‍സംരംഭങ്ങൾക്കു സേവനം; അതും മികച്ച സംരംഭം

HIGHLIGHTS
  • സംരംഭത്തിനു സ്വന്തമായി വെബ്സൈറ്റ് ഉണ്ടാകുന്നതു നന്നായിരിക്കും
thumbs
SHARE

ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. സംരംഭം തിരഞ്ഞെടുക്കൽ, പദ്ധതി രൂപരേഖ തയാറാക്കൽ, വായ്പയും മറ്റു സഹായങ്ങളും സംഘടിപ്പിക്കൽ, മാർക്കറ്റ് സർവേ നടത്തൽ, നികുതി അടയ്ക്കൽ തുടങ്ങിയ ഒട്ടേറെ ബിസിനസ് സപ്പോർട്ട് സേവനങ്ങൾ ഇന്ന് ആവശ്യമുണ്ട്. ഉൽപാദനം ഉയർത്താനും മറ്റു പ്രശ്നപരിഹാരങ്ങൾക്കും വൈദഗ്ധ്യം നിറഞ്ഞ കൺസൽറ്റന്റുമാരെ ആവശ്യമായതിനാൽ അതുതന്നെ മികച്ചൊരു സംരംഭമായി വളർത്താവുന്ന സാഹചര്യം ഇന്നുണ്ട്. 

ബിസിനസ് ആശയം 

വിപണി പഠനം, ബിസിനസ് നയങ്ങളുടെ വിശകലനം, ബിസിനസ് ആസൂത്രണം, പ്രോജക്ട് റിപ്പോർട്ടുകൾ, വായ്പാസമ്പാദനം, ജിഎസ്ടി റജിസ്ട്രേഷനും തുടർന്നുള്ള റിട്ടേണുകൾ സമർപ്പിക്കലും, കമ്പനി റജിസ്ട്രേഷനും സർക്കാർ അനുമതികളും സമ്പാദിക്കൽ, പിഎഫ്, ജീവനക്കാരുടെ കാര്യങ്ങൾ, ഗുണമേൻമാ സർട്ടിഫിക്കറ്റുകളുടെയും ലൈസൻസുകളുടെയും സമ്പാദനം തുടങ്ങി സംരംഭകർക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകുകയാണു ബിസിനസ് സപ്പോർട്ട് സർവീസുകളുടെ ചുമതലകൾ. ഇതിനു മികച്ച രീതിയിൽ സർവീസ് ചാർജ് ഈടാക്കാം. സംരംഭം തുടങ്ങുന്നവർക്കു വേണ്ടത്ര പ്രാവീണ്യമില്ലെങ്കിൽ, പ്രാവീണ്യമുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തി സംരംഭം തുടങ്ങാവുന്നതുമാണ്. 

വിപണി 

ഇത്തരം സേവനങ്ങൾക്ക് ഇന്നു വ്യാപകമായി ആവശ്യക്കാരുണ്ട്. എൻജിനീയറിങ്, കൊമേഴ്സ്, മറ്റു ബിരുദധാരികൾ തുടങ്ങിയവർക്കും ബിസിനസ് സപ്പോർട്ട് സർവീസ് എന്ന സംരംഭത്തിലേക്കിറങ്ങാം. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഇപ്പോൾ മിക്ക അപേക്ഷകളും സമർപ്പിക്കേണ്ടത്. അക്കാര്യത്തിൽ സംരംഭകർക്കുള്ള സംശയങ്ങൾക്കു പരിഹാരം നൽകാനും സഹായങ്ങൾ ഒരുക്കാനും ഈ സംരംഭത്തിലൂടെ സാധിക്കും. 

കൊമേഴ്സ്, എൻജിനീയറിങ്, ബിസിനസ് മാനേജ്മെന്റ് മേഖലകളിൽ പ്രാവീണ്യമുള്ളവർക്കു നന്നായി ശോഭിക്കാം. സംരംഭത്തിനു സ്വന്തമായി വെബ്സൈറ്റ് ഉണ്ടാകുന്നതു നന്നായിരിക്കും. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകളുമായി നല്ല ബന്ധം വളർത്തിയെടുക്കുന്നത് ഈ സംരംഭത്തിന്റെ വളർച്ചയ്ക്ക് ഉപകരിക്കും. ഒരു ഓഫിസും കംപ്യൂട്ടറും ഇന്റർനെറ്റും അടങ്ങുന്ന സൗകര്യങ്ങളും ഉണ്ടെങ്കിൽ ഈ സംരംഭം ആരംഭിക്കാം. കംപ്യൂട്ടർ പരിചയം അഭിലഷണീയമാണ്. 

നേട്ടം 

സ്വയംതൊഴിൽ കണ്ടെത്തുകയും ഒട്ടേറെപ്പേർക്കു സ്വയംതൊഴിലിനു വഴിതുറക്കുകയും ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ സംരംഭത്തിന്റെ ഇരട്ട നേട്ടം. സ്ഥിരമായി സേവനങ്ങൾ ആവശ്യമുള്ള കസ്റ്റമർമാരെ നിലനിർത്താൻ കഴിഞ്ഞാൽ അവസരങ്ങൾ വർധിക്കും. കസ്റ്റമറുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സേവനം നൽകുന്നതിലാണു വളർച്ചയുടെ അടിസ്ഥാനം. മെച്ചപ്പെട്ട സേവന നിരക്ക് ഈടാക്കാനും കഴിയും. നന്നായി ആസൂത്രണം ചെയ്ത് മുന്നോട്ടുപോയാൽ ആറു മാസത്തിനകംതന്നെ മാസം ഒരു ലക്ഷം രൂപയെങ്കിലും സമ്പാദിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope Of Business Consultation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA