മാനസികസമ്മർദം ഇല്ലാതാക്കാൻ അറിയണം ഈ കാര്യങ്ങൾ

HIGHLIGHTS
  • നമുക്ക് പുറത്തും അകത്തും ഓരോ ലോകങ്ങളുണ്ട്
tension
SHARE

പ്രേമത്തെയും വെറുപ്പിനെയും കുറിച്ചു പരീക്ഷണം നടത്തുന്ന ഒരു മനശ്ശാസ്ത്രജ്ഞന്റെ ക്ലാസിൽ 15 വിദ്യാർഥികളുണ്ടായിരുന്നു. ഒരു ദിവസം എല്ലാവരും പേനയും കടലാസും എടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം നിർദേശിച്ചു: ‘‌ഒരു മിനിറ്റ് സമയം തരുന്നു. ഈ ക്ലാസിൽ നിങ്ങൾ വെറുക്കുന്ന കുട്ടികളുടെ പേര് സത്യസന്ധമായി എഴുതുക’. 

ഒരു മിനിറ്റ് കഴിഞ്ഞു. ഒരു കുട്ടി മാത്രം 13 പേരുകൾ എഴുതിയിരുന്നു. ആ 13 കുട്ടികളുടെയും പേപ്പറിൽ അവന്റെ പേരായിരുന്നു ആദ്യം! ഒരു കുട്ടി ആരുടെയും പേരെഴുതിയില്ല. എല്ലാ പേപ്പറും പരിശോധിച്ചപ്പോൾ ആ കുട്ടിയുടെ പേരും ആരും എഴുതിയിട്ടുമില്ലായിരുന്നു. 

ഇതു നമ്മുടെ മനോഭാവത്തെ സൂചിപ്പിക്കുന്നു. ‘ജീവിതത്തിനിടയിൽ നമുക്കു കൈമോശം വന്ന ജീവിതമെവിടെ, അറിവുകൾക്കിടയിൽ നമുക്കു കൈമോശം വന്ന വിവേകമെവിടെ?’ എന്നു പ്രശസ്ത കവി ടി.എസ്.എലിയട്ട് എഴുതിയിട്ടുണ്ട്. ജീവിതം ഒരു പ്രതിധ്വനിയാണ്. എന്താണോ കൊടുക്കുന്നത്, അതു നമുക്കു തിരിച്ചുകിട്ടും. 

മനസ്സിൽ വെറുപ്പ് ഉടലെടുക്കുന്നത് എങ്ങനെയാണെന്നു ചിന്തിച്ചിട്ടുണ്ടോ? നമ്മളാണു നമ്മുടെ മനസ്സിന്റെ ഉടമ എന്നു മനസ്സിലാക്കുക. മനസ്സമർദത്തിൽനിന്നു പല തിൻമകളും പൊട്ടിപ്പുറപ്പെടുന്നു. ‘എന്തെങ്കിലുമൊക്കെ ഒരു എന്റർടെയ്‍ൻമെന്റ് വേണ്ടേ?’ എന്ന വാദം നിരത്തി, മനസ്സമർദം കുറയ്ക്കാൻ അത്തരം ഏതെങ്കിലും തെറ്റായ വഴികളിൽ പെട്ടുപോകുന്നവർ ധാരാളം. 

അവനവനെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നു മനസ്സിലാക്കുക. അതിന് എനിക്കു തോന്നുന്ന ചില ലളിതമായ വഴികൾ പറയാം: 

∙വീട്ടിലും സുഹൃത്തുക്കൾക്കിടയിലും തുറന്ന മനസ്സുണ്ടാവുക. പലരും പുറത്തെല്ലാം ചിരിച്ച്, കളിച്ച് നടന്ന് വീട്ടിലെത്തിക്കഴിഞ്ഞാൽ സ്വയം ‘മ്യൂട്ട്’ ചെയ്യുന്നവരാണ്! ആ ശീലം ‘അൺമ്യൂട്ട്’ ചെയ്യുക. 

∙രണ്ടാമത്തേത്, വീട്ടിൽ കൊടുക്കുന്ന care പോലെത്തന്നെ പ്രധാനമാണ്, എല്ലാം share ചെയ്യാനുള്ള മനോഭാവം. അങ്ങനെ ചെയ്താൽ മനസ്സിൽ space ആയി. 

∙മൂന്നാമതായി ആ സ്പേസിൽ ഇത്തിരി സ്നേഹവും കരുണയുമൊക്കെ നിറയ്ക്കണം. അങ്ങനെ ചെയ്യുമ്പോൾ അനാവശ്യ ചിന്തകൾ താനേ ഒഴിഞ്ഞുപോകും. 

കാണാനാവാത്ത രണ്ടു കാര്യങ്ങളാണല്ലോ സ്നേഹവും ചിന്തയും. അനാവശ്യമായി കടന്നുവരുന്ന ചിന്തകളും സ്നേഹം ഒഴിഞ്ഞ മനസ്സും തന്നെയാണ് എല്ലാത്തരം മനസ്സമ്മർദങ്ങളുടെയും കാരണവും. ആദ്യത്തേതിനെ ഒഴിവാക്കുകയും രണ്ടാമത്തേതിനെ നിറയ്ക്കുകയും ചെയ്തുകഴിഞ്ഞാൽ ജീവിതം സുഖം, സുഖകരം. അതായത്, എന്നിൽ ഈ ലോകത്തോടു പ്രേമമുണ്ടെങ്കിൽ ലോകം എന്റെ സുഹൃത്തായി മാറുകയും ഞാൻ മാനസികസമ്മർദം ഇല്ലാത്തവനായിത്തീരുകയും ചെയ്യും. എന്നാൽ, എന്നിൽ വെറുപ്പാണ് ഉള്ളതെങ്കിൽ ഞാൻ കാണുന്നതെല്ലാം കറുപ്പായി മാറുകയും ലോകം എന്നെ വെറുക്കുകയും ചെയ്യും. ലോക്കറിൽ പണം നിറച്ചതുകൊണ്ടോ മണിമാളിക പണിതതുകൊണ്ടോ അധികാരം കെട്ടിപ്പടുത്തതുകൊണ്ടോ മനസ്സമ്മർദം പോവില്ല. 

ഒന്നു മനസ്സിലാക്കുക, നമുക്ക് പുറത്തും അകത്തും ഓരോ ലോകങ്ങളുണ്ട്. എല്ലാവരും പുറത്തെ ലോകത്തിന്റെ ചക്രവർത്തിയായിത്തീരാനുള്ള തീവ്രശ്രമത്തിലാണ്. അകത്തെ ലോകമാണു നമ്മുടെ മനസ്സ്. അതിന്റെ ചക്രവർത്തിയായാലേ അതിനെ നമുക്കു നിയന്ത്രിക്കാനും മനസ്സമ്മർദത്തെ അകറ്റാനും കഴിയൂ. 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA