ADVERTISEMENT

ജോലിക്ക് അപേക്ഷിക്കുന്ന അവസരത്തിലാകും പലരും ‘റെസ്യൂമെ’യെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നെ രണ്ടു കാര്യമാണ് പൊതുവേ ചെയ്യുക. ഒന്ന് – അറിവുളളവരോട് ചോദിച്ച് റെസ്യൂമെ തയാറാക്കും. രണ്ട് – മറ്റുള്ളവരുടെ റെസ്യുമെ ‘കോപ്പിയടിക്കും’. രണ്ടാമത്തെ കാര്യമാണ് മിക്കവരും ചെയ്യുന്നത്. ദിവസവും നൂറുകണക്കിനു റെസ്യുമെ കാണുന്ന റിക്രൂട്ടർക്ക് കോപ്പിയടിച്ച റെസ്യുമെ കാണുമ്പോൾ ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. അതോടെ ജോലി കിട്ടുന്ന കാര്യത്തിൽ ‘തീരുമാനം’ ആകും. കോപ്പി അടിച്ച റെസ്യുമെയുമായി ജോലിക്ക് ശ്രമിക്കുമ്പോൾ ആദ്യ ഘട്ടമായ ഇന്റർവ്യൂവിനു പോലും ഉദ്യോഗാർഥിയെ വിളിക്കാൻ റിക്രൂട്ടർ മെനക്കെടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

എന്താണ് റെസ്യുമെ?

ലളിതമായി പറഞ്ഞാൽ ജോബ് മാർക്കറ്റിൽ നമ്മളെത്തന്നെ വിൽക്കാൻ നാം തയാറാക്കുന്ന മാർക്കറ്റിങ് ടൂൾ. ജോലി പരിചയവും മറ്റു വിവരങ്ങളും കൃത്യമായി എഴുതിയ റെസ്യുമെകൾ മാത്രമേ റിക്രൂട്ടറുടെ ശ്രദ്ധ നേടൂ. കാരണം റിക്രൂട്ടർ ഒരു ദിവസം കാണുന്നത് ആയിരത്തിൽ അധികം റെസ്യുമെയായിരിക്കാം. ഒറ്റ നോട്ടത്തിൽ കാമ്പുള്ളതു മാത്രമേ റിക്രൂട്ടർ തിരഞ്ഞെടുക്കൂ. സ്വന്തം നേട്ടങ്ങൾ എഴുതാൻ ഏറെയുണ്ടാവുമെ​ങ്കിലും അനാവശ്യമായ കാര്യങ്ങൾ റെസ്യുമെയിൽനിന്ന് ഒഴിവാക്കുന്നതാണ് ആദ്യ വേണ്ടത്. കാരണം ഒരു റെസ്യുമെയ്ക്കായി ഒരു മിനിറ്റ് പോലും പോലും മാറ്റിവയ്ക്കാൻ റിക്രൂട്ടർക്കു സമയമുണ്ടോ എന്നുറപ്പില്ല.

 

എന്തുകൊണ്ട് റെസ്യുമെ മികച്ചതാവണം?

ഒരൊറ്റ ഒഴിവിനു പോലും ആയിരം പേർ അപേക്ഷിക്കുന്ന സാഹചര്യത്തിൽ ഒരാളെ എങ്ങനെ ഒഴിവാക്കാമെന്നായിരിക്കും റിക്രൂട്ടർ ചിന്തിക്കുന്നത്. അതു കൊണ്ടാണ് ഷോർ‌ട് ലിസ്റ്റിങ് ഘട്ടം സിലക്‌ഷനല്ല റിജക്‌ഷനാണെന്നു‌ പറയുന്നത്. നേരിട്ടു കാണുന്നത് മുൻപ് ഉദ്യോഗാർഥിയിലേക്ക് വഴിയൊരുക്കുന്നതാണല്ലോ റെസ്യുമെ. റെസ്യുമെ കാണുമ്പോൾത്തന്നെ ‘ബെസ്റ്റ് ഇംപ്രഷൻ’ ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ഇന്റർവ്യൂവിനുള്ള വിളി പ്രതീക്ഷക്കരുത്.

career-channel-how-to-create-a-professional-resume
Representative Image. Photo Credit : 9dream studio / Shutterstock.com

 

മറ്റൊരാളുടെ റെസ്യുമെ കോപ്പി ചെയ്താൽ?

സ്വന്തം റെസ്യുമെ നമ്മൾ വീണ്ടും വീണ്ടും നോക്കുന്നത് പോലെയല്ല റിക്രൂട്ടറുടെ മുൻപിൽ എത്തുന്ന റെസ്യുമെകളുടെ അവസ്ഥ. പരിചയ സമ്പന്നരായ റിക്രൂട്ടറാണെങ്കിൽ ഒറ്റ നോട്ടത്തിൽ തന്നെ ഉദ്യോഗാർഥിയുടെ കഴിവ് മനസ്സിലാക്കും. മറ്റുള്ളവരുടെ റെസ്യുമെ അതേപടി പകർത്തിവെച്ചിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാൻ അധികം സമയം വേണ്ടി വരില്ല. ഇനി ഒരേ തസ്തികയിലേക്ക് നിങ്ങൾ പകർത്തി എഴുതിയ റെസ്യുമെയുടെ ഉടമയും അപേക്ഷിച്ചാൽ ‘കോപ്പിയടി’ കൈയൊടെ പിടിക്കപ്പെടും.

 

റെസ്യുമെ എങ്ങനെ തയാറാക്കും?

അക്കാദമിക മികവല്ല ഒരാളെ തിരിഞ്ഞെടുക്കാൻ തൊഴിൽദാതാവിനെ പ്രേരിപ്പിക്കുന്നത്. മറിച്ച് തൊഴിൽ സ്ഥാപനത്തിൽ ഒഴിവുള്ള തസ്തകയിൽ കൃത്യമായി ജോലി ചെയ്യാൻ കഴിവുള്ള ഉദ്യോഗാർഥിയാണ് ആവശ്യം. ​എണ്ണയിട്ട യന്ത്രം പോലെ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന ഉദ്യോഗാർഥിയെയാവും തൊഴിൽ ദാതാവ് തേടുന്നത്. ഉദാഹരണത്തിന് എംകോമിനു റാങ്ക് നേടിയതു കൊണ്ടു മാത്രം അക്കൗണ്ട്സ് മാനേജരായി ജോലി തരാൻ തൊഴിൽ ദാതാവിനു താത്പര്യമുണ്ടാകില്ല. ദൈനംദിന കണക്കുകൾക്ക് പുറമേ സ്ഥാനപനത്തിന്റെ നികുതി സംബന്ധിച്ച കാര്യങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാവും പരിഗണിക്കപ്പെടുന്നത്. അപേക്ഷിക്കുന്നതിന് മുൻപ് തസ്തികയുടെ ജോബ് ഡിസ്‌ക്രിപ്‌ഷൻ മനസിലാക്കി തൊഴിൽദാതാവ് ആവശ്യപ്പെടുന്ന കഴിവുകൾ നിങ്ങൾക്കുണ്ടെങ്കിൽ അതാണ് റെസ്യുമെയിൽ പ്രാധാന്യത്തോടെ നൽകേണ്ടത്. റെസ്യുമെയിൽ പ്രവൃത്തിപരിചയവും നേട്ടങ്ങളുമെല്ലാം ഒറ്റനോട്ടത്തിൽ റിക്രൂട്ടറുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാൻ കഴിയുന്ന വലുപ്പത്തിൽ കൃത്യമായി രേഖപ്പെടുത്തണം. 

 

ജോലിക്ക് അപേക്ഷിക്കുമ്പോൾ റെസ്യുമെ തയാറാക്കാൻ കുറച്ച് അധികം സമയം ചെലവിടുക. സ്‌ഥിരമായി കണ്ടുമടുത്ത റെസ്യൂമെകൾക്കിടയിൽ വേറിട്ടു നിൽക്കുന്ന റെസ്യുമെ തയ്യാറാക്കൂ, അഭിമുഖത്തിനെങ്കിലും നിങ്ങളെ റിക്രൂട്ടർ പരിഗണിക്കും.

 

(ലേഖകൻ ഇവോൾവേഴ്സ് പ്ലേസ്മെന്റ് സൊലുഷ്യൻസ് ചീഫ് സ്ട്രാറ്റജി ഒാഫിസറാണ്. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com