സ്കില്ലുണ്ടോ? തൊഴിൽ ദാതാക്കളെ കണ്ടത്താൻ ഒരു വെബ് പോർട്ടൽ

HIGHLIGHTS
  • വെബ് പോർട്ടൽ വികസിപ്പിച്ച് വിദ്യാർഥി കൂട്ടായ്മയുടെ മാതൃക
students
തൃക്കാക്കര മോഡൽ എൻജിനീയറിങ് വിദ്യാർഥികളായ അമീൻ അസീസ്, മാളവിക എസ്.മേനോൻ, ഇമ്മാനുവൽ ആന്റണി, ആദിൽ മുഹമ്മദ് റഫീഖ്, എസ്.വരുൺ കൃഷ്ണ എന്നിവർ
SHARE

വീൽ അലൈൻമെന്റ് നന്നായി അറിയുന്ന 300 പേരെ വേണം’’ – എറണാകുളം മോഡൽ ഫിനിഷിങ് സ്കൂൾ ഡയറക്ടറായ ജയ്മോൻ ജേക്കബിനോടു കുറച്ചുകാലം മുൻപ് ഒരു കമ്പനി ആവശ്യപ്പെട്ടതാണിത്. എന്നാൽ, യോഗ്യരായ ഉദ്യോഗാർഥികളുണ്ടോ എന്നു കണ്ടെത്താനായില്ല. കമ്പനിക്കു തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞതുമില്ല.

എറണാകുളം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ ഒരുകൂട്ടം വിദ്യാർഥികൾ  എറണാകുളം ജില്ലയ്ക്കായി വികസിപ്പിച്ച ‘തൊഴിൽജാലകം’ വെബ്പോർട്ടൽ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. തൊഴിൽദായകരെയും തൊഴിൽവൈദഗ്ധ്യമുള്ളവരെയും തമ്മിലിണക്കുന്ന പ്ലാറ്റ്ഫോം. കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥികളായ മാളവിക എസ്.മേനോൻ, ഇമ്മാനുവൽ ആന്റണി, എസ്.വരുൺ കൃഷ്ണ, അമീൻ അസീസ്, ആദിൽ മുഹമ്മദ് റഫീഖ് എന്നിവരാണു പോർട്ടൽ സൗജന്യമായി വികസിപ്പിച്ചത്. വകുപ്പു മേധാവി പ്രീത തെരേസ ജോയ് മാർഗനിർദേശങ്ങൾ നൽകി. വൻകിട കമ്പനികൾ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പദ്ധതികൾ നടപ്പാക്കുന്നതു പോലെ മോഡൽ എൻജിനീയറിങ് കോളജ് ‘ഇൻസ്റ്റിറ്റ്യൂഷനൽ സോഷ്യൽ റെസ്പോൺസിബിലിറ്റി’ (ഐഎസ്ആർ) എന്ന ആശയത്തിന്റെ ഭാഗമായുള്ള ദൗത്യം. 

പഠനത്തിലൂടെ ആർജിക്കുന്ന കഴിവുകൾ പ്രയോഗത്തിൽ കൊണ്ടുവരാം; പൊതുസമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കാനുള്ള അവസരവും കിട്ടുന്നു. ‘ഇൻസ്റ്റിറ്റ്യൂഷനൽ സോഷ്യൽ റെസ്പോൺസിബിലിറ്റി’ എന്ന ആശയം കോളജുകളിലെ വിദ്യാർഥി കൂട്ടായ്മകൾക്കു ഗുണകരമാകുന്നത് ഇങ്ങനെയാണ്.

സ്കില്ലുണ്ട്; ആവശ്യമുണ്ടോ ?

പ്രധാൻമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് ഒട്ടേറെ നൈപുണ്യ പരിശീലന കോഴ്സുകൾ വിവിധ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഇവ പഠിച്ചിറങ്ങുന്നവർക്കു ജോലി ലഭിക്കുന്നുണ്ടോ, വിപണിക്കു വേണ്ട ശേഷികളാണോ ഇവർ ആർജിക്കുന്നത് എന്നിവയെക്കുറിച്ചു കാര്യമായ പഠനം നടക്കുന്നില്ല. ഇതിനൊരു പരിഹാരമെന്ന നിലയിൽ എറണാകുളം ഡിസ്ട്രിക്ട് സ്കിൽ ലെവൽ കമ്മിറ്റി, ജില്ലാ പ്ലാനിങ് ഓഫിസർ ലിറ്റി മാത്യുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിർദേശമാണു ‘തൊഴിൽ ജാലകം’.

സ്കിൽ കോഴ്സുകൾ നടത്തുന്ന എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കു പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. കോഴ്സുകൾ പഠിച്ചിറങ്ങിയവരുടെ വിവരങ്ങളും അവർക്കു വൈദഗ്ധ്യമുള്ള പ്രധാന മേഖലയും ഇതിലുൾപ്പെടുത്താം. തൊഴിൽ ദാതാക്കൾക്കും പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. ജില്ലാതലത്തിൽ അഡ്മിൻ വെരിഫൈ ചെയ്ത ശേഷം മാത്രമേ പോർട്ടലിൽ റജിസ്ട്രേഷനുകൾ ഉൾപ്പെടുത്തൂ. തൊഴിൽദാതാക്കൾക്ക് തങ്ങൾക്കു വേണ്ട വൈദഗ്ധ്യമുള്ളവരെ പോർട്ടൽ വഴി തിരഞ്ഞെടുക്കാം.

തിരിച്ചറിയാം ഡിമാൻഡ്

പോർട്ടൽ ഇപ്പോൾ സർക്കാരിന്റെ ഡേറ്റ സെക്യൂരിറ്റി ഓഡിറ്റിനായി സമർപ്പിച്ചിരിക്കുകയാണ്. ഉടൻ തന്നെ പ്രവർത്തന സജ്ജമാകും. പോർട്ടൽ പ്രവർത്തനം തുടങ്ങി അധികം വൈകാതെ ഡിമാൻഡുള്ള തൊഴിലുകൾ, വിപണിക്ക് ആവശ്യമില്ലാത്ത സ്കില്ലുകൾ എന്നതൊക്കെ തിരിച്ചറിയാനാകുമെന്നു ജില്ലാ സ്കിൽ ലെവൽ കമ്മിറ്റി കൺവീനർ കൂടിയായ എറണാകുളം മോഡൽ ഫിനിഷിങ് സ്കൂൾ ഡയറക്ടർ ജയ്മോൻ ജേക്കബ് പറയുന്നു. ഇതനുസരിച്ച് ഭാവിയിൽ കോഴ്സുകൾ ഡിസൈൻ ചെയ്യാനും സാധിക്കും. thozhiljalakam.kerala.gov.in

English Summary:Thozhiljalakam Institutional Social Responsibility By Model Engineering College, Thrikkakara

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA