ADVERTISEMENT

ഒരു ചെറിയ ചോദ്യം: പിടിപെട്ടാൽ മാറാത്ത രോഗമേതാണ്? 

സംശയിക്കേണ്ട, സംശയരോഗം തന്നെ! ഒരുപാടു പേരുടെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന വില്ലനാണിവൻ. ഉറക്കം നഷ്ടപ്പെടുത്തുന്ന, ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളെയും ഇല്ലാതാക്കുന്ന, പെട്ടെന്ന് മറ്റുള്ളവരിലേക്കു പടർന്നുപിടിക്കുന്ന, ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത വല്ലാത്തൊരു രോഗമാണിത്. ഇതു ബാധിച്ചാൽ അനാവശ്യ ചിന്തകൾ മനസ്സിലൂടെ കടന്നുപൊയ്ക്കൊണ്ടേയിരിക്കും. ഈ ചിന്തകൾക്കു സത്യവുമായി ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. പക്ഷേ, ഈ ചിന്തകൾ നമ്മെ അന്ധതയിലേക്കു നയിക്കും. പൊടിപിടിച്ച കണ്ണാടി പോലെയാണ് ഈ അവസ്ഥ. ഈ പൊടി തുടച്ചുമാറ്റാതെ യഥാർഥ പ്രതിബിംബം കാണാൻ പറ്റുകയില്ലെന്നതാണു പ്രശ്നം. 

 

ബയാസിത് എന്നൊരു ഗ്രീക്ക് തത്വചിന്തകൻ ഉണ്ടായിരുന്നു. ഒരിക്കൽ രാജാവ് അദ്ദേഹത്തെ കാണാൻ ചെന്നു. മന്ത്രിമാരെയും ഭാര്യയെയുമൊക്കെ അനാവശ്യമായി സംശയിക്കാൻ തുടങ്ങിയതോടെ രാജഭരണത്തിൽപ്പോലും ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്ന പ്രയാസം രാജാവ് പങ്കുവച്ചു. മനസ്സ് ഏകാഗ്രമാകാൻ എന്തു ചെയ്യണമെന്നായിരുന്നു രാജാവിന്റെ ചോദ്യം. 

 

ബയാസിത് പറഞ്ഞു: ‘സംശയത്തിന്റെ പൊടിപടലങ്ങൾ തുടച്ചുമാറ്റാതെ എന്റെ ഉപദേശത്തിനുപോലും ഒരു അർഥവും ഉണ്ടാവില്ല. കാരണം, ഞാൻ ഈ പറയുന്നതുപോലും അങ്ങു കേൾക്കുന്നതു സംശയത്തോടെയാണ്. അതുകൊണ്ടു തൽക്കാലം പോവുക. മനസ്സു ശുദ്ധമാകുമ്പോൾ വീണ്ടും വരിക’. 

രാജാവ് മടങ്ങി. പിന്നീടൊരിക്കൽ രാജാവ് നായാട്ടിനു പോയപ്പോൾ നദിയിലേക്കു വെള്ളമെടുക്കാൻ പോയി തിരിച്ചുവന്ന മന്ത്രി പറഞ്ഞു: ‘അങ്ങ് നദിയോരത്തു ബയാസിത് ഒരു പെണ്ണിനോടൊപ്പം ഇരിക്കുന്നു’. രാജാവ് വേഗം ചെന്ന് മരത്തിന്റെ മറവിൽ നിന്നു നോക്കി. സത്യമാണ്. ബയാസിതിന്റെ മടിയിൽ കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ കിടക്കുന്നു. ഒരു മുളംകുറ്റിയിൽനിന്നു ബയാസിത് ആ സ്ത്രീയുടെ വായിലേക്ക് എന്തോ ഒഴിച്ചുകൊടുക്കുന്നുണ്ട്. 

പൊട്ടിത്തെറിച്ചുകൊണ്ട് രാജാവ് ബയാസിതിന്റെ മുന്നിലെത്തി: ‘സംശയിച്ചാൽ അതു തെറ്റ്. ഈ കാട്ടിക്കൂട്ടുന്നതിൽ ഒരു തെറ്റുമില്ലേ?’–രാജാവ് ചോദിച്ചു. ബയാസിത് ആ സ്ത്രീയുടെ മുഖാവരണം മാറ്റി. അത് അദ്ദേഹത്തിന്റെ മാതാവായിരുന്നു. രോഗിയായ അമ്മയെ മടിയിൽ കിടത്തി മരുന്നു കൊടുക്കുകയായിരുന്നു അയാൾ. ബയാസിത് പറഞ്ഞു: ‘ക്ഷമിക്കണം. അങ്ങയുടെ മനസ്സിന്റെ കണ്ണാടിയിൽ ഒട്ടിപ്പിടിച്ച പൊടിപടലങ്ങൾ ഇനിയും തുടച്ചുമാറ്റേണ്ടിയിരിക്കുന്നു’. 

 

കഥ അവിടെ നിർത്തി നമുക്കു കാര്യത്തിലേക്കു വരാം. ഒരു കാരണവുമില്ലാതെ എന്തിനെയും ഏതിനെയും സംശയിക്കുന്നവർ വലിയ പരാജയങ്ങളിലേക്കു വീഴാറുണ്ട്. ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന ഏറ്റവും വലിയ വില്ലനും സംശയരോഗം തന്നെ. സ്നേഹബന്ധം എത്രത്തോളം തീവ്രമാണോ അത്രയും ആഴത്തിലായിരിക്കും സംശയങ്ങളും. ആർക്കും ആരുടെയും മനസ്സു വായിക്കാൻ കഴിയില്ല. അതിനുള്ള മറുമരുന്ന് തുറന്നുപറച്ചിലുകൾ മാത്രമാണ്. 

സത്യസന്ധത പുലർത്തുക. ജീവിതം ഒരു കളിയല്ല. അവിടെ ഒന്നും മറച്ചുവയ്ക്കാതെ എല്ലാ ചീട്ടുകളും മലർത്തി മേശപ്പുറത്തു വയ്ക്കുക. പഠിക്കാനോ പരിശീലിക്കാനോ പുറപ്പെടുമ്പോൾ മനസ്സിലുണ്ടാകുന്ന ഭയവും അരക്ഷിതാവസ്ഥയുമൊക്കെ മറ്റൊരു തരം സംശയാവസ്ഥയാണ്. തനിക്കു തന്നോടുതന്നെ വിശ്വാസമില്ലാത്ത ഈ അവസ്ഥ മറികടക്കാനും ചെയ്യേണ്ടത് പ്രിയപ്പെട്ടവരോടു തുറന്നു സംസാരിക്കൽ മാത്രം. ഇല്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ ആഴങ്ങളിലേക്കു വേരിറക്കിക്കൊണ്ടേയിരിക്കും. 

 

തന്നോടുതന്നെയോ മറ്റുള്ളവരോടോ സംശയം ഉണ്ടായിക്കോട്ടെ, അത് അപ്പപ്പോൾ തുറന്നുപറഞ്ഞാൽ ജീവിതം കുറേക്കൂടി സുഖകരമാകും എന്ന് എല്ലായ്പോഴും ഓർക്കുക. 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com