sections
MORE

കിസ് എന്നാൽ ചുംബനമല്ല

HIGHLIGHTS
  • പറയുന്നത് ചുരുക്കി വേണമെന്ന് വിവേകശാലികൾ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്
kerala-couple
Representative Image. Photo Credit: AJP / Shutterstock
SHARE

85കാരനായ റിട്ടയേഡ് ഉദ്യോഗസ്ഥൻ നഗരത്തിലെ  ഉന്നതരുടെ ക്ലബ്ബിൽ പ്രസംഗിക്കുകയാണ്. അദ്ദേഹത്തിന് 20 മിനിറ്റു കൊടുത്തിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും നിറുത്തുന്ന ലക്ഷണമില്ല. പഴങ്കഥകൾ േകട്ട് സദസ്സു മുഷിഞ്ഞുതുടങ്ങി. അദ്ദേഹത്തിന്റെ പത്നി 80കാരി മുൻനിരയിലിരിപ്പുണ്ട്. അവർ തുണ്ടുകടലാസിൽ എന്തോ കുറിച്ച് അടുത്തിരുന്ന യുവാവിനു കൊടുത്ത്, പ്രഭാഷകന്റെ കൈയിലെത്തിക്കാൻ പറഞ്ഞു. പടികയറുന്നതിനിടയിൽ യുവാവ് കുറിപ്പിലേക്കു നോക്കി. ഞെട്ടി. ഈ അമ്മൂമ്മ എന്തിനാണ് സദസ്സിലിരുന്ന് ഇങ്ങനെയെഴുതി ഭർത്താവിനെ ഏൽപ്പിക്കുന്നത്?

ഏതായാലും തുണ്ട് വൃദ്ധനെ ഏൽപ്പിച്ചു. ‘സ്വിച്ചിട്ടപോലെ’ പ്രസംഗം നിർത്തി, അദ്ദേഹം കസേരയിലിരുന്നു. എന്താണ് സംഭവിച്ചത്? കുറിപ്പിൽ ആകെ നാലക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ – KISS. സന്ദർഭത്തിനു നിരക്കാത്ത ആ വാക്കാണ് യുവാവിനെ ഞെട്ടിച്ചത്. ദമ്പതികൾക്ക് അറിയാവുന്ന കോഡ് ആയിരുന്നു ആ വാക്ക് – ‘മരമണ്ടൂസേ, പ്രസംഗം നിർത്ത്’ എന്ന് അർത്ഥം വരുന്ന KEEP IT SHORT STUPID. മര്യാദകേട് എന്ന അർത്ഥത്തിൽ അധികപ്രസംഗം എന്ന വാക്കുതന്നെയുള്ളതും കൂട്ടത്തിലോർക്കാം.

കഥ നിൽക്കട്ടെ. ഇത് തമാശയല്ല. രൂപകല്പനയിലെ തത്ത്വമാണ്. പൂർണരൂപം KEEP IT SIMPLE STUPID. ഡിസൈനിൽ സങ്കീർണത കഴിവതും ഒഴിവാക്കണം. എൻജിനീയറിങ് ഉല്പന്നങ്ങളും സോഫ്റ്റ്‌വെയറും അടക്കം ഏതിലും.  വിമാനം ഡിസൈൻ ചെയ്യുന്ന ലോക്ഹീഡ് സ്കങ്ക് വർക്സിലെ പ്രമുഖ എൻജിനീയർ കെല്ലി ജോൺസൺ തുടങ്ങിവച്ച്, വ്യാപകമായി സ്വീകരിക്കപ്പെട്ട തത്ത്വം.

പറയുന്നത് ചുരുക്കി വേണമെന്ന് വിവേകശാലികൾ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. Brevity is the soul of wit എന്ന ഷേക്സ്പിയർവചനം എന്നേ പഴമൊഴിയാണ് (Hamlet 2:2). ഏറെ സംസാരിക്കാത്തതെന്തുകൊണ്ടെന്നു ദമയന്തിയോടു നളൻ പറഞ്ഞതിലെ ഒരു വരി ഇന്ത്യയിൽ പഴമൊഴിയായി. ‘നിഷ്പ്രയോജനമായ രണ്ടു കാര്യങ്ങളിൽ എന്റെ നാവ് ഉദാസീനമാണ്. വാക്കുകളേറെപ്പറയുന്നതിലും അർത്ഥമില്ലാത്ത വാക്കുകൾ പറയുന്നതിലും. മിതമായും സാരയുക്തമായും സംസാരിക്കുന്നതാണ് വാഗ്മിത’ എന്നു നളൻ.

‘മിതം ച സാരം ച വചോ ഹി വാഗ്മിതാ’ ശ്രീഹർഷന്റെ നൈഷധീയചരിതം (9:8:4)

ഇതിനു വിപരീതമാണ് വായാടിത്തം, വാചാലത, വാചാടത എന്നിവ.

നമുക്ക് പ്രസംഗത്തിലേക്കു മടങ്ങാം. സദസ്സിൽ സംസാരിക്കാൻ അവസരം കിട്ടുന്ന പലരും സന്ദർഭമോ സാഹചര്യമോ കേൾവിക്കാരുടെ താല്പര്യമോ നോക്കാതെ സ്വന്തം പഴങ്കഥക്കെട്ടഴിച്ച് പുതുമ തൊട്ടുതെറിച്ചിട്ടില്ലാത്ത കാര്യങ്ങൾ വായ്തോരാതെ പറഞ്ഞ് അരങ്ങ് മുഷിപ്പിക്കും. പ്രസംഗത്തിലും സംഭാഷണത്തിലും ഔചിത്യം പ്രധാനം. കേൾവിക്കാർക്കു മുൻഗണന നല്ക‌ണം. പല പ്രയോഗങ്ങളും ശ്രോതാക്കളിൽ ‌മോശമായ പ്രതികരണം ജനിപ്പിച്ചേക്കാം. പലരും തുറന്നുപറയില്ല. ഏറെ കേൾക്കാറുള്ള ചില പ്രസ്താവനകളും അവ ജനിപ്പിച്ചേക്കാവുന്ന ചിന്തകളും ഇങ്ങനെ.

‘എന്റെ ഓർമ്മ ശരിയാണെങ്കിൽ ...’ (ശരിയല്ലെങ്കിലോ?) 

‘എന്താ പറയുക?’ (പറയേണ്ടത് അറിയാത്തയാൾ ഈ വേഷം കെട്ടിവരരുത്)

‘എന്ന് ശക്തമായി ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്’ (പൊള്ളവാക്ക്)

‘എന്നു നിങ്ങൾ മനസ്സിലാക്കണം’ (എനിക്കു വേണ്ടത് ഞാൻ തനിയേ പഠിച്ചോളാം)

ഇതെല്ലാം ഓർത്തിരിക്കുന്നത് സദസ്സിലായാലും ചെറുസംഘങ്ങളിലായാലും സംസാരിക്കുമ്പോൾ ഔചിത്യം ഉറപ്പാക്കാൻ സഹായിക്കും. പറയേണ്ടതു ചുരുക്കിപ്പറഞ്ഞാൽ കേൾവിക്കാർക്കു സൗകര്യമാവും. 

കുട്ടിക്കാലത്തെ ഒരു കളിയോർക്കുന്നു. ഒരാൾ കുറെ നേരം സംസാരിക്കും. അതിലെ ആശയം ചോരാതെ കഴിയുന്നത്ര കുറഞ്ഞ വാക്കുകളിൽ അക്കാര്യം മറ്റൊരാൾ അവതരിപ്പിക്കണം. ശ്രദ്ധിച്ചു കേൾക്കാനും കണ്ണായ പോയിന്റുകൾ തിരഞ്ഞെടുത്ത് ചുരുക്കിപ്പറയാനും  ശീലിപ്പിക്കുന്ന കളി. ജേണലിസ്റ്റാകാൻ പറ്റിയ പരിശീലനം !

കളിയിലെ പരമമായ ചോദ്യമിതായിരുന്നു. ഒരു കല്ലു മുകളിലേക്കെറിഞ്ഞ് അത് വീണ് തറയിലെത്തുംമുൻപ് മഹാഭാരതവും രാമായണവും പത്തു തവണ പറഞ്ഞു തീർക്കാമോ? തീർക്കാം. ആദ്യം പഠിക്കേണ്ടത് മഹാഭാരതവും രാമായണവും കൂടി പത്തക്ഷരത്തിൽ ഒതുക്കാനാണ്. ഏറ്റവും നീണ്ട എഴുത്തുകളെപ്പറ്റി രാമായണംപോലെ, ഭാരതംപോലെ എന്നെല്ലാം പറയാറുള്ള കാലം. ലളിതമായ ഉത്തരമുണ്ട് : ‘മണ്ണിനു യുദ്ധം, പെണ്ണിനുയുദ്ധം’. കല്ലു  താഴെയെത്തുന്നതിനു മുൻപ് ഇത് പത്തു തവണ പറയാം.                                                                             

പറയാൻ പലർക്കും പ്രയാസം വരുന്നത്, കാര്യം മനസ്സിലാക്കാതെ വിവരിക്കാൻ ശ്രമിക്കുന്നതുകൊണ്ട്. ‘വിവരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ കാര്യം വേണ്ടുതുപോലെ മനസ്സിലാക്കിയിട്ടില്ല’ എന്ന് ഐൻസ്റ്റൈൻ.

ഓരോ വിഷയത്തിനും ചേർന്ന പദപ്രയോഗവും പ്രധാനം. ഗൗരവമാർന്ന വിഷയങ്ങൾ പ്രാധാന്യത്തോടെ സംസാരിക്കുമ്പോൾ അതിനു ചേർന്ന പദങ്ങൾ തിരഞ്ഞെടുക്കണം. എംഎ വിദ്യാർത്ഥി പരീക്ഷക്കടലാസിലെഴുതിയ വരി ഭാഷാവിദഗ്ധനായൊരു പ്രഫസർ എടുത്തുപറഞ്ഞതിങ്ങനെ : ‘പുള്ളിക്കാരൻ പുള്ളിക്കാരത്തിയെ പ്രേമിച്ചപ്പോൾ അതിയാൻ സ്ഥലത്തില്ലായിരുന്നു.’ (ദുഷ്യന്തമഹാരാജാവ് ആശ്രമത്തിലെത്തി ശകുന്തളയെ കണ്ട നേരത്ത് കണ്വമഹർഷി അവിടെയില്ലായിരുന്നു എന്നാണ് വിദ്യാർത്ഥി ഉദ്ദേശിച്ചത്). 

ഇത്തരം പദദോഷങ്ങളൊഴിവാക്കുക, ഒതുക്കിപ്പറയുക തുടങ്ങിയവയെപ്പറ്റി ഏറെക്കാര്യങ്ങൾ സാഹിത്യസാഹ്യത്തിലുണ്ട്. മലയാളവ്യാകരണം ചിട്ടപ്പെടുത്തിയ അസാമാന്യപ്രതിഭാശാലിയായ ഏ ആർ രാജരാജവർമ്മയുടെ കൃതി. വയറു വിശക്കുന്നു, നാലു കാലുള്ള നാല്ക്കാലികൾ, സപ്തർഷികൾ ഏഴു പേരും എന്ന മട്ടിലുള്ളവ വേണ്ട. അനാവശ്യമായ ആവർത്തനം. ഇംഗ്ലിഷിലും ഒഴിവാക്കേണ്ടതാണ് tautology. (ഉദാ:– The food is adequate enough. She left at 5 am in the morning. The reason is because he loves cricket.)

ചിലർ നേരേചൊവ്വേ കാര്യം പറയില്ല. വെറുതേ വളച്ചുകെട്ടും. സൗന്ദര്യവും യൗവനവുമുള്ള സ്ത്രീ എന്നതിനു പകരം യുവസുന്ദരി മതി. വളച്ചുകെട്ടിനെ സൂചിപ്പിക്കുന്ന രസകരമായ പദമുണ്ട് : ശിരോവേഷ്ടനപ്രാണായാമം. പ്രാണായാമത്തിനു മൂക്കു പിടിക്കണം. നേരേ പിടിക്കാതെ കൈ തലയ്ക്കു ചുറ്റി മൂക്കിൽ പിടിക്കുന്ന വൈകല്യം.

ദീർഘകാലദമ്പതികൾക്കൊരു പ്രയാസമുണ്ട്. മുൻപ് പല തവണ കേട്ടത് വീണ്ടും വീണ്ടും കേൾക്കേണ്ടിവരും. ക്ഷീരബല പോലെ. കുറുന്തോട്ടിവേര് പാലിൽ അരച്ചുകലക്കി എണ്ണചേർത്തു കാച്ചി വറ്റിച്ചുണ്ടാക്കുന്ന മരുന്ന് (ക്ഷീരം – പാല്, ബല– കുറുന്തോട്ടി). ഇതിന്റെ വീര്യം വർധിപ്പിക്കാൻ പാകവിധി പല തവണ ആവർത്തിക്കും. 101 തവണ വരെ. സംഭാഷണത്തിൽ  ഇത്തരം ആവർത്തനം ബോധപൂർവം ഒഴിവാക്കാൻ കരുണ കാട്ടണം. 

ഇത്രയൊക്കെപ്പറഞ്ഞെങ്കിലും ആവശ്യമുള്ളപ്പോൾ ഉചിതമായ വാക്കുകളും പ്രയോഗങ്ങളും തടവില്ലാതെ നാവിലെത്തുകയും വേണം. ഇക്കാര്യത്തിൽ എഴുത്തച്ഛന്റെ പ്രാർത്ഥന അധ്യാത്മരാമായണത്തിന്റെ തുടക്കത്തിലുണ്ട് : 

‘വാരിധി തന്നില്‍ തിരമാലകളെന്നപോലെ

ഭാരതീ! പദാവലി തോേന്നണം കാലേ കാലേ’

വേണ്ടപ്പോഴെല്ലാം ആവശ്യമുള്ള വാക്കുകൾ കടലിലെ തിരമാലപോലെ തോന്നിവരേണമേ എന്ന് സരസ്വതിയോടുള്ള പ്രാർത്ഥന. 

കൂട്ടത്തിലൊരു തമിഴ്മൊഴിയുടെ സാരം കൂടെ കേൾക്കുക: 

‘ദയയോടെ പറയുക, മധുരമായി പറയുക, സത്യം പറയുക, നല്ലത് പറയുക, സൗമ്യമായി പറയുക, പുഞ്ചിരിച്ചു പറയുക, ചിന്തിച്ചു പറയുക, സമയമറിഞ്ഞു പറയുക, സഭയറിഞ്ഞു പറയുക.’ ഹൃദ്യമായ വാങ്മാധുരിയാകട്ടെ നമ്മുടെ ലക്ഷ്യം. പന്തളം കേരളവർമ്മയുടെ പ്രാർഥന പോലെ, ‘നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം.’    നമുക്കും ചിന്തിക്കാം ഈ രീതിയിലെല്ലാം. പ്രവർത്തിക്കാം ഇമ്മട്ടിലെല്ലാം.

English Summary: Career Column By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA