ADVERTISEMENT

മാനേജ്മെന്റ് പഠനത്തെപ്പറ്റി ചിന്തിക്കുമ്പോൾ മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, സിസ്റ്റംസ് എന്നിവയാണ് മിക്കവരുടെയും മനസ്സിൽ വരുക. പക്ഷേ മികച്ച സാധ്യതകളുള്ള മാനേജ്മെന്റ് ശാഖയാണ് ഇന്റർനാഷനൽ ബിസിനസ് മാനേജ്മെന്റ്. 

ചില്ലറയൊന്നുമല്ല കാര്യം 

വിദേശനാണയ ശേഖരം ശക്തമാക്കാൻ മാത്രമല്ല, നമ്മുടെ കാർഷിക–വ്യാവസായിക മേഖലകളെ പോഷിപ്പിക്കാനും കയറ്റുമതി വികസിപ്പിക്കേണ്ടതുണ്ട്. രാജ്യത്തിനാവശ്യമായ വിവിധ ഉൽപന്നങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടതായും വരും. വിദേശരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകൾ കുറ്റമറ്റതാകണമെങ്കിൽ രാജ്യാന്തര തലത്തിലെ വിപണന ശൈലികൾ, ബിസിനസ്  സങ്കേതങ്ങൾ, ചരക്കുനീക്കം, കരാർ കീഴ്‌വഴക്കങ്ങൾ, ബഹുരാഷ്ട്രക്കുത്തകകൾ, ട്രെൻഡുകൾ, സർക്കാർ നിബന്ധനകൾ, കസ്റ്റംസ് നിയമങ്ങൾ, ധന മാനേജ്മെന്റ് മുതലായവ സ്വായത്തമാക്കിയ പ്രഫഷനലുകളുടെ സേവനം കൂടിയേ തീരൂ. 

സാധനങ്ങളുടെയെന്നപോലെ സേവനങ്ങളുടെ കൈമാറ്റവും പഠിക്കേണ്ടതുണ്ട്. ആഗോള ബാങ്കിങ്, ഇൻഷുറൻസ്, കപ്പൽക്കമ്പനികളുമായുള്ള ബന്ധം എന്നിവയും കൈകാര്യം ചെയ്യേണ്ടിവരും. തടസ്സമില്ലാത്ത ചരക്കുനീക്കം ഉറപ്പാക്കി സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്ന സേവനമാണു പ്രഫഷനലുകളിൽനിന്നു രാജ്യം പ്രതീക്ഷിക്കുക. ‘ഇന്റർനാഷനൽ ബിസിനസ്’ അഥവാ ‘ഫോറിൻ ട്രേഡ്’ എന്ന മാനേജ്മെന്റ് ശാഖയിലെ പരിശീലനമാണ് ഇക്കാര്യത്തിൽ വേണ്ടത്.

മത്സരവും മാനേജ്മെന്റും 

ചരക്കുകൾ കയറ്റി അയയ്ക്കുക എന്ന് ഒഴുക്കനായി പറയുന്നത്ര എളുപ്പമല്ല, വിവിധ രാജ്യങ്ങളുടെ സ്വീകാര്യത ഉറപ്പാക്കുന്ന വിപണനം, സംസ്കാരിക ശീലങ്ങൾ, രുചിഭേദങ്ങൾ, ഗുണനിലവാരത്തോതുകൾ മുതലായവ തൃപ്തിപ്പെടുത്തിയെങ്കിലേ ഉൽപന്നം സ്വീകരിക്കപ്പെടൂ. രാജ്യാന്തര  കിടമത്സരം അതിരൂക്ഷമാണെന്നോർക്കുക. സഹസ്രകോടികൾക്കപ്പുറവും പോകുന്ന യുദ്ധോപകരണങ്ങളുടെ വിപണനം രാഷ്ട്രീയ വീക്ഷണത്തെയും നയതന്ത്ര ബന്ധങ്ങളെയും ആശ്രയിച്ചിരിക്കും. തട്ടും തടവുമില്ലാതെ ചരക്കൊഴുക്കും പണമൊഴുക്കും തൃപ്തികരമായ ക്രമത്തിൽ നടന്നാൽ വിദേശവാണിജ്യ പ്രഫഷനൽ വിജയിച്ചു.

എല്ലാ പ്രവർത്തനങ്ങളിലും ഒരാൾക്കു പ്രാവീണ്യം ആർജിക്കാൻ കഴിയാത്ത വിധം വിദേശവാണിജ്യം വളർന്നു പന്തലിച്ചുകഴിഞ്ഞു. അതിനാൽ വലിയ സ്ഥാപനങ്ങളിൽ നിർദിഷ്ട മേഖലകളിൽ പരിചയം നേടിയ സ്പെഷലിസ്റ്റുകളുണ്ട്- മാനേജ്മെന്റ് അനലിസ്റ്റ്, ഇന്റർനാഷനൽ ഫൈനാൻഷ്യൽ അനലിസ്റ്റ്, ഇന്റർനാഷനൽ സെയിൽസ് റെപ്രസന്റേറ്റിവ്, മാർക്കറ്റ് റിസർച് സ്പെഷലിസ്റ്റ്. താൽപര്യമുള്ളവർക്കു സംരഭകരാവുകയും ചെയ്യാം. രേഖകളും മറ്റും കൃത്യതയോടെ പരിഭാഷപ്പെടുത്തേണ്ടതിനാൽ, വിദേശ ഭാഷകൾ പഠിച്ചവർക്കുമുണ്ട് അവസരം.

ഏതാനും സ്ഥാപനങ്ങൾ

∙വിദേശവാണിജ്യ രംഗത്തെ പരിശീലന ഗവേഷണങ്ങൾക്കു കീർത്തി കേട്ട സ്‌ഥാപനമാണു സർവകലാശാലാ പദവിയുള്ള ഐഐഎഫ്‌ടി: Indian Institute of Foreign Trade, New Delhi (www.iift.edu). മുഖ്യ പ്രോഗ്രാം ദ്വിവത്സര എംബിഎ (ഇന്റർനാഷനൽ ബിസിനസ്). വിദേശവാണിജ്യവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ്/ഡോക്ടറൽ/സർട്ടിഫിക്കറ്റ്/ഫൗണ്ടേഷൻ ട്രെയിനിങ്/ഓഫ് ക്യാംപസ് പ്രോഗ്രാമുകളുമുണ്ട്.

∙എംബിഎ (ഇന്റർനാഷനൽ ബിസിനസ്) പഠിക്കാവുന്ന മറ്റു ചില സ്ഥാപനങ്ങൾ: K.J. Somaiya Institute of Management Studies and Research, Mumbai/Gitam Institute of Foreign Trade, Visakhpatnam/Symbiosis Institute of Foreign Trade, Pune. 

∙University of Delhi: MIB (Master’s programme in International Business)

∙FORE SCHOOL of Management, New Delhi: PGDM-International Business

English Summary: Career Scope Of International Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com