ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ പുനഃപരിശോധനാഫലം, ഫോട്ടോകോപ്പി എന്നിവ അനിശ്ചിതമായി വൈകുന്നു. അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഇവ നൽകാൻ പിഎസ്‌സി തയാറാകുന്നില്ല. 

 

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയ്ക്കെതിരെയാണു പ്രധാന ആരോപണം. ഈ തസ്തികയുടെ പുനഃപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമായി ലഭിച്ച ആയിരക്കണക്കിന് അപേക്ഷകൾ പിഎസ്‌സിയിൽ കെട്ടിക്കിടക്കുകയാണ്. ഫോട്ടോകോപ്പിക്കു 335 രൂപയും പുനഃപരിശോധനയ്ക്ക് 85 രൂപയുമാണുഫീസ്. ഇങ്ങനെ ലക്ഷക്കണക്കിനു രൂപ ഫീസായി ലഭിച്ചിട്ടും മറുപടി നൽകാൻ പിഎസ്‌സി തയാറല്ല.  

 

മാർക്ക് സമീകരണം:നേരത്തേ പരാതി

സംസ്ഥാന തലത്തിലുള്ള കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്  തസ്തികയ്ക്ക് 2 പരീക്ഷയാണു പിഎസ്‌സി നടത്തിയത്. 2020 ജനുവരി 14നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയുടെ മാർക്ക് സമീകരണവുമായി ബന്ധപ്പെട്ടു ധാരാളം പരാതികൾ ഉയർന്നിരുന്നു. 

 

ഈ തസ്തികയ്ക്കു രണ്ടു പരീക്ഷകളുടെയും മാർക്കുകൾ സമീകരിച്ച ശേഷം കട്ട് ഓഫ് മാർക്കായി നിശ്ചയിച്ചതു 94.33. പുനഃപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമായി അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 14. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ  പുനഃപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമായി അപേക്ഷ നൽകി. മറുപടി വൈകിയപ്പോൾ ചിലർ  വിവരാവകാശ നിയമപ്രകാരം മാർക്ക് അറിയാൻ അപേക്ഷ നൽകി. ഒരു മാസത്തിനകം ഇവർക്കെല്ലാം മറുപടി ലഭിച്ചു. എന്നാൽ, പുനഃപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും നൽകിയ അപേക്ഷയിൽ ഇതുവരെ മറുപടിയില്ല.

 

മൗനത്തിനു പിന്നിൽ ചിതലരിച്ച സംഭവം

കമ്പനി/കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയുടെ ഉത്തരക്കടലാസ് ചിതലരിച്ചു എന്ന വാർത്ത ഏറെ വിവാദമുണ്ടാക്കിയതിനെ തുടർന്ന് ഒഎംആർ മൂല്യനിർണയം നടത്താതെ മാനുവൽ രീതിയിൽ മൂല്യനിർണയം നടത്താൻ പിഎസ്‌സി തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങളുടെ പേരിലാണ് ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി ഒരു വർഷം കഴിഞ്ഞിട്ടും നൽകാത്തതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണത്തിൽ കഴമ്പില്ലെന്നും പുനഃപരിശോധനാ ഫലം, ഫോട്ടോ കോപ്പി എന്നിവ വൈകാതെ ലഭ്യമാക്കുമെന്നും പിഎസ്‌സി അധികൃതർ പറയുന്നു. 

English Summary: Kerala PSC Copy Of Answer Sheet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com