ADVERTISEMENT

കോഴിക്കോട്∙ മനസ്സിൽ ബഹിരാകാശം കൊണ്ടുനടക്കുന്നയാളാണ് പുതിയങ്ങട പാലക്കട സ്വദേശിയും മുൻ ഐഎസ്ആർഒ ഡയറക്ടറുമായ ഇ.കെ.കുട്ടി. അതു കുഞ്ഞുമനസ്സുകളിലേക്കു പകരുക എന്നതാണ് കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ജോലി. ഐഎസ്ആർഒയിൽ മാനവവിഭവശേഷി നയ ഡയറക്ടറായി വിരമിച്ചിട്ട് 15 വർഷമായെങ്കിലും രാജ്യത്തിനു വേണ്ടിയുള്ള കടമയിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം തയാറല്ല. കോഴിക്കോട്ടെയും സമീപജില്ലകളിലെയും സാധാരണക്കാരായ കുട്ടികളിൽ നിന്ന് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണക്കുതിപ്പിനു കരുത്താകുന്ന പ്രതിഭകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ 76കാരൻ. 

ചിറകുവിരിക്കട്ടെ ഭാവനകൾ

സ്കൂളുകളിലും കോളജുകളിലും ക്ലാസുകളും ക്യാംപുകളും സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കു വിദഗ്ധരായ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാൻ അവസരമൊരുക്കുകയും ചെയ്യുകയാണ് അദ്ദേഹം. ഊരാളുങ്കൽ സ്പേസ് ക്ലബ്ബിനൊപ്പവും മറ്റു സംഘടനകളുമായി ചേർന്നുമാണ് ഇവ സംഘടിപ്പിക്കുന്നത്. പ്രതിഭാധനരായ കുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി‍ൽ നടക്കുന്ന ക്യാംപുകളിലും അദ്ദേഹം കൊണ്ടുപോകാറുണ്ട്. കുട്ടികളെ ചിന്തിപ്പിക്കുക എന്നതു മാത്രമാണ് ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലി എന്നാണ് ഇ.കെ.കുട്ടി പറയുന്നത്. കാലിക്കറ്റ് സർവകലാശാല, എൻഐടി, പ്ലാനറ്റോറിയം, ഇരിങ്ങൽ സർഗാലയ എന്നിവടങ്ങളിൽ വച്ച് സ്ഥിരമായി അദ്ദേഹം ക്യാംപുകൾ സംഘടിപ്പിക്കുന്നു. കുട്ടിയുടെ ഐഎസ്ആർഒയിലെ ബന്ധങ്ങളുപയോഗിച്ചാണ് വിദഗ്ധരെ എത്തിക്കുന്നത്.  

former-isro-director-e-k-kutty-with-apj-abdul-kalam
ഇ.കെ.കുട്ടി എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം.

കുട്ടികളുടെ കുട്ടി

2005ൽ ഐഎസ്ആർഒയിൽ നിന്നു വിരമിച്ച ശേഷം 2009 വരെ ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡീൻ ആയി പ്രവർത്തിച്ചു. നീണ്ടകാലത്തെ ബെംഗളൂരു ജീവിതം വിട്ട് 2010ലാണ് കോഴിക്കോട്ടെത്തി വീട് വച്ചു സ്ഥിരതാമസമാക്കിയത്. കേരളത്തിൽ വന്നിട്ട് ഒന്നും ചെയ്യാനില്ലെന്നു സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും വിശ്രമജീവിതത്തിനു കുട്ടി തയാറായിരുന്നില്ല.

ഐഎസ്ആർഒയിലെ 27 വർഷത്തെ അനുഭവസമ്പത്ത് തന്നെ ക്ലാസെടുക്കാൻ ക്ഷണിക്കുന്ന സ്കൂളുകളിൽ അദ്ദേഹം പങ്കുവച്ചുതുടങ്ങി. 2014ൽ കാരപറമ്പ് സ്കൂളിൽ ക്ലാസെടുക്കവേ 2 വിദ്യാർഥികൾ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ബഹിരാകാശദൗത്യങ്ങളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരങ്ങൾ തന്ന അവരെ മാറ്റിനിർത്തി അദ്ദേഹം വീണ്ടും സംസാരിച്ചു. പി.എസ്.അഭിനന്ദ്, നൂർ ജലീല എന്നിങ്ങനെയായിരുന്നു അവരുടെ പേര്. ഇവരിലൂടെയാണ് താ‍ൻ പുതിയ ദൗത്യം തിരിച്ചറിഞ്ഞതെന്ന് കുട്ടി പറയുന്നു.

apj-abdul-kalam-with-former-isro-director-e-k-kutty
ഇ.കെ. കുട്ടി എഎസ്ആർഒ ചെയർമാൻ കെ. ശിവനൊപ്പം

പിന്നീട് കുട്ടികൾക്കായി മാത്രം സ്പേസ് ക്യാംപുകൾ തുടങ്ങി. ഊരാളുങ്കൽ സ്പേസ് ക്ലബ് രൂപീകരിച്ചു. അഭിനന്ദിനെ ബെംഗളൂരുവിൽ നടന്ന സ്പേസ് ക്യാംപുകളിൽ പങ്കെടുപ്പിച്ചു. 2019ൽ ശ്രീഹരിക്കോട്ടയിൽ പിഎസ്എൽവി ലോഞ്ച് കാണാൻ വരെ കുട്ടികളെയും കൂട്ടി കുട്ടി സാർ പോയി. സ്പേസ് ക്ലബ്ബിലും മറ്റുമായി ഒട്ടേറെ വിദ്യാർഥികൾ ഇ.കെ.കുട്ടിയുമായി ചേർന്നു പ്രവർത്തിക്കുന്നു. സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കു താൻ തുടക്കമിട്ടുകൊടുക്കും. പിന്നെ കുട്ടികൾ അതു മുന്നോട്ടു കൊണ്ടുപോകുമെന്നു കുട്ടി പറയുന്നു. പി.ദാമോദരൻ, യു.കെ.ഷജിൽ തുടങ്ങിയ അധ്യാപകരും കൂട്ടായുണ്ട്. ലോക്ഡൗൺ കാലത്ത് വാട്സാപ് വഴിയുള്ള ചർച്ചകളുമായി സംഘം സജീവമായിരുന്നു.

ഐഎസ്ആർഒയൊടൊപ്പം ചേർന്ന് 

ലോകത്തെ പ്രധാന സ്പേസ് ഏജൻസികളിലൊന്നായി ഐഎസ്ആർഒ വളർന്ന കാലഘട്ടത്തിൽ സാക്ഷിയായി ബെംഗളൂരുവിലെ കേന്ദ്ര ഓഫിസിൽ ഇ.കെ.കുട്ടിയുമുണ്ടായിരുന്നു. എ.പി.ജെ.അബ്ദുൽ കലാമിനെപ്പോലുള്ള പ്രതിഭാധനരായ ശാസ്ത്രജ്ഞന്മാർക്കൊപ്പവും ചെയർമാൻമാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാനവശേഷി വിഭാഗം ഡയറക്ടറായിരുന്നതിനാൽ വിവിധ പ്രോജക്ടുകളിലേക്ക് ശാസ്ത്രജ്ഞന്മാരെ തിരഞ്ഞെടുക്കുന്നതിൽ കുട്ടി പങ്ക് വഹിച്ചു. തിരുവനന്തപുരം വലിയമലയിലെയും മഹേന്ദ്രഗിരിയിലെയും ഐഎസ്ആർഒ കേന്ദ്രങ്ങളുടെ വികസനത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 

സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും എംബിഎയും ഉള്ള കുട്ടി 1978ലാണ് ഐഎസ്ആർഒയിൽ ചേരുന്നത്. ഒരൊറ്റ ഒഴിവിലേക്ക് ഐഎസ്ആർഒ നടത്തിയ റിക്രൂട്മെന്റിലാണ് കുട്ടിക്കു ജോലി ലഭിച്ചത്. അന്നു പുണെ സെൻട്രൽ വാട്ടർ പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹം. മലയാള മനോരമയിൽ വന്ന റിക്രൂട്മെന്റ് നോട്ടിഫിക്കേഷൻ കണ്ട് നാട്ടിൽ നിന്നു ഒരു ബന്ധു പറഞ്ഞതനുസരിച്ചാണ് ഐഎസ്ആർഒയിലേക്ക് അപേക്ഷിച്ചത്. 

സിസ്റ്റംസ് അനലിസ്റ്റ് സയന്റിസ്റ്റ് എന്ന തസ്തികയിലാണ് അദ്ദേഹം നിയമിതനായത്. ആദ്യ കാലത്തെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് ഐഎസ്ആർഒ വളർന്നത് പിഎസ്എൽവി, ഐആർഎസ്, ഇൻസാറ്റ് എന്നീ പ്രോജക്ടുകളിലൂടെയാണെന്ന് കുട്ടി പറയുന്നു. 1982 മുതൽ 90 വരെയുള്ള കാലമാണ് ഐഎസ്ആർഒയുടെ പരിവർത്തന കാലമായി കുട്ടി വിശേഷിപ്പിക്കുന്നത്. 

1990കളിൽ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ആർ.ചിദംബരം, ഐഎസ്ആർഒ മേധാവി കസ്തൂരിരംഗൻ, ഡിആർഡിഒ തലവൻ എ.പി.ജെ.അബ്ദുൽ കലാം എന്നിവർ തുടർച്ചയായി ഒത്തുചേരുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അത്തരം ചില ചർച്ചകളിൽ താൻ കേൾവിക്കാരനായി ഇരുന്നിട്ടുണ്ടെന്നും കുട്ടി പറയുന്നു. കലാം രാഷ്ട്രപതിയായപ്പോൾ കുട്ടിയും കുടുംബവും രാഷ്ട്രപതിഭവനിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. 

എളിമയുടെ നേർരൂപമായിരുന്നു എ.പി.ജെ.അബ്ദുൽ കലാം എന്ന് ആദ്യമായി അദ്ദേഹത്തെ കണ്ട ദിവസം തന്നെ ഇ.കെ.കുട്ടിക്കു മനസ്സിലായിരുന്നു. ‘എന്റെ മുറിയിലേക്ക് ഒരാൾ കയറിവന്ന് ഒരു ജോലി ഏൽപിച്ചു. പിഎസ്എൽവിക്കായി ജോലി ചെയ്യുന്നയാളാണ് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. കുറച്ചുകൂടി സംസാരിച്ചുവന്നപ്പോഴാണ് കക്ഷി പിഎസ്എൽവിയുടെ ഡയറക്ടറാണെന്നും കലാം എന്നാണ് പേരെന്നും എനിക്കു മനസ്സിലായത്. പിഎസ്എൽവി ഡയറക്ടറാണെന്ന വിശേഷണം അദ്ദേഹം ഒരിടത്തും പറഞ്ഞില്ല.’– കുട്ടി ഓർത്തെടുക്കുന്നു.

തുടരുന്ന ദൗത്യങ്ങൾ

ഐഎസ്ആർഒയിലെ വിപുലമായ ബന്ധങ്ങൾ ഇപ്പോഴും അദ്ദേഹം നിലനിർത്തുന്നുണ്ട്. വത്സല മാക്കാത്ത് ആണ് സഹധർമ്മിണി. അരുൺ മാക്കാത്ത്, അമ്പിളി നായർ എന്നിവർ മക്കൾ. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് വേണ്ടത്ര ദിശാബോധം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 

മികച്ച പദ്ധതികളാണ് വിദ്യാഭ്യാസരംഗത്തു നമ്മുടെ സർക്കാരുകൾ വിഭാവനം ചെയ്യുന്നത്. എന്നാൽ, അതു നടപ്പാക്കുന്നതിൽ പലപ്പോഴും പാളിച്ചകൾ പറ്റുന്നു. അധ്യാപകരുൾപ്പെടെയുള്ളവർ കുറച്ചുകൂടി അധ്വാനിച്ചാൽ മികച്ച വിദ്യാർഥികളെ സൃഷ്ടിക്കാൻ സാധിക്കും. തന്റെ ഐഎസ്ആർഒയിലെ ജോലി തന്നെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ‘നിശ്ചിതമായ സമയക്രമം പാലിച്ചായിരുന്നില്ല അവിടെ ഞങ്ങൾ ജോലിചെയ്തത്. ജീവിതം തന്നെ ഐഎസ്ആർഒയിൽ ആയിരുന്നു. ഐഎസ്ആർഒയുടെ വിജയവും അതുതന്നെയാണ്’– കുട്ടി പറയുന്നു.  ഇപ്പോഴും അതേ ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. കുട്ടികളെ അതിരുകളില്ലാത്ത ആകാശം പരിചയപ്പെടുത്താൻ സദാസമയം അദ്ദേഹം ജോലിചെയ്യുന്നു.

English Summary : ISRO Former Director E. K. Kutty Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com