ADVERTISEMENT

കായികതാരങ്ങൾക്കാണു സ്പോർട്സിൽ വലിയ സാധ്യതയെന്നു പൊതുവെ തോന്നാം. പക്ഷേ, സ്പോർട്സിൽ താൽപര്യമുള്ള, കളിക്കാരല്ലാത്തവർക്കും ഭേദപ്പെട്ട കരിയർ കണ്ടെത്താൻ സഹായകമായ ഒട്ടേറെ കരിയർ സാധ്യതകളുണ്ട്. സ്പോട്സ്–ഗെയിംസ് മേഖലയിലെ അത്തരം കുറേ സാധ്യതകളാണ് ഈയാഴ്ച മുതൽ കുറച്ചു ലക്കങ്ങളിൽ വിശദീകരിക്കുന്നത്. 

കായികാധ്യാപകർ 

സ്കൂളിലും കോളജിലും കായികാധ്യാപകരായി പ്രവർത്തിക്കുന്നവർക്കു ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, ക്രിക്കറ്റ്, ടെന്നിസ്, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ് തുടങ്ങിയ കളികളെയും അത്‌ലറ്റിക്സിനെയും കുറിച്ച് അറിവുണ്ടായിരിക്കണം. കളിക്കാനും ചെറുതോതിൽ പരിശീലിപ്പിക്കാനും കളിക്കളം ഒരുക്കാനും സ്പോർട്സ് സാമഗ്രികൾ തിരഞ്ഞടുക്കാനും കഴിവുണ്ടാകണം. കുട്ടികൾക്കു കോച്ചിങ് നൽകാൻ ഓരോ കളിയിലും അത്‌ലറ്റിക്സിലും വിശേഷപരിശീലനം നേടിയ കോച്ചുകളുടെ സേവനം വേണ്ടിവരും.

കായികാധ്യാപകരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളാണു തിരുവനന്തപുരത്തെ ലക്ഷ്മീബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും കോഴിക്കോട്ടെ ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും. ബാച്‌ലർ, മാസ്റ്റർ ബിരുദപഠനത്തിനു സൗകര്യമുണ്ട്. യഥാക്രമം സ്കൂൾതലത്തിലും കോളജ്തലത്തിലും കായികാധ്യാപകരാകാൻ ഉതകുന്ന യോഗ്യതകളാണിവ. 

 

സ്പോർട്സ് കോച്ച് 

പ്രഫഷനൽ കോച്ചുകളാകാൻ വിശേഷപരിശീലനം വേണം. ഏതെങ്കിലു അംഗീകൃത കളിയിലോ അത്‌ലറ്റിക്സിലോ യോഗ്യത നേടാം. കളിയിലെ പ്രാഥമികശേഷികൾ, നിയമങ്ങൾ, ചലനങ്ങൾ എന്നിവ മാത്രമല്ല അടവുകളും ആഴത്തിലുള്ള തന്ത്രങ്ങളും കളിക്കാർക്കു പകർന്നുകൊടുക്കേണ്ട ചുമതലയാണു കോച്ചിനുള്ളത്. വിദഗ്ധ ശൈലികൾ സ്വയം ചെയ്തു കാണിച്ച്, പരിശീലിപ്പിച്ച്, തെറ്റു തിരുത്തി മത്സരങ്ങൾക്കു തയാറെടുപ്പിക്കാനുള്ള പ്രാവീണ്യം കോച്ചിനുണ്ടായിരിക്കണം. 

 

റഫറി, അംപയർ 

മത്സരം നിയന്ത്രിക്കാൻ അധികാരമുള്ള അംപയറോ റഫറിയോ ആകണ‌മെങ്കിൽ ബന്ധപ്പെട്ട നിയമങ്ങൾ സമഗ്രമായി പഠിച്ച്, എഴുത്തുപരീക്ഷയും പ്രായോഗിക ടെസ്റ്റും ജയിക്കേണ്ടതുണ്ട്. 

 

സ്പോർട്സ് ഓഫിസർ 

ഫിറ്റ്നസ് ക്ലബ്ബുകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്പോർട്സ് സംഘടനകൾ മുതലായവയിലുമുണ്ട് കായികരംഗത്തു പരിശീലനം നേടിയവർക്ക് അവസരങ്ങൾ. വലിയ വ്യവസായ സ്ഥാപനങ്ങൾ സ്പോർട്സ് ഓഫിസർമാരെ നിയമിക്കാറുണ്ട്. സ്വന്തം ലേബലിൽ ടീമുകളെ വാർത്തെടുത്ത് വലിയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതും ടീമുകളെ സ്പോൺസർ ചെയ്യുന്നതും കിടമത്സരമുള്ള വ്യവസായങ്ങളിൽ സ്ഥാപനത്തിന്റെ സൽപ്പേരു മെച്ചപ്പെടുത്താൻ സഹായകമാകാറുണ്ട്.

 

സ്പോർട്സ് ജേണലിസ്റ്റ് 

കായികമേഖല അടുത്ത കാലത്തു വലിയ ജനകീയത കൈവരിച്ചിട്ടുണ്ട്. മാധ്യമരംഗത്തും വിദഗ്ധ സേവനം ആവശ്യമാണ്. സ്പോട്സ് റിപ്പോർട്ടർ, കോളമിസ്റ്റ്, അനലിസ്റ്റ്, ഫീച്ചർ റൈറ്റർ, ടിവി ബ്രോഡ്കാസ്റ്റിങ് കമന്റേറ്റർ, പ്രൊഡ്യൂസർ തുടങ്ങിയ നിലകളിൽ സമർഥമായി പ്രവർത്തിക്കാൻ സ്പോർട്സ് പ്രാവീണ്യത്തോടൊപ്പം പത്രപ്രവർത്തന ശേഷികളും സ്വായത്തമാക്കണം. മികച്ച ആശയവിനിമയശേഷിയും ഭാഷാപ്രാവീണ്യവും ഇതിനു വേണ്ടിവരും.

സ്പോട്സ് മാനേജ്മെന്റ്, സ്പോട്സ് മെഡിസിൻ, സ്പോട്സ് ന്യൂട്രീഷൻ തുടങ്ങിയ വിഷയങ്ങളിൽ വിശേഷ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് അടക്കമുള്ള വിശദാംശങ്ങൾ വരുംവാരങ്ങളിൽ ചർച്ച ചെയ്യാം. 

English Summary: Career Scope Of Sports Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com