മാതാപിതാക്കൾ മക്കൾക്കു മാതൃകയാകണം; അതിനായി പിന്തുടരാം ഈ ശീലങ്ങൾ

HIGHLIGHTS
  • ജീവിതം ഒരു പ്രതിഫലനമാണ്
parents
SHARE

കോടീശ്വരനായ ഹെൻറി ഫോർഡിനെക്കുറിച്ച് ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം ലണ്ടൻ വിമാനത്താവളത്തിൽ ഇറങ്ങി ഇൻഫർമേഷൻ സെന്ററിൽ ചെന്ന് നഗരത്തിലെ ഏറ്റവും നിരക്കു കുറഞ്ഞ ഹോട്ടൽ അന്വേഷിച്ചു. കൗണ്ടറിലെ ജീവനക്കാരൻ ചോദിച്ചു: ‘ഹെൻറി ഫോർഡ് എന്തിനാണ് നിരക്കു കുറഞ്ഞ ഹോട്ടലിനെക്കുറിച്ച് അന്വേഷിക്കുന്നത്? കഴിഞ്ഞ മാസം താങ്കളുടെ മകൻ ഇവിടെ വന്നിരുന്നു. ഈ നഗരത്തിലെ ഏറ്റവും ‘വിലയേറിയ’ ഹോട്ടലാണ് അദ്ദേഹം അന്വേഷിച്ചത്!’. 

ചിരിച്ചുകൊണ്ട് ഫോർഡ് പറഞ്ഞു: ‘ചെറിയ ഹോട്ടലിൽ താമസിച്ചാലും വലിയ ഹോട്ടലിൽ താമസിച്ചാലും ഞാൻ ഹെൻറി ഫോർഡ് തന്നെയാണ്. പക്ഷേ, എന്റെ മകന്, അവൻ ഫോർഡിന്റെ മകനാണെന്നു തെളിയിക്കാൻ വലിയ ഹോട്ടലിൽ താമസിക്കേണ്ടിവരുന്നു’. 

ഈ പ്രസിദ്ധീകരണത്തിന്റെ വായനക്കാരിൽ അവിവാഹിതരും വിവാഹിതരും മാതാപിതാക്കളുമൊക്കെ ഉണ്ടെന്നറിയാം. അതുകൊണ്ട് ഈ കഥയ്ക്കു പിറകെ പറയുന്ന കാര്യം ഇന്നലെങ്കിൽ നാളെ എല്ലാവർക്കും പ്രസക്തമാണ്. I am OK, You are OK എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? എല്ലാം അറിയുന്നവരും കർമശേഷിയുള്ളവരും എല്ലാംകൊണ്ടും പ്രാപ്തരായവരുമൊക്കെയായാണു ചെറിയ കുട്ടികൾ മാതാപിതാക്കളെ കാണുന്നത്. മാതാപിതാക്കൾ എല്ലാംകൊണ്ടും OK ആണെന്നും തങ്ങൾ OK അല്ലെന്നുമാണ് അക്കാലത്ത് അവരിലെ ചിന്ത. 

വളരാൻ തുടങ്ങുമ്പോൾ, അച്ഛനമ്മമാരിലെ കള്ളത്തരങ്ങളും തെറ്റുകളും വാക്കു പാലിക്കാത്ത രീതികളുമൊക്കെ കണ്ട് കുട്ടികളുടെ മനോഭാവം മാറും. My Parents are not OK എന്നാണ് അക്കാലത്ത് അവരുടെ തിരിച്ചറിവ്. പക്ഷേ, അവർ ആരോടും അതു പറയില്ല. മനസ്സിൽത്തന്നെ അത് അടിഞ്ഞുകൂടും. മാതാപിതാക്കളെ മാതൃകയാക്കാൻ കൊതിച്ചിരുന്ന കുട്ടി ആ തീരുമാനത്തിൽനിന്നു പതുക്കെ മാറുന്നത് ഈ പ്രായത്തിലാണ്. 

ആ പ്രായത്തിലെ ഒരനുഭവം പറയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, സഹപാഠികൾക്കു മിഠായി വാങ്ങിത്തരാൻ 100 രൂപ വീട്ടിൽനിന്നു കട്ടുകൊണ്ടുവന്ന സമ്പന്നനായൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. ‘നീ ചെയ്യുന്നതു കള്ളത്തരമല്ലേ?’ എന്നു ചോദിച്ചപ്പോൾ അവന്റെ മറുപടി രസകരമായിരുന്നു: ‘എന്റെ അച്ഛനും അമ്മയും പെരുങ്കള്ളൻമാരാണ്. പണപ്പിരിവിന് ആളുകൾ വരുന്നതു ദൂരെ കാണുമ്പോഴേ അച്ഛൻ മുകളിലെ മുറിയിൽ പോയി ഒളിച്ചിരിക്കും. അച്ഛൻ കോഴിക്കോട്ടു പോയതാണെന്ന്, ഒരു സങ്കോചവുമില്ലാതെ അമ്മ കള്ളം പറയും’. 

നമ്മുടെ മക്കൾ എങ്ങനെയാവണമെന്നു നമ്മൾ ആഗ്രഹിക്കുന്നുവോ അതുപോലെ നമ്മൾ ആയിത്തീരുക എന്നതാണ് അടിസ്ഥാനകാര്യം. വളരുമ്പോൾ മക്കൾ മദ്യത്തിന്റെയോ ലഹരിമരുന്നിന്റെയോ ലോകത്തേക്കു പോകരുതെന്നാണു നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, നമ്മളും അങ്ങനെയാവുക. അവർ മൊബൈൽ ദുശ്ശീലത്തിലേക്കു വീഴാതിരിക്കണമെന്നുണ്ടെങ്കിൽ, നമ്മളും ആ ശീലം തുടരാതിരിക്കുക. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ വയോജനമന്ദിരത്തിലേക്കയച്ചാൽ നാളെ അവർ നിങ്ങളോടും അതു ചെയ്യുമെന്ന കാര്യം ഓർക്കുക. നടപ്പാക്കാനാവാത്ത ഒരു കാര്യവും മക്കൾക്ക് ഉറപ്പുകൊടുക്കാതിരിക്കുക. ഉറപ്പുകൊടുക്കുന്ന കാര്യങ്ങൾ നടപ്പിലാക്കി കാണിക്കുകയും വേണം. 

മക്കൾ സ്നേഹമുള്ളവരായി വളരുന്നതിൽ, മാതാപിതാക്കൾ തമ്മിലുള്ള സ്നേഹനിമിഷങ്ങൾ വീട്ടിൽ നിറയേണ്ടത് അത്യാവശ്യമാണ്. ഓരോ കുടുംബത്തിലെയും സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ട് മാതാപിതാക്കൾ മക്കളോട് എന്ത്, എങ്ങനെ സംസാരിക്കണമെന്നതിനും എങ്ങനെ സംസാരിച്ചുകൂടാ എന്നതിനുമൊക്കെ നിയതമായ പാഠങ്ങളില്ല. ഒറ്റ കാര്യം എപ്പോഴും മനസ്സിലുറപ്പിക്കാം: ജീവിതം ഒരു പ്രതിഫലനമാണ്. നമ്മൾ എന്താണു ചെയ്യുന്നത്, അതാണു നമ്മുടെ മക്കളിലൂടെ പ്രതിഫലിക്കുക. അങ്ങനെ, I am Ok and my Parents are OK എന്നു പറയുന്ന അന്തരീക്ഷം എല്ലാ വീട്ടിലും നിറയട്ടെ. 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA