അടയുന്നില്ല തൊഴിലിന്റെ വഴികൾ:‘സ്റ്റാർട്ട് ’ പറയാം; പിന്നെ ‘കട്ട്’ ഇല്ല

success-tips
Photo Credit : Flamingo Images/ Shutterstock.com
SHARE

കോവിഡ് സൃഷ്ടിച്ച സാങ്കേതിക വിപ്ലവം സ്റ്റാർട്ടപ് മേഖലയ്ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നു വിശദീകരിക്കുന്നു, ടെക്നോളജി റൈറ്ററും സ്റ്റാർട്ടപ് മേഖലയിലെ പ്രമുഖ സീഡ് ഇൻവെസ്റ്ററുമായ റോബിൻ അലക്സ് പണിക്കർ. 

കേരളത്തിലെ സ്റ്റാർട്ടപ് രംഗം അതിവേഗ വളർച്ചയുടെ പാതയിലായിരുന്ന ഘട്ടത്തിലാണ് ലോകക്രമങ്ങളെത്തന്നെ മാറ്റിമറിക്കുന്ന രീതിയിൽ കോവിഡ് 19 പടർന്നുപിടിച്ചത്. അതോടെ അടിമുടി സാഹചര്യങ്ങൾ മാറി. ലോകത്ത് ഒരു രാജ്യത്തിനും പ്രസ്ഥാനത്തിനും ബിസിനസിനും ഈ മാറ്റങ്ങളെ ഉൾക്കൊള്ളാതെ മുന്നോട്ടുപോകാൻ സാധിക്കില്ല. 

അപ്പോൾ ഇനിയുള്ള ശ്രദ്ധയത്രയും മാറിയ ലോകത്തിലേക്കാണ്. അവസരങ്ങൾ അടഞ്ഞു എന്നൊരു ധാരണ പരക്കെയുണ്ട്. പക്ഷേ, സൂക്ഷ്മമായി പഠിച്ചാൽ ഒരുപാടു പുതിയ മേഖലകൾ തുറന്നുവരുന്നതു കാണാം. അതു കണ്ടെത്തി മുന്നേറിയാൽ സ്റ്റാർട്ടപ് മേഖലയുടെ ഭാവി ഏറെ പ്രതീക്ഷാനിർഭരമാണ്. 

ടെക്നോളജി എന്ന സർവവ്യാപി 

ഡിജിറ്റൽ ആവശ്യങ്ങൾ വർധിക്കുന്ന കാഴ്ചയാണ് ലോക്‌ഡൗൺ കാലത്തു നമ്മൾ കണ്ടത്. കേരളത്തിലെ വിദ്യാഭ്യാസരംഗം ഡിജിറ്റൽ യുഗത്തിലേക്കു മാറിക്കഴിഞ്ഞു. ആരോഗ്യരംഗത്തും ഈ മാറ്റം പ്രകടമാണ്. വലിയ ആശുപത്രികളിൽ മുതൽ ചെറിയ ക്ലിനിക്കുകളിൽ വരെ ടെലിമെഡിസിൻ സംവിധാനം  വിന്യസിക്കപ്പെട്ടിരിക്കുന്നു. 

കോവിഡ് മൂലം ഒട്ടുമിക്ക കമ്പനികളും ആവുന്നത്ര ജീവനക്കാരെ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറ്റിയതോടെ സഹപ്രവർത്തന ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആവശ്യക്കാർ ഏറെയായി. ആശയവിനിമയം, വാർത്താവിനിമയം എന്നീ രംഗങ്ങളിലും വലിയ മാറ്റങ്ങൾക്കാണ് ഈ കോവിഡ് കാലം വഴിതെളിയിച്ചത്. എല്ലാ തരത്തിലും ടെക്‌നോളജി അധിഷ്ഠിത ജീവിതശൈലിയിലേക്ക് വ്യക്തികളും ബിസിനസുകളും മാറാൻ ഈ മഹാവ്യാധി കാരണമായിത്തീർന്നു. 

ഈ മാറ്റങ്ങളുടെ പ്രയോജനം ഒരുപക്ഷേ, ഏറ്റവും കൂടുതൽ ലഭ്യമായിരിക്കുന്നത് ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കാണ്. വൻ കമ്പനികൾക്കില്ലാത്ത രണ്ടു പ്രത്യേകതകൾ സ്റ്റാർട്ടപ്പുകൾക്കുണ്ട്. സാഹചര്യമനുസരിച്ചു ബിസിനസ് മോഡലിൽ എളുപ്പത്തിൽ മാറ്റങ്ങൾ കൊണ്ടുവരാം എന്നതാണ് ഒന്നാമത്തെ പ്രത്യേകത. രണ്ടാമത്തേത് സ്റ്റാർട്ടപ്പുകളിൽ പൊതുവെ കാണുന്ന പ്രവർത്തനവേഗമാണ്.

വരുവാനുണ്ട്, ഇതാ ഈ വഴികളൊക്കെ 

ജോലിനഷ്ടം വാർത്തയേ അല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണു നമ്മൾ കടന്നുപോകുന്നത്. എന്നാൽ, മുകളിൽ പറഞ്ഞ പ്രത്യേകതകളും സാഹചര്യങ്ങളും കാരണം കൂടുതൽ ജോലികൾ സൃഷ്ടിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കുണ്ട്. ചില സ്റ്റാർട്ടപ്പുകളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും മെച്ചപ്പെട്ട സ്ഥിതിയിലേക്ക് അധികം കാലതാമസമില്ലാതെ വേഗത്തിൽ എത്താൻ സാധിക്കുമെന്നാണു വിലയിരുത്തൽ. അത്തരം സ്റ്റാർട്ടപ്പുകളിൽ ഏതുതരം ജോലികളാണ് സൃഷ്ടിക്കപ്പെടുക എന്നു നോക്കാം.

∙സോഫ്റ്റ്‌വെയർ എൻജിനീറിങ്: ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് അറിയുക എന്നതല്ല സോഫ്റ്റ്‌വെയർ എൻജിനീറിങ്. ‘ഞാൻ ഇന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ആണു പഠിച്ചത്. അതുകൊണ്ട് ആ ലാംഗ്വേജിലുള്ള ജോലി മാത്രമേ ചെയ്യൂ’ എന്നു പലരും പറയാറുണ്ട്. മാരുതി 800 ൽ ഡ്രൈവിങ് പഠിച്ച ഒരാൾ തുടർന്നും ആ വാഹനം മാത്രമേ ഓടിക്കൂ എന്നു പറയുന്നതുപോലെയുള്ള മണ്ടത്തരമാണിത്. 

പ്രോഗ്രാമിങ് അടിസ്ഥാനങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവ്, അൽഗോരിതങ്ങളെ മനസ്സിലാക്കാനുള്ള കഴിവ്, സോഫ്റ്റ്‌വെയറുകൾ ആർക്കിടെക്റ്റ് ചെയ്യാനുള്ള അറിവ് എന്നിവ നേടുകയാണു പ്രധാനം. വെബ് ആപ്ലിക്കേഷൻ, മൊബൈൽ ആപ്ലിക്കേഷൻ, മെഷീൻ ലേണിങ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്, ഡേറ്റ സ്ട്രക്ചർ, ക്ലൗഡ് തുടങ്ങിയവ ഇന്ന് ഏതൊരു സോഫ്റ്റ്‌വെയർ സൊലൂഷന്റെയും ഭാഗമാണ്. ഇവയിൽ ഒന്നിലധികം മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് ഇന്നു വലിയ വിലകൽപിക്കപ്പെടുന്നുണ്ട്. 

∙സൈബർ സെക്യൂരിറ്റി: ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം കൂടിയതോടെ ഡേറ്റ സംബന്ധിച്ച സുരക്ഷ പ്രധാന ഉത്കണ്ഠയായി മാറിയിട്ടുണ്ട്. ആപ്ലിക്കേഷനുകളിലെ സെക്യൂരിറ്റി സംവിധാനം നിർമിക്കാനും വിലയിരുത്താനും ഗുണപരീക്ഷണം നടത്താനും ഇന്നു ധാരാളം പേരെ ആവശ്യമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ സെക്യൂരിറ്റി പ്രോട്ടോകോളുകൾ, നെറ്റ്‌വർക്ക് പ്രോട്ടോകോളുകൾ തുടങ്ങിയവയിൽ നല്ല അറിവു നേടണം. 

∙ഡേറ്റ സയൻസ്: ഘടനയുള്ളതോ ഇല്ലാത്തതോ ആയ ഡേറ്റയെ ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ചു വിശകലനം ചെയ്ത് ഉപയോഗപ്രദമായ വിവരങ്ങൾ വിവേചിച്ചു മനസ്സിലാക്കുന്ന ശാസ്ത്രമാണ ഡേറ്റ സയൻസ്.അതിവേഗം വളരുന്ന ഒരു മേഖലയാണിത്. ഏതൊരു ഡേറ്റയെയും പ്രവർത്തനതലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന വിവരമായി മാറ്റാൻ ഈ മേഖലയിൽ പ്രാവീണ്യമുള്ളവർ അത്യന്താപേക്ഷിതമാണ്.

