ADVERTISEMENT

ബിടെക് മലയാളത്തിൽ പഠിച്ച്, പരീക്ഷയെഴുതിയാലോ ? അമ്പരക്കേണ്ട, ഒരുപക്ഷേ ഇതു സംഭവിച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഐഐടികളിലും എൻഐടികളിലും അടുത്ത വർഷം മാതൃഭാഷയിൽ എൻജിനീയറിങ് കോഴ്സ് ആരംഭിക്കുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യഘട്ടമായി ഐഐടി–ബനാറസ് ഹിന്ദു സർവകലാശാലയിൽ ഹിന്ദിയിൽ എൻജിനീയറിങ് പഠനത്തിനുള്ള രൂപരേഖ തയാറാക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. 

 

അധ്യാപകരും വിദ്യാർഥികളും പ്രഫഷനലുകളും പുതിയ നീക്കത്തെ എങ്ങനെ കാണുന്നു ? ഇതാ മൂന്ന് അഭിപ്രായങ്ങൾ. 

 

വേണം, പക്ഷേ നല്ല മുന്നൊരുക്കത്തോടെ

career-guru-dr-rvj-menon

അധ്യയനം പ്രാദേശിക ഭാഷകളിലാകണമെന്നു വളരെക്കാലമായി പറയുന്നതാണ്. മാതൃഭാഷയിൽ തന്നെ വിഷയങ്ങൾ പഠിക്കുന്നതാണ് നല്ലത്; പ്രത്യേകിച്ച് ആഴത്തിൽ ധാരണ വേണ്ട സാങ്കേതിക വിഷയങ്ങൾ. ഭാഷയിലല്ല, അറിവിലാണ് കാര്യം. ജർമനി പോലെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യാൻ ഇംഗ്ലിഷ് നിർബന്ധമല്ല. എന്നാൽ, ആശയവിനിമയത്തിനുള്ള ഇംഗ്ലിഷ് ഭാഷ വിദ്യാർഥി സ്വായത്തമാക്കണം. ഭാഷാപഠനവും വിഷയങ്ങളുടെ പഠനവും കൂട്ടിക്കുഴയ്ക്കരുത്.

എന്നാൽ, മാതൃഭാഷയിലെ പഠനം എടുത്തുചാടി ആരംഭിക്കാനാകില്ല. മാതൃഭാഷയിൽ പഠനോപാധികളും നിലവാരമുള്ള ജേണലുകളും ഉണ്ടാകണം. എൻജിനീയറിങ് പുസ്തകങ്ങൾ മലയാളത്തിൽ പുറത്തിറക്കാൻ കുറച്ചുകാലം മുൻപ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിച്ചിരുന്നു. ദൗർഭാഗ്യവശാൽ അതിനു പ്രചാരം ലഭിച്ചില്ല.

 

ഡോ. ആർ.വി.ജി. മേനോൻ

വിദ്യാഭ്യാസ വിദഗ്ധൻ, കണ്ണൂർ ഗവ.എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പൽ

 

career-guru-kaviraj-nair

ഐഐടി മദ്രാസിൽ തമിഴിൽ പഠിപ്പിച്ചാൽ ശരിയാകുമോ ?

ഒട്ടേറെ പ്രാദേശികഭാഷകളുള്ള ഇന്ത്യയിൽ മാതൃഭാഷകളിൽ ടെക്നിക്കൽ വിദ്യാഭ്യാസം ഒട്ടും എളുപ്പമാകില്ല. ഐഐടി പോലെയുള്ള സ്ഥാപനങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അധ്യാപകരും വിദ്യാർഥികളുമുണ്ട്. ഐഐടി മദ്രാസിൽ കോഴ്സുകൾ തമിഴിൽ പഠിപ്പിക്കുന്നത് ചിന്തിച്ചുനോക്കൂ. 

ഏത് എൻജിനീയറിങ് വിഷയത്തിലും ഒട്ടേറെ സാങ്കേതിക പദങ്ങളുണ്ട്. ഇവയ്ക്കെല്ലാം പ്രാദേശിക ഭാഷയിൽ സമാന പദങ്ങൾ കണ്ടെത്തുക ദുഷ്കരമാണ്. കംപ്യൂട്ടർ സയൻസിലെ ‘നൾ പോയിന്റി’ന് എങ്ങനെ മലയാളം വാക്ക് കണ്ടെത്തും. മൾട്ടിനാഷനൽ കമ്പനികളിൽ ജോലിക്ക് ഇംഗ്ലിഷ് പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.

 

അതേസമയം, ഇംഗ്ലിഷ് അറിയില്ല എന്നതിനാൽ ടെക്നിക്കൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയുമരുത്. അധ്യയനം ഇംഗ്ലിഷിലും പഠനസഹായികൾ മാതൃഭാഷയിലുമാകുന്ന ഹൈബ്രിഡ് ഭാഷാ സമീപനമാണ് ഇതിനു പരിഹാരം. മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്ന ഒരു വിദ്യാർഥിക്ക് കാർ നിർമാണത്തെക്കുറിച്ച് നന്നായി മനസ്സിലാകാൻ അവനവന്റെ ഭാഷയിൽ അതെക്കുറിച്ചുള്ള ഒരു വിഡിയോ കണ്ടാൽ മതിയാകും.

കവിരാജ് നായർ

രാജ്യാന്തര ഐടി കമ്പനിയിൽ 

career-guru-r-p-govind

സീനിയർ എക്സിക്യൂട്ടീവ്,

ഐഐടി മദ്രാസ് പൂർവ വിദ്യാർഥി

 

പ്രഫഷനൽ കോഴ്സിൽ പ്രായോഗികമല്ല

പ്ലസ് ടു കഴി‍ഞ്ഞ്, ജോലി ലക്ഷ്യമിട്ട് പ്രഫഷനൽ കോഴ്സുകൾക്കു ചേരുന്നവർ മാതൃഭാഷയിൽ പഠിക്കുക എന്നതു പ്രായോഗികമല്ല. വിഷയം നന്നായി അറിയാമെങ്കിലും അതു ഫലപ്രദമായി അവതരിപ്പിക്കണമെങ്കിൽ ഇംഗ്ലിഷ് അറിയണം. ഇംഗ്ലിഷിൽ തന്നെ പഠനം നടത്തിയാലേ അതു സാധിക്കൂ.

ഞങ്ങളുടെ ഭൂരിപക്ഷം അധ്യാപകരും മലയാളവും ഇംഗ്ലിഷും ഇടകലർത്തിയാണ് ക്ലാസെടുക്കുന്നത്. മലയാളം മീഡിയത്തിൽ പഠിച്ചുവരുന്നവർക്കു ചില ഇംഗ്ലിഷ് സാങ്കേതികപദങ്ങള്‍ ബുദ്ധിമുട്ടായേക്കാം. എന്നാൽ, ഏതെങ്കിലുമൊരു ഘട്ടത്തിലിതു തരണം ചെയ്യണം. അതു ക്യാംപസിൽ തന്നെയാകുന്നതല്ലേ നല്ലത് ?

ആർ. പി. ഗോവിന്ദ്,

വിദ്യാർഥി, കോളജ് ഓഫ്  എൻജിനീയറിങ്, 

തിരുവനന്തപുരം
 

English Summary: IIT, NIT Education In Mother Tongue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com