ADVERTISEMENT

ഫുട്ബോൾ പ്രേമികളെ പുളകം കൊള്ളിക്കുന്ന പദമാണ് ‘സ്കോർപിയൻ കിക്ക്’ അഥവാ തേളടി. അസാധാരണ മെയ്‌വഴക്കവും നിരീക്ഷണപാടവവും തൽക്ഷണബുദ്ധിയും ചടുലതയും ഒത്തുചേർന്നെങ്കിൽ മാത്രം ഗോളടിയിൽ വിജയിക്കുന്ന ഫുട്ബോൾ അഭ്യാസം. പന്തിന്റെ വരവ് നോക്കി,  അതനുസരിച്ച് ശരീരം മുന്നോട്ടാഞ്ഞ്, തറയിൽ ൈകകുത്തി, പാഞ്ഞെത്തുന്ന പന്തിലേക്കു കുതിച്ച്, ഉപ്പൂറ്റി പിന്നിലാക്കി, ലക്ഷ്യബോധത്തോടെ കൃത്യമായടിച്ച്, പന്ത് എതിരാളിയുടെ ഗോൾവലയിലെത്തിക്കുന്ന വിസ്മയശൈലി. കളി തോറ്റാൽപ്പോലും കാണികളുടെ ഹൃദയത്തെ കീഴടക്കുന്ന സാഹസികകൃത്യം. ചലനത്തിന്റെ ഒരു ഘട്ടത്തിൽ തേൾവാലിനെ ഓർമ്മിപ്പിക്കുന്ന നില ശരീരത്തിനുണ്ടാകുന്നതിനാലാണ് ഈ പേരുണ്ടായത്.

 

കൊളംബിയൻ കളിക്കാരനായ റെനേ ഹിഗിറ്റയാണ് 1995ൽ ഈ അഭ്യാസപ്രകടനം ആദ്യമായി കാട്ടി കാണികളെ അത്ഭുതപ്പെടുത്തിയത്. പക്ഷേ കളിയിലെ തേളടിയിൽ വിദ്വേഷമില്ല. എതിർടീമിലെ കളിക്കാരും ഇത് ആസ്വദിക്കും. എന്നല്ല ഒളിമ്പിക്സടക്കം മത്സരക്കളികളുടെ ലക്ഷ്യം മനുഷ്യബന്ധങ്ങളെയും രാഷ്ട്രാന്തരബന്ധങ്ങളെയും ഊട്ടിയുറപ്പിക്കുക കൂടിയാണ്. 

 

ശത്രുതാപരമായ ചില ഒറ്റപ്പെട്ട നീക്കങ്ങൾ കളിയിൽ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, 2006 ലെ ലോക ഫുട്ബോൾ വേൾഡ് കപ് ഫൈനലിൽ ഫ്രാൻസിന്റെ ഏറ്റവും നല്ല കളിക്കാരനും ക്യാപ്റ്റനുമായ സിനെഡിനേ സിഡാൻ ഇറ്റലിയുടെ മാർക്കോ മാറ്ററാസിയെ നെഞ്ചത്ത് തലകൊണ്ട് അതിശക്തമായി ഇടിച്ചു വീഴ്ത്തി. ചെമപ്പുകാർഡ് കണ്ട് മത്സരത്തിനു പുറത്തായി. തന്റെ സഹോദരിയെ അപമാനിച്ചു സംസാരിച്ച മാറ്ററാസിയോടുള്ള കോപം തീർത്തതായിരുന്നു സിഡാൻ. അപമാനിച്ചയാൾ തന്നെ പില്ക്കാലത്ത് ഇക്കാര്യം തുറന്നു സമ്മതിച്ചു. പക്ഷേ തന്റെ വിഡ്ഢിവാക്കുകൾക്കു നല്കിയ ശിക്ഷ കടുത്തുപോയെന്നും അയാൾ സൂചിപ്പിച്ചു.

 

ഇത്തരത്തിൽ ചിലത് എടുത്തുപറയാറുള്ളത്, സാധാരണമായി നല്ല ബന്ധങ്ങൾക്കാണ് കളികൾ വഴിവയ്ക്കുന്നത് എന്നതു തന്നെ. കളിക്കുമ്പോൾ കടുത്ത മത്സരമുണ്ടെങ്കിലും കളിക്കുമുൻപും കളികഴിഞ്ഞും എതിർ കക്ഷികൾ ഹസ്തദാനം ചെയ്യുന്നതോർക്കാം.

 

2003ലെ ക്രിക്കറ്റ് വേൾഡ് കപ്പിൽ 98 റൺസെടുത്തുനിന്ന സച്ചിൻ ടെൻഡുൽക്കറെ ബൗൺസറെറിഞ്ഞ് പുറത്താക്കിയ പകിസ്ഥാനിലെ ശുഐബ് അക്തർ പറഞ്ഞു, 98ൽ സച്ചിൻ പുറത്തായത് തന്നെ ദുഃഖിപ്പിച്ചുവെന്ന്. ആ ബൗൺസർ ഒരു സിക്സറാക്കി സച്ചിൻ സെഞ്ച്വറി പൂർത്തിയാക്കണമെന്ന് അപ്പോൾ ഷൊയെബ് ആഗ്രഹിച്ചിരുന്നുവത്രേ.

 

1987 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസും പാകിസ്ഥാനുമായുള്ള മത്സരം. അവസാനപന്ത് ബൗൾ ചെയ്യാൻ വെസ്റ്റിൻഡീസിന്റെ കോർട്നി വാൽഷ് ക്രീസിലേക്ക് ഓടിയെത്തുന്നു. ആ പന്തിൽ വിക്കറ്റ് വീഴ്ത്തിയാൽ വെസ്റ്റിൻഡീസ് സെമിഫൈനലിലെത്തും. മറിച്ച്, പാകിസ്ഥാൻ രണ്ടു റൺ നേടിയാൽ അവരാവും സെമിഫൈനലിൽ. നോൺ–സട്രൈക്കർ എൻഡിൽ ബാറ്റുമായി നിൽക്കുന്ന അവസാന ബാറ്റ്സ്മൻ സലീം ജാഫർ ആവേശം മൂത്ത് മുന്നോട്ടു നീങ്ങി. ഓടിയെത്തിയ വാൽഷ് തൊട്ടടുത്തുള്ള സ്റ്റംപ്സിലേക്കു പന്തിട്ട് ബെയിൽസ് നിസ്സാരമായി വീഴ്ത്തിയാൽ, ജാഫർ റണൗട്ട്, പാകിസ്ഥാൻ ഓൾഔട്ട്. വാൽഷിന്റെ ടീം സെമിയിൽ. പക്ഷേ, വാൽഷ് അങ്ങനെ ചെയ്തില്ല. പെട്ടെന്നു നിന്ന്, പിന്നോട്ടിറങ്ങി നിൽക്കാൻ ജാഫറിന് മുന്നറിയിപ്പു നല്കി. വാൽഷ് തിരികെ നടന്നു. ഓടിയെത്തി വീണ്ടും ബൗൾ ചെയ്തു. അബ്ദുൽ ഖാദിർ രണ്ടു റണ്ണെടുത്ത് പാകിസ്ഥാനെ വിജയിപ്പിച്ചു. ചുമ്മാ വിജയിക്കാമായിരുന്ന വെസ്റ്റിൻഡീസ്, വാൽഷിന്റെ അസാധാരണ സ്പോട്സ്മൻ സ്പിരിറ്റു കാരണം മത്സരത്തിനു പുറത്തായി. വെസ്റ്റിൻഡീസ് തോറ്റെങ്കിലും ക്രിക്കറ്റ് വിജയിച്ചു. സ്പോട്സ്മൻ സ്പിരിറ്റ് വിജയിച്ചു. ഈ സംഭവം ക്രിക്കറ്റ്ചരിത്രത്തിൽ എന്നെന്നും തങ്കലിപികളിൽ ഉണ്ടായിരിക്കും.

 

അതെ, ഇത്രയൊക്കെ വിവരിച്ചതിൽ നിന്ന് ഒന്ന് വ്യക്തം. ജീവിതത്തിൽ പകർത്തിയാൽ പല നന്മകളും വരുത്താൻ കഴിവുള്ളതാണ് സ്പോട്സ്മൻ സ്പിരിറ്റ്.  എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ?

ഏതു മത്സരത്തിലും നീതിപൂർവമായി പെരുമാറുക

എതിരാളിയെ ബഹുമാനിക്കുക, അംഗീകരിക്കുക

തോൽവിയിൽ തളരാതെ, സമചിത്തത പാലിക്കുക. തോൽക്കുന്നതും പഠിക്കുക

തോറ്റതിനു മുട്ടുന്യായം പറയാതിരിക്കുക. മെച്ചമായ ടീം ജയിച്ചെന്നു കരുതുക

ജയിക്കാനായി ഏതടവും പ്രയോഗിക്കാമെന്നു കരുതാതിരിക്കുക

വിജയത്തിൽ വിനയാന്വിതരായിരിക്കുക

തെറ്റ് അംഗീകരിച്ച്, തിരുത്തി മുന്നേറുക

 

തിരിച്ചടി നേരിട്ടാൽ എല്ലാം തകർന്നെന്നു കരുതാതെ, ക്ഷമയോടെ പ്രവർത്തിക്കുക

ടീമായി പ്രവർത്തിക്കുമ്പോൾ വിജയത്തിന്റെ പങ്ക് എല്ലാവർക്കും എന്ന സമീപനം പുലർത്തുക. തോൽവിയിൽ ആരെയും ഒറ്റപ്പെടുത്തി പഴിക്കാതിരിക്കുക

തോൽക്കുമ്പോഴും ടീമിന്റെ ഭാഗമായതിൽ സന്തോഷിക്കുക. ടീമിന്റെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്താതിരിക്കുക 

നല്ല എതിരാളിയെ സ്വാഗതം ചെയ്യുക. ദുർബലരെ മത്സരത്തിൽ തോൽപ്പിച്ച് മേനി നടിക്കാതിരിക്കുക

മോശമായ സാഹചര്യത്തിലും ഭയന്നു പിൻതിരിയാതിരിക്കുക

കളി ജയിക്കുമ്പോൾ അതു കാര്യമാണെന്നും, തോൽക്കുമ്പോൾ ‘ഓ, ഇത് വെറും കളിയല്ലേ?’ എന്നും ചിന്തിക്കാതിരിക്കുക. വിജയപരാജയങ്ങളെ ഒരേ രീതിയിൽ കാണുക

നിയമങ്ങളെയും അമ്പയറെയും അനുസരിക്കുക

 

ജീവിതവും ഒരർത്ഥത്തിൽ മത്സരമാണ്. സ്പോട്സ്മൻ സ്പിരിറ്റ് നമ്മെ നിരന്തരം ഉത്തേജിപ്പിക്കും. അതിന്റെ ഘടകങ്ങളെല്ലാം ജീവിതത്തിലും ഗുണം ചെയ്യും. നല്ല കളിക്കാരാണ് നല്ല മനുഷ്യരാകുന്നത്.

 

നമുക്ക് തേളടിയിലേക്കു മടങ്ങാം. ജീവിതത്തിൽ കാണാറുള്ള തേളടികളെല്ലാം ഫുട്ബോളിലെപ്പോലെയാകണമെന്നില്ല. ചിലതെല്ലാം യഥാർത്ഥ തേളുകളുടെ പ്രകൃതിയെ ഓർമ്മിപ്പിച്ചേക്കാം. പല ഖണ്ഡങ്ങൾ ചേർന്ന വളഞ്ഞ വാലിനറ്റത്തെ വിഷം കുത്തിവച്ചു ദ്രോഹിച്ചുകളയും തേൾ. ചില തേളുകളുടെ കുത്തേറ്റാൽ മരണംവരെ സംഭവിക്കാം. തേളിനു വാലിലും കടന്നലിന് തലയിലും പാമ്പിന് പല്ലിലും മാത്രമാണ് വിഷമെങ്കിലും, ദുർജജനങ്ങൾക്ക് എല്ലാ അവയവങ്ങളിലും വിഷമെന്ന് സംസ്കൃതമൊഴി. നല്ല തേളടി കണ്ടു രസിക്കുമ്പോഴും തേളുകൾ വിഷം നിറച്ചവയാണോയെന്നു സൂക്ഷിക്കുന്നതും നന്ന്.

English Summary : Column by B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com