ADVERTISEMENT

എല്ലാ പ്രായക്കാർക്കിടയിലും ഇപ്പോൾ വല്ലാത്തൊരു മാനസിക സമ്മർദമുണ്ട്. എനിക്കിനി ജോലി കിട്ടുമോ, നഷ്ടപ്പെട്ട ജോലിക്കു പകരം നല്ല ജോലി ഇനി എപ്പോൾ കിട്ടും, സ്കൂൾ ഈ വർഷം തുറക്കുമോ, പഴയപോലെ ഇനി ക്ലാസുകൾ നടക്കുമോ, പഴയതുപോലെ പുറത്തിറങ്ങി ഇടപഴകാൻ പറ്റുമോ എന്നൊക്കെയാണ് ആശങ്കകൾ. കോവിഡിന്റെ ദുരിതത്തിനൊപ്പം ഇത്തരം ആശങ്കകളുയർത്തുന്ന പരാതികളും പല വീടുകളിലെയും അന്തരീക്ഷത്തിൽ സമ്മർദം നിറയ്ക്കുന്നതിന്റെ പ്രതികരണങ്ങൾ പലപ്പോഴും കിട്ടാറുണ്ട്. 

 

ഈയിടെ ഒരമ്മ എന്നെ വിളിച്ചത് വല്ലാത്ത വേദനയോടെയാണ്. മക്കളെയൊന്നു പറഞ്ഞുമനസ്സിലാക്കാനായിരുന്നു അവർ വിളിച്ചത്. കരഞ്ഞുകൊണ്ടവർ പറഞ്ഞു: ‘വീട്ടുജോലിക്കു പോയാണു കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ മാർച്ച് മാസം മുതൽ പണിയില്ല. ഭർത്താവിന്റെ മദ്യപാനംകൂടിയായപ്പോൾ അസ്വസ്ഥത കൂടി. മൂന്നു മക്കളും വീട്ടിലിരുന്നു വഴക്കും വക്കാണവും വാശിയും തുടരുന്നു’. 

 

ഓടിക്കളിക്കാതെയും കൂട്ടുകാരെ കാണാതെയും മാസങ്ങളായി വീടുകളിൽ അടച്ചിരിക്കേണ്ടിവരുന്ന കുട്ടികൾ അസ്വസ്ഥരാവുന്നതു സ്വാഭാവികമാണ്. തൊഴിലില്ലാത്തവർക്കു ഭാവിയെക്കുറിച്ചുള്ള ഭയവും സ്വാഭാവികം. ഇത്തരം അസ്വസ്ഥതകളിൽനിന്നു രക്ഷപ്പെടാൻ ഒറ്റ വഴിയേ ഉള്ളൂ, താഴേക്കു നോക്കുക. നമ്മളേക്കാൾ ദാരിദ്ര്യം അനുഭവിക്കുന്നവരും രോഗം ബാധിച്ചവരും കഷ്ടത അനുഭവിക്കുന്നവരുമൊക്കെയുള്ള ഈ ലോകത്ത് നമ്മുടെ വേദന ഒന്നുമല്ല എന്നു സ്വയം മനസ്സിലാക്കുക. അതു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. 

 

ഇടാൻ നല്ലൊരു കുപ്പായം പോലുമില്ലാതെ ക്ലാസിലിരിക്കുന്ന കുട്ടികളെ പണ്ടു ഭാരതയാത്രയ്ക്കിടയിൽ ബിഹാറിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, അവരും പങ്കുവച്ച സ്വപ്നം പഠിച്ച് വലിയ നിലയിലെത്തുക എന്നതായിരുന്നു. ഇത്തരത്തിൽ പലതവണ നടത്തിയ ഇന്ത്യ യാത്രകൾ എന്റെ കണ്ണുതുറപ്പിച്ച എത്രയോ അനുഭവങ്ങളുണ്ട്. പിഞ്ചുപ്രായത്തിൽത്തന്നെ കഠിനയാതന അനുഭവിക്കുന്ന ബാല്യം, പട്ടിണി... ഇതൊക്കെ കണ്ടാൽ നമ്മൾ ജീവിക്കുന്നതു സ്വർഗത്തിലാണെന്നു മനസ്സിലാവും. 

 

സ്വന്തം വയറു കത്തുമ്പോഴും, മക്കൾക്കുവേണ്ടി പെടാപ്പാടു പെടുന്ന മാതാപിതാക്കളോട് എതിർത്തു സംസാരിക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കുക. കോവിഡ് വരുത്തിയ ഈ കഷ്ടകാലം ആരും മനപ്പൂർവം കൊണ്ടുവന്നതല്ല. അതിന്റേതായ പ്രതിസന്ധികൾ എല്ലാവരും പല രീതിയിൽ അനുഭവിക്കുന്നുണ്ട്. കർഷകർ, കലാകാരൻമാർ, തൊഴിലാളികൾ... അങ്ങനെ ആ പട്ടിക നീളുന്നു. ഇതു നമ്മുടെ മാത്രം പ്രശ്നമല്ല എന്ന് ആദ്യം മനസ്സിലുറപ്പിക്കുക; നമുക്ക് ഒറ്റയ്ക്കു പരിഹരിക്കാൻ സാധിക്കില്ലെന്നും.  

 

സ്നേഹം കൊണ്ടു തോൽപിക്കാനാവാത്ത ഒരു പ്രശ്നവും നമുക്കിടയിലില്ല. ക്ഷമകൊണ്ടു പരിഹരിക്കാൻ സാധിക്കാത്ത ഒരു വഴക്കുകളുമില്ല. വിട്ടുവീഴ്ചകളിലൂടെ അവസാനിപ്പിക്കാൻ സാധിക്കാത്ത ഒരു വിവാദവും ഈ ലോകത്തില്ല. ഈ കഷ്ടകാലത്ത് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതു നൻമയാണ്. കോവിഡ് ഇന്നല്ലെങ്കിൽ നാളെ പോകും. നമ്മുടെ കുട്ടികളും അച്ഛനമ്മമാരും കൂട്ടുകാരും കുടുംബക്കാരും അയൽപക്കക്കാരും നാട്ടുകാരുമൊക്കെ ജീവിതാവസാനം വരെ നമുക്കൊപ്പം വേണ്ടവരാണെന്ന് ഒരിക്കലും മറക്കാതിരിക്കുക. ‌

English Summary: Stress during the COVID-19 outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com