ADVERTISEMENT

സൈന്യത്തിലും വിദേശത്തുമുള്ള നഴ്സിങ് ഒഴിവുകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. മികച്ച തൊഴിൽ സാഹചര്യവും വരുമാനവും ഈ നഴ്സിങ് ജോലികളെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. 

 

മിലിട്ടറി നഴ്സിങ്  

സൗജന്യമായി പഠിച്ച് സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസറായി അഭിമാനകരമായ സേവനത്തിന് അവസരം ലഭിക്കുന്നുവെന്നതാണു മിലിട്ടറി നഴ്സിങ് സർവീസിന്റെ പ്രത്യേകത. 

∙ഫീസില്ല, സ്റ്റൈപെൻഡ് ലഭിക്കും. താമസവും ഭക്ഷണവും യൂണിഫോമും തീർത്തും സൗജന്യം.

പുണെ, കൊൽക്കത്ത, മുംബൈ, ഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോടു ചേർന്നുള്ള നഴ്സിങ് കോളജുകളിലാണ് നാലു വർഷത്തെ ബിഎസ്‌സി നഴ്‌സിങ് പരിശീലനം. 

∙അവിവാഹിതർ, പ്രാരാബ്‌ധങ്ങളില്ലാത്ത വിധവകൾ/വിവാഹമുക്‌തകൾ എന്നിവരെയാണു പ്രവേശനത്തിനു പരിഗണിക്കുക. ആൺകുട്ടികൾക്കു പ്രവേശനമില്ല. ∙ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% എങ്കിലും മൊത്തം മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു ജയിച്ചിരിക്കണം. പ്ലസ് ടുവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. റഗുലറായി പഠിച്ചവർക്കേ പ്രവേശനമുള്ളൂ. മാർക്കിളവില്ല. പ്രായം 17–25. 

∙152 സെ.മീ. എങ്കിലും ഉയരവും ആനുപാതിക തൂക്കവും വേണം. മിലിട്ടറി മാനദണ്ഡപ്രകാരമുള്ള ആരോഗ്യനിലവാരം നിർബന്ധം. മാനസികാരോഗ്യവും പ്രധാനം. ശാരീരികവൈകല്യം പാടില്ല. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. 

∙മിലിട്ടറി നഴ്‌സിങ് സർവീസിൽ ചേരാമെന്നു തുടക്കത്തിൽ കരാർ ഒപ്പിടണം. ഇടയ്ക്കു വിട്ടുപോയാലോ കമ്മിഷൻ നിരസിച്ചാലോ കരാർ തുക അടയ്ക്കണം.

∙ഓൺലൈൻ എൻട്രൻസ് പരീക്ഷയിൽ മികവു പുലർത്തണം. 90 മിനിറ്റ് ടെസ്‌റ്റിൽ ജനറൽ ഇംഗ്ലിഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

∙എഴുത്തുപരീക്ഷയും ഇന്റർവ്യൂവും വിലയിരുത്തിയാണു സിലക്‌ഷൻ. വിശദമായ വൈദ്യപരിശോധനാ റിപ്പോർട്ടും തൃപ്‌തികരമാവണം.വെബ്: www.joinindianarmy.nic.in. 

 

വിദേശത്തു നഴ്സ് 

പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫ് മേഖലയിലും വളരെ ഉയർന്ന വേതനത്തോടെ പതിനായിരക്കണക്കിനു നഴ്‌സുമാർക്കു ജോലിസാധ്യതയുണ്ട്. 

∙നഴ്സിങ് പരീക്ഷായോഗ്യതയ്ക്കു പുറമെ ഇംഗ്ലിഷ് ഭാഷാസാമർഥ്യമടക്കം വിവിധ ശേഷികൾ പരിശോധിച്ച് ഉറപ്പു വരുത്തുന്ന സിജിഎഫ്എൻഎസ് (www.cgfns.org)/എൻസിലെക്സ്–ആർഎൻ (www.ncsbn.org) യോഗ്യത നേടണം. ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കാൻ ഐഇഎൽടിഎസ് (www.ielts.org), ടോഫൽ (www.ets.org/toefl), ഒഇടി (www.occupationalenglishtest.org) പരീക്ഷകളിൽ സർട്ടിഫിക്കറ്റ് വേണം. ഈ പരീക്ഷകൾ ഇന്ത്യയിൽ എഴുതാം. വിദേശത്തെ നഴ്സിങ് ഒഴിവുകൾ കണ്ടെത്താൻ www.nursesnet.com എന്ന സൈറ്റ് സഹായിക്കും.

∙സാധാരണക്കാരുമായി തട്ടും തടവും കൂടാതെ സംസാരിക്കാനും കൃത്യമായി കേട്ടുമനസ്സിലാക്കാനുമുള്ള കഴിവാണു മുഖ്യമായി വിലയിരുത്തുക. ഈ ടെസ്റ്റുകളിലെല്ലാം നാലു ശേഷികളാണു വിലയിരുത്തുന്നത്: ശ്രദ്ധിച്ചു കേൾക്കുക, വായിക്കുക, എഴുതുക, സംസാരിക്കുക. യഥാക്രമം Listening, Reading, Writing, Speaking എന്നിവ. 

∙യുഎസിൽ പൊതുവെ ടോഫലിലെയും യുകെ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഐഇഎൽടിഎസ്/ഒഇടി എന്നിവയിലെയും സ്കോറാണു പരിഗണിക്കുക. യുഎഇ അടക്കം ഇവ രണ്ടും സ്വീകരിക്കുന്ന പല രാജ്യങ്ങളുമുണ്ട്. പിടിഇ (പിയേഴ്സൻ ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് അക്കാഡമിക് പ്രാക്ടീസ്), ടിഒഇഐസി (www.ets.org/toeic) എന്നീ ടെസ്റ്റുകളുമുണ്ടെങ്കിലും ഇവിടെ അവയ്ക്കു പ്രചാരം കുറവാണ്.

English Summary: Career Scope Of Nursing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com