ADVERTISEMENT

ബവ്റിജസ് കോർപറേഷനിൽ അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായി നാലു മാസമായിട്ടും പുതിയ വിജ്ഞാപനം  വൈകുന്നു.  പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള തസ്തികകളിൽ ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു വൈകാറില്ല. എന്നാൽ ബവ്കോ അസിസ്റ്റന്റ് തസ്തികയുടെ 25 എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് 3 മാസമായിട്ടും പുതിയ വിജ്ഞാപനം  വൈകുകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം കാത്തിരിക്കുന്നത്. ഡിസംബര്‍ 31ന് അകം വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഈ വർഷം പ്രായപരിധി അവസാനിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ പുതിയ വിജ്ഞാപനവും ഈ വർഷം പ്രസിദ്ധീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.  

മുൻ വിജ്ഞാപനം  ആറു വർഷം മുൻപ്

ബവ്കോ അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയുടെ മുൻ വിജ്‍ഞാപനം ആറു വർഷം മുൻപ്  15–11–2014ലെ ഗസറ്റിലാണ്  പിഎസ്‌സി പ്രസിദ്ധീകരിച്ചത്.  25–07–2015ൽ പരീക്ഷ നടത്തി. 30–09–2016ൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 10–08–2017ൽ. 

റാങ്ക് ലിസ്റ്റ്  ഇല്ലാതായിട്ട് 4 മാസം

ബവ്റിജസ് കോർപറേഷനിൽ അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് 4 മാസം കഴിഞ്ഞു.  മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ഒാഗസ്റ്റ് 9നാണ് ലിസ്റ്റ് റദ്ദായത്. ഒാഗസ്റ്റ് 26നായിരുന്നു അവസാന നിയമന ശുപാർശ‌. മെയിൻ ലിസ്റ്റിൽ നിന്ന് എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശ 910. ഇതിൽ 745 ശുപാർശയും എൻജെഡി ഒഴിവുകളിലേക്കായിരുന്നു. റാങ്ക് ലിസ്റ്റിലെ അവസാന നിയമന ശുപാർശാ വിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– എല്ലാവരും, ഈഴവ– സപ്ലിമെന്ററി ഒന്നു വരെ, എസ്‌സി– സപ്ലിമെന്ററി 50 വരെ, എസ്ടി– സപ്ലിമെന്ററി 20 വരെ, മുസ്ലിം– സപ്ലിമെന്ററി 53 വരെ, ലത്തീൻ കത്തോലിക്കർ– സപ്ലിമെന്ററി 8 വരെ, ഒബിസി– 1000 വരെ, വിശ്വകർമ– 995 വരെ, എസ്ഐയുസി നാടാർ– 972 വരെ, എസ്‌സിസിസി– സപ്ലിമെന്ററി 2 വരെ, ധീവര– സപ്ലിമെന്ററി 6 വരെ. ഹിന്ദു നാടാർ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

പൊതുപരീക്ഷയ്ക്കൊപ്പം 

ബവ്കോ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡിസംബര്‍ 31നു മുൻപ് വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ ബിരുദ നിലവാരത്തിലെ പൊതുപരീക്ഷകളിൽ ഉൾപ്പെടുത്തി പരീക്ഷ നടത്താൻ കഴിയും. സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് തുടങ്ങി വളരെ കുറച്ച് ബിരുദതല തസ്തികകൾ മാത്രമേ പൊതുപരീക്ഷയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളൂ. ബവ്കോ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകൾകൂടി ഇതോടൊപ്പം നടത്തുന്നതിന് പ്രയാസമുണ്ടാകില്ല. 

നേരിട്ടുള്ള നിയമനം നിർത്താൻ  ബവ്കോ

അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം റദ്ദാക്കാനൊരുങ്ങുകയാണ് ബവ്കോ. എൽഡി ക്ലാർക്കുമാർ ചെയ്യുന്ന ജോലിതന്നെയാണ് അസിസ്റ്റന്റുമാരും ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ തസ്തിക നിർത്തലാക്കാൻ സർക്കാരിനോട്  ശുപാർശ ചെയ്തത്. എൽഡി ക്ലാർക്കിന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എന്നാൽ അസിസ്റ്റന്റ് ഗ്രേഡ്–2ന്റെ അടിസ്ഥാന ശമ്പളം 22,200 രൂപയും. രണ്ടു തസ്തികകളിലും സമാന സ്വഭാവമുള്ള ജോലി തന്നെ. ഈ സാഹചര്യത്തിൽ അധിക ശമ്പളം നൽകി അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയിൽ നിയമനം നടത്തുന്നത് അഭികാമ്യമല്ലെന്നു ധനകാര്യ പരിശോധനാ വിഭാഗത്തിനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തസ്തിക നിർത്തലാക്കാൻ ശുപാർശ ചെയ്തത്. നിലവിലുള്ള അസിസ്റ്റന്റ് ഗ്രേഡ്– 1 തസ്തികയെ സീനിയർ അസിസ്റ്റന്റ് ആക്കി മാറ്റും. നിലവിലുള്ള അസിസ്റ്റന്റ് ഗ്രേഡ്– 2 ജീവനക്കാരിൽ നിന്നും യുഡി ക്ലാർക്കുമാരിൽ നിന്നും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ 2:1 അനുപാതത്തിൽ സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കാനാണ് ആലോചന. എൽഡി ക്ലാർക്കുമാരുടെ പ്രമോഷൻ തസ്തികയായി അസിസ്റ്റന്റ് ഗ്രേഡ്– 2 നില നിർത്താനും നീക്കമുണ്ട്. ശമ്പളയിനത്തിൽ വലിയ തുക ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. പിഎസ്‌സിക്ക് ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് തിരിച്ചു പിടിക്കാൻ വ്യവസ്ഥയില്ല. ഈ സാഹചര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 25 ഒഴിവുകളിലേക്ക് പിഎസ്‌സിക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാം. 

English Summary: Kerala PSC Bevco Assistant Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com