∙എംബഡഡ് സിസ്റ്റം: ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IOT) ഇന്നു കൃഷി, സുരക്ഷ തുടങ്ങിയ പല മേഖലകളിലും വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.  ഐഒടിയുടെ വ്യാപനം എംബഡഡ് സിസ്റ്റം മേഖലയ്ക്കു വലിയ ഉത്തേജനം പകർന്നിട്ടുണ്ട്. നമ്മൾ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും എംബഡഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഐഒടിയുടെ ഭാഗമാക്കുന്ന രീതിയാണിപ്പോൾ. കാറുകൾ, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങി ദൈനംദിനം നമ്മൾ ഉപയോഗിക്കുന്ന പലതിലും എംബഡഡ് ആപ്ലിക്കേഷനുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. 

∙ഡിജിറ്റൽ മാർക്കറ്റിങ്: ഭാവി ഉപഭോക്താക്കളെ അങ്ങോട്ടു പോയി കണ്ട് കച്ചവടം നടത്തുന്ന രീതിയിൽ അതിവേഗം മാറ്റങ്ങൾ വരുന്നുണ്ട്; പ്രത്യേകിച്ച് ഡിജിറ്റൽ സൊലൂഷനുകൾ വിൽക്കുന്ന രീതിക്ക്. ഭാവി ഉപഭോക്താക്കൾ ഇങ്ങോട്ടു വരുന്ന ഇൻബൗണ്ട് മാർക്കറ്റിങ് രീതികൾ വളരെയധികം പ്രചാരത്തിലായിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് ആവശ്യമില്ലാത്ത ഒരു ഡിജിറ്റൽ ബിസിനസും ഇന്നുണ്ടാവില്ല. അടിസ്ഥാന മാർക്കറ്റിങ് ജ്ഞാനത്തിനോടൊപ്പം എസ്ഇഒ, ബ്ലോഗിങ്, ഗ്രാഫിക്സ്, ഓൺലൈൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ, വിവിധ ഡിജിറ്റൽ മാർക്കറ്റിങ് ടൂളുകൾ എന്നിവയെക്കുറിച്ചു നല്ല അറിവുള്ളവർ ഈ മേഖലയിൽ ശോഭിക്കും.

∙കണ്ടന്റ് നിർമാണം: വിഡിയോ, ഇമേജ് ഗ്രാഫിക്സ്, ടെക്സ്റ്റ് കണ്ടന്റുകൾ എന്നിവ നിർമിക്കാൻ കഴിവുള്ളവരെ സ്റ്റാർട്ടപ്പുകൾക്കു വളരെയധികം ആവശ്യമുണ്ട്. പ്രോഡക്റ്റ് വിഡിയോകൾ ഉണ്ടാക്കാനും സോഷ്യൽ മീഡിയയിലും ബ്ലോഗിലും ആവശ്യമായ പോസ്റ്റുകൾ ചെയ്യാനും നല്ല നിലവാരത്തിലുള്ള കണ്ടന്റ് വളരെ ആവശ്യമാണ്. കണ്ടന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ തന്നെ ധാരാളമുണ്ട്.

സ്റ്റാർട്ടപ് വളർച്ച ഇപ്പോഴുമുണ്ട് 

സ്റ്റാർട്ടപ്പുകളിൽ പ്രവർത്തിക്കാൻ വേണ്ട ചില വൈദഗ്ധ്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. കേരളത്തിലെ സ്റ്റാർട്ടപ് രംഗം മുൻപത്തെപ്പോലെ അതിവേഗ വളർച്ചയുടെ ദിശയിലാണ് ഇപ്പോൾ. കോവിഡാനന്തര കേരളത്തിനു വലിയ സംഭാവനകൾ നൽകാൻ സ്റ്റാർട്ടപ്പുകൾക്കു കഴിയും. വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും, കേരളത്തിലെ ഐടി രംഗത്തിന്റെ ശ്രദ്ധാകേന്ദ്രം വളരെ വേഗം വലിയ കമ്പനികളിൽനിന്നു സ്റ്റാർട്ടപ്പുകളിലേക്കു മാറുന്നതിന്റെ ‌തെളിവുകൾ അടുത്തിടെ കേരളത്തിൽ ഒന്നിലേറെ രംഗങ്ങളിൽ കണ്ടു. ഈ മാറ്റത്തിന് അനുയോജ്യമായ തരത്തിൽ യുവാക്കളും അവരുടെ നൈപുണ്യത്തെ പാകപ്പെടുത്തുക മാത്രമേ വേണ്ടൂ. 

(ഐടി സ്ഥാപനമായ ഫൈനോട്സിന്റെ ചീഫ് പ്രോഡക്ട് ഓഫിസറാണു ലേഖകൻ)

English Summary: Career Scope During The Time Of Covid Pandemic

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA