വീട്ടിലിരുന്ന് 'പണി ' വാങ്ങരുത്, ഇത് ജോലി തട്ടിപ്പുകളുടെ കൂടി കാലം

HIGHLIGHTS
  • പൊതുമേഖല സ്ഥാപനങ്ങളുടെ പേരിൽ വൻകിട തട്ടിപ്പു നടക്കാറുണ്ട്
fraud
Photo Credit : shutterstock.com/fizkes
SHARE

നമ്മുടെ ഫോണിലേക്കൊരു മെസേജ് വരുന്നു. “വീട്ടിലിരുന്നു ജോലി ചെയ്യാം. ഡേറ്റ എൻട്രിയാണ്. മാസം 50,000 രൂപയിലേറെ നേടാം.” വഴിമുട്ടി നിൽക്കുന്ന കോവിഡ് കാലത്ത് ഇത്രയൊക്കെ പോരേ ?

എങ്കിൽ കേരള പൊലീസിന്റെ ബോധവത്കരണ വിഡിയോയിൽ പറയുന്ന ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ. “ആദ്യം അവർ ഒരു മാസത്തേക്കുള്ള ജോലിയുടെ വിശദാംശങ്ങൾ അയച്ചുതരും. ചിലപ്പോൾ എഗ്രിമെന്റ് അയയ്ക്കും. റജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ഒരു മാസത്തെ വർക്ക് കഴിയുമ്പോൾ ബാക്കി പ്രോസസിങ്ങിന്റെ ഭാഗമായി ഒരു ജിഎസ്ടി വിഹിതം കൂടി അടയ്ക്കാൻ ആവശ്യപ്പെടും.” 

പിന്നെയെന്തു സംഭവിക്കുമെന്നു പറയേണ്ടല്ലോ ? അത്രയും പണവും ഒരുമാസത്തെ അധ്വാനവും നഷ്ടം. ഡേറ്റ എൻട്രി എന്ന പേരിൽ വെറുതെ എന്തെങ്കിലുമൊക്കെ ടൈപ്പ് ചെയ്തു വാങ്ങിയിരിക്കുകയാകും. കോവിഡ് കാലത്തു വർധിച്ചുവരുന്ന തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും ചൂഷണം ചെയ്യുന്ന തൊഴിൽ തട്ടിപ്പുകാരെക്കുറിച്ചു പരാതി ലഭിച്ചതോടെയാണ് പൊലീസ് ഇത്തരമൊരു ബോധവത്കരണ വിഡിയോ തയാറാക്കിയത്. 

ലോകമെങ്ങും ഇതാണു സ്ഥിതി. യുഎസിലും യുകെയിലും മറ്റും ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന മാഫിയകൾ സജീവമാകുന്നതായി ഫോബ്‌സ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

തട്ടിപ്പ് പലവിധം

പല തരത്തിലാകും സന്ദേശങ്ങളെത്തുക. നിങ്ങൾ ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാകും ചിലപ്പോൾ അറിയിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാൻ പറയും. വ്യക്തി വിവരങ്ങൾ അപകടകരമായ കൈകളിലേക്കാകും പോകുന്നത്. ലീഗൽ ഫോർമാറ്റിൽ അയച്ചുതരുന്ന എഗ്രിമെന്റ് വാട്സാപ്പിൽ റീഡ് ചെയ്യുന്നതു നമ്മുടെ സമ്മതമായി വ്യാഖ്യാനിച്ചുപോലും തുടർനടപടികൾക്കു പണം ആവശ്യപ്പെടുന്നവരുണ്ട്. കൊടുക്കാതിരുന്നാൽ നിയമനടപടികളിലേക്കു കടക്കുമെന്നാകും ഭീഷണി. മറ്റു ചിലർ വലിയ കമ്പനികളുടെ ഇമെയിൽ സ്പൂഫ് ചെയ്ത് അയയ്ക്കും. കമ്പനിയുടെ ലോഗോയും മറ്റു ചിഹ്നങ്ങളുമൊക്കെ പകർത്തി യഥാർഥമെന്നു തോന്നിപ്പിച്ചാണു തട്ടിപ്പ്.

സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു മാസത്തെ ശമ്പളം മുൻകൂർ അടയ്ക്കണമെന്നു പറയുന്നവരുമുണ്ട്. ഡേറ്റ എൻട്രി, ട്രാൻസ്‌ക്രിപ്ഷൻ തുടങ്ങി ഒട്ടേറെ പാർട് ടൈം ജോലികളുടെ വ്യാജ പരസ്യങ്ങളും ഇന്റർനെറ്റിലുണ്ട്.

കരുതിയിരിക്കാം

കോവിഡിനുമുൻപു പ്ലേസ്മെന്റ് ഓഫർ ലഭിച്ചവർ പോലും ജോലിക്കു ചേരാനാകാതെ അനിശ്ചിതത്വത്തിലാകുന്ന കാലമാണിത്. അപേക്ഷയൊന്നും കൊടുക്കാതെ ഇങ്ങോട്ടു വിളിച്ചു ജോലി വാഗ്ദാനം ചെയ്താൽ തന്നെ തട്ടിപ്പാണെന്നു മനസ്സിലാക്കാം. മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.

∙തീരെ നിലവാരമില്ലാത്ത ഇംഗ്ലിഷിലാകും ഇവരുടെ സംസാരവും എഴുത്തും.

∙ഇത്തരം ജോലികൾക്കു നാം പ്രതീക്ഷിക്കുന്നതിലേറെയാകും ഇവർ വാഗ്ദാനം ചെയ്യുന്ന ശമ്പളം.

∙വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ പരിശോധിക്കില്ല.

∙നാം പണം അടയ്ക്കേണ്ട ബാങ്ക് അക്കൗണ്ടുകൾ കമ്പനികളുടേതായിരിക്കില്ല, വ്യക്തികളുടേതായിരിക്കും.

എന്തു ചെയ്യാം

പൊതുമേഖല സ്ഥാപനങ്ങളുടെ പേരിൽ വൻകിട തട്ടിപ്പു നടക്കാറുണ്ട്. അത്തരം വിജ്ഞാപനങ്ങൾ കണ്ടാൽ സ്ഥാപനങ്ങളുമായി അവരുടെ ഔദ്യോഗിക ഫോണിലോ ഇമെയിലിലോ നേരിട്ടു ബന്ധപ്പെടണം. സ്വകാര്യസ്ഥാപനങ്ങളുടെ കാര്യത്തിലും ഇതു തന്നെ ചെയ്യാം. മിക്ക സ്വകാര്യ സ്ഥാപനങ്ങളുടെയും എച്ച്ആർ ഡിപ്പാർട്മെന്റുകൾ ഇക്കാര്യത്തിൽ ഉദ്യോഗാർഥികളെ സഹായിക്കും. 

പണം ആവശ്യപ്പെടുന്ന ജോലികളെ സംശയദൃഷ്ടിയോടെ നോക്കുക. വിദേശ ജോലികളുടെ കാര്യത്തിലാണെങ്കിൽ അംഗീകൃത കൺസൽറ്റൻസികൾ വഴി മാത്രം പോകുക. ലിങ്ക്ഡ്ഇൻ വഴി കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുമായി ബന്ധപ്പെടുന്നതും അവരെ വിവരം അറിയിക്കുന്നതും ഗുണം ചെയ്യും.

ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങൾ കേന്ദ്രീകരിച്ചാണു മിക്ക തട്ടിപ്പു സംഘങ്ങളും പ്രവർത്തിക്കുന്നത്. കേരളത്തിൽ ഒരുപാടു പേർക്കു പണം നഷ്ടപ്പെട്ടിട്ടുണ്ട്. പലരും പരാതിപ്പെടുന്നില്ല. പണം ആവശ്യപ്പെടുന്ന സമയത്തു തന്നെ പൊലീസിൽ പരാതിപ്പെടാൻ ശ്രദ്ധിക്കണം.

ഇ.എസ്.ബിജുമോൻ

എഎസ്പി, ഹൈടെക് ക്രൈം എൻക്വയറി സെൽ, 

കേരള പൊലീസ്

English Summary: Fraud Job Offering During Covid 19

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA