അധ്യാപക നിയമനവും അടഞ്ഞു തന്നെ

Teacher
SHARE

ൈഹസ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകൾ ഒന്നൊന്നായി റദ്ദായിട്ടും നിയമനം നടത്താൻ വിദ്യാഭ്യാസ വകുപ്പിനു മടി. വിവിധ വിഷയങ്ങളിലെ  റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശയും, മാസങ്ങൾക്കു മുൻപ് ശുപാർശ ലഭിച്ചവർക്കുള്ള നിയമനവും ഒരുപോലെ മുടങ്ങി കിടക്കുന്നു. സ്കൂൾ തുറക്കാത്തതാണ് രണ്ടിനും തടസ്സമായി സർക്കാർ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഒാൺലൈൻ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിൽ ഇതിനു ന്യായീകരണമില്ല. എച്ച്എസ്ടി നാച്ചുറൽ സയൻസ്, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ് തുടങ്ങി കുറച്ചു വിഷയങ്ങളിൽ മാത്രമേ എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലവിലുള്ളൂ. മലയാളം, ഇംഗ്ലിഷ്, ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങൾ ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റുകൾ ഭൂരിഭാഗം ജില്ലകളിലും റദ്ദായിക്കഴിഞ്ഞു. നിയമന ശുപാർശ വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാർഥികൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണ്. 

പാരയായി അന്തർജില്ലാ സ്ഥലംമാറ്റം

ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റത്തിന് ഒഴിവുകൾ കൂട്ടത്തോടെ ഒഴിച്ചിടുന്നതാണ് എച്ച്എസ്ടി റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം നടക്കാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കണക്കിലധികം ഒഴിവുകൾ ഈ രീതിയിൽ വകമാറ്റുന്നതിനെതിരെ ഉദ്യോഗാർഥികൾ നിരന്തരം പരാതി ഉന്നയിച്ചപ്പോൾ അന്തർജില്ലാ സ്ഥലംമാറ്റം 25% ആയി നിജപ്പെടുത്തി 23–01–2018ൽ സർക്കാർ ഉത്തരവ് (സ.ഉ. (കൈ) നം. 6/2018/പൊവിവ)  പുറപ്പെടുവിച്ചു.  1992 മുതൽ നിലനിന്നിരുന്ന നിയമനാനുപാതമാണ് ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിഷ്ക്കരിച്ചത്. എന്നാൽ ഈ ഉത്തരവും കാര്യമായി ഗുണം ചെയ്തില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.  14 ജില്ലകളിലും ബാധകമായ ഏകീകൃത ഉത്തരവാണ് പ്രസിദ്ധീകരിച്ചതെങ്കിലും ഉത്തരവിനു വിരുദ്ധമായി പല ജില്ലകളിലും പല മാനദണ്ഡങ്ങൾ പ്രകാരമാണ് സ്ഥലം മാറ്റം. മുൻപ്  ഒഴിവുകൾ ഈ രീതിയിൽ വകമാറ്റിയത് തിരിച്ചു നൽകണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. 

നേരിട്ടുള്ള നിയമനത്തിന് 50% ഒഴിവുകൾ മാറ്റിവയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതോടൊപ്പം അന്തർജില്ലാ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, തസ്തികമാറ്റം വഴിയുള്ള നിയമനം തുടങ്ങിയവയ്ക്ക് അർഹരായ അപേക്ഷകരില്ലെങ്കിൽ ആ ഒഴിവുകളും നേരിട്ടുള്ള നിയമനത്തിന്റെ റാങ്ക് ലിസ്റ്റിൽ നിന്നു നികത്തണമെന്നും വ്യവസ്ഥയുമുണ്ട്. എന്നാൽ ഇതിലേക്കൊന്നും അപേക്ഷകരില്ലെങ്കിലും ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിനു നൽകാറില്ല. മറ്റു സർക്കാർ വകുപ്പുകളിൽ ഇങ്ങനെയുണ്ടാകുന്ന ഒഴിവുകൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നൽകുമ്പോൾ വിദ്യാഭ്യാസ വകുപ്പിൽ മാസങ്ങളോളം ഈ ഒഴിവുകൾ  ഒഴിച്ചിടും. ഇതിനിടയിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽപോലും അധികൃതർ അനങ്ങില്ല.

സ്ഥാനക്കയറ്റ ഒഴിവുകളും മുക്കുന്നു

സ്ഥാനക്കയറ്റം വൈകുന്നതും സ്ഥാനക്കയറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതും ഉദ്യോഗാർഥികൾക്കു തിരിച്ചടിയാണ്. ഈ അധ്യയന വർഷം നടക്കേണ്ടിയിരുന്ന എൽപി, യുപി, ഹെഡ്മാസ്റ്റർ പ്രമോഷൻ ഇതുവരെ പൂർത്തിയായിട്ടില്ല. ഈ നടപടിക്രമങ്ങൾ പൂർത്തിയായാൽ എച്ച്എസ്ടി തസ്തികയിൽ ധാരാളം ഒഴിവുകൾ ഉണ്ടാകുമായിരുന്നു. എന്നാൽ സ്കൂൾ തുറക്കുന്നില്ല എന്ന കാരണത്തിൽ സ്ഥാനക്കയറ്റവും ഒഴിവു റിപ്പോർട്ട് ചെയ്യലും തടഞ്ഞു വച്ചിരിക്കുകയാണ്. സ്കൂളുകൾ തുറക്കാത്തതിനാൽ വിദ്യാർഥികളുടെ തലയെണ്ണൽ നടത്താൻ കഴിഞ്ഞിട്ടില്ല. ഫിക്സേഷൻ നടപടി പൂർത്തിയാകാത്ത സാഹചര്യത്തിൽ പുതിയ ഒഴിവുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. 

ഹൈസ്കൂൾ അധ്യാപകരായി ജോലി ചെയ്തിരുന്ന ധാരാളം പേർക്ക് ഹയർസെക്കൻഡറി അധ്യാപക റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. ഇവർക്കു നിയമനം നൽകിയിരുന്നെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്എസ്ടി റാങ്ക് ലിസ്റ്റുകളിൽ നിന്ന് കുറച്ചു നിയമനം നടന്നേനെ. സ്കൂൾ തുറക്കാത്തതിന്റെ പേരിൽ ഇതെല്ലാം പൂർണമായി മുടങ്ങി കിടക്കുകയാണ്. 

ശുപാർശ മാത്രം, നിയമനമില്ല

വിവിധ വിഷയങ്ങളിലെ എച്ച്എസ്ടി റാങ്ക് ലിസ്റ്റുകളിൽ നിന്ന് പിഎസ്‌സി നിയമന ശുപാർശ ചെയ്തവർക്കും നിയമനം ലഭിക്കുന്നില്ല. മലയാളം, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങളിലായി 236 പേർക്ക് പിഎസ്‌സി കഴിഞ്ഞ ജനുവരി മുതൽ നിയമന ശുപാർശ നൽകിയിരുന്നു. ഇവർക്കാർക്കും ഇതുവരെ നിയമന ഉത്തരവ് നൽകിയിട്ടില്ല. സ്കൂൾ തുറക്കാത്തതാണ് നിയമനം നൽകാത്തതിനു കാരണമായി വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഒാൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനം സജീവമാണ്. ഈ സാഹചര്യത്തിൽ നിയമന ശുപാർശ ലഭിച്ചവർക്ക് നിയമനം നൽകുന്നതിന് തടസ്സമില്ല. എന്നാൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തയാറാകുന്നില്ല. 

റാങ്ക് ലിസ്റ്റുകൾ റദ്ദാകുന്നു

നിയമനം കാര്യമായി നടക്കുന്നില്ലെങ്കിലും വിവിധ വിഷയങ്ങളിലെ ഹൈസ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകൾ മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി റദ്ദായിക്കൊണ്ടിരിക്കുകയാണ്. 

∙എച്ച്എസ്ടി മലയാളം 

ഈ തസ്തികയുടെ കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾ  അവസാനിച്ചു കഴി‍ഞ്ഞു. കോട്ടയത്തെ ലിസ്റ്റ്  ഒക്ടോബര്‍ 29ന് റദ്ദാകും. എല്ലാ ജില്ലകളിലുമായി ആയിരത്തോളം പേർക്ക് ഉറപ്പായും നിയമനം ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 507 പേർക്കാണ്  നിയമന ശുപാർശ നൽകിയത്.  ഭൂരിഭാഗം ജില്ലകളിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ നാലിലൊന്നു പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിൽ കുറച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഈ ഒഴിവുകളിൽ നിയമന ശുപാർശ നടക്കൂ.

∙എച്ച്എസ്ടി ഇംഗ്ലിഷ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ റദ്ദായി. തൃശൂരിലെ ലിസ്റ്റ് ഈ മാസം 18നും പാലക്കാട്, മലപ്പുറം ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ യഥാക്രമം ഒക്ടോബര്‍ 3, 29 തീയതികളിലും റദ്ദാകും. ഇടുക്കിയിലെ ലിസ്റ്റ് നവംബര്‍ 7നും കാസർകോട് ജില്ലയിലെ റാങ്ക് ലിസ്റ്റ് ഡിസംബര്‍ 12നുമാണ് റദ്ദാകുക. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒരാൾക്കുപോലും നിയമനം നൽകാത്തതിനാൽ ഈ ലിസ്റ്റുകൾക്ക് ഒരു വർഷംകൂടിയോ അല്ലെങ്കിൽ ഒരാൾക്കെങ്കിലും നിയമന ശുപാർശ നൽകും വരെയോ (ഏതാണോ ആദ്യം)  നീട്ടികിട്ടും. വെറും 310 പേർക്ക് മാത്രമാണ് എച്ച്എസ്ടി ഇംഗ്ലിഷ് റാങ്ക് ലിസ്റ്റിൽ നിന്ന് സംസ്ഥാന വ്യാപകമായി നിയമന ശുപാർശ ലഭിച്ചിട്ടുള്ളത്. 

∙എച്ച്എസ്ടി ഹിന്ദി

എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമേ റാങ്ക് ലിസ്റ്റ് നിലവിലുള്ളൂ. ബാക്കി 12 ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾ റദ്ദായിക്കഴിഞ്ഞു. കോഴിക്കോട്ടെ ലിസ്റ്റ് ഈ മാസം 26നും എറണാകുളത്തെ റാങ്ക് ലിസ്റ്റ് അടുത്ത മാസം 9നും റദ്ദാകും. ഇതുവരെ 380 പേർക്ക് മാത്രമാണ് എച്ച്എസ്ടി ഹിന്ദി റാങ്ക് ലിസ്റ്റുകളിൽ  നിന്ന് നിയമന ശുപാർശ ലഭിച്ചത്. എച്ച്എസ്ടി നാച്ചുറൽ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇതിൽ സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് എണ്ണൂറിലധികം നിയമന ശുപാർശ നടന്നെങ്കിലും നാച്ചുറൽ സയൻസിൽ 270 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 10 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ മുൻ ലിസ്റ്റിൽ നിന്ന് 16 പേർക്കും എറണാകുളത്ത് 23 പേർക്കും നിയമന ശുപാർശ ലഭിച്ചിരുന്നെങ്കിലും ഇത്തവണത്തെ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം ആരംഭിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിലവിലുള്ള ഒഴിവുകൾപോലും  അധികൃതർ പൂഴ്ത്തി വയ്ക്കുകയാണ്. 

റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ഉദ്യോഗാർഥികൾ

നിയമനം നടക്കാത്ത സാഹചര്യത്തിൽ എച്ച്എസ്‌ടി  തസ്തികയ്ക്ക് നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാർഥികൾ. സ്കൂൾ തുറക്കാത്തതിനാൽ തസ്തിക നിർണയവും ഒഴിവു റിപ്പോർട്ട് ചെയ്യലും അവതാളത്തിലാണ്. നിയമന ശുപാർശ ലഭിച്ചവർക്കും നിയമനം നൽകാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

∙വിവിധ വിഷയങ്ങളിലെ എച്ച്എസ്ടി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശ

kerala-psc-teacher-apponitment

സംസ്ഥാനതലത്തിൽ വേണം നിയമനം

ഹൈസ്കൂൾ അധ്യാപക തസ്തികയിൽ സംസ്ഥാനതലത്തിൽ നിയമനം നടത്തണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. ഒരേ വിജ്ഞാപന പ്രകാരം ജില്ലാതലത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്ന് മലപ്പുറം ഉൾപ്പെടെയുള്ള ചില ജില്ലകളിൽ കാര്യമായി നിയമനം നടക്കുമ്പോൾ പത്തനംതിട്ട ഉൾപ്പെടെയുള്ള  മറ്റുചില ജില്ലകളിൽ ഒന്നാം റാങ്ക് ലഭിച്ച ആളിനു പോലും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഹയർസെക്കൻഡറി അധ്യാപക തസ്തികയിൽ സംസ്ഥാനതലത്തിലാണ് പിഎസ്‌സി നിയമനം നടത്തുന്നത്. എച്ച്എസ്ടി തസ്തികലും ഇതുപോലെ നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 

English Summary:  Kerala PSC Teacher's Appointment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA