ADVERTISEMENT

ബെംഗളൂരുവിനും ഹൈദരാബാദിനും ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം എന്‍ജിനീയര്‍മാരും ഐടി കമ്പനികളും തമ്പടിച്ചിരിക്കുന്ന സ്ഥലമാണ് ഹരിയാനയിലെ ഗുരുഗ്രാം. ഗൂഗിള്‍, മൈക്രോസോഫ്ട്, ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുള്‍പ്പെടെ ആഗോള ടെക് ഭീമന്മാരെല്ലാം തങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈ സൈബര്‍ നഗരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാല്‍ ഹരിയാനയിലെ പുതിയ തൊഴില്‍ സംവരണ നിയമം ഗുരുഗ്രാമിന്റെ ഈ പ്രതാപത്തിന് അന്ത്യം കുറിക്കുമോ എന്ന ആശങ്കയിലാണ് ഐടി മേഖല. 

പ്രതിമാസം 50,000 രൂപ വരെ ശമ്പളമുള്ള ജോലികളുടെ 75 ശതമാനം അവിടുത്തെ തദ്ദേശവാസികള്‍ക്കായി സംവരണം ചെയ്യാനാണ് ഹരിയാന സര്‍ക്കാരിന്റെ നീക്കം. ഈ തൊഴില്‍ നിയമം നടപ്പായാല്‍ സംസ്ഥാനത്ത് നിന്ന് ടെക്‌നോളജി, ബാക്ക് ഓഫീസ് കമ്പനികള്‍ പുറത്തേക്ക് ഒഴുകുമെന്ന് ഈ മേഖലയിലെ ഉന്നത വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് മാനദണ്ഡങ്ങളോട് ചേര്‍ന്നു പോകാത്ത ഈ നിയമം എവിടെയിരുന്നും ജോലി ചെയ്യാം എന്ന ഐടി മേഖലയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിനും വിരുദ്ധമാണ്. ഇതിനാല്‍ തന്നെ നിയമം സംസ്ഥാനത്തെ ഐടി, ഐടി അനുബന്ധ വ്യവസായത്തെ തകര്‍ക്കുമെന്നും വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. 

 

വ്യവസായ മേഖല ഒരാളെ ജോലിക്കായി തിരഞ്ഞെടുക്കുന്നത് അവരുടെ മേല്‍വിലാസം നോക്കിയല്ല മറിച്ച് കഴിവുകള്‍ നോക്കിയാണെന്ന് നാസ്‌കോമിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തൊഴില്‍ നിയമങ്ങളെ കുറിച്ച് പരാമര്‍ശിക്കവേ പ്രതികരിച്ചു. സംസ്ഥാന ഗവര്‍ണ്ണര്‍ അംഗീകരിച്ച തൊഴില്‍ നിയമ ശുപാര്‍ശ നിലവിലുള്ള ജോലികള്‍ക്ക് ബാധകമാകില്ല. കമ്പനികള്‍ പുതുതായി സൃഷ്ടിക്കുന്ന തൊഴിലുകള്‍ക്കാണ് അത് ബാധകമാകുക. 

 

നിരവധി വ്യവസായ പ്രമുഖര്‍ ഹരിയാന ഗവണ്‍മെന്റി്‌ന്റെ ശുപാര്‍ശയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കഴിവുകളെ ഭൂ അതിര്‍ത്തികള്‍ കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വ്യവസായ രംഗത്തിന്റെ മത്സരക്ഷമതയെ ബാധിക്കുമെന്ന് ജെന്‍പാക്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ വി ത്യാഗരാജന്‍ അഭിപ്രായപ്പെട്ടു. 

 

ഹരിയാനയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയാല്‍ ഐടി ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും ആശങ്ക ഉയരുന്നു. ഗവണ്‍മെന്റ് ഈ ശുപാര്‍ശ തിരുത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജിയും ആവശ്യപ്പെട്ടു. 

 

ഐടി, ഔട്ട്‌സോഴ്‌സിങ്ങ് വ്യവസായത്തിന് പുറമേ ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെയും കേന്ദ്രമാണ് ഗുരുഗ്രാം. 

English Summary: Haryana's Private Job Reservation Law Worries Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com