കോവിഡ്: തുറക്കുകയാണ് പുതിയ തൊഴിൽ വഴികൾ

office
Photo Credit : Antonio Guillem/ Shutterstock.com
SHARE

കോവിഡിനു ശേഷമുള്ള കാലത്ത് കേന്ദ്ര സർക്കാർ നയങ്ങൾ കേരളത്തിലെ തൊഴിൽ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു വിശദീകരിക്കുന്നു, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (കോഓർഡിനേഷൻ) ഡോ. വി.പി.ജോയ്.

തൊഴിൽരംഗത്തു മാത്രമല്ല, സമൂഹത്തിന്റെ സമസ്തമേഖലകളിലും പരിവർത്തനം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പു നൽകിക്കൊണ്ടാണു കോവിഡ് വിവിധ രാജ്യങ്ങളിൽ യാത്ര തുടരുന്നത്. കോവിഡ് മാറ്റി സ്ഥാപിക്കുന്ന പല കാര്യങ്ങളും വൈറസ് ഭീഷണി അവസാനിച്ചാലും സ്ഥായിയായി തുടർന്നേക്കാം. അതുകൊണ്ട് നാം വളർത്തിയെടുക്കേണ്ടതൊരു അതിജീവനനയമാണെന്നു വ്യക്തം. 

ചെലവു കുറഞ്ഞ പരിശോധനയും പ്രതിരോധ മരുന്നും വികസിപ്പിച്ചാൽ കോവിഡിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ കഴിയുമെന്നതു വാസ്തവമാണ്. അതു സംഭവിക്കാനുള്ള സാധ്യതയും വലുതാണ്. അതേ സമയം, ഇതു താമസിച്ചാലുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും തൊഴിലുകൾ നിലനിർത്താനും നാം തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. 

തുറക്കുകയാണ്, പുതിയ വഴികൾ 

ഇന്ത്യ ഒരിക്കലും കൈവച്ചിട്ടില്ലാത്ത വെന്റിലേറ്റർ നിർമാണത്തിലും പഴ്സനൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്റ് (പിപിഇ), എൻ95 മാസ്ക് പോലുള്ള ആരോഗ്യസംരക്ഷണ ഉപകരണങ്ങളുടെ നിർമാണത്തിലും സമീപ മാസങ്ങളിൽ വലിയ മുന്നേറ്റമുണ്ടായത്, കോവിഡ് സാഹചര്യത്തിനനുസരിച്ച് അതിവേഗം മാറാൻ നമ്മൾ തീരുമാനമെടുത്തതുകൊണ്ടാണ്. ഇത്രയും കാലം ഇന്ത്യയിൽ ഇല്ലാതിരുന്ന പുതിയൊരു മേഖല തുറക്കുകകൂടിയായിരുന്നു, ഇതുവഴി. ചില വഴികൾ അടയുമ്പോൾ പല വഴികൾ തുറക്കുമെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. ആരോഗ്യരംഗം കഴിഞ്ഞാൽ സാമ്പത്തിക-തൊഴിൽ രംഗങ്ങളിലെ മാറ്റങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിദ്യാഭ്യാസ-പരിശീലന-തൊഴിൽ രംഗങ്ങളിൽ കോവിഡിന്റെ സാധ്യതകളും വെല്ലുവിളികളും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും പ്രധാനം. കോവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുന്ന സമയത്തുതന്നെ സമാന്തരമായി ശ്രദ്ധ ചെലുത്തേണ്ട മേഖലകളാണ് ഇവയൊക്കെ. 

ഇനിയും കൂടും, ‘വീട്ടുജോലി’
പല രംഗങ്ങളിലും, പ്രത്യേകിച്ച് ഐടി മേഖലയിൽ, വീട്ടിൽനിന്നു തൊഴിൽ ചെയ്യുന്ന രീതിയിലേക്കു മാറിയിരിക്കുന്നു. ആ രീതി കുറേയധികം തുടരാനും സാധ്യതയുണ്ട്. ഇത് ഈ മേഖലകളിൽ വലിയ അവസരമാണു തുറന്നുകൊടുക്കുക. ആഗോളരംഗത്ത് ഇതു കൂടുതൽ പുറംജോലികൾക്കു വഴിതുറന്നേക്കും. വേതനനിരക്കിലെ വ്യതിയാനം കൊണ്ട് ആകർഷകമായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലേക്ക് അത്തരം തൊഴിലുകൾ കൂടുതൽ കടന്നുവരുവാനും സാധ്യതയുണ്ട്. സ്വാഭാവികമായി കേരളത്തിന്റെ ശക്തിയായ ഐടി ഉൾപ്പടെയുള്ള ബൗദ്ധികമേഖലകളിലും കോവിഡ് പുതിയ സാധ്യതകൾ തുറക്കും.

നഴ്സിങ് എന്ന അസുലഭാവസരം
കേരളത്തിന്റെ ഏറ്റവും വലിയ അവസരമാണു മെഡിക്കൽ-നഴ്സിങ് മേഖലകൾ. ആഗോളതലത്തിൽ നഴ്സുമാരുടെ ദൗർലഭ്യം പരിഗണിച്ച് നഴ്സിങ് സീറ്റുകൾ പരമാവധി വർധിപ്പിക്കാനും ഈ രംഗത്തു കൂടുതൽ യുവാക്കൾ കടന്നുവരുവാനുമുള്ള ശ്രമം വേണം. 

കൃഷി-കാർഷികേതരരംഗങ്ങളിലെ സംരംഭങ്ങൾ വളർത്തിയെടുത്ത് സംസ്ഥാനത്തിനു കാർഷിക സ്വയംപര്യാപ്തത കൈവരിക്കാനുള്ള അവസരമാണു മറ്റൊന്ന്. പുതിയ സാങ്കേതികവിദ്യകളും കാർഷികവിജ്ഞാനവും ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. 

അതുപോലെതന്നെയാണു വിദ്യാഭ്യാസമേഖലയും. കേരളത്തിൽനിന്നു വിദ്യാഭ്യാസത്തിനുവേണ്ടി പുറത്തേക്കു ധാരാളം പേർ പോകുന്ന സ്ഥിതി മാറ്റി വിദ്യാഭ്യാസ-തൊഴിൽ പരിശീലനസൗകര്യങ്ങൾ സൃഷ്ടിച്ചാൽ ഇക്കാലം ഏറെ അനുകൂലമാക്കാം. അതിനനുസരിച്ചു പാഠ്യപദ്ധതിയിൽ പരിഷ്കരണവും ഗുണനിലവാരത്തിൽ ശ്രദ്ധയൂന്നലും അനിവാര്യം. കൃഷിയും കാർഷിക സാങ്കേതികവിദ്യകളും സ്കൂൾ തലം മുതൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. 

സംരംഭങ്ങൾ വളരും; ചെറുകിട വിപണിയും 

തൊഴിൽ സാധ്യതയുള്ള മേഖലകളിൽ പരിശീലനവും സംരംഭകത്വവും പ്രോത്സാഹിപ്പിച്ചാൽ നേട്ടങ്ങളുണ്ടാക്കാവുന്ന മേഖലയാണു ചെറുകിട സംരംഭങ്ങൾ. അവയുടെ സാധ്യതകളാണു നാം പൂർണമായി പ്രയോജനപ്പെടുത്തേണ്ട മറ്റൊരു മേഖല. ചെറുകിട സംരംഭകർക്കു സാധ്യതയുള്ള മേഖലകൾ അനുദിനം വർധിച്ചുവരികയാണ്. ടെക്സ്റ്റൈൽസ്, ഫാർമസ്യൂ്ടിക്കൽസ് എന്നിവ തുടങ്ങി ഫുഡ് പ്രോസസിങ് വരെ അതു വ്യാപിച്ചുകിടക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ഉപഭോക്താക്കളെ ചെറുകിട സംരംഭങ്ങളിലെ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനത്തിലേക്കെത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ സാമ്പത്തികരംഗത്തിനതു വലിയ ഉണർവു പകരും. 

ഈ മേഖലയിൽ പ്രോത്സാഹനം നൽകുന്ന നയസമീപനങ്ങൾ ഉണ്ടെങ്കിലും, അവ പ്രായോഗികതലത്തിൽ പലപ്പോഴും പ്രയോജനരഹിതമായിപ്പോകുന്നു. അതതു പ്രദേശങ്ങളിലെ ചെറുകിട സംരംഭങ്ങളുടെ ഉൽപന്നങ്ങൾ, കാർഷികോൽപന്നങ്ങൾ ഉൾപ്പെടെ, ഇടനിലക്കാരില്ലാതെ അതതിടങ്ങളിൽ വിപണനം നടത്താനുള്ള ഇ-കൊമേഴ്സ് സംവിധാനങ്ങൾ ഉണ്ടെങ്കിലും അതു നമുക്കു പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്തു ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കി ചെറുകിട സംരംഭങ്ങൾക്കു വളക്കൂറുള്ള മണ്ണും അന്തരീക്ഷവും ഒരുക്കിയാൽ തൊഴിൽരംഗത്ത് ഏറെ പ്രയോജനം ചെയ്യും. 

ചെറുകിട സംരംഭങ്ങളെ സഹായിക്കാനും ഇറക്കുമതി കുറയ്ക്കാനുമായി 200 കോടി രൂപയിൽ താഴെയുള്ള ടെൻഡറുകൾ ദേശീയ ടെൻഡറുകളായി നിജപ്പെടുത്തി കേന്ദ്ര സർക്കാർ അടുത്തിടെ ഉത്തരവിറക്കിയത് ചെറുകിട സംരംഭങ്ങൾക്ക് വലിയ സാധ്യതയൊരുക്കും. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്താൽ കൂടുതൽ തൊഴിൽ സാധ്യതകൾ തുറക്കും. ഉദാ: ഊർജരംഗത്തെ സ്വയംപര്യാപ്തത. 

നിക്ഷേപക സൗഹൃദ അന്തരീക്ഷം വളരും 

ുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ പുതിയ നിക്ഷേപങ്ങളുടെ പങ്കും പ്രധാനമാണ്. തൊഴിൽ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപക സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണു കേന്ദ്ര സർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. അതോടൊപ്പം ഗവേഷണ മേഖലകൾ ശക്തിപ്പെടുത്തുകയും പുതിയ മേഖലകൾ നിക്ഷേപകർക്കു തുറന്നുകൊടുക്കുകയും ചെയ്യുന്നു. 

ഇത്തരത്തിൽ, അടുത്ത കാലത്തു പ്രതിരോധ നിർമാണമേഖല വളരെയധികം തൊഴിലുകൾ സൃഷ്ടിക്കുന്ന രീതിയിൽ വളർന്നുവരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി പൂർണമായി നടപ്പാവുന്നതോടെ സർക്കാർ സംവിധാനങ്ങളിലെ ആരോഗ്യ മേഖലയിൽ വളരെയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പോളിമറുകളുടെ ഉൽപാദനം വർധിക്കുന്നതോടെ ടെക്സ്റ്റൈൽ രംഗത്തും വലിയ തൊഴിലവസരങ്ങൾ തുറക്കും. 

English Summary: Career Changes During The Coronavirus Pandemic

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA