sections
MORE

വർക് ഫ്രം ഹോം: സാഹചര്യം അവസരമാക്കാം; ലാഭം ലക്ഷങ്ങൾ!

work-from-home
SHARE

ടെക്നോ പാർക്കിലെ സ്വകാര്യ ഐടി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോൺഫിയൻസ് ഗ്ലോബൽ കമ്പനിയുടെ സിഇഒ അനൂപ് മേനോൻ ജൂലൈ ആദ്യം വർക് ഫ്രം ഹോമിലുള്ള ജീവനക്കാർക്കൊരു വിഡിയോ സന്ദേശമയച്ചു. "സുഹൃത്തുക്കളേ, നമ്മൾ നമ്മുടെ ഓഫിസ് വിടുകയാണ്.” ആദ്യം അമ്പരന്നെങ്കിലും എല്ലാവരും പിന്തുണച്ചു. 5 മാസത്തോളമായി ജീവനക്കാർ വർക് ഫ്രം ഹോമിലാണ്. 12,000 ചതുരശ്രയടി ഓഫിസ് വെറുതെ കിടക്കുന്നു. മാസം 6 ലക്ഷത്തിലധികം രൂപയാണു വാടകയും. 

എല്ലാ ജീവനക്കാർക്കും അവരുടെ കംപ്യൂട്ടറുകൾ വീടുകളിലെത്തിച്ചു നൽകി. ബാക്കി സാധനങ്ങള്‍ സൂക്ഷിക്കാന്‍ ടെക്നോപാർക്കിനു പുറത്ത് 10,000 രൂപയ്ക്കൊരു വീട് വാടകയ്ക്കെടുത്തു. സെർവർ കംപ്യൂട്ടറുകൾ അവിടെ സജ്ജീകരിച്ചു. നേരത്തെയുള്ള സെക്യൂരിറ്റി ജീവനക്കാരനെ വീടിന്റെ ചുമതലയേൽപ്പിച്ചു. ചുരുക്കത്തിൽ ആരെയും പിരിച്ചുവിട്ടില്ല. 

6 ലക്ഷത്തിലധികം രൂപ നൽകിയിരുന്നിടത്ത് പുതിയ നീക്കത്തോടെ മാസം വൈദ്യുതി ചാർജ് ഉൾപ്പെടെ 30,000 രൂപയിൽ താഴെ മാത്രം ചെലവ്. ലാഭിക്കുന്ന തുക ജീവനക്കാർക്ക് യുപിഎസ് സൗകര്യം ഒരുക്കാനും വീട്ടിലെ ബ്രോഡ്ബാൻഡ് ചെലവുകൾക്കുമായി മാറ്റിവച്ചു. എല്ലാവരും ഹാപ്പി. കോവിഡ് കഴിയുമ്പോൾ ടെക്നോപാർക്കിൽ തന്നെ വിശാലമായ ഒരു ഓഫിസ് എടുക്കാനാണ് അനൂപിന്റെ പ്ലാൻ.

ഐടി പാർക്കുകളിലെ വിലാസം പോലും തൽക്കാലം വേണ്ടെന്നു വച്ച് ഇരുപതോളം ഐടി കമ്പനികളാണ് ഈയിടെ തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇതുപോലെ പൂർണമായി വെർച്വലായത്.

വർക് ഫ്രം ഹോം: 75 % ഫലപ്രദം

വർക് ഫ്രം ഹോം സംബന്ധിച്ച് ടെക്നോപാർക്ക് നടത്തിയ സർവേയിൽ ഭൂരിഭാഗം കമ്പനികളും 75 ശതമാനത്തിലധികം കാര്യക്ഷമത ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 

വർക് ഫ്രം ഹോം മാസങ്ങളോളം തുടരുമെങ്കിലും ആളുകൾ തമ്മിലുള്ള സാമൂഹിക അടുപ്പം കുറയുന്നത് പ്രശ്നമാകാനിടയുണ്ടെന്ന് മിക്ക കമ്പനികളും ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്, വൈദ്യുതി ഉൾപ്പെടെയുള്ളവയിൽ വരുന്ന തടസ്സങ്ങളുമുണ്ട്. നിലവിൽ ടെക്നോപാർക്കിലെ 90 ശതമാനത്തിലധികം ഐടി ജീവനക്കാർ വീട്ടിലാണെങ്കിലും കോവിഡ് ഭീതി ഒഴിയുന്നതോടെ അവർക്ക് തിരിച്ചുവരാതിരിക്കാൻ കഴിയില്ലെന്നാണ് ടെക്നോപാർക് സിഇഒ പി.എ ശശി പറയുന്നത്. 

പൂർണമായുള്ള വർക് ഫ്രം ഹോമിനു പകരം വീടും ഓഫിസും കൂടിക്കലർന്ന ഹൈബ്രിഡ് മോഡലായിരിക്കും ഭാവിയെന്നാണ് ടെക്നോപാർക്കിന്റെ വിലയിരുത്തൽ. ഓഫിസിൽ ചായയ്ക്കുള്ള ഇടവേളകളും വാട്ടർ കൂളറിൽ വെള്ളമെടുക്കാൻ പോകുമ്പോഴുള്ള ഗോസിപ്പുകളും മിസ് ചെയ്യുന്നത് 64 % പേരെ ബാധിച്ചതായാണ് സിസ്കോ പുറത്തിറക്കിയ സർവേ റിപ്പോർട്ടില്‍ പറയുന്നത്. 

വീട്ടിലായതിനാൽ ജോലിയും വ്യക്തിജീവിതവും തമ്മിൽ വേർതിരിക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്. സാധാരണ ഡ്യൂട്ടി ടൈം കഴിഞ്ഞാലും പലർക്കും വീട്ടിലിരുന്നു ജോലിയിൽ തുടരേണ്ടതായി വരുന്നു.

റിക്രൂട്മെന്റുകൾക്കും ഇടവേള

ഐടി കമ്പനികൾ ആളുകളെ റിക്രൂട്ട് ചെയ്യാത്തത് സാമ്പത്തികപ്രതിസന്ധി മൂലം മാത്രമല്ല. ഫ്രഷേഴ്സിനെ റിക്രൂട്ട് ചെയ്താലും വർക് ഫ്രം ഹോം തുടരുന്നതിനാൽ കമ്പനികളുടെ മൂല്യങ്ങളും രീതികളും അവരെ പഠിപ്പിക്കാൻ കഴിയുന്നില്ലെന്ന് കെയർസ്റ്റാക്ക് ഹെഡ് ഓഫ് ഓപ്പറേഷൻസ് അർജുൻ സതീഷ് പറയുന്നു. ഇൻഫോപാർക്കിലുള്ള ഒരു കമ്പനിക്ക് 60 പേരെ അത്യാവശ്യമായി വേണ്ടിയിരുന്നിട്ടും റിക്രൂട്ട് ചെയ്യാതിരുന്നത് ഇക്കാരണത്താലാണ്.

പുത്തൻ ഐഡിയകളും

വർക് ഫ്രം ഹോം മൂലം നഗരങ്ങളിൽ നിന്ന് വാടകവീട് ഒഴിഞ്ഞുപോകുന്നവരുടെ സാധനങ്ങൾ ഭദ്രമായി സൂക്ഷിച്ചുവയ്ക്കാനുള്ള താൽക്കാലിക സ്റ്റോറേജ് ബിസിനസ് ബെംഗളൂരുവിനു പുറമേ കേരളത്തിലുമായിത്തുടങ്ങി. 1 ബിഎച്ച്കെ ഫ്ലാറ്റിലെ ഉപകരണങ്ങൾ സൂക്ഷിക്കാൻ മാസം 3,000 രൂപയോളമാണ് വാടക. 

2 ബിഎച്ച്കെ എങ്കിൽ അത് 4,000 ആകും. സാധനങ്ങൾ സൂക്ഷിക്കാൻ ഒരു മുറി പ്രത്യേകമായി വേണമെങ്കിൽ തുക അൽപം കൂടി കൂടും. അടുത്തടുത്ത് വാടകയ്ക്ക് വീടെടുത്ത സുഹൃത്തുക്കൾ അവരുടെയെല്ലാം ഉപകരണങ്ങൾ ഒരു വീട്ടിലേക്ക് മാറ്റിയശേഷം ആ വീടിന്റെ വാടക വീതിക്കുന്ന റെന്റൽ ഷെയർ രീതിയും വ്യാപകമാകുന്നു.

English Summary: Work From Home New Scope And Ideas

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA