ADVERTISEMENT

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ വെറും അഞ്ചര മാസം മാത്രം ശേഷിക്കേ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമന നിരോധനം. നാൽപ്പതിനായിരത്തിലധികം ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കുന്ന റാങ്ക് ലിസ്റ്റിലാണ്  നിയമനങ്ങൾ വൻതോതിൽ കുറഞ്ഞത്. 

14 ജില്ലകളിലായി ഈ തസ്തികയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ 46,285 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 5420 പേർക്ക് മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ആകെ നിയമന ശുപാർശയിൽ 681 ഒഴിവും എൻജെഡി ആണ്. ഇത് കുറച്ചാൽ യഥാർഥ നിയമനം 4739 മാത്രം. അതായത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ 10% പേർക്കേ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളൂ. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,455 പേർക്ക് നിയമന ശുപാർശ ലഭിച്ച സ്ഥാനത്താണിത്.  

കാലാവധി നീട്ടുമോ?

മൂന്നു വർഷത്തെ കൃത്യമായ ഇടവേളകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ ഇതു മുടങ്ങും. പത്താംക്ലാസ് നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷയ്ക്കൊപ്പമാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയും പിഎസ്‌സി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ഈ പരീക്ഷ നടക്കുമോ എന്നകാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റ് മൂന്നു വർഷ കാലാവധി പൂർത്തിയാക്കുന്ന ജൂൺ 29നു തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് വരില്ലെന്നുറപ്പാണ്. അതുകൊണ്ട് നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ഇക്കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. 

എങ്ങും താൽക്കാലികക്കാർ

നിലവിലുള്ള ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനൊപ്പം പുതിയ തസ്തിക സൃഷ്ടിക്കാത്തതും ലാസ്റ്റ് ഗ്രേഡ് നിയമനം കുറയാൻ ഇടയാക്കിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുമ്പോഴൊക്കെ ലാസ്റ്റ് ഗ്രേഡ് തസ്തികയെ അവഗണിക്കുകയാണ് പതിവ്. ഇനി തസ്തിക സൃഷ്ടിച്ചാലും താൽക്കാലിക നിയമനമേ നടത്തൂ. ഇടതുപക്ഷ സർക്കാർ നാലര വർഷംകൊണ്ട്  27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിലും ലാസ്റ്റ് ഗ്രേഡ് തസ്തികകൾ ഉണ്ടായിരുന്നില്ല എന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.   

നിയമന ശുപാർശ 5420; നിയമനം 4739

കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് 5420 നിയമന ശുപാർശ. ഇതിൽ 681ഉം എൻജെഡി ഒഴിവുകളിലേക്കായിരുന്നു. ഇത് കുറച്ചാൽ യഥാർഥ നിയമനം 4739. ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്– 622. ഏറ്റവും കുറവ് ശുപാർശ വയനാട് ജില്ലയിൽ– 184. തിരുവനന്തപുരം കഴിഞ്ഞാൽ അഞ്ഞൂറിൽ കൂടുതൽ നിയമന ശുപാർശ ലഭിച്ചത് കോഴിക്കോട് ജില്ലയിൽ മാത്രം– 530. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 300 പേർക്കുപോലും നിയമന ശുപാർശ നൽകാൻ കഴിഞ്ഞിട്ടില്ല. 

റാങ്ക് ലിസ്റ്റിൽ 46,285 പേർ

14 ജില്ലകളിലായി നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത് 46,285 പേരെ. മെയിൻ, സപ്ലിമെന്ററി, ഭിന്നശേഷി വിഭാഗങ്ങളിലായാണ് ഇത്രയും ഉൾപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽ– 5707. ഏറ്റവും കുറവ്  വയനാട് ജില്ലയിൽ– 1780 പേർ. വിവിധ ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം പട്ടികയിൽ.

ജില്ല-റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ

തിരുവനന്തപുരം-5707

 

കൊല്ലം-3969

 

പത്തനംതിട്ട-2249

 

ആലപ്പുഴ -2970

 

കോട്ടയം-2311

 

ഇടുക്കി-2352

 

എറണാകുളം-3937

 

തൃശൂർ-3984

 

പാലക്കാട്-4021

 

മലപ്പുറം-3846

 

കോഴിക്കോട്-4095

 

വയനാട്-1780

 

കണ്ണൂർ-3186

 

കാസർകോട്-1878

 

ആകെ-46285

 

മുൻ ലിസ്റ്റിൽ നിന്ന് 11,455 നിയമന ശുപാർശ

വിവിധ ജില്ലകളിൽ 2015ൽ നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ് മുൻ റാങ്ക് ലിസ്റ്റിൽ നിന്നു നടന്നത് 11,455 നിയമന ശുപാർശ.  ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിലായിരുന്നു– 1594. ഏറ്റവും കുറവ് വയനാട് ജില്ലയിൽ– 371. തിരുവനന്തപുരത്തിനൊപ്പം പാലക്കാട് ജില്ലയിലും അന്ന് ആയിരത്തിലധികം പേർക്ക് ശുപാർശ ലഭിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 900നും 1000നും ഇടയിലായിരുന്നു നിയമന ശുപാർശ. 

 

മുൻ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലെ നിയമന ശുപാർശ

ജില്ല-മുൻ റാങ്ക് ലിസ്റ്റിലെ നിയമനശുപാർശ

 

തിരുവനന്തപുരം-1594

 

കൊല്ലം-928

 

പത്തനംതിട്ട-595

 

ആലപ്പുഴ -663

 

കോട്ടയം-639

 

ഇടുക്കി-630

 

എറണാകുളം-951

 

തൃശൂർ-923

 

പാലക്കാട്-1028

 

മലപ്പുറം-866

 

കോഴിക്കോട്-981

 

വയനാട്-371

 

കണ്ണൂർ-805

 

കാസർകോട്-481

 

ആകെ-11455

Kerala PSC Last Grade Servants Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com