ADVERTISEMENT

എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഏഴു മാസം മാത്രം ശേഷിക്കേ 14 ജില്ലകളിലുമായി  ഇതുവരെ  നിയമനം ലഭിച്ചത് 4330 പേർക്കു മാത്രം.  നിലവിലുള്ള  റാങ്ക് ലിസ്റ്റുകളിൽ നിന്ന് 6332 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ആകെ നിയമന ശുപാർശയിൽ നിന്ന് എൻജെഡി, തസ്തികമാറ്റം വഴിയുള്ള നിയമനം എന്നിവ കുറച്ചാൽ 4330 പേർക്കേ നിയമനം ലഭിച്ചുള്ളൂവെന്ന് വ്യക്തമാകും. 14 ജില്ലകളിലായി എൽഡിസിയുടെ 1595 എൻജെഡി ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തസ്തികമാറ്റം വഴി നിയമനം 407 പേർക്ക് (ഇതിന് പ്രത്യേക റാങ്ക് ലിസ്റ്റുണ്ട്). ഇതു രണ്ടുംകൂടി ചേർത്താൽ 2002. ഇത് ആകെ നിയമന ശുപാർശയിൽ നിന്നു കുറച്ചാൽ ലഭിക്കുന്നത് 4330. ഇത്രയും പേർക്കാണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭിന്നശേഷിക്കാരുടെയും തസ്തികമാറ്റം വഴിയുള്ളവരുടെയും എൻജെഡിയുടെ കണക്കുകൾ  വെബ്സൈറ്റിൽ പ്രത്യേകം നൽകിയിട്ടുണ്ട്. മറ്റു ജില്ലകളിലെ വിവരം ലഭ്യമല്ല.

 

നിയമന ശുപാർശ എല്ലാം നിയമനമല്ല

റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ നൽകിയവരുടെ എണ്ണം മാത്രമേ പുറത്തറിയുന്നുള്ളൂ. എന്നാൽ നിയമനം ലഭിച്ചവരുടെ എണ്ണം ഇതിൽ നിന്ന് വളരെ കുറവായിരിക്കും. ഉദാഹരണത്തിന് 10 പേർക്ക് പിഎസ്‌സി നിയമന ശുപാർശ അയച്ചാൽ ചില സാഹചര്യത്തിൽ 5 പേർ മാത്രമേ ജോലിയിൽ പ്രവേശിക്കാറൂള്ളൂ. ബാക്കി 5 ഒഴിവുകൾ എൻജെഡി (നോട്ട് ജോയിനിങ് ഡ്യൂട്ടി) ആയി പിഎസ്‌സിയിൽ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടും. എന്നാൽ നിയമന ശുപാർശയുടെ കണക്ക് 10തന്നെ ആയിരിക്കും. എൻജെഡി ആയി റിപ്പോർട്ട് ചെയ്ത 5 ഒഴിവിൽ പിഎസ്‌സി നിയമന ശുപാർശ നൽകുമ്പോൾ ആകെ ശുപാർശ 15 ആയി ഉയരും. എന്നാൽ യഥാർഥത്തിൽ നിയമനം ലഭിച്ചത് 5 പേർക്കു മാത്രം. 5 എൻജെഡി ഒഴിവുകളിൽ നൽകിയ നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ 3 പേർ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ഇത് വീണ്ടും എൻജെഡി ആയി റിപ്പോർട്ട് ചെയ്യും. പിഎസ്‌സി ഈ ഒഴിവുകളിൽ നിയമന ശുപാർശ നൽകുമ്പോൾ ആകെ നിയമന ശുപാർശ 18 ആയി ഉയരും. എന്നാൽ ജോലി ലഭിച്ചവരുടെ എണ്ണം വെറും 7 മാത്രം. എൻജെഡിക്കൊപ്പം തസ്തികമാറ്റം വഴി നിയമനം ലഭിച്ചവരുടെ കണക്കുകൂടി ചേർത്താണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലെ ആകെ നിയമന ശുപാർശയുടെ എണ്ണം പ്രസിദ്ധീകരിക്കുന്നത്. ഇതുകൂടി കുറച്ചാൽ നേരിട്ടുള്ള നിയമനത്തിന്റെ റാങ്ക് ലിസ്റ്റിൽ നിന്നു നടക്കുന്ന നിയമനങ്ങൾ വൻതോതിൽ കുറയും. 

നിയമനം കുറഞ്ഞു

ldc-ranklist

14 ജില്ലകളിലുമായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 17% നിയമന ശുപാർശ മാത്രം. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,413 പേർക്കാണ് ശുപാർശ നൽകിയത്.  നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന 2021 ഏപ്രിൽ ഒന്നിനുള്ളിൽ പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിരാശരാകേണ്ടി വരും. മെയിൻ, സപ്ലിമെന്ററി, ഭിന്നശേഷി വിഭാഗങ്ങളിൽ 36,783 പേരാണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഒാരോ വർഷവും ഒഴിവുകൾ കുറയുന്നു

എൽഡി ക്ലാർക്ക് തസ്തികയിൽ ഒാരോ വർഷവും ഒഴിവുകൾ കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 6332 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ തവണത്തെ എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്ന് 11,413 പേർക്ക് നിയമന ശുപാർശ നൽകി. അതിനു മുൻപുള്ള (2012) റാങ്ക് ലിസ്റ്റിൽ നിന്ന് 12,181 പേർക്കും അതിനും മുൻപത്തെ (2009) റാങ്ക് ലിസ്റ്റിൽ നിന്ന് 15,357 പേർക്കുമാണ് നിയമന ശുപാർശ നൽകിയത്. മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് പുതിയ റാങ്ക് ലിസ്റ്റുകളിൽ നിയമനം കുറയുന്നതല്ലാതെ കൂടുന്നില്ല.   

ldc-ranklists

നിലവിലുള്ളതുൾപ്പെടെ 4 എൽഡിസി റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശാ താരതമ്യം

കാരണങ്ങൾ നിരവധി...

ുതിയ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിയന്ത്രണത്തിൽ  തുടങ്ങി  കണക്കിലധികം ആശ്രിത നിയമനം നടത്തുന്നതുവരെയുള്ള നിരവധി വിഷയങ്ങൾ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കുറയുന്നതിനുള്ള കാരണങ്ങളാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ്, എക്സൈസ്, റജിസ്ട്രേഷൻ തുടങ്ങി ധാരാളം വകുപ്പുകളിൽ വേണ്ടത്ര ക്ലാർക്ക് തസ്തിക നിലവിലില്ലെന്ന് ഉദ്യോഗാർഥികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറാകാത്തത് ഈ വകുപ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

ആശ്രിത നിയമനത്തെ ആശ്രയിച്ച്

ആശ്രിത നിയമനം 5ശതമാനമായി നിജപ്പെടുത്തിയിട്ടും ധാരാളം വകുപ്പുകളിൽ ഇത് അട്ടിമറിക്കപ്പെടുന്നു. ആശ്രിത നിയമനം നടത്തിയ ശേഷം ബാക്കിയുള്ള ഒഴിവുകൾ മാത്രമേ ചില വകുപ്പുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. ആരോഗ്യ വകുപ്പിൽ 100 ഒഴിവുകൾ ഉണ്ടായതിൽ 97ലും ആശ്രിത നിയമനമാണ് നടത്തിയത്. പഞ്ചായത്ത് വകുപ്പിൽ 256 ഒഴിവുകളാണ് ആശ്രിത നിയമനത്തിനായി നീക്കിവച്ചിരിക്കുന്നത്. റിലീവ് ഒഴിവുകൾ ഉണ്ടാകുമ്പോൾ അത് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെയും ആശ്രിത നിയമനത്തിനായി വകമാറ്റുന്നുണ്ട്.  റവന്യൂ  വകുപ്പിലാണ് ഇത് കൂടുതലായി നടക്കുന്നത്.

ഒഴിവില്ല; പക്ഷേ, താൽക്കാലികക്കാരുണ്ട്

ആറു മാസത്തിലധികമായി നിലവിലുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതു കൃത്യമായി പാലിക്കാൻ വിവിധ വകുപ്പുകൾ ഒരുക്കമല്ല. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിൽ താൽക്കാലികക്കാരെ നിയമിക്കാനാണ് ഇവർക്കു താൽപര്യം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും നിയമിക്കുന്ന ഇവരെ അവസരം ലഭിക്കുമ്പോൾ സ്ഥിരപ്പെടുത്തുന്നതായും പരാതിയുണ്ട്. പലപ്പോഴും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്തരം താൽക്കാലിക നിയമനങ്ങൾ. കൂടാതെ നിയമനം പിഎസ്‌സിക്കു വിട്ട സ്ഥാപനങ്ങൾ യഥാസമയം നിയമനച്ചട്ടങ്ങൾ തയാറാക്കാതെ താൽക്കാലികക്കാരെ നിയമിക്കുന്നുമുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മലിനീകരണ നിയന്ത്രണ ബോർഡ്, ധാരാളം സഹകരണ എപ്പെക്സ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള നിയമനമെല്ലാം പിഎസ്‌സിക്കു വിട്ടിട്ട് വർഷങ്ങളായി. എന്നാൽ ചട്ടങ്ങൾ തയാറാക്കാതെ താൽക്കാലികക്കാരെ നിയമിക്കാനും സ്ഥിരപ്പെടുത്താനുമാണ് ഇക്കൂട്ടർക്കു താൽപര്യം. 

പ്രതീക്ഷിക്കേണ്ട, പ്രതീക്ഷിത ഒഴിവുകൾ 

പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ ബന്ധപ്പെട്ട ഒഴിവ് നിലവിൽ വരുന്ന തീയതിയിൽ പിഎസ്‌സിക്ക് നിയമന ശുപാർശ നൽകാൻ കഴിയും. ഒാരോ വർഷവും ഉണ്ടാകുന്ന പ്രതീക്ഷിത ഒഴിവ് വർഷത്തിന്റെ തുടക്കത്തിൽ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്നുണ്ട്. സർക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടയ്ക്കിടെ സർക്കുലറും പുറപ്പെടുവിക്കാറുണ്ട്. എന്നാൽ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കടുത്ത അലംഭാവമാണ് നിലനിൽക്കുന്നത്. 

പ്രളയം, കോവിഡ്– 19 തുടങ്ങിയ ദുരിതങ്ങളും എൽഡി ക്ലാർക്ക് നിയമനങ്ങളെ ബാധിച്ചു.  നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇക്കാരണങ്ങളാൽ വലിയ കുറവുണ്ടായി. റിപ്പോർട്ട് ചെയ്യാവുന്ന ഒഴിവുകൾപോലും ഇതിന്റെ മറവിൽ പൂഴ്ത്തുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷമുണ്ടാകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിഎസ്‌സി നിയമനങ്ങളെ ബാധിക്കില്ലെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവായിരിക്കും തിരഞ്ഞെടുപ്പ് വേളയിലുണ്ടാകുക.

അസ്ഥാനത്തെ സ്ഥാനക്കയറ്റം

സ്ഥാനക്കയറ്റ നിയമനങ്ങൾക്ക് നിശ്ചിത ശതമാനം ഒഴിവുകൾ മാത്രമേ നീക്കിവയ്ക്കാവൂ എന്ന വ്യവസ്ഥ വിവിധ വകുപ്പുകൾ പാലിക്കുന്നില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കണക്കിലധികം ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന സാധ്യത കറയ്ക്കുകയാണ്. എന്നാൽ എൽഡി ക്ലാർക്ക് ഒഴിവുകൾ ഉണ്ടാകുന്ന തരത്തിലുള്ള സ്ഥാനക്കയറ്റം പലയിടത്തും തടസ്സപ്പെട്ടിട്ടുമുണ്ട്.

ഇവിടെയുണ്ട്  ഒഴിവുകൾ

∙വനിതാ ശിശുവികസന വകുപ്പിൽ 8 ഒഴിവുകൾ  നിലവിൽ വന്നിട്ട് ഒരു വർഷമാകാറായി. ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. സാമൂഹികനീതി വകുപ്പിൽ നിന്ന് വിഭജിച്ച് പോയതു മുതലുള്ള ഒഴിവുകളാണിവ.

∙മണ്ണു സംരക്ഷണ വകുപ്പിൽ 5 ഒഴിവുകൾ.  സർക്കാരിൽ നിന്നു ഫണ്ട് ലഭിക്കാത്തതിനാൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്ന നിർദേശം നിലനിൽക്കുന്നു.

∙വിദ്യാഭ്യാസ വകുപ്പിൽ 10 ഒഴിവുകൾ.  മാസങ്ങളായി ഉദ്യോഗാർഥികൾ കയറിയിറങ്ങുന്നുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യാൻ മടി.

∙പൊലീസിൽ നിലവിലുള്ളത് 11 ഒഴിവുകൾ.  ഹെഡ്ക്വാർട്ടേഴ്സിൽ തടഞ്ഞു വച്ചിരിക്കുന്നതിനാൽ  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

∙ജലസേചന വകുപ്പ് റിപ്പോർട്ട് ചെയ്യാനുള്ളത്  5 ഒഴിവുകൾ. നിശ്ചിത ശതമാനത്തിലധികം  അന്തർജില്ലാ സ്ഥലംമാറ്റം പിഎസ്‌സി നിയമനത്തെ പിന്നോട്ടടിക്കുന്നു.

∙ആരോഗ്യ വകുപ്പിൽ 7 ഒഴിവ്. സ്ഥാനക്കയറ്റം  വഴിയുണ്ടാകുന്ന ഒഴിവുകൾപോലും നികത്തുന്നില്ല. (തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള ഒഴിവുകളാണിവ. മറ്റു ജില്ലകളിലും  സമാന രീതിയിൽ ഒഴിവുകൾ പൂഴ്ത്തി  വച്ചിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com