തോറ്റുകൊടുത്തു വിജയിക്കുക

HIGHLIGHTS
  • ദാമ്പത്യജീവിതത്തിൽ ചെറുകാര്യങ്ങളിൽ തോറ്റുകൊടുക്കാതെ തർക്കിച്ച് ബന്ധം തകർക്കുന്നവരുണ്ട്
success
SHARE

ചതുരംഗഭ്രാന്തുള്ള മൈസൂർ മഹാറാണിയുണ്ടായിരുന്നു. റാണിയോടു കളിക്കുമ്പോൾ സമർത്ഥമായി ചതുരംഗം കളിക്കാനറിയാവുന്ന പ്രശസ്തവനിത എന്നും തോൽക്കും. അത് സ്വാഭാവികതോൽവിയായിരുന്നില്ല. അവരെ തോല്പിക്കാനുള്ള കഴിവ് റാണിക്കുണ്ടായിരുന്നുമില്ല. പക്ഷേ റാണിയുടെ വിജയാഹ്ലാദം കണ്ടുരസിക്കുന്നത് സമർത്ഥയായ കളിക്കാരിയുടെ വിനോദമായിരുന്നു. തന്നെയുമല്ല, റാണി സ്ഥിരമായി തോറ്റാൽ, കളിയറിയാവുന്ന വനിതയ്ക്കു കൊട്ടാരത്തിൽ കടക്കാനാകാതെ വരും. അതുകൊണ്ട് ചതുരംഗപ്പലകയിൽ തോറ്റ് ജീവിതചതുരംഗത്തിൽ വിജയിക്കുന്ന കളിയാ‌ണ് അവർ കളിച്ചിരുന്നത്. 

ഇതിനെ കപടതന്ത്രമെന്ന് ആക്ഷേപിക്കാം. പക്ഷേ ഈ തന്ത്രം മിക്കവരും പയറ്റാറില്ലേ? മേലാവ് തരംതാണ ഫലിതം പറയുമ്പോൾ കൃത്രിമമായി പൊട്ടിച്ചിരിക്കുന്നവരേറെ. രസിച്ചുകാട്ടിയില്ലെങ്കിൽ ജോലിയിൽ പ്രയാസം വരുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തേക്കാമെന്ന ഭീതിയായിരിക്കാം ഈ തന്ത്രത്തിന്റെ പിന്നിൽ. അതിനെ ആക്ഷേപിക്കാതെ അതിജീവനത്തിനുള്ള വഴിയെന്നു വ്യാഖ്യാനിച്ചാൽ മതി.

ദാമ്പത്യജീവിതത്തിൽ ചെറുകാര്യങ്ങളിൽ തോറ്റുകൊടുക്കാതെ തർക്കിച്ച് ബന്ധം തകർക്കുന്നവരുണ്ട്. കുളികഴിഞ്ഞ് നനഞ്ഞ തോർത്ത് എവിടെ വിരിക്കണമെന്ന കാര്യത്തിൽ വാദിച്ചുവാദിച്ച്, രണ്ടും നാലും പറഞ്ഞ് വിവാഹമോചനത്തിലെത്തിയവരുണ്ട്. എത്ര നിസ്സാരകാര്യമാണ് ജീവിതം വഴിതിരിച്ചുവിടാൻ വഴി നല്കിയതെന്നോർക്കുക. തെല്ലു വിട്ടുവീഴ്ച ചെയ്താൽ ആകാശം ഇടിഞ്ഞുവീഴില്ല. ഭിന്നപശ്ചാത്തലങ്ങളിൽ നിന്നു വരുന്ന രണ്ടുപേർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം സ്വാഭാവികം. ഒരാൾ വിട്ടുവീഴ്ച ചെയ്താൽ പ്രശ്നം അവിടെത്തീരും. പക്ഷേ വിട്ടുവീഴ്ച ചെയ്യേണ്ടത് എപ്പോഴും ഒരാളാണെന്നു വരാതെ സൂക്ഷിക്കണം. ഇടയ്ക്കൊന്നു തോറ്റുകൊടുത്താൽ ദാമ്പത്യജീവിതം വിജയിക്കുന്ന സാഹചര്യം ഏറെയുണ്ടാകും.

ഞാൻ ചെയ്യുന്നതെല്ലാം ശരി, എനിക്കു തെറ്റുപറ്റില്ല എന്ന ചിന്ത പലർക്കും വിനയാകാറുണ്ട്. എനിക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക്  തെറ്റെന്നു തോന്നാം. യുക്തി പലതുമുണ്ടല്ലോ. എന്റെ യുക്തിക്ക് അപ്പുറം മറ്റൊന്നില്ലെന്ന് ഞാൻ വാശിപിടിച്ചാൽ, ബന്ധങ്ങൾ തകരാം. സ്വന്തം തെറ്റും പോരായ്മയും ഏറ്റുപ‌റയുന്നയാളോട് അന്യർക്കു സ്നേഹബഹുമാനങ്ങൾ കൂടാനാണു സാധ്യത. തെന്നാലി രാമന്റെ കഥ കേൾക്കുക. വിജയനഗരസമ്രാട്ടായ കൃഷ്ണദേവരായരുടെ സദസ്സിലെ ശ്രദ്ധേയനായ കവിയും പണ്ഡിതനും ആയിരുന്നു തെന്നാലി രാമൻ.

രാജസദസ്സിലെത്തിയ സൈനികോദ്യോഗസ്ഥർ തങ്ങളുടെ വീരകൃത്യങ്ങൾ പൊലിപ്പിച്ചുപറഞ്ഞ് രാജപ്രീതി സമ്പാദിക്കാൻ ശ്രമിച്ചു. ശത്രുപക്ഷത്തെ പത്തുപേരെ ഒറ്റയ്ക്കു നേരിട്ടു വകവരുത്തി, ശത്രുസേനയിലെ ആനയുടെ കഴുത്ത് ഇടതുകൈകൊണ്ട് അറുത്തുതള്ളി തുടങ്ങിയ വീരവാദങ്ങളിൽ നുണയുണ്ടെന്നു മനസ്സിലാക്കിയ തെന്നാലി രാമൻ സ്വന്തം വീരകൃത്യം അവതരിപ്പിച്ചു.

‘‘ഞാൻ ശത്രുപക്ഷത്തെ ചെറുസൈനികരെ നോക്കിയില്ല. സേനാനായകന്റെ വലതുകാൽ ഒറ്റയ്ക്ക് വെട്ടിമാറ്റി.’’ രാമൻ വിജയഭാവത്തിൽ നെഞ്ചുവിരിച്ചു നിന്നു.

സദസ്സിൽ നിന്നു ചോദ്യം :‘‘അങ്ങെന്താ തല വെട്ടിമാറ്റാതെ കാൽ വെട്ടിയെടുത്തത്’’

രാമൻ : ‘‘തല വേറെയാരോ നേരത്തെ വെട്ടിമാറ്റിയിട്ടുണ്ടായിരുന്നു.’’

ഈ തുറന്നുപറച്ചിലോടെ സൈനികോദ്യോഗസ്ഥരുടെ ചെമ്പു തെളിഞ്ഞു. താൻ വിഡ്ഢിയാണെന്നു രാമൻ സന്തോഷത്തോടെ വിളിച്ചുപറഞ്ഞ് തോല്ക്കുകയായിരുന്നല്ലോ. പക്ഷേ ഫലത്തിൽ ജയം.

ഒരിക്കൽ തോറ്റാൽ അത് ശാശ്വതപരാജയമാണെന്നു കരുതിക്കൂടാ. ഇതു തെളിയിക്കുന്ന എത്രയോ മഹച്ചരിതങ്ങളുണ്ട്. നിരവധി പരാജയങ്ങൾക്കു ശേഷമാണ് എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റായത്. ശാസ്ത്രീയകണ്ടുപിടിത്തങ്ങളുടെ ചക്രവർത്തിയായ എഡിസൻ വൈദ്യുതബൾബിനു പറ്റിയ ഫിലമെന്റ്പദാർത്ഥം കണ്ടെത്താൻ ആയിരം തവണ തോറ്റെന്നു കഥയുണ്ട്. ആയിരം കണക്കിലെ ആയിരമെന്നു കരുതേണ്ട; ഏറെത്തവണ എന്നു മനസ്സിലാക്കാം. ഒരു പരാജയവും നേരിടാത്തയാൾ ഒന്നും ചെയ്യാത്തയാളാണ്. തോൽക്കുമ്പോഴാണ് എന്റെ പരിമിതികൾ ഞാൻ തിരിച്ചറിയുക. ആ അറിവ് എനിക്കു നല്ലപാഠം പകർന്നുതരുന്നു.  വിജയത്തിലേക്കുള്ള പാത എങ്ങനെ വെട്ടണമെന്ന് ആ തിരിച്ചറിവു നിർദ്ദേശിക്കുന്നു.

‘ഒരു പരാജയവും അന്തിമമല്ല, പരാജയം മാരകമല്ല, തുടരാനുള്ള ധൈര്യമാണ് പ്രധാനം’ എന്ന് വിൻസ്റ്റൻ ചർച്ചിൽ. വിജയത്തിന് രുചി പകരുന്ന മസാല ആണ് പരാജയം എന്ന് അമേരിക്കൻ നോവലിസ്റ്റ് ട്രൂമൻ കപോട് (1924 –1984). വീഴ്ചയിലല്ല തകരാറ്, വീണുപോയാൽ ചാടിയെഴുന്നേൽക്കാത്തതിലാണ്. ഒരിക്കലും വീഴാതെ, ഏതു കുട്ടിയാണ് നടക്കാൻ പഠിച്ചിട്ടുള്ളത്! 

‘നീതിമാൻ ഏഴു തവണ വീണാലും എഴുന്നേൽക്കും; ദുഷ്ടനാകട്ടെ കുഴപ്പങ്ങളിലേക്കു കാലിടറി വീഴും’ – (ബൈബിൾ : സുഭാഷിതങ്ങൾ 24:16). 

എക്കാലത്തെയും ഏറ്റവും മികച്ച ബാസ്കറ്റ്ബോളർ എന്നു കരുതിപ്പോരുന്ന മൈക്കൽ ജോർഡൻ : ‘9000 ഷോട്ടുകളെങ്കിലും ഞാൻ പാഴാക്കി. 300–ലേറെ കളികൾ തോറ്റു. ജീവിതത്തിൽ വീണ്ടും വീണ്ടും പരാജയപ്പെട്ടു.  അതുകൊണ്ടാണ് എനിക്കു വിജയിക്കാനായത്.’ തെറ്റിൽനിന്ന് ഒരു പാഠവും പഠിച്ചില്ലെങ്കിൽ, അതാണ് യഥാർത്ഥതെറ്റെന്ന് ഹെൻറി ഫോർഡ്.

പൊടി ശേഖരിക്കുന്ന ബാഗില്ലാത്ത വാക്വം ക്ലീനർ കണ്ടെത്താൻ 5126 മാതൃകകൾ പരീക്ഷിച്ചു പരാജയപ്പെട്ടതിനു ശേഷമാണ് ജെയിംസ് ഡൈസൻ ഒടുവിൽ വിജയിച്ചത്. തുടർന്ന് വ്യവസായങ്ങളും സ്ഥാപനങ്ങളും തുടങ്ങി, അദ്ദേഹം ബ്രിട്ടനിലെ ഏറ്റവും വലിയ ധനികനായി.

അഭിരുചിയില്ലെന്നു പറഞ്ഞ് സതേൺ കാലിഫോർണിയയിലെ ഫിലിംസ്കൂൾ സ്റ്റീവൻ സ്പീൽബർഗിന് പ്രവേശനം നിഷേധിച്ചു. പക്ഷേ പിൽക്കാലത്ത്  അദ്ദേഹം അസാമാന്യമിഴിവോടെ സംവിധാനവും തിരക്കഥയെഴുത്തും നടത്തി. സിനിമകൾ നിർമ്മിച്ചു. ഹോളിവുഡിലെ ഇതിഹാസപുരുഷനായി വളർന്നു.

പോളിടെക്നിക് പ്രവേശനപരീക്ഷയിൽ തോറ്റ ആൽബർട് ഐൻസ്റ്റൈനെ ഏവർക്കുമറിയാം. പക്ഷേ ആ നിലയിലല്ലെന്നു മാത്രം.

നിസ്തുലഭാവനാവിലാസവും  നൂതനാശയങ്ങളും കൊണ്ട് അതിമനോഹരമായ കാർട്ടൂൺ ചിത്രങ്ങളടക്കം പലതും നിർമ്മിച്ച്, ദൃശ്യമാധ്യമരംഗത്ത് അവിശ്വസനീയവിജയം വരിച്ചയാളാണി വാൾട് ഡിസ്നി (1901 – 1966). പക്ഷേ ‘ഭാവനയോ പുതിയ ആശയങ്ങളോ ഇല്ലാത്തയാൾ’  എന്നു വിലയിരുത്തി ഒരു പത്രാധിപർ അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.

പരാജയഭീതിയല്ല, വിജയപ്രതീക്ഷയാവണം നമ്മെ ഭരിക്കുന്നത്. പ്രകൃതിയിലേക്കു നോക്കൂ. സിംഹവും കടുവയും മറ്റും മുൻകാലുകൾ മടക്കി ഇര കാണാതെ കുനിഞ്ഞു താണു പതുങ്ങിയിരുന്ന്, തക്കം വരുമ്പോൾ ഒറ്റക്കുതിപ്പിന് ഇരയുടെ മേൽ ചാടിവീണ് അതിനെ വകവരുത്തുന്നു. എപ്പോഴും തലയുയർത്തി ഗർജ്ജിച്ചുനിന്നാൽ ഒരു ഇരയെയും കിട്ടില്ല. ജീവിതമാർഗം അടഞ്ഞുപോകുകയും ചെയ്യും. ഇടയ്ക്കൊന്നു താണുകൊടുക്കാനുള്ള മനഃപരിപാകം പല വിജയങ്ങൾക്കും വഴി നല്കും.

‘Our doubts are traitors,

And make us lose the good we oft might win

By fearing to attempt (ഷേക്സ്പിയർ – മെഷർ ഫോർ മെഷർ – 1:4).

English Summary: Success Tips By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA