sections
MORE

ജീവിതത്തിൽ പുരോഗതി വേണോ?; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

computer
SHARE

പഴയതു നശിച്ച് പുതുനാമ്പ് പിറക്കുന്നതു പ്രകൃതിനിയമം. പഴയതേ നല്ലൂ, പുതുതെല്ലാം വർജ്യം എന്ന കടുത്ത യാഥാസ്ഥിതികത്വം വളർച്ചയുടെ ശത്രു. പഴമയെല്ലാം പാഴ്, പുതുമയെല്ലാം നന്ന് എന്ന സമീപനത്തിലുമുണ്ട് അപകടം.

ക്രാന്തദർശിയായ കാളിദാസൻ ഇക്കാര്യം പണ്ടേ മനോഹരമായി പറഞ്ഞുവച്ചു:

‘പുരാണമിത്യേവ ന സാധു സർവം

 ന ചാപി കാവ്യം നവമിത്യവദ്യം

 സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ

 മൂഢഃ പരപ്രത്യയനേയബുദ്ധിഃ’

(പഴയതായതുകൊണ്ടു മാത്രം എല്ലാ കാവ്യവും നന്നല്ല. പുതിയതെല്ലാം നിന്ദ്യവുമല്ല. വി‍ജ്ഞർ വിചാരണ കഴിച്ച് തീരുമാനിക്കും. അജ്ഞർ വല്ലവരും പറയുന്നതു വിശ്വസിക്കും. : ‘മാളവികാഗ്നിമിത്രം’ നാടകത്തിന്റെ തുടക്കത്തിൽ സൂത്രധാരൻ സഹായിയോടു പറയുന്നത്.)

സയൻസും ടെക്നോളജിയും വെറുതേ വളരുകയല്ല, ഞെട്ടിക്കുംവിധം നിത്യവുമെന്നോണം കുതിച്ചു മുന്നേറുകയാണ്. ഇലക്ട്രോണിക്സും കംപ്യൂട്ടർസയൻസും ബയോടെക്നോളജിയും നാനോടെക്നോളജിയും മനുഷ്യജീവിതശൈലി ഇളക്കിമറിച്ചുകൊണ്ടേയിരിക്കും.

തെങ്ങോലപ്പീപ്പിയും, ഈർക്കിൽ–വെള്ളയ്ക്കത്തേരും ഉണ്ടാക്കി രസിച്ചിരുന്ന പ്രാകൃതബാല്യമെവിടെ? മൂന്നാം വയസ്സിൽ മൊബൈൽ ആപ്പുകൾ സ്വയം പ്രവർത്തിപ്പിച്ചു രസിക്കുന്ന വിസ്മയബാല്യമെവിടെ?

കഴിഞ്ഞ ദിവസം ഒരു രസികൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ സരസമായി പറഞ്ഞതിന്റെ സാരമിങ്ങനെ:

ടെലിവിഷൻ വന്നതോടെ വായിക്കാൻ മറന്നു. കാർ വന്നതോടെ നടക്കാൻ മറന്നു. മൊബൈൽഫോൺ പുതിയ അവയവമായതോടെ കത്തെഴുതാൻ മറന്നു. കംപ്യൂട്ടറിൽ സ്പെൽച്ചെക്ക് വന്നതോടെ ഒരു സ്പെല്ലിങ്ങും അറിയാതായി. എസി വന്നതോടെ വിശറിയും മരത്തണലും വേണ്ട. നഗരത്തിലെ ഫ്ലാറ്റിൽ താമസമായതോടെ പുൽച്ചെടി അറിയില്ല, മണ്ണിന്റെ മണം അറിയില്ല, കിളികളടെ സംഗീതം അറിയില്ല. എടിഎം കാർഡും ഓൺലൈൻ ബാങ്കിങ്ങും ആക്രമിച്ചു കയറിയതോടെ രൂപ കൈകൊണ്ടെണ്ണാതായി. അതോടെ രൂപയുടെ വിലയറിയാതെയുമായി. 

ഇത്രയുമായപ്പോൾ, ഞാൻ പണ്ടുകണ്ട വിദേശകാർട്ടൂണിനെപ്പറ്റി പറഞ്ഞു. നാലുവയസ്സുകാരനെ അപ്പൂപ്പൻ മഹാനഗരത്തിലെ പൂന്തോട്ടം കാണിക്കാൻ കൊണ്ടുപോയി. ഫ്ലാറ്റിൽ മാത്രം ജീവിച്ചിരുന്ന കുഞ്ഞ് ആദ്യമായി റോസാപ്പൂ കണ്ടു. അത്ഭുതത്തോടെ നോക്കി. അടുത്തുചെന്ന് മണത്തു. ‘‘അപ്പൂപ്പാ, ഈ പൂവിന് പെർഫ്യൂമിന്റെ അതേ മണം.’’ വൃദ്ധൻ മേലോട്ടു നോക്കിപ്പോയി.

രസികൻ തുടർന്നു. അതുതന്നെയാണ് ഞാൻ പറയാൻ തുടങ്ങിയത്. എന്റെ കുട്ടിയുടെ അനുഭവവും അതുതന്നെ. ഏഴു വയസ്സായ ചെറുമകൻ അമേരിക്കയിൽനിന്ന് ആദ്യമായി നാട്ടിലെത്തി. പശുവിനെക്കറക്കുന്നതു കാണാൻ തൊഴുത്തിൽപ്പോയി. അല്പം കഴിഞ്ഞ് അറപ്പു സഹിയാതെ തിരികെ ഓടിയെത്തി. ‘‘ഞങ്ങൾക്ക് അവിടെ പാൽ ഇങ്ങനെ വൃത്തികെട്ട പശുവിൽനിന്നല്ല കിട്ടുന്നത്. ഒന്നാന്തരം പ്ലാസ്റ്റിക്  കൂടിൽ  സീൽ ചെയ്തു കിട്ടും. ഇവിടുത്തെ പാൽ ഞാൻ കുടിക്കില്ല.’’

ഫാസ്റ്റ്ഫൂഡ് വന്നതോടെ അവിയലും പുളിശ്ശേരിയും വേണ്ട. എപ്പോഴും നെട്ടോട്ടം, ഒന്നിനും നേരമില്ല. കറക്കിവിട്ട പമ്പരം കുറെക്കഴിഞ്ഞു നില്ക്കും; എന്റെ കറക്കം നിൽക്കില്ല. വാട്സാപ് വന്നതോടെ സംസാരിക്കാൻ മറന്നു. മൂന്നു സ്ക്രീനുകളിൽ ജീവിതം ഒതുങ്ങി – ടിവി സ്ക്രീൻ, കംപ്യൂട്ടർ സ്ക്രീൻ, മൊബൈൽ സ്ക്രീൻ. 

ഇപ്പോൾ ആത്മപ്രശംസ പറഞ്ഞുകേൾപ്പിക്കാൻ ആരെയും കിട്ടില്ല. അതിനാൽ വീട്ടിൽ ചക്ക മുറിച്ചാലും അത് ക്യാമറയിൽ പകർത്തി ഫേസ്ബുക്കിലിട്ട് മേനിനടിക്കും. എത്രപേർ ലൈക് ചെയ്തെന്നു ഓരോ പത്തു മിനിറ്റിലും എണ്ണും. കൂട്ടുകാരെല്ലാം  ലൈക്കടിത്തിരക്കിലാണ്. ഒന്നിനും നേരം തികയുന്നില്ല. അടുത്ത ഫ്ലാറ്റിലെ താമസക്കാരന്റെ മുഖം കണ്ടാലറിയില്ല. ഒരിക്കൽ ഫേസ്ബുക്കിൽക്കണ്ട ഓർമ്മ മാത്രം. വിനിമയം ഹൃദയത്തിലെ അറകൾ തമ്മിലെപ്പോലെയായി. തൊട്ടടുത്ത അറയിലേക്ക് രക്തമെത്താൻ കാലിലെ പെരുവിരലിന്റെ അറ്റംവരെ ഒഴുകിപ്പോയി മടങ്ങിയെത്തണം.

ഇതിൽനിന്നെല്ലാം പഴയതിലേക്ക് മടങ്ങിപ്പോക്കുണ്ടോ? ഇല്ലേയില്ല. അല്ല, എന്തിനങ്ങനെ  മടങ്ങണം?  അറുപതുകാരന് ആറുവയസ്സുകാരനാകാൻ കഴിയുമോ? ദിവാസ്വപ്നം ഉപേക്ഷിക്കാം. യാഥാർത്ഥ്യം അംഗീകരിക്കാം. മാറ്റങ്ങളിൽ സന്തോഷിക്കാം. മനുഷ്യത്വം മറക്കരുതെന്നു മാത്രം. കാരുണ്യമില്ലെങ്കിൽ മാനവജീവിതമില്ല.

നിമിഷംതോറും പുത്തനറിവുകൾ വന്നു മറിയുകയാണ്. അറിവു നിസ്സാരമല്ല. പണ്ട് ബർണാഡ് ഷാ പറഞ്ഞതോർമ്മയില്ലേ? ‘പതിനൊന്ന് എന്നത് ഗണിതശാസ്ത്രജ്ഞനു വെറും സംഖ്യ. പത്തു വിരലിനപ്പുറം എണ്ണാനറിയാത്ത നിരക്ഷരനായ വനവാസിക്ക് അത് എല്ലാക്കണക്കിനും അതീതമായ അനന്തം.’

വെള്ളം പാത്രത്തിന്റെ ആകൃതി കൈക്കൊള്ളും; നമുക്കും സാഹചര്യമനുസരിച്ച് മാറാനാവുമെന്നു ചൈനീസ് മൊഴി. വെയിലത്തെ നിഴലിനു പോലുമില്ല സ്ഥിരത. പിന്നെയല്ലേ മനുഷ്യജീവിതത്തിന്? മാറ്റത്തെപ്പറ്റി പരാതി വേണ്ട. കടലിലെ തവളയോടു കിണറ്റുതവള വിഡ്ഢിച്ചോദ്യം ചോദിച്ച കഥ വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്. കിണറ്റിനു കുറുകെ ചാടിയിട്ട്, കടൽ ഇത്ര വരുമോയെന്ന ചോദ്യം. അതിലേറെ മാറ്റത്തെപ്പറ്റി ചിന്തിക്കാൻ അതിനു കഴിയില്ല. മാറ്റത്തിനു പരിധിയില്ല. മാറ്റമില്ലാത്താതായി മാറ്റം മാത്രം.

മാറ്റങ്ങളെപ്പറ്റി ആഴത്തിൽ പഠിച്ച് പരിണാമസിദ്ധാന്തം ആവിഷ്കരിച്ച ചാൾസ്  ഡാർവിൻ : ‘ഏറ്റവും  കൂടുതൽ ശക്തിയോ ബുദ്ധിയോ ഉള്ളവയല്ല മറിച്ച് മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് അതിജീവിക്കുന്നത്.’

പുരോഗതി വേണമെങ്കിൽ മാറ്റവും വേണം. പരിണാമചക്രം തിരിയുമ്പോൾ മുകളിലുള്ളവർ താഴോട്ടും താഴെയുള്ളവർ മേലോട്ടും പോകുമെന്ന് ജവാഹർലാൽ നെഹ്രു. ലോകത്ത് വരണമെന്നു നിങ്ങളാഗ്രഹിക്കുന്ന മാറ്റം നിങ്ങൾതന്നെയാവണമെന്നു ഗാന്ധിജി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോൾഡ് വിൽസൻ കടത്തിപ്പറഞ്ഞു, ‘മാറ്റത്തെ തള്ളിപ്പറയുന്നയാൾ ജീർണ്ണതയുടെ ശില്പി. പുരോഗതിയെ തള്ളിപ്പറയുന്നത് ശവപ്പറമ്പു മാത്രം.’

ദാർശനികമായാണ് മാറ്റത്തെക്കുറിച്ച് ലിയോ ടോൾസ്റ്റോയ് ചിന്തിച്ചത് : ‘ലോകം മാറണമെന്ന് മാലോ‌കരെല്ലാം ചിന്തിക്കുന്നു. പക്ഷേ സ്വയം മാറുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല.’  ‘കൗശലക്കാരനായതിനാൽ ഇന്നലെയെനിക്കു തോന്നി, ലോകത്തെ മാറ്റിക്കളയാമെന്ന്. ഇന്നെനിക്കു വിവേകമുണ്ട്. അതിനാൽ സ്വയം മാറുന്നു’ എന്ന് സൂഫി മിസ്റ്റിക്കായിരുന്ന റൂമി. ഇരുളും വെളിച്ചവും മാറിമാറി വരുന്നതല്ലേ ജീവിതം? ചന്ദ്രൻ പൂർണനായാലുടൻ ക്ഷയിച്ചുതുടങ്ങുന്നു. മാറ്റങ്ങളെല്ലാം വളർച്ചയല്ലെന്നതിനു തെളിവ്. ചലനമെല്ലാം മുന്നോട്ടല്ലല്ലോ.

പഴമയിലെ പിടിവിടാതെ, കണ്ണടച്ച് മാറ്റങ്ങളെ പഴിച്ച് പരിഹാസ്യരാകേണ്ട. കാളിദാസൻ പറഞ്ഞതുപോലെ, വിചാരണകഴിച്ച് മാറ്റങ്ങൾ തിരഞ്ഞെടുക്കാം. അവയുമായൊത്തു പോകുകയുമാകാം.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA