ADVERTISEMENT

‘കോളജ് വിട്ട് വർഷങ്ങൾക്കു ശേഷം ഈയിടെ ആരെങ്കിലും ഒരു അപ്രതീക്ഷിത ‘ഹായ്’ മെസേജ് അയച്ചോ ? എങ്കിൽ അവർ യുട്യൂബ് ചാനൽ തുടങ്ങിയെന്നാണ് അർഥം..’ ലോക്‌ഡൗൺ കാലത്ത് ഏറെ പ്രചരിച്ച തമാശ. ചാനൽ തുടങ്ങിയ ഭൂരിപക്ഷം പേരും പാതിവഴിയിൽ നിർത്തി. അതേസമയം ഗൗരവമായി സ്വീകരിക്കുന്നവർക്കു യുട്യൂബ് കൈനിറയെ പണവും നൽകുന്നു. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെപ്പേരാണ് പ്രായഭേദമന്യേ യുട്യൂബിനെ പുതുതൊഴിലിടമായി കണ്ടു വിജയം കൊയ്‌തത്.

ചാനൽ തുടങ്ങും മുൻപ്

സംഗീതം, സിനിമ, രാഷ്ട്രീയം, വാർത്ത, ഫാഷൻ തുടങ്ങി ഏതു വിഷയത്തിലും ചാനൽ തുടങ്ങാം. എന്നാൽ കണ്ടന്റിൽ വ്യത്യസ്തതയുണ്ടെങ്കിലേ കാണാൻ ആളുണ്ടാകൂ. സെറ്റിട്ട പാചക വിഡിയോകൾ കണ്ടു മടുത്തവർക്കു മുന്നിലേക്കാണ് പാടത്തും പറമ്പിലുമിരുന്ന് ‘ഇന്റർനാഷനൽ’ വിഭവങ്ങളൊരുക്കുന്ന ഫിറോസ് ചുട്ടിപ്പാറയുടെ ‘വില്ലേജ് ഫുഡ് ചാനൽ’ വന്നത്. വിദേശികൾ കയ്യടക്കിവച്ചിരുന്ന ‘ഡൂ ഇറ്റ് യുവർസെൽഫ്’ വിഡിയോകൾ കേരളത്തിലേക്ക് അനായാസ അവതരണത്തിലൂടെ കൊണ്ടുവന്ന ജിയോ ജോസഫിന്റെ ‘എം4 ടെക്കാണ്’ മറ്റൊരു മാതൃക.

ഈ ആപ്പുകൾ ശ്രദ്ധിക്കുക

ചാനലിന് വ്യത്യസ്തതയാർന്ന പേരും ചെറു വിവരണവും ഉറപ്പാക്കണം. മൊബൈലിലോ ക്യാമറയിലോ ഷൂട്ട് ചെയ്യുന്ന വിഡിയോകളിൽ ശബ്ദം ചേർക്കാനും എഡിറ്റ് ചെയ്യാനും ഒട്ടേറെ ആപ്പുകളും അവയുടെ വെബ് വേർഷനുകളുമുണ്ട്. പലതരം ഇഫക്ടുകൾ നൽകിയും വിഡിയോ ഗംഭീരമാക്കാം. സഹായകരമായ എഡിറ്റിങ് ആപ്പുകൾ: Video Maker for YouTube-Video.Guru (വാട്ടർമാർക്കില്ലാതെ), Kinemaster, PowerDirector, FilmoraGo (പണം നല്‍കി വാട്ടർമാർക്ക് ഒഴിവാക്കാം), Openshot, Filmora, DaVinci Resolve (ഡെസ്‌ക്ടോപ് വേർഷന്‍). മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള വിഡിയോകളും മ്യൂസിക്കും ഉപയോഗിച്ചാൽ പകർപ്പവകാശ പ്രശ്നമുണ്ടാകും. ‘ഒറിജിനൽ കണ്ടന്റി’നാണ് യുട്യൂബ് പ്രാധാന്യം നല്‍കുന്നത്. യുട്യൂബ് സ്റ്റുഡിയോയിലെ ഓഡിയോ ലൈബ്രറിയിൽ പകർപ്പവകാശ പ്രശ്നമില്ലാത്ത മ്യൂസിക്കും സൗണ്ട് ഇഫക്ടുകളും ലഭ്യമാണ്.

Google YouTube Ad Boycott
Photo Credit: Richard Voge / AP Photo

എങ്ങനെ തുടങ്ങാം?

ഗൂഗിള്‍ അക്കൗണ്ടുള്ള ആർക്കും www.youtube.comൽ സൈൻ–ഇൻ ചെയ്ത് ചാനൽ തുടങ്ങാം. ഗൂഗിൾ അക്കൗണ്ടില്ലെങ്കിൽ അതു ക്രിയേറ്റ് ചെയ്യാനു ഓപ്ഷനുണ്ട്. സൈൻ–ഇൻ ചെയ്തു കയറിയാൽ സൈറ്റിനു മുകളിൽ ക്യാമറാ അടയാളം കാണാം. അതിൽ ക്ലിക്ക് ചെയ്ത് studio.youtube.comൽ വിഡിയോ അപ്‌ലോഡ് ചെയ്യാം. അവിടെത്തന്നെ പ്ലേലിസ്റ്റ് തയാറാക്കാനും വിഡിയോ പരിചയപ്പെടുത്താനുള്ള തംബ്‌നെയിൽ ഇമേജ് ചേർക്കാനും തലക്കെട്ടും വിവരണവും വിഷയവുമായി ബന്ധപ്പെട്ട ടാഗുകളും ചേർക്കാനുമുള്ള ഓപ്ഷനുണ്ട്. പ്രേക്ഷകരെ കബളിപ്പിക്കുന്നതോ തെറ്റായ കണ്ടന്റിലേക്കു നയിക്കുന്നതോ ആയ തംബ്‌നെയിലോ ടൈറ്റിലോ നൽകരുത്. Thumbnail Maker For YouTube പോലുള്ള ആപ്പുകൾ സഹായകരമാണ്.

ഇവർ സഹായിക്കും

എങ്ങനെ യുട്യൂബിൽ അക്കൗണ്ട് ആരംഭിക്കാം, എഡിറ്റ് ചെയ്യാം തുടങ്ങി എങ്ങനെ പണമുണ്ടാക്കാം എന്നതു വരെയുള്ള വിവരങ്ങൾക്കായി യുട്യൂബിന്റെതന്നെ www.youtube.com/c/creatoracademy, www.youtube.com/c/teamyoutube എന്നീ ചാനലുകളുണ്ട്. മലയാളത്തിൽ വിവരങ്ങൾ നൽകുന്ന ഒട്ടേറെ ചാനലുക‌ളുമുണ്ട്.  യുട്യൂബിൽ How to start a youtube channel Malayalam എന്നു സേർച് ചെയ്താൽ മതി. 

GOOGLE-FTC/
Photo Credit: Reuters/Dado Ruvic/Illustration

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ചാനൽ റിവ്യൂ ചെയ്യുമ്പോൾ യുട്യൂബ് പ്രധാനമായും പരിശോധിക്കുക ഇക്കാര്യങ്ങളാണ്: ചാനൽ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം, ഏറ്റവുമധികം പേർ കണ്ട വിഡിയോകൾ, ഏറ്റവും പുതിയ വിഡിയോകൾ, ഏറ്റവുമധികം വാച്ച്‌ടൈം ലഭിച്ച വിഡിയോകൾ, വിഡിയോ മെറ്റാഡേറ്റ (ടൈറ്റിൽ, തംബ്‌നെയിൽ, ഡിസ്ക്രിപ്ഷൻ ഉൾപ്പെടെ). 

കുട്ടികളെ ദോഷകരമായി ബാധിക്കുന്നതും വിദ്വേഷം പരത്തുന്നതും അപകടകരവുമായ കണ്ടന്റ് യുട്യൂബ് ഒഴിവാക്കും. വൈപിപി നയങ്ങളും കമ്യൂണിറ്റി ഗൈഡ്‌ലൈനുകളും പാലിച്ചിട്ടില്ലെങ്കിൽ അപ്രൂവൽ ലഭിക്കില്ല. 30 ദിവസത്തിനകം തിരുത്തൽ വരുത്തി വീണ്ടും അപേക്ഷിക്കാം. 

സ്വന്തമായി പരസ്യം പിടിച്ച് വിഡിയോക്കൊപ്പം ചേർക്കുന്നതിനും തടസ്സമില്ല. 

ഒറ്റയടിക്ക് ലക്ഷങ്ങൾ കിട്ടില്ല

യുട്യൂബിലെ താരങ്ങളെല്ലാം ഏറെ പാടുപെട്ട്, വ്യത്യസ്ത ആശയങ്ങൾ പരീക്ഷിച്ച്, നിരന്തരം വിഡിയോ അപ്‌ലോഡ് ചെയ്തു ക്രമേണയാണ് ഇന്നത്തെ നിലയിലെത്തിയത്. വിഡിയോകളുടെ എണ്ണത്തിലല്ല, ഗുണമേന്മയിലാണു കാര്യം. പ്രേക്ഷകർക്കു വീണ്ടും കാണാനും ഷെയർ ചെയ്യാനും തോന്നണം. ഇടയ്ക്ക് ഒരു വിഡിയോ വൈറലായാൽ തലവര തന്നെ മാറും. ചാനല്‍ ട്രെൻഡിങ് ലിസ്റ്റിലേക്കും സേർച്ച് റിസൽട്ടിലെ മുൻനിരയിലേക്കും ഉയരും.

ആഡ്‌സെൻസ് വരുമാനം 100 ഡോളറിലെത്തുമ്പോഴാണ് യുട്യൂബിൽനിന്നു വരുമാനം ലഭിച്ചുതുടങ്ങുന്നത്. ഇതിനായി യുട്യൂബ് നിർദേശിക്കുന്ന പ്രകാരം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറണം. മെയിലിലേക്ക് ഒട്ടേറെ വ്യാജ–സ്പാം മെസേജുകൾ വരാനിടയുണ്ട്. ഇക്കാര്യത്തിൽ കരുതൽ വേണം. ഒരു ലക്ഷം സബ്‌സ്ക്രൈബർമാരെ ലഭിച്ചാൽ യുട്യൂബിന്റെ അംഗീകാരമായി സിൽവർ പ്ലേ ബട്ടൻ, 10 ലക്ഷം ലഭിച്ചാൽ ഗോൾഡ് ബട്ടൻ എന്നിവ സ്വന്തമാക്കാം. 

പണം എപ്പോൾ എങ്ങനെ ?

യുട്യൂബ് പാർട്‌ണർ പ്രോഗ്രാമിന്റെ (വൈപിപി) ഭാഗമാകുന്നതോടെയാണ് ചാനലിനു പരസ്യ വരുമാനം ലഭിക്കുക. കൃത്യമായ ഇടവേളകളിൽ വിഡിയോ അപ്‌ലോഡ് ചെയ്ത് ചാനല്‍ സജീവമായി നിർത്തണം. പണം നേടാൻ ഇക്കാര്യങ്ങൾ ഉറപ്പാക്കണം.

12 മാസത്തിനുള്ളിൽ 4000 വാച്ച് അവർ, 1000 സബ്‌സ്ക്രൈബർമാർ (വൈപിപിയിലേക്ക് അപേക്ഷിക്കുന്നതിനു തൊട്ടു മുന്‍പുള്ള 12 മാസത്തെ കണക്കാകും പരിശോധിക്കുക. 2021 ഫെബ്രുവരി 10നാണ് അപേക്ഷിക്കുന്നതെങ്കിൽ 2020 ഫെബ്രുവരി 10 മുതലുള്ള ചാനലിന്റെ പ്രകടനമാകും വിലയിരുത്തുക). യുട്യൂബ് സ്റ്റുഡിയോയിലെ മോണിറ്റൈസേഷൻ സെക്‌ഷനിൽ കയറിയാൽ ആവശ്യത്തിന് വാച്ച് അവറും സബ്‌സ്ക്രൈബർമാരെയും ലഭിച്ചോയെന്നു മനസ്സിലാക്കാനാകും. ഇവ ലഭിച്ചാൽ മോണിറ്റൈസേഷൻ സെക്‌ഷൻ വഴി തന്നെ വൈപിപിക്കും ആഡ്‌സെൻസ് അക്കൗണ്ടിനും വേണ്ടി അപേക്ഷിക്കാം. ദിവസങ്ങൾക്കകം (ചിലപ്പോൾ ഒരു മാസം വരെയെടുക്കാം) യുട്യൂബ് നിങ്ങളുടെ ചാനൽ റിവ്യൂ ചെയ്ത്, എല്ലാ മാനദണ്ഡങ്ങളും നയങ്ങളും പാലിച്ചതാണെങ്കിൽ ആഡ്‌സെൻസിൽ ഉൾപ്പെടുത്തി പരസ്യത്തിലേക്കുള്ള വഴി
തുറക്കും.

English Summary : Career Guru : How to earn money on YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com