ADVERTISEMENT

‘ഡോമിനോകളെപ്പോലെ വീണടിയുക’ എന്ന പ്രയോഗമുണ്ട്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തിൽ വീഴുന്ന രീതി. തടിയോ പ്ലാസ്റ്റിക്കോ കൊണ്ട് ദീർഘചതുരാകൃതിയിൽ നിർമ്മിച്ച് വശങ്ങളിൽ 1 മുതൽ 6 വരെ കുത്തിട്ട പകിട. ഇത്തരം 28 എണ്ണമാണ് വിശേഷ പകിടകളിക്ക് ഉപയോഗിക്കുക. ഇവ നിരയായി കുത്തിനിറുത്തി, ഒന്നിൽ തട്ടിയാൽ മുന്നോട്ടു മറിഞ്ഞ്, അടുത്തതിൽ വീണ് അതും മറിഞ്ഞ് തുടർച്ചയായി എല്ലാം വീഴും.

ധാരാളം ചീട്ടുകൾ നെടുകെ തെല്ലുമടക്കി കുത്തിനിറുത്തി, നീണ്ട നിരയുണ്ടാക്കി വീഴ്ത്തി, ഒഴുകിനീങ്ങുന്ന വീഴ്ചകണ്ട് കുട്ടികൾ കൈയടിച്ചു രസിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാവും. ഇതും ഡോമിനോകളുടെ ക്രമത്തിലുള്ള പതനം പോലെ.

 

ഒരു ചെറുചലനം അടുത്തതിനു വഴിവയ്ക്കുക, രണ്ടാമത്തെ ചലനം മൂന്നാമത്തേതിനു വഴിവയ്ക്കുക, ഇത് ആവർത്തിച്ചു പരമ്പരയുണ്ടാകുക എന്ന രീതിയെ ഡോമിനോ പ്രഭാവം (ഡോമിനോ ഇഫക്റ്റ്) എന്നു പറയും. ചെയിൻ റിയാക്‌ഷൻ എന്നും കരുതാം. ഫിസിക്സും കെമിസ്ട്രിയും ന്യൂക്ലിയർ സയൻസും പഠിച്ചവർക്ക് പരിചിതമാണ് ചെയിൻ റിയാക്​ഷൻ. അണുബോംബ് സ്ഫോടനത്തിനും വൻപിച്ച ഊർജ്ജപ്രസരണത്തിനും വരെ ചെയിൻ റിയാക്‌ഷൻ വഴിവയ്ക്കുന്നു.

 

ഡോമിനോ പ്രഭാവത്തിന് സാധാരണ ജീവിതത്തിലുള്ള സ്ഥാനത്തെപ്പറ്റി നമുക്കു ചിന്തിക്കാം. പ്രചാരത്തിലുള്ള വീട്ടമ്മക്കഥ കേൾക്കുക. കോളജ്പഠനം കഴിഞ്ഞ് 15 വർഷം കഴിയുംവരെ അവർ കാലത്തെഴുനേറ്റാൽ മെത്തയുടെ ചുളുക്കു മാറ്റുകില്ലായിരുന്നു. വിരിയും പുതപ്പും അലക്ഷ്യമായിട്ട് പോകും. മറ്റാരെങ്കിലും നേരേയാക്കിക്കൊള്ളണം. ‘കിടക്കപ്പായ് തെറുക്കാത്തത് അശ്രീകരം’ എന്ന മുത്തശ്ശിച്ചൊല്ലു കേട്ടു വളർന്നവരെ മടുപ്പിക്കുന്ന രീതി.

 

അങ്ങനെയിരിക്കെ, ഒരുനാൾ വിരിയും പുതപ്പും അലക്ഷ്യമായിടുന്നത് മോശമെന്നു തോന്നി. ഉടൻ അവ നേരേയാക്കി. പിറ്റേന്ന് മെത്ത ശരിയാക്കിയപ്പോൾ, തറയിൽ കിടക്കുന്ന സോക്സ് കണ്ട് ദേഷ്യം തോന്നി. അവയെടുത്തു നനച്ചിട്ടു. അടുക്കളയിലെത്തിയപ്പോൾ ഷെൽഫിലെ കുപ്പികളും ടിന്നുകളും നിരയും ഉയരവും തെറ്റി ഇടകലർന്നിരിക്കുന്നു. അവയെല്ലാം ക്രമത്തിന്  അടുക്കി വ‍ൃത്തിയാക്കി. ഡ്രോയിങ് റൂമിൽ ചെന്നപ്പോൾ ഷോക്കേസിലെ വസ്തുക്കൾ അടുക്കും ചിട്ടയുമില്ലാതെ ഇരിക്കുന്നത് അസഹനീയമായി. അവയെല്ലാം അടുക്കി മനോഹരമാക്കി. എന്തിനധികം? നാലു നാൾ കഴിഞ്ഞപ്പോൾ വീടു മുഴുവൻ എല്ലാം ചിട്ടയിൽ. സന്ദർശകസുഹ‍ത്തുക്കൾ വീട്ടമ്മയെ അഭിനന്ദിച്ചു.

 

മെത്തയുടെ ചുളിവെന്ന നിസ്സാരകാര്യത്തിൽ തുടങ്ങിയ നീക്കം വീടുമുഴുവൻ വ്യാപിച്ച കഥ  ഒറ്റപ്പെട്ടതല്ല. നാം വരുത്തുന്ന ചെറിയ മാറ്റം മറ്റു പ്രവർത്തനമേഖലയിലേക്കും കടന്നെത്താൻ സാധ്യതയേറെ. 

 

പഴയൊരു ഇംഗ്ലിഷ് പ്രൊഫസറുടെ കഥ കൂടി കേൾക്കുക. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ബാലൻ invalid എന്ന വാക്കിന്റെ അർത്ഥം അച്ഛനോടു ചോദിച്ചു. അസാധു എന്നു പറഞ്ഞ്, അതെന്താണെന്ന് അച്ഛൻ വ്യക്തമാക്കിക്കൊടുത്തു. പക്ഷേ ആ അർത്ഥം പുസ്തകത്തിലെ വാക്യത്തോട് ഒട്ടും പൊരുത്തപ്പെടുന്നില്ല. അച്ഛനോടു വീണ്ടും ചോദിച്ചപ്പോൾ, അദ്ദേഹം പഴയ ഉത്തരം ആവർത്തിച്ചതേയുള്ളൂ. അപ്പോഴാണ് ബാലൻ ഡിക്‌ഷണറിയുടെ കാര്യം ഓർത്തത്. അതു നോക്കിയപ്പോൾ മകനു വിസ‌്മയം. എന്തോ സ്വയം കണ്ടെത്തിയതുപോലെ. അസാധുവെന്ന അർത്ഥമുണ്ട്. ക‌ൂടാതെ രോഗി എന്ന അർത്ഥവുമുണ്ട്. രോഗി എന്ന അർത്ഥം വാക്യത്തിൽ അസ്സലായി ചേരുന്നുമുണ്ട‌്. എന്നു തന്നെയുമല്ല, അസാധു എന്ന  അർത്ഥത്തിൽ ഇൻവാലിഡ് എന്നും രോഗി എന്ന അർത്ഥത്തിൽ ഇൻവലീഡ്  എന്നുമാണ് ഉച്ചരിക്കേണ്ടത്. അത് തുടക്കമായി. തുടർന്ന് പുതിയ വാക്കുകളുടെയെല്ലാം അർത്ഥം നിഘണ്ടു നോക്കി പഠിക്കുന്ന ശീലം ബാലനുണ്ടായി. 

 

ഇംഗ്ലീഷിലെ വിപ‌ുലമായ പദസമ്പത്തുമായി സമ്പർക്കത്തിൽ വരുക മാത്രമല്ല, ആ ഭാഷയും അതിലെ സാഹിത്യവും രസിച്ചുപഠിച്ച് പ്രഫസറാകുകയും ചെയ്തു. നോക്കൂ, ഒരു വാക്കിലെ തുടക്കം ജീവിതം രൂപപ്പെടുത്തിയ ഡോമിനോ പ്രഭാവം.

 

കൂട്ടത്തിലൊന്നുകൂടി പറയാം. വാക്കുകളുടെ അർത്ഥം ആരോടെങ്കിലും ചോദിക്കുന്നതിനു പകരം നിഘണ്ടു നോക്കി പഠിക്കണം. ഓക്സ്ഫഡ്, ചേംബേഴ്സ്, കേബ്രിജ്, കോളിൻസ്, മെറിയം–വെബ്സ്റ്റർ തുടങ്ങിയ ഡിക്‌ഷണറികൾക്കു പുറമേ, ഇവയിൽ മിക്കവയ്ക്കും ലേണേഴ്സ്’ ഡിക്‌ഷ്ണറികളുമുണ്ട്. ഓരോ വാക്കിന്റെയും വ്യത്യസ്ത അർത്ഥങ്ങളും അവ പ്രയോഗിക്കുന്ന മാതൃകാവാക്യങ്ങളുമുള്ള ‘ലേണേഴ്സ്’, തെറ്റില്ലാതെയെഴുതാൻ സഹായിക്കും. ഒട്ടു മിക്കവയ്ക്കും ഓൺലൈൻ പതിപ്പുകളുമുണ്ട്. വർഷങ്ങളോളം ഭാഷാവിദഗ്ധർ പഠനം നടത്തി, നിരന്തരം പരിഷ്കരിച്ചുണ്ടാക്കുന്ന നിഘണ്ടുക്കളിൽനിന്നു കിട്ടുന്ന വിവരം തരാൻ ഒരു വ്യക്തിക്കും കഴിയില്ല. 

 

മലയാളത്തിലും നിഘണ്ടുശീലം ഗുണം ചെയ്യും. ബഞ്ചമിൻ ബെയിലി, ഗുണ്ടർട്ട്, കൊളിൻസ്, ആർ. നാരായണപ്പണിക്കർ തുടങ്ങിവരുടേതു മുതൽ ഭാഗികമായ സർക്കാർ മലയാളമഹാനിഘണ്ടുവരെയുണ്ടങ്കിലും നമുക്കിന്ന് പ്രായോഗികമായി ഉപയോഗിക്കാവുന്നത് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലിയാണ്. ഇംഗ്ലിഷിലെ ചേംബേഴ്സ് പോലെ ഇത് എൻസൈക്ലോപീഡിക് ആണെന്ന വിശേഷവുമുണ്ട്. കാഞ്ഞിരം എന്ന വാക്കിന് അർത്ഥം പറഞ്ഞശേഷം, ഇത് രക്തദോഷം, വാതം, ജ്വരം മുതലായവയ്ക്ക് നന്ന് എന്നും ചേർത്തിട്ടുണ്ട്. പുരാണകഥാപാത്രങ്ങളുടെ പേരിനോടൊപ്പം അവരുടെ ബന്ധുക്കൾ, അവരുൾപ്പെട്ട പ്രധാനസംഭവങ്ങൾ എന്നിവയും സൂചിപ്പിച്ചിട്ടുണ്ട്. തെറ്റില്ലാതെ ഭാഷയുപയോഗിക്കാൻ ആവശ്യമായ മലയാളനിഘണ്ടു തീരെക്കുറച്ചു വീടുകളിലേയുള്ളൂ എന്നത് പോരായ്മയാണ്. മലയാളത്തിലെ അക്ഷരക്രമം നിശ്ചയമില്ലാത്തതിനാൽ അഭ്യസ്തവിദ്യരായ പലരും നിഘണ്ടു നോക്കി വാക്കു കണ്ടെത്താൻ പ്രയാസപ്പെടാറുണ്ട്. നമുക്കു പരിഹരിക്കാവുന്ന പോരായ്മകളാണിവ.                                                                                                                                                                                    

നമുക്കു ഡോമിനോയിലേക്കു മടങ്ങാം. യുഎസിലെ നോർത്ത് വെസ്റ്റേൺ സർവകലാശാല 2012ൽ ഒരു പഠനം നടത്തി. ചടഞ്ഞുകൂടി കുത്തിയിരിക്കുന്ന ശീലം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ടിവിയുടെ മുന്നിലിരിക്കുന്ന നേരം കുറഞ്ഞതോടെ നിരന്തരം കൊറിക്കുന്ന ശീലവും അമിതാഹാരവും കുറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടു. അതു കൂടുതൽ മെച്ചപ്പെടുത്താനും വ്യയാമം ചെയ്യാനും ഈ സാഹചര്യം വഴിവച്ചു.

 

ചെറിയ കുഞ്ഞിനു കളിക്കാൻ മൊബൈൽ ഫോൺ കൊടുക്കുക, അതിലെ ചെറുകാര്യങ്ങൾ ചെയ്യുന്ന കുഞ്ഞിനെ അന്യരുടെ മുമ്പിൽ പുകഴ്ത്തുക എന്നിവ ക്രമേണ കുഞ്ഞിനെ മൊബൈൽ–ഫോൺ അടിമയാക്കുന്നു. അതിൽനിന്നു പിൻതിരിപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളെ കുട്ടി ശത്രുക്കളെപ്പോലെ കരുതുന്ന നില വരെ എത്തിയെന്നുമിരിക്കും.

 

ദേശീയനേതാക്കൾ പുലിവാലു പിടിച്ച ഡോമിനോ പ്രവണതകളുണ്ട്. പുതിയ സംസഥാനം രൂപപ്പെടുത്തിയപ്പോഴെല്ലാം, മറ്റു സ്ഥലങ്ങളിൽ പുതിയ സംസ്ഥാനങ്ങൾക്കായി പ്രാദേശികനേതാക്കൾ മുറവിളി കൂട്ടിയ സംഭവങ്ങളേറെ.

 

രാഷ്ട്രാന്തരരംഗത്ത് ഡോമിനോ പ്രഭാവമുണ്ടെന്നു അമേരിക്കൻ പ്രസിഡന്റ് ട്രൂമൻ വാദിച്ചു. ഒരു രാജ്യത്ത് കമ്യൂണിസം പിടിമുറുക്കിയാൽ അയൽരാജ്യങ്ങളും ആ വഴിക്കു പോകുമെന്ന സിദ്ധാന്തം മനസ്സിൽവച്ച്, ട്രൂമൻ മുതൽ  ഐസനോവറും കെന്നഡിയും ജോൺസനും വരെയുള്ള പ്രസിഡന്റുമാർ അമേരിക്കൻ സൈന്യത്തെ പല രാജ്യങ്ങളിലും വിന്യസിച്ചു. ദക്ഷിണ വിയറ്റ്നാമിലെ സംഭവങ്ങളും ഇതിന്റ ഫലമായിരുന്നു.

 

പലതിലും ഡോമിനോ സാധാരണം. പ്രശസ്തനടി സിനിമയിൽ വിശേഷ ഡിസൈനിലുള്ള ചുരിദാറിട്ടാൽ, ആദ്യം നാട്ടിലെ രണ്ടു പെൺകുട്ടികൾ ആ ഡിസൈനുണ്ടാക്കിയിടും. തുടർന്ന് പല പെൺകുട്ടികളും അത് അനുകരിക്കും. നിങ്ങൾ ഒരാളോടു പുഞ്ചിരിച്ചാൽ തിരിച്ചും വരും പുഞ്ചിരി. കൂട്ടത്തിലൊരാൾ കോട്ടുവായിട്ടാൽ പലരും അറിയാതെ കോട്ടവായിട്ടുപോകുന്നതും പതിവ്‍.

 

ചെറിയ നന്മ ചെയ്യുന്നയാൾക്കു പ്രോത്സാഹനം നല്കിയാൽ, ആ ശീലം വളരാനും, മറ്റു പലരും ആ വഴിക്കു വരാനും സാധ്യതയേറെ. കാര്യം നിസ്സാരമെന്നു കരുതി ഒന്നും അവഗണിച്ചുകൂടാ. ഡോമിനോപ്രഭാവം സൃഷ്ടിക്കാൻ നമുക്കു കഴിയും. അതു നല്ലതിനു മാത്രം. ആവട്ടെ. 

English Summary: Career Column By B S Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com