പ്രതീക്ഷിച്ച വിജ്ഞാപനങ്ങളില്ല; ഉദ്യോഗാർഥികൾക്കു നിരാശ

student
Photo Credit : socialmedia/AJP
SHARE

പ്രധാന തസ്തികകളിലേക്കുള്ള   വിജ്ഞാപനങ്ങൾ ഡിസംബറിലും  പിഎസ്‌സി പ്രസിദ്ധീകരിക്കാത്തതിനാൽ   നിരാശരായി ഉദ്യോഗാർഥികൾ. 2020ൽ പ്രായപരിധി അവസാനിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് ഇതിനാൽ അവസരം നഷ്ടമായത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബവ്റിജസ് കോർപറേഷനിൽ അസിസ്റ്റന്റ്, വിവിധ വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകർ, സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ എന്നിവയിലെല്ലാം ഈ വർഷം വിജ്ഞാപനം  പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഡിസംബര്‍ 31ലെ  വിജ്ഞാപനത്തിലും ഈ തസ്തികകൾ ഉൾപ്പെടാതിരുന്നതോടെ  2020ൽ പ്രായപരിധി അവസാനിച്ചവരുടെ അവസരങ്ങൾ ഇല്ലാതായി. ഈ വർഷം പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾക്ക് 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. 

ബവ്കോ അസിസ്റ്റന്റ്

ബവ്റിജസ് കോർപറേഷനിൽ അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായി 4 മാസം കഴിഞ്ഞിട്ടും പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തയാറായില്ല. ഈ തസ്തികയുടെ 25 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടു മാസങ്ങളായി. എന്നിട്ടും വിജ്ഞാപനമില്ല. അസിസ്റ്റന്റ് ഗ്രേഡ്– 2 തസ്തികയിൽ നേരിട്ടുള്ള നിയമനം നിർത്താൻ ബവ്കോ നടപടി സ്വീകരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ചാവാം പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തത്. എൽഡി ക്ലാർക്കുമാർ ചെയ്യുന്ന ജോലി തന്നെയാണ് അസിസ്റ്റന്റുമാർ ചെയ്യുന്നതെന്ന വാദം ഉയർത്തിയാണ് ഈ തസ്തിക നിർത്തലാക്കാൻ ബവ്കോ തയാറെടുക്കുന്നത്. എന്നാൽ ഒരിക്കൽ പിഎസ്‌സിയിൽ റിപ്പോർട്ട് െചയ്ത ഒഴിവ് തിരിച്ചു പിടിക്കാൻ സർക്കാർ വകുപ്പുകൾക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കഴിയില്ല. ഇതനുസരിച്ച് റിപ്പോർട്ട് ചെയ്ത ഒഴിവിൽ പിഎസ്‌സിക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ. 

ബവ്കോ അസിസ്റ്റന്റ് തസ്തികയുടെ മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 15–11–2014 ലെ ഗസറ്റിലാണ്. ഇപ്പോൾ ആറു വർഷം കഴിഞ്ഞു. മുൻ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 10–08–2017ൽ. മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി 09–08–2020ൽ ഈ റാങ്ക് ലിസ്റ്റ് റദ്ദായി. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് തസ്തികയുടെ മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 14–12–2017ൽ ആയിരുന്നു. ഇപ്പോൾ 3 വർഷം പൂർത്തിയായി. ഡിസംബറിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ഉദ്യോഗാർഥികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മുൻ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 09–04–2019ൽ ആയിരുന്നു. ഇപ്പോൾ ഒരു വർഷവും എട്ടു മാസവും പൂർത്തിയായി. ഇനി ഒരു വർഷവും നാലു മാസവുംകൂടി മാത്രമേ ഈ ലിസ്റ്റിന് കാലാവധിയുള്ളൂ. ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ബിരുദ നിലവാരത്തിൽ അടുത്ത വർഷം നടക്കുന്ന പൊതുപരീക്ഷയോടൊപ്പം ഈ തസ്തികയുടെ പരീക്ഷയും നടത്താൻ കഴിഞ്ഞേനെ. 2020ൽ പ്രായപരിധി അവസാനിച്ച  നൂറു കണക്കിന് ഉദ്യോഗാർഥികൾക്ക് അവസരവും നഷ്ടമാകില്ലായിരുന്നു. 

ഹൈസ്കൂൾ ടീച്ചർ

എല്ലാ വിഷയങ്ങളിലെയും ഹൈസ്കൂൾ അധ്യാപക വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാത്തമാറ്റിക്സ്, നാചുറൽ സയൻസ് വിഷയങ്ങളുടെ വിജ്ഞാപനം മാത്രമാണ് പ്രസിദ്ധീകരിച്ചത്. മലയാളം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലെ വിജ്ഞാപനമൊന്നും 2020ൽ ഇല്ല. ബിഎഡ്, കെ.ടെറ്റ് യോഗ്യത നേടി എച്ച്എസ്ടി വിജ്ഞാപനം പ്രതീക്ഷിച്ചിരുന്ന  ഉദ്യോഗാർഥികൾ ഇതോടെ നിരാശയിലായി. പ്രായപരിധി അവസാനിച്ചതിനാൽ അടുത്ത വർഷം പ്രസിദ്ധീകരിക്കുന്ന വിജ്ഞാപന പ്രകാരം ഇവരിൽ ഭൂരിഭാഗത്തിനും അപേക്ഷിക്കാൻ കഴിയില്ല. 

സർവകലാശാല അനധ്യാപക വിജ്ഞാപനങ്ങൾ

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്‌സി വഴിയാക്കിയ ഉത്തരവിനെ തുടർന്ന് ലാസ്റ്റ് ഗ്രേഡ്, ലൈബ്രേറിയൻ, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് ഡിസംബറിനുള്ളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി ഈ വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചില്ല. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം എന്നാൽ ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല എന്നതായിരുന്നു അടിസ്ഥാന യോഗ്യത. 5 ലക്ഷത്തിലധികം പേർ ഈ തസ്തികയിൽ അപേക്ഷിക്കാൻ കാത്തിരുന്നതാണ്. ഇവരിൽ നല്ലൊരു ശതമാനത്തിന്റെയും ഉയർന്ന പ്രായപരിധി 2020ൽ അവസാനിച്ചു. ഈ തസ്തികകളിലേക്കുള്ള വിജ്ഞാപനം ജനുവരിയിൽ പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി തയാറെടുക്കുന്നതെന്നറിയുന്നു.

2020ൽ 527 വിജ്ഞാപനങ്ങൾ

2020ൽ പിഎസ്‌സി പ്രസിദ്ധീകരിച്ചത് 527 വിജ്ഞാപനങ്ങൾ. 2019ൽ 633 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിടത്താണ് ഇത്തവണ വിജ്‍ഞാപനങ്ങൾ അറുന്നൂറിലും താഴെ പോയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒാഫിസ് ദിവസങ്ങളോളം അടഞ്ഞു കിടന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ വിജ്ഞാപനങ്ങൾ കുറയാൻ കാരണമായിട്ടുണ്ടാവാം. എന്നാൽ പ്രധാന തസ്തികകളിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന വിജ്ഞാപനങ്ങൾപോലും 2020ൽ പുറത്തിറക്കിയില്ല. ഫയർവുമൺ, വനിതാ സിവിൽ പൊലീസ് ഒാഫിസർ, അസിസ്റ്റന്റ് സെയിൽസ്മാൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങി വിരലിൽ എണ്ണാവുന്ന സുപ്രധാന വിജ്ഞാപനങ്ങൾ മാത്രമാണ് 2020ൽ പുറത്തിറക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 2018ലാണ് ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചത്–396. 

English Summary: Kerala PSC Notification

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA