ADVERTISEMENT

നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ അന്ത്യം എവിടെയാണ്? നമ്മളെല്ലാവരുടെയും ഉള്ളിലുള്ള ചോദ്യമാണിത്. ലോകത്തെ ഭൂരിഭാഗം മനുഷ്യർക്കും ഇത്രമാത്രം ആശയക്കുഴപ്പമുണ്ടായൊരു കാലം ഉണ്ടായിട്ടില്ല. എല്ലാവരും ഏതെങ്കിലും തരത്തിൽ മനസ്സമ്മർദത്തിലാണ്. പക്ഷേ, ഈ മാനസികാവസ്ഥ കൊണ്ടു വൈറസ് വിട്ടുപോവില്ല. ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം എല്ലാവരോടും പോസിറ്റീവായി ഇടപെടുക എന്നതുതന്നെയാണ്. 

 

ഒരു കഥ പറയാം. ഒരു പാവപ്പെട്ടയാൾ ദൈവത്തോടു ചോദിച്ചു: ‘ഞാൻ എന്തുകൊണ്ടാണ് ഇത്ര പാവപ്പെട്ടവനായത്?’. ദൈവത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘നീ ദാനം ചെയ്യാൻ പഠിക്കാത്തതുകൊണ്ടാണു ദരിദ്രനായത്’. ‘പക്ഷേ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലോ?’ എന്നയാൾ വീണ്ടും ചോദിച്ചു. 

 

ദൈവം മറുപടി നൽകി: ‘മറ്റുള്ളവർക്കുവേണ്ടി ഒരു പുഞ്ചിരി നൽകാൻ നിന്റെ മുഖത്തിനു കഴിയും. നല്ല വാക്കുകൾ കൊടുക്കാൻ നിന്റെ ചുണ്ടുകൾക്കു കഴിയും. ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ചു സഹായിക്കാൻ നിന്റെ കൈകൾക്കു കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്കു കൊടുക്കാൻ നിന്റെ കയ്യിൽ ഒന്നുമില്ലെന്ന്. ദാനം പണവുമായി ബന്ധപ്പെട്ടതു മാത്രമാണ് എന്നതു തെറ്റായ ധാരണയാണ്’. 

 

എന്തായാലും നമുക്കു കോവിഡിനെ നേരിട്ടുകൊണ്ടു ജീവിച്ചേ പറ്റൂ. പുഴ ഒഴുകി അവസാനം കടലിൽ എത്തിച്ചേരുമെന്നു പറയുംപോലെ ഏതെങ്കിലും വിധത്തിൽ ഈ മഹാമാരി വിട്ടൊഴിഞ്ഞ് നമുക്കും പറന്നുയരാൻ ഒരു ദിനം വന്നുചേരുമെന്ന കാര്യം ഉറപ്പാണ്. അവിടെ ബുദ്ധിയും ഹൃദയവും ചിറകുകളായി പറക്കാൻ കരുതിവയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മൾ നിരാശയിൽ തകർന്നുനിൽക്കുമ്പോഴും എത്രമാത്രം ആളുകൾക്ക് ആശ്വാസമായി നമുക്കു നിൽക്കാൻ സാധിക്കുന്നുവോ, നമ്മൾ ദേഷ്യത്തിൽ ജ്വലിക്കുമ്പോൾ എത്രമാത്രം ആളുകളോടു പോസിറ്റീവായും ശാന്തമായും പെരുമാറാൻ കഴിയുന്നുവോ, നമ്മുടെ ഉള്ളു വിങ്ങുമ്പോഴും മറ്റുള്ളവരോടു നമുക്കു ചിരിക്കാൻ കഴിയുന്നുവോ അതാണ് നാളത്തേക്കു നമുക്കു പറന്നുയരാനുള്ള ചിറക്. 

 

മുഹമ്മദ് നബിയുടെ ഒരു കഥയുണ്ട്. പ്രവാചകൻ ഒരിക്കൽ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന സമയത്ത് ഒരു പാവപ്പെട്ടവൻ ഒരു കുല മുന്തിരിയുമായി വന്നു. പ്രവാചകന് ഒരു സമ്മാനം കൊടുക്കുകയെന്നത് അയാളുടെ എത്രയോ കാലമായുള്ള മോഹമായിരുന്നു. മുന്തിരികൾ ഓരോന്നായി വായിലിട്ട് പ്രവാചകൻ ആ കുല മുഴുവൻ തിന്നുതീർത്തു. കൊണ്ടുവന്നയാൾ സന്തോഷവാനായി മടങ്ങിയപ്പോൾ ആൾക്കൂട്ടത്തിൽ ഒരാൾ പ്രവാചകനോടു ചോദിച്ചു: ‘പ്രിയപ്പെട്ട നബിതിരുമേനി, എല്ലാവരും കഴിച്ച ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം കഴിക്കുന്ന അങ്ങ് ഇന്നെന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്?’. 

 

പ്രവാചകൻ ശാന്തനായി മറുപടി പറഞ്ഞു: ‘ആ പാവം അത്രമാത്രം ആഗ്രഹിച്ചാണ് ആ മുന്തിരിക്കുല എനിക്കു തന്നത്. വല്ലാത്ത പുളിപ്പും ചവർപ്പുമുള്ള മൂപ്പെത്താത്ത മുന്തിരിക്കുലയാണെന്ന് ആദ്യത്തെ മുന്തിരി കഴിച്ചപ്പോഴേ എനിക്കു മനസ്സിലായി. അതു നിങ്ങൾക്കു തന്നാൽ അയാളുടെ മുന്നിൽ വച്ച് നിങ്ങളാരെങ്കിലും അതു നല്ലതല്ലെന്നു പറഞ്ഞാൽ ആ പാവത്തിന്റെ ഹൃദയം വേദനിക്കും. അതുകൊണ്ട് ചവർപ്പും പുളിപ്പുമുള്ള ആ മുന്തിരി മുഴുവൻ നിങ്ങൾക്കു തരാതെ സന്തോഷത്തോടെ ഞാൻ കഴിക്കുകയായിരുന്നു’. 

 

ഇതൊരു വലിയ പാഠമാണ്. അതുകൊണ്ട് ഈ കോവിഡ് കാലത്ത് പ്രത്യേകിച്ചും പരിഭവങ്ങൾ പറയാതെ നമുക്കു പരസ്പരം ആശ്വാസമാവാം. Be Positive and Smile! 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com