ പാഠങ്ങൾ പഠിക്കാം. സൂര്യനെ നോക്കുക. ആറു മണിക്ക് ഉദിക്കേണ്ട സൂര്യൻ ഇന്ന് തെല്ല് താമസിച്ച് ഉദിച്ചുകളയാമെന്ന് ഒരിക്കൽപ്പോലും ചിന്തിക്കുന്നില്ലല്ലോ. Plan your work and work your plan എന്ന രീതി സ്വീകരിച്ചാൽ ഒരു കാര്യവും പ്രയാസമാവില്ല.              

 

കടുംപിടിത്തം വേണോ?

അഞ്ചു വയസ്സായ കുഞ്ഞ് സന്തോഷിച്ച് തനിയെ മുറ്റത്തു കളിക്കുകയായിരുന്നു. പെട്ടെന്നാണ് അവൻ ഉറക്കെ കരഞ്ഞത്. അവിടെയിരുന്ന ചെമ്പുകുടത്തിൽ അവന്റെ കൈ കുടുങ്ങി. എത്ര വലിച്ചിട്ടും പുറത്തു വരുന്നില്ല. കൈ വേദനിച്ചു തുടങ്ങി. കരയാതെ മറ്റു വഴിയില്ല. ഉറക്കെ കരഞ്ഞു. അമ്മ വന്ന് കുഞ്ഞ‌ിന്റെ കൈ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചു. ഒരു പ്രയോജനവുമില്ലെന്ന സ്ഥിതി. എവിടെയെങ്കിലും കൊണ്ടുപോയി കുടം മുറിപ്പിക്കണം. എന്നാൽ അമ്മയ്ക്ക് പെട്ടെന്ന് ഒരു ഉപായം തോന്നി.

 

അവർ സ്വന്തം കൈ പരത്തി, വിരലുകൾ വളയാതെ നീട്ടിപ്പിടിച്ചിട്ട് മകനോടു പറഞ്ഞു: ‘‘മോനേ, ഇപ്പം വേദന പോകും. അമ്മേടെ കൈ നോക്ക്. ഇതുപോലെ വിരലുകൾ വളയാതെ നീട്ടിപ്പിടിച്ച്, കൈ പതുക്കെ പുറത്തേയ്ക്കു വലിക്ക്.’’

‘‘അതു പറ്റില്ലമ്മേ. വിരലു നീട്ടിയാൽ കൈയിലിരിക്കുന്ന പൈസ താഴെ വീണുപോകും.’’

 

കുഞ്ഞിന്റെ കൈ കുടുങ്ങിയ അവസരത്തിൽ ആ നാണയത്തിനു യാതൊരു വിലയുമില്ലെന്നു നമുക്കറിയാം. പക്ഷേ, കൈ വേദനിക്കുമ്പോഴും അവൻ അതിൽ നിന്നു പിടി വിടുന്നില്ല. നാണയം നഷ്ടപ്പെടുത്താൻ തയാറുമല്ല.  നാണയം കൈവിട്ടാൽ പെട്ടെന്നു രക്ഷ നേടാമെന്ന് അവൻ ആലോചിക്കുന്നതേയില്ല. വിരൽ നീട്ടാൻ പ്രേരിപ്പിച്ചിട്ടും കുടത്തിനുള്ളിലെ അവന്റെ കൈ കടുംപിടിത്തത്തിലാണ്.

 

നമ്മളുമൊക്കെ ഇതുപോലെ പല സമീപനങ്ങളും പ്രവർത്തനരീതികളും മാറ്റുകില്ലെന്ന കടുംപിടിത്തം കാട്ടാറില്ലേ? വിജയത്തിന്റെ വഴിയതല്ല. സ്വന്തം ധാരണകളും സമീപനങ്ങളും ആവശ്യമെങ്കിൽ തിരുത്താൻ നാം തയാറാകണം. എന്റെ രീതി മാത്രം ശരി എന്ന വാശി വേണ്ട.

 

ജീവിതവിജയത്തിന് അവശ്യംവേണ്ട പല കാര്യങ്ങളിലും നാം മനസ്സു വയ്ക്കേണ്ടതാണ്. ഉടുപ്പിലും നടപ്പിലും വെടിപ്പ്, കൃത്യനിഷ്ഠ, സഹകരണശീലം, മികച്ച ആശയവിനിമയശേഷി, സ്വന്തം വിഷയത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിക്കുന്ന ശീലം, മികച്ച പൊതുവിജ്ഞാനം, വിനയത്തോടെയുള്ള പെരുമാറ്റം, വ്യത്യസ്താഭിപ്രായം പറയുന്നവരോടു സഹിഷ്ണുത, വിട്ടുവീഴ്ചയ്ക്കുള്ള മനഃസ്ഥിതി, നിയമങ്ങളോടു ബഹുമാനവും സ്വയം പാലിക്കുന്ന അച്ചടക്കവും എന്നിവ ശീലമാക്കാനുള്ള നിരന്തരപ്രയത്നം നമ്മെ വിജയത്തിലെത്തിച്ചുകൊള്ളും.

 

ആത്മവിശ്വാസത്തിൽ മുറുകെപ്പിടിക്കാം

ആത്മവിശ്വാസക്കുറവു കാരണം അർഹതയുള്ള പലതും പലർക്കും കൈവിട്ടു പോകാറുണ്ട്. ചെറിയ ഉദാഹരണം. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തുതന്നെയോ നല്ല കോഴ്സുകൾ പഠിക്കാനോ നല്ല ജോലി ചെയ്യാനോ അവസരം കിട്ടുമ്പോൾ, അതു വേണ്ടെന്നു വയ്ക്കുന്നവരുണ്ട്. അപരിചിതമായ നാടിനെയോ അപരിചിതരായ ജനങ്ങളെയോ ഭയപ്പെടുന്നതുമൂലമാവാം ഈ സമീപനം. പക്ഷേ തുടക്കത്തിൽ മാത്രമാണ് അപരിചിതത്വം എന്നതാണ് വാസ്തവം. ഏതു സാഹചര്യത്തെയും നേരിടാമെന്ന് ആത്മവിശ്വാസത്തോടെ മുന്നേറുന്നവരാവും വലിയ വിജയങ്ങൾ നേടുന്നത്.

 

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ എല്ലാവരെയും എങ്ങനെയും പിൻതള്ളി ഏതിലും മുൻനിരയിലെത്തുകയെന്നതല്ല, സ്നേഹവും സഹകരണവും വിട്ടുവീഴ്ചയുമുള്ള നല്ല മനുഷ്യരാകുകെയന്നതിനാവട്ടെ  നമ്മുടെ മുൻഗണന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com