ADVERTISEMENT

എൻജിനീയർ എന്നാൽ ‘സിവിൽ എൻജിനീയർ’ ആണെന്നു പൊതുവെ കരുതിപ്പോന്ന കാലം ഏറെ പഴയതല്ല. ഇലക്ട്രിക്കലും മെക്കാനിക്കലും തുടങ്ങി ക്രമേണ ഇലക്ട്രോണിക്സും കംപ്യൂട്ടറും റൊബോട്ടിക്സും വരെ എൻജിനീയറിങ്ങിലെ ശാഖകളാണെന്ന് ഇന്നു പരക്കെ അറിയാം. 

അടിസ്ഥാനപാഠം 

എൻജിനീയറിങ്ങിലെ അടിസ്ഥാനശാഖയാണു സിവിൽ എന്നു പറയാം. കെട്ടിടം, റോഡ്, പാലം, റെയിൽപ്പാത, അണക്കെട്ട്, പൈപ്‌ലൈൻ, കനാൽ (തോട്), തുരങ്കം, തുറമുഖം, വിമാനത്താവളം, ജലസേചനം, ജലവിതരണം, അഴുക്കുചാൽ വ്യവസ്ഥ മുതലായവയുടെ രൂപകൽപന, നിർമാണം, പരിപാലനം മുതലായവ ഈ ശാഖയിൽ വരും. 

മാത്‌സ് അടക്കം അടിസ്ഥാനവിഷയങ്ങൾക്കു പുറമെ, എൻജിനീയറിങ്, ഡ്രോയിങ്, നിർമാണവസ്തുക്കൾ, ബലതന്ത്രം, ഫ്ലൂയിഡ് മെക്കാനിക്സ്, സർവേയിങ്, ക്വാണ്ടിറ്റി സർവേയിങ്, റോഡുകൾ, റെയിൽവേ, പാലങ്ങൾ, തുറമുഖം, ജലസേചനം, ജലവിതരണം, അഴുക്കുചാൽ വ്യവസ്ഥ (sewage system), സോയിൽ മെക്കാനിക്സ്, സ്ട്രക്ചറുകൾ, സിവിൽ നിർമാണങ്ങൾ തുടങ്ങി പല വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. മരപ്പണി, ഇരുമ്പുപണി, കൽപണി മുതലായവ യന്ത്രവൽകൃതമായതോടെ നിർമാണരീതികളിൽ വലിയ മാറ്റം വന്നു. ഇലക്ട്രോണിക്സിലും ഐടിയിലും സിവിൽ എൻജിനീയർ പ്രാവീണ്യം നേടേണ്ടതുണ്ട്.

ജോലിസാധ്യതയേറെ 

പഴയ സംസ്കാരങ്ങളെക്കുറിച്ചു ശാസ്ത്രീയപഠനം നടത്താൻ ഓരോ കാലത്തും ദേശത്തും നിലനിന്ന നിർമാണവസ്തുക്കൾ, രൂപകൽപനാശൈലികൾ എന്നിവ വിലയിരുത്താറുണ്ട്. അന്നത്തെ സിവിൽ എൻജിനീയറിങ്ങിന്റെ സംഭാവനകളാണ് അവ. പിൽക്കാലത്തു നമ്മുടെ സംസ്കാരം വിലയിരുത്തുമ്പോൾ ഇന്നത്തെ സിവിൽ എൻജിനീയറിങ് ശൈലികൾ പഠനവിധേയമാകും. 

ആർക്കിടെക്ചർ സ്വതന്ത്രശാഖയായി രൂപപ്പെടുംമുൻപ് കെട്ടിടങ്ങളടക്കമുള്ള നിർമിതികളുടെ ചുമതല സിവിൽ എൻജിനീയറിങ്ങിന്റേതായിരുന്നു. നിർമിതികൾക്ക് ഉറപ്പും സ്ഥിരതയും മാത്രം പോരാ, മനുഷ്യന്റെ സൗന്ദര്യബോധത്തെയും തൃപ്തിപ്പെടുത്തണമെന്ന ചിന്ത ശക്തമായതോടെ ആർക്കിടെക്ചറിനു പ്രാധാന്യമേറി.

പൊതുമരാമത്ത്, പൊതുജനാരോഗ്യ എൻജിനീയറിങ് (ജലവിതരണവും അഴുക്കുചാൽ വ്യവസ്ഥയും), ജലസേചനം, നഗരാസൂത്രണം, തദ്ദേശ സ്വയംഭരണം എന്നീ സർക്കാർ വകുപ്പുകളിലെ അവസരങ്ങൾക്കു പുറമെ, ജലവൈദ്യുത പദ്ധതികൾ, റെയിൽവേ, ഹൗസിങ് ബോർഡ്, നഗരവികസനം, നിർമാണക്കമ്പനികൾ തുടങ്ങിയവയിലും ജോലിസാധ്യതയുണ്ട്. കൺസൽറ്റൻസിയുമാകാം. ടേൺ കീ അടിസ്ഥാനത്തിൽ വീടുകളും മറ്റും പണിയുന്ന സ്വകാര്യമേഖലയിൽ വിജയം കണ്ടെത്തുന്നവരുമുണ്ട്.

ഉപരിപഠനശാഖകൾ

Computer Aided Structural Engineering, Construction Technology & Management, Earthquake/Geothermal Engineering, Geotechnical Engineering, Geotechnical & Geo–environmental Engineering, Environmental Engineering & Management, Hydraulic & water resources Engineering, Ocean Engineering, Railway engineering, Remote Sensing, Rock Engineering & Underground Structures, Soil Mechanics & Foundation Engineering, Structural Engineering, Transportation Engineering, Water Resources Engineering, Water Resources & Hydroinformatics.  

ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിൽ അടക്കം പലയിടത്തും എൻവയൺമെന്റൽ പ്ലാനിങ്, റീജനൽ പ്ലാനിങ് & അർബൻ പ്ലാനിങ്, ഹൗസിങ്, ട്രാൻസ്പോർട്ട് പ്ലാനിങ്, ബിൽഡിങ് എൻജിനീയറിങ് & മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ മാസ്റ്റർ ബിരുദത്തിനും സൗകര്യമുണ്ട്. 
English Summary: Career Scope of Civil Engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